ചെങ്കടലിന്റെ റാണിയെന്ന പേരിൽ അറിയപ്പെടുന്ന ജിദ്ദയുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും
പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന 2800 പരിപാടികളാണ് ജിദ്ദ സീസണിൽ അരങ്ങേറുന്നത്. പ്രധാന കായിക, സാംസ്‌കാരിക പരിപാടികളുടെ ആഗോള
ലക്ഷ്യസ്ഥാനമെന്ന നിലയിൽ ജിദ്ദയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ആഗോള ടൂറിസം
ഭൂപടത്തിൽ നഗരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ജിദ്ദ സീസണിലൂടെ ലക്ഷ്യമിടുന്നു.
"അവർ ലൗലി ഡെയ്‌സ്' എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത്് ജിദ്ദ സീസൺ, സ്വദേശികളെയും വിദേശികളെയും ത്രസിപ്പിക്കുകയും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുന്ന രണ്ടു മാസം നീണ്ടുനിൽക്കുന്ന കലാ, സാംസ്‌കാരിക, വിനോദ പരിപാടികളുടെ ഉത്സവകാലമാണ് വാഗ്ദാനം ചെയ്യുന്നത്.
ചെങ്കടലിന്റെ റാണിയെന്ന പേരിൽ അറിയപ്പെടുന്ന ജിദ്ദയുടെ സമ്പന്നമായ സംസ്‌കാരവും വൈവിധ്യമാർന്ന പൈതൃകവും പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന 2800 പരിപാടികൾ ജിദ്ദ സീസണിൽ അരങ്ങേറും. പ്രധാന കായിക, സാംസ്‌കാരിക പരിപാടികളുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ജിദ്ദയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ആഗോള ടൂറിസം ഭൂപടത്തിൽ നഗരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ജിദ്ദ സീസണിലൂടെ ലക്ഷ്യമിടുന്നു.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി വിനോദ സഞ്ചാര വികസനത്തിന് വലിയ ഊന്നൽ നൽകുന്നു. വിനോദ സഞ്ചാരികളായി ഓരോ വർഷവും വിദേശങ്ങളിലേക്ക് ഒഴുകുന്ന സ്വദേശികൾ വിദേശങ്ങളിൽ ചെലവഴിക്കുന്ന ബില്യൺ കണക്കിന് ഡോളർ രാജ്യത്തിനകത്ത് നിലനിർത്താനും വൻതോതിൽ വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകർഷിക്കാനും ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഹജ്, ഉംറ തീർഥാടകർ അടക്കം പ്രതിവർഷം രാജ്യത്തെത്തുന്ന സന്ദർശകരുടെയും തീർഥാടകരുടെയും എണ്ണം പത്തു കോടിയായി 2030 ഓടെ ഉയർത്താനാണ് ശ്രമം.
കൊറോണ മഹാമാരി അടിച്ചേൽപിച്ച അസാധാരണ സാഹചര്യത്തെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ ജിദ്ദ സീസൺ സംഘടിപ്പിക്കുന്നത്. ജിദ്ദ ആർട്ട് പ്രൊമനേഡ്, സിറ്റി വാക്ക്, ജിദ്ദ യാച്ച് ക്ലബ്ബ്, ജിദ്ദ ജംഗിൾ, ജിദ്ദ സൂപ്പർഡോം, കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി (അൽജൗഹറ സ്റ്റേഡിയം), പ്രിൻസ് മാജിദ് പാർക്ക്, ബലദ്, ജിദ്ദ പിയർ എന്നീ ഒമ്പതിടങ്ങളിലാണ് ജിദ്ദ സീസൺ പരിപാടികൾ നടക്കുന്നത്.
സൗദിയിൽ പൊതുജീവിതം സമ്പന്നമാക്കാനും ഒരു പ്രധാന ടൂറിസ കേന്ദ്രമെന്നോണം രാജ്യത്തിന്റെ ഉദയത്തിന് കളമൊരുക്കാനും ആരംഭിച്ച സൗദി സീസൺസ് എന്ന ദേശീയ തന്ത്രപരമായ സംരംഭത്തിന്റെ ഭാഗമാണ് ജിദ്ദ സീസൺ. സൗദി അറേബ്യയുടെ സംസ്‌കാരം, വിനോദം, കായികം എന്നിവ ഉയർത്തിക്കാട്ടാനും സൗദി സീസൺസ് ലക്ഷ്യമിടുന്നു.
പ്രധാന കായിക, സാംസ്‌കാരിക പരിപാടികളുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ജിദ്ദയുടെ ഇതിനകം വളർന്നുവരുന്ന പ്രശസ്തി ജിദ്ദ സീസൺ വർധിപ്പിക്കുമെന്ന് നാഷണൽ ഇവന്റ്‌സ് സെന്റർ ചെയർമാൻ കസ്‌വാര അൽഖതീബ് പറയുന്നു. ഫോർമുല വൺ കാറോട്ട മത്സരം അടുത്തിടെ മാത്രമാണ് ജിദ്ദയിൽ പൂർത്തിയായത്. അതിനു മുമ്പായി ഇന്റർനാഷണൽ റെഡ്‌സീ ഫിലിം ഫെസ്റ്റിവലും ജിദ്ദയിൽ നടന്നു. ജിദ്ദ സീസണിന്റെ പ്രമേയവുമായി ഒത്തുപോകുന്ന നിരവധി പരിപാടികൾ ജിദ്ദയിൽ നടക്കുന്നുണ്ട്. ഒരു നഗരമെന്ന നിലയിൽ വർഷം മുഴുവൻ എല്ലാതരം കായിക, സാംസ്‌കാരിക, വിനോദ പരിപാടികൾക്കും ജിദ്ദ സാക്ഷ്യം വഹിക്കുമെന്ന് കസ്‌വാര അൽഖതീബ് പറയുന്നു.
വിനോദ, കായിക, വിനോദസഞ്ചാര, സാംസ്‌കാരിക വ്യവസായങ്ങളിലേക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യം നേടാനും വൈവിധ്യമാർന്ന പരിപാടികൾ വിപുലീകരിക്കാനും നാഷണൽ ഇവന്റ്‌സ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്ത് മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും ചലനാത്മകമായ ഒരു ആധുനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സാംസ്‌കാരിക, വിനോദ മേഖലകളിൽ ആഗോള തലത്തിൽ മുൻനിര സ്ഥാനം കൈവരിക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നു.
ജിദ്ദ സീസൺ പരിപാടികളുടെ കേന്ദ്ര ബിന്ദു ചെങ്കടൽ തീരത്തെ ബീച്ച്ഫ്രന്റ് അവന്യു ആയ ജിദ്ദ ആർട്ട് പ്രൊമനേഡ് ആണ്. ദിവസേന വൈകിട്ട് നാലു മുതൽ പുലർച്ചെ രണ്ടു വരെയാണ് ഇവിടേക്ക് പ്രവേശനം നൽകുന്നത്. റെസ്റ്റോറന്റുകളും കഫേകളും ഷോപ്പിംഗ് ഏരിയയും അടങ്ങിയ ജിദ്ദ ആർട്ട് പ്രൊമനേഡിൽ നിരവധി ലൈവ് പ്രദർശനങ്ങളും ദിവസേന കരിമരുന്ന് പ്രയോഗങ്ങളും നടക്കുന്നുണ്ട്. 80 മീറ്റർ ഉയരത്തിൽ നിന്ന് മുഴുവൻ പ്രൊമനേഡും കാണാൻ കഴിയുന്ന ഒരു വ്യൂവിംഗ് ടവറും ഇവിടെയുണ്ട്. ഇവിടേക്ക് പ്രവേശന ടിക്കറ്റ് നിരക്ക് 25 റിയാലാണ്.
കനേഡിയൻ സർക്കസ് കമ്പനിയായ സിർക്കു ഡു സൊലൈൽ ജിദ്ദ സീസണിനു വേണ്ടി മാത്രമായി സംവിധാനിച്ച സർക്കസ് പ്രദർശനം സന്ദർശകരെ വിസ്മയ ലോകത്തേക്ക് ആനയിക്കുന്നു. കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ മെയ് രണ്ടിന് ആരംഭിച്ച് സർക്കസ് പ്രദർശനം മെയ് 28 വരെയുണ്ടാകും. രണ്ടു മണിക്കൂർ നീളുന്നതാണ് ഓരോ പ്രദർശനവും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതിനും പതിനൊന്നിനും ആയി രണ്ടു പ്രദർശനങ്ങൾ വീതമാണുള്ളത്. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് നാലിനും ആറിനും രാത്രി ഒമ്പതിനും പതിനൊന്നിനുമായി നാലു പ്രദർശനങ്ങൾ വീതമുണ്ട്. കിംഗ് അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കുന്ന സർക്കസ് പ്രദർശനം കാണാൻ തെരഞ്ഞെടുക്കുന്ന സീറ്റ് വിഭാഗത്തിന് അനുസരിച്ച് 85 റിയാൽ മുതൽ 275 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. ജിദ്ദ സൂപ്പർഡോമിൽ മെയ് 12 മുതൽ 16 വരെ നടക്കുന്ന ശാസ്ത്ര, സാങ്കേതിക പ്രദർശനം ശാസ്ത്ര കുതുകികളുടെ മനം കവരുന്നു.
സന്ദർശകർക്ക് നിരവധി വിസ്മയങ്ങളും ആശ്ചര്യങ്ങളും രസകരമായ അനുഭവങ്ങളും സമ്മാനിക്കും വിധം സജ്ജീകരിച്ച ജിദ്ദ ജംഗിൾ ഏരിയയിൽ 1200 ലേറെ ഇനങ്ങളിൽ പെട്ട വന്യമൃഗങ്ങളും അപൂർവയിനങ്ങളിൽ പെട്ട പക്ഷികളുമുണ്ട്. സൗദിയിലെ ഏറ്റവും വലിയ മൃഗശാലയായ ജിദ്ദ ജംഗിൾ ആറു ലക്ഷം ചതുരക്ര മീറ്റർ സ്ഥലത്താണ് സജ്ജീകരിക്കുന്നത്. ആയിരത്തിലേറെ ഇനങ്ങളിൽ പെട്ട വന്യമൃഗങ്ങളും 200 ലേറെ ഇനങ്ങളിൽ പെട്ട അപൂർവയിനം പക്ഷികളും ജിദ്ദ ജംഗിളിൽ സന്ദർശകരെ വിസ്മയിപ്പിക്കുന്നു. 150 വർഷത്തിലേറെ പ്രായമുള്ള വന്യമൃഗങ്ങളും പ്രദർശനത്തിലുണ്ട്. 8000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ക്ലോസ്ഡ് ഏരിയയിലാണ് പക്ഷികളെ പ്രദർശിപ്പിക്കുന്നത്.
ആവേശകരമായ അനുഭവമെന്നോണം മൃഗങ്ങളുമായി ഇടപഴകാനും വ്യത്യസ്ത ഇനം ഗെയിമുകൾ ആസ്വദിക്കാനും മൃഗശാലയിൽ സന്ദർശകർക്ക് അവസരമുണ്ട്. യഥാർഥ ആവാസ വ്യവസ്ഥകളിൽ നിന്ന് എത്തിച്ച വന്യമൃഗങ്ങൾക്കിടയിലൂടെ വനയാത്ര അനുഭവിക്കാനും മറ്റു നിരവധി ലൈവ് പ്രദർശനങ്ങൾ ആസ്വദിക്കാനും മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായി ജിദ്ദ ജംഗിൾ അവസരമൊരുക്കുന്നു.
തനതായ ആഫ്രിക്കൻ സ്വഭാവം കൊണ്ട് സവിശേഷമായ ജിദ്ദ ജംഗിൾ ഏരിയ പ്രകൃതിദത്ത വനങ്ങളെ അനുകരിക്കുന്നു. കുട്ടികൾക്കുള്ള വിനോദ ശിൽപശാലകൾ, ഗെയിം ഏരിയകൾ, സാഹസിക ഏരിയകൾ, റെസ്റ്റോറന്റുകൾ, ലൈവ് പ്രദർശനങ്ങൾക്കുള്ള തിയേറ്റർ എന്നിവയെല്ലാം ജിദ്ദ ജംഗിൾ ഏരിയയിലുണ്ട്. പ്രകൃതിയുടെ മടിത്തട്ടിൽ വിനോദത്തിന്റെ അവിസ്മരണീയമായ അനുഭവം ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നതിന് ആഫ്രിക്കൻ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉഷ്ണ മേഖലാ വനങ്ങളുടെ നിറങ്ങളോടെയാണ് ജിദ്ദ ജംഗിൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ജിദ്ദ സീസണിലെ ഓരോ പ്രദേശങ്ങളിലും അതിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രത്യേകതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആസൂത്രണം ചെയ്ത പരിപാടികളാണ് നടക്കുന്നത്.
വൻ ജനാവലിയാണ് ജിദ്ദ സീസൺ പ്രദേശങ്ങളിൽ ഒഴുകിയെത്തുന്നത്. ആദ്യ മൂന്നു ദിവസങ്ങൾക്കിടെ രണ്ടു ലക്ഷത്തിലേറെ പേർ ജിദ്ദ സീസൺ പരിപാടികൾ സന്ദർശിച്ചു.
അറബ്, ഇന്റർനാഷണൽ നാടകങ്ങളും അന്താരാഷ്ട്ര കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നുകളും ജിദ്ദ സീസണിൽ നടക്കുന്നുണ്ട്. 2019 ജൂൺ എട്ടു മുതൽ ജൂലൈ 18 വരെ നടന്ന പ്രഥമ ജിദ്ദ സീസൺ പരിപാടികൾ ഒന്നര കോടിയിലേറെ പേർ സന്ദർശിച്ചതായാണ് കണക്ക്. ഇത്തവണത്തെ ജിദ്ദ സീസൺ പരിപാടികളും വിദേശ ടൂറിസ്റ്റുകൾ അടക്കം വൻ ജനക്കൂട്ടത്തെ ആകർഷിക്കുമെന്നാണ് കരുതുന്നത്.






