Sorry, you need to enable JavaScript to visit this website.
Monday , July   04, 2022
Monday , July   04, 2022

ക്യാമറയുടെ സമരമുഖങ്ങൾ

രാഷ്ട്രീയ സിനിമകൾ തീരെ ഉണ്ടാകാത്ത ഒന്നാണ് മലയാള സിനിമാ രംഗം എന്നു പറഞ്ഞാൽ ശരിയാകില്ല. രാഷ്ട്രീയം പ്രമേയമാക്കിയ പല രീതിയിലുള്ള സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പൈങ്കിളി വിപ്ലവ രാഷ്ട്രീയ സിനിമകൾ എന്നു വിളിക്കാവുന്നവയാണ് അവയിൽ പലതും. ലാൽസലാം, സ്റ്റാലിൻ ശിവദാസ്, അറബിക്കഥ, മെക്‌സിക്കൻ അപാരത, സഖാവ്, വൺ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ആദ്യകാലത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ കാലത്ത് പുറത്തുവന്ന  തുലാഭാരം, പുന്നപ്ര വയലാർ, മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പോലുള്ളവക്ക് സ്വാഭാവികമായും സിനിമയുടെ ബാലാരിഷ്ടതകൾ ഉണ്ടായിരുന്നു. ആ നിരയിൽ പിന്നീടു വന്ന മെച്ചപ്പെട്ട സിനിമകളാണ് മുഖാമുഖം, മീനമാസത്തിലെ സൂര്യൻ തുടങ്ങിയവ. അതേ സമയം നക്‌സൽ പ്രസ്ഥാനം സൃഷ്ടിച്ച ഇടിമുഴക്കം സിനിമയിലും പ്രതിഫലിച്ചു. കബനി നദി ചുവന്നപ്പോൾ, അമ്മ അറിയാൻ, പിറവി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആരണ്യകം, പഞ്ചാഗ്നി, തലപ്പാവ് , ഗുൽമോഹർ, പട എന്നിങ്ങനെ ഈ പട്ടികയും നീളുന്നു. തീർച്ചയായും ഈ പട്ടികയിൽ കലാമൂല്യവും കച്ചവട മൂല്യവും ഒന്നിച്ച പല സിനിമകളുമുണ്ട് എന്നതിൽ സംശയമില്ല. അപ്പോഴും രാഷ്ട്രീയ സിനിമകളിൽ മലയാളം വളരെ പിറകിലാണെന്നു തന്നെയാണ് പൊതുവിൽ പറയാനാകുക. 
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ആധിപത്യമുള്ളതും ഗാന്ധി, അംബേദ്കർ, ലോഹ്യ തുടങ്ങിയവരുടെ ചിന്തകളെയും സാമൂഹ്യനീതി, സ്വത്വബോധം, ലിംഗനീതി തുടങ്ങിയ ആശയങ്ങളെയുമൊക്കെ തടഞ്ഞുനിർത്താൻ പരമാവധി ശ്രമിക്കുന്ന ഒന്നാണല്ലോ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം. സ്വാഭാവികമായും അതിന്റെ പ്രതിഫലനം സിനിമയിലും സാഹിത്യത്തിലും കലയിലുമൊക്കെ കാണാതിരിക്കില്ല. ഈ പറഞ്ഞ ആശയങ്ങളെ സ്വാംശീകരിച്ച ഗംഭീരമെന്നു പറയാവുന്ന നിരവധി സിനിമകൾ പല ഭാഷകളിലുമുണ്ടായിട്ടും മലയാളത്തിലിത്തരം മുന്നേറ്റം ഇനിയുമുണ്ടായെന്നു പറയാനാകില്ല. ഉദാഹരണമായി ദളിത് സിനിമകൾ എന്നു വിശേഷിപ്പിക്കാവുന്ന സിനിമകൾ മറാഠിയിൽ വ്യാപകമായി പ്രത്യക്ഷപ്പെടുകയും പിന്നീടവ തമിഴ്‌നാട്ടിലേക്ക് വ്യാപിക്കുകയും ചെയ്തിരിക്കുകയാണല്ലോ. ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചരിത്രം തന്നെയാണ് സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ ഇത്തരം വിഷയങ്ങള കേന്ദ്രീകരിച്ച ഈ സിനിമകൾക്ക് കാരണം. അവയാകട്ടെ വൻതുക ചെലവഴിച്ചും വൻതാരങ്ങളെ അണിനിരത്തിയും തന്നെ നിർമിക്കുന്നു എന്നതാണ് പ്രധാനം. പാ രഞ്ജിത്തിനെയും വെട്രിമാരനെയും പോലുള്ള സംവിധായകരുടെ കാര്യം പ്രത്യേകം പറയണം. തമിഴ്‌നാട്ടിലും മറ്റും ഈ മാറ്റം നടക്കുമ്പോൾ മലയാള സിനിമ സവർണ - പുരുഷ ബിംബങ്ങളിൽ അഭിരമിക്കുകയായിരുന്നു. സിനിമക്കകത്തു മാത്രമല്ല, സിനിമക്കു പുറത്തെയും അവസ്ഥ നടിയെ ആക്രമിച്ച സംഭവത്തോടെ കൂടുതൽ വ്യക്തതയോടെ പുറത്തു വന്നല്ലോ. കമ്യൂണിസ്റ്റ് - നക്‌സലൈറ്റ് രാഷ്ട്രീയ സിനിമകളാകട്ടെ അപ്രസക്തമാകുകയും ചെയ്തു. 
തീർച്ചയായും ഡോ. ബിജു, സനൽ കുമാർ ശശിധരൻ തുടങ്ങി അപൂർവം ചിലർ ഈ ദിശയിൽ ചില ശ്രമങ്ങൾ നടത്തി. എന്നാൽ അവരുടേത് കേവലം സമാന്തര മേഖലയിലെ പരീക്ഷണങ്ങളായി മാറുകയായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് അടുത്തയിടെ പ്രേക്ഷകരിലെത്തിയ ജനഗണമന, പുഴു എന്നീ സിനിമകൾ ശ്രദ്ധേയമാകുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമായ ദളിത് പീഡനം, മുസ്‌ലിം അപരവൽക്കരണം, ലിംഗനീതി പോലുള്ള വിഷയങ്ങളാണ് രണ്ടു സിനിമകളുടെയും പ്രമേയം. ഇതെല്ലാം വിശാലമായ രാഷ്ട്രീയ കാൻവാസിൽ കൈകാര്യം ചെയ്യുമ്പോൾ പുഴുവിലത് കുടുംബ പശ്ചാത്തലമാണ്. ഇരു സിനിമകളും സമാന്തര സിനിമകൾ എന്ന ഗണത്തിൽ പെടാതെ മുഖ്യധാരയിൽ തന്നെ പ്രദർശിപ്പിക്കുന്നു എന്നതാണ് പ്രധാനം. ഒന്ന് തിയേറ്ററുകളിലും രണ്ടാമത്തേത് ഒ.ടി.ടി പ്ലാറ്റ് ഫോമിലുമാണെന്നു മാത്രം. 
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇൻസ്റ്റിറ്റിയൂഷണൽ കൊലക്കു വിധേയനായ രോഹിത് വെമുലയെയും അല്ലെങ്കിൽ ചെന്നൈ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമയെയും അതുമല്ലെങ്കിൽ ഗാന്ധി സർവകലാശാലക്കു മുന്നിൽ സമരം ചെയ്ത ദീപ പി. മോഹനനെയും ഓർമിപ്പിക്കുന്ന, കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജനഗണമന പുരോഗമിക്കുന്നത്. സംഭവം നടക്കുന്നത് ദക്ഷിണേന്ത്യയിൽ എവിടെയോ ആണ്. അവളുടെ മരണത്തിനു ഏക കാരണം ജാതിയായിരുന്നു. അതിന്റെ പേരിലാണ് സവർണ പ്രൊഫസർ അവരുടെ ഗവേഷണത്തെ തടഞ്ഞത്. ആ വിഷയം ഏറ്റെടുത്ത് അവൾക്ക് നീതിക്കായി പോരാടിയ യുവവനിതാ അധ്യാപികയാകട്ടെ കൊല്ലപ്പെടുന്നു. അതുമായി ബന്ധപ്പെട്ട് രാജ്യമാകെ നടക്കുന്ന വിദ്യാർത്ഥികളുടെയും അല്ലാത്തവരുടെയും പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ വികസിക്കുന്നത്. ഹൈദരാബാദിൽ നടന്ന പോലെ, സിനിമയിലും പ്രതികളെന്നാരോപിക്കുന്നവരെ പോലീസ് വെടിവെച്ചു കൊല്ലുന്നു. കൊല്ലപ്പെടുന്നവരും കോളനി നിവാസികൾ തന്നെ. ഈ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന കേസിലൂടെയാണ് കഥ വികസിക്കുന്നത്. കോടതിയിലെ പല രംഗങ്ങളും ജയ് ഭീമിനെ ഓർമിപ്പിക്കും. ചിത്രത്തിലുടനീളം ആകാംക്ഷയും പിരിമുറുക്കവും നിലനിർത്താൻ സംവിധായകൻ ഡിജോ ജോസിനായി. ഡ്രൈവിംഗ് ലൈസൻസിനെ ഓർമിപ്പിക്കുമാറ് പോലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂടും അഡ്വക്കറ്റായി പൃഥ്വിരാജും മത്സരിച്ചഭിനയിക്കുന്നു. അതേസമയം നായകർക്കും നായക നടന്മാർക്കുമൊക്കെ പ്രാധാന്യം കുറയുമോ എന്ന പതിവു ആശങ്ക സംവിധായകനുണ്ടായി എന്നു വേണം കരുതാൻ. സിനിമയുടെ അവസാന ഭാഗം അത്തരമൊരു പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ആധുനികകാല രാഷ്ട്രീയ സമസ്യകളോടും സവർണ ഫാസിസ്റ്റ് രാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളികളോടും വിദ്യാർത്ഥികളടക്കമുള്ള കേരളീയ സമൂഹം എത്ര ഉദാസീനമാണെന്നും മഹാരാജാസ്് കോളേജ് രംഗങ്ങളിലൂടെ സംവിധായകൻ കാണിച്ചുതരുന്നു. അപ്പോഴും വിപ്ലവത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുന്ന അധ്യാപകനെക്കൊണ്ട് ചുംബന സമരത്തെ കളിയാക്കി സംസാരിപ്പിച്ചതിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. 
മുകളിൽ സൂചിപ്പിച്ച പോലെ ഇതേ പ്രമേയത്തെ കേരളത്തിലെ ഒരു സവർണ കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് പുഴുവിൽ നവ സംവിധായിക രത്തീന ചെയ്യുന്നത്. പലപ്പോഴും അക്രമാസക്തമായി തീരാറുണ്ടെങ്കിലും കേരളത്തിൽ സവർണ മൂല്യങ്ങൾ കൂടുതൽ ശക്തമായി നിലനിൽക്കുന്നത് സാംസ്‌കാരികവും കുടുംബപരവും മാനസികവുമായ തലങ്ങളിലാണല്ലോ. ആ മൂല്യങ്ങൾ ആന്തരകവൽക്കരിച്ചിരിക്കുന്ന, പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ, അന്തർമുഖനായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സഹോദരി നാടക പ്രവർത്തകൻ കൂടിയായ ദളിതനെ വിവാഹം കഴിച്ചതോടെ ആ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങൾ കേരളത്തിൽ അസംഭവ്യമല്ല. അവസാനം കേരളത്തിൽ പലയിടത്തും നടന്ന ദുരഭിമാന ജാതിക്കൊലയെന്നു വിളിക്കാവുന്ന സംഭവത്തിലേക്കു തന്നെ പുഴുവുമെത്തുന്നു. ഒരു പുഴുവായി വന്ന തക്ഷകൻ പരീക്ഷിത്ത് രാജാവിനോട് കണക്ക് തീർത്ത ഇതിഹാസത്തെയും സിനിമയിൽ വിളക്കിച്ചേർക്കുന്നു. മുമ്പ് തീവ്രവാദിയെന്നു മുദ്രയടിച്ച് ജയിലിലടച്ച മുസ്‌ലിം ചെറുപ്പക്കാരന്റെ മകനാണ് സിനിമയുടെ അന്ത്യത്തിൽ ഇയാളെ കൊല്ലാനെത്തുന്നത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല, സിനിമാബാഹ്യമായ പല കാരണങ്ങളാലും ഈ സിനിമ മലയാള സിനിമയിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള സിനിമാ മേഖലയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോൾ മമ്മൂട്ടി താരപരിവേഷം അഴിച്ചുവെച്ച് സാധാരണക്കാരനായി, നെഗറ്റീവ് കഥാപാത്രമായി അഭിനയിക്കുന്നതും ഒപ്പം പാർവതി തന്നെ പ്രധാനപ്പെട്ട കഥാപാത്രമായി വരുന്നതും സിനിമ സംവിധാനം ചെയ്യുന്നത്  ഒരു വനിതയായതും വളരെ അർത്ഥതലങ്ങൾ ഉള്ളതാണ്. സിനിമയുടെ പ്രൊമോഷനുമായി നടന്ന പല ഇന്റർവ്യൂകളിലും സിനിമാ മേഖലയിൽ ഇന്നു ചർച്ചാവിഷയങ്ങളായ  പ്രധാനപ്പെട്ട വിഷയങ്ങളൊന്നും ചോദിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കിലും ഈ കഥാപാത്രമായി അഭിനയിക്കുന്നതിലൂടെ മമ്മൂട്ടി അവക്കു പോസിറ്റിവ് ആയ മറുപടി നൽകുന്നു എന്നു തന്നെ പറയാം. അക്കാര്യത്തിൽ മമ്മൂട്ടി അഭിനന്ദനമർഹിക്കുന്നു. താനടക്കമുള്ളർ കാലങ്ങളായി പറയുന്ന സത്യങ്ങളാണ് ഈ സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന പാർവതിയുടെ വാക്കുകൾ അർത്ഥഗർഭമാണ്. ചുരുക്കത്തിൽ സമകാലിക ഇന്ത്യയോടും കേരളത്തോടുമുള്ള മികച്ച രാഷ്ട്രീയ - സാംസ്‌കാരിക പ്രതികരണങ്ങളാണ് 'ജനഗണമന'യും 'പുഴു'വും എന്ന് പറായാതിരിക്കാനാവില്ല.