പത്താം സീസണിലും മുറ തെറ്റാതെ അത്‌ലറ്റിക്കൊ

മഡ്രീഡ് - തുടര്‍ച്ചയായ പത്താം സീസണിലും സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ നിന്ന് അത്‌ലറ്റിക്കൊ മഡ്രീഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. എല്‍ചെയെ 2-0 ന് തോല്‍പിച്ചതോടെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാര്‍ സ്പാനിഷ് ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി. ഇപ്പോള്‍ അവര്‍ മൂന്നാം സ്ഥാനത്താണ്. കിരീടമുറപ്പാക്കിയ റയല്‍ മഡ്രീഡിനും ബാഴ്‌സലോണക്കും പിന്നില്‍. അത്‌ലറ്റിക്കോക്ക് ഒരു പോയന്റ് പിന്നില്‍ സെവിയയുണ്ട്. മയോര്‍ക്കയുമായി സമനില വഴങ്ങിയത് സെവിയക്ക് തിരിച്ചടിയായി.  രണ്ട് റൗണ്ട് മത്സരങ്ങളേ ശേഷിക്കുന്നുള്ളൂ. 
ബ്രസീല്‍ സ്‌ട്രൈക്കര്‍ മാത്യൂസ് കുഞ്ഞയും അര്‍ജന്റീനക്കാരന്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിഗൊ ദെ പോളുമാണ് അത്‌ലറ്റിക്കോയുടെ ഗോളുകളടിച്ചത്. 
2013-14 സീസണ്‍ മുതല്‍ സ്ഥിരമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന അത്‌ലറ്റിക്കൊ 2014 ലും 2016 ലും ഫൈനലിലെത്തിയിരുന്നു. രണ്ടു തവണയും നാടകീയമായി റയല്‍ മഡ്രീഡിനോട് ഫൈനലില്‍ കീഴടങ്ങി. 2017-18 സീസണിലൊഴികെ എല്ലാ തവണയും നോക്കൗട്ടിലേക്ക് മുന്നേറിയിരുന്നു. 


 

Latest News