Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശി അബുദാബിയില്‍ ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചു

അബുദാബി- സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ അബുദാബിയില്‍ സന്ദര്‍ശിച്ചു. മുന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമാണ് കിരീടാവകാശി അബുദാബിയിലെത്തി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ അനുമോദിച്ചത്. സല്‍മാന്‍ രാജാവും കിരീടാവകാശിയും ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ നേരത്തെ ഔദ്യോഗികമായി അനുശോചനം അറിയിച്ചിരുന്നു.
മുന്‍ സൗദി കിരീടാവകാശി മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, സഹമന്ത്രിയും രാജാവിന്റെ ഉപദേഷ്ടാവുമായ ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ബന്ദര്‍ ബിന്‍ മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അബുദാബിയിലെത്തി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ സന്ദര്‍ശിച്ച് ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
അബുദാബി ഭരണാധികാരിയുടെ അല്‍ദഫ്‌റയിലെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശൈഖ് ഹസ്സാഅ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍നഹ്‌യാന്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവര്‍ അടക്കമുള്ളവരെയും സൗദി സംഘം സന്ദര്‍ശിച്ച് ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

 

Latest News