ഗൾഫ് മേഖലയിലെ വമ്പൻ സൈനികാഭ്യാസ പ്രകടനത്തിന് പ്രൗഢ തുടക്കം 

ഇരുപത്തിമൂന്ന് സൗഹൃദ രാജ്യങ്ങളിലെ സൈനികരുടെ പങ്കാളിത്തത്തോടെ സൗദിയിൽ ഇന്നലെ ആരംഭിച്ച സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങളിലെ ദൃശ്യങ്ങൾ. 

 

റിയാദ് - സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ജോയന്റ് ഗൾഫ് ഷീൽഡ് 1 എന്ന പേരിൽ സംയുക്ത സൈനികാഭ്യാസ പ്രകടനത്തിന്റെ രണ്ടാം ഘട്ടത്തിന് ഗംഭീര തുടക്കം. തുടർച്ചയായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അഭ്യാസ പ്രകടനങ്ങളിൽ സൗദിയുടെ സഖ്യകക്ഷികളായ 23 രാജ്യങ്ങളിലെ സൈനികർ പങ്കെടുക്കും. ഗൾഫ് മേഖലയുടെ സുസ്ഥിരതയും സുരക്ഷിതത്വവും സഹകരണവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്. 
യുദ്ധ മേഖലകളിലെ തന്ത്രങ്ങൾ പയറ്റുന്നതിലും അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിലും കേന്ദ്രീകരിച്ച, മുഴുവൻ സൈനിക വിഭാഗങ്ങളും പങ്കെടുത്ത മൂന്ന് ദിവസം നീണ്ട ഒന്നാം ഘട്ട പരിശീലനം കഴിഞ്ഞ വ്യാഴാഴ്ച അവസാനിച്ചിരുന്നു. 

സംയുക്ത അഭ്യാസ പ്രകടനങ്ങളിൽ അംഗരാജ്യങ്ങളിലെ കര, നാവിക, വ്യോമ, വ്യോമ പ്രതിരോധ, സ്‌പെഷ്യൽ ഫോഴ്‌സ് എന്നീ സൈനിക വിഭാഗങ്ങൾ പങ്കെടുക്കുമെന്ന് 'ജോയന്റ് ഗൾഫ് ഷീൽഡ് 1' ഔദ്യോഗിക വക്താവ് ബ്രഗേഡിയർ ജനറൽ അബ്ദുല്ല ബിൻ ഹുസൈൻ അൽസുബയ്ഹി വ്യക്തമാക്കി. പതിനായിരക്കണക്കിന് സൈനികർ അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നിട്ടുണ്ട്. 
രാജ്യസുരക്ഷക്ക് നേരെ ഉയർന്നുവരുന്ന വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിലുള്ള സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സംയുക്ത പരിശീലനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. നവീന ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ സാങ്കേതിക വൈദഗ്ധ്യം നേടുന്നതിനും യുദ്ധതന്ത്രങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും പരിശീലനം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


പങ്കെടുക്കുന്ന സൈനികരുടെയും യുദ്ധോപകരണങ്ങളുടെയും എണ്ണം പരിഗണിക്കുമ്പോൾ മേഖലയിലെ ഏറ്റവും വലിയ സൈനിക അഭ്യാസ പ്രകടനത്തിനാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നതെന്നും ബ്രിഗേഡിയർ ജനറൽ വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെയും നാഷണൽ ഗാർഡ് മന്ത്രാലയത്തിന്റെയും കീഴിലുള്ള സൈനിക വിഭാഗങ്ങൾ അഭ്യാസ പ്രകടനത്തിൽ  പങ്കെടുക്കുന്നുണ്ട്. 


പാക്കിസ്ഥാൻ, ബഹ്‌റൈൻ, ഈജിപ്ത്, കുവൈത്ത്, ജോർദാൻ, സുഡാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകൾ ഇതിനോടകം സൗദിയിലെത്തി. അമേരിക്കൻ സൈന്യവും സംയുക്ത അഭ്യാസ പ്രകടനങ്ങളിൽ ഭാഗഭാക്കാണ്. ഭീകര വിധ്വംസക പ്രവർത്തകരിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കുന്നതിൽ ഇത്തരം സൈനികാഭ്യാസ പ്രകടനങ്ങൾ വലിയ ഒരളവോളം സഹായകമാകുമെന്നാണ് സൗദി സൈനിക നേതൃത്വത്തിന്റെ വിലയിരുത്തൽ. 

Latest News