Sorry, you need to enable JavaScript to visit this website.

ഇക്വഡോറിനു പകരം ചിലെ ലോകകപ്പ് കളിക്കുമോ?

സൂറിക് - ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടിയ ഇക്വഡോറിന്റെ ലോകകപ്പ് ബെര്‍ത്ത് നൂലിഴയില്‍. ചിലെ നല്‍കിയ പരാതിയില്‍ ഇക്വഡോറിനെതിരെ ഫിഫ അന്വേഷണം തുടങ്ങി. ഇക്വഡോറിന് വേണ്ടി യോഗ്യതാ റൗണ്ടില്‍ കളിച്ച ഫുള്‍ബാക്ക് ബൈറണ്‍ കാസ്റ്റിയൊ കൊളംബിയക്കാരനാണെന്നും ഇക്വഡോറിന് കളിക്കാന്‍ യോഗ്യതയില്ലെന്നും ആരോപിച്ച് ചിലെ സോക്കര്‍ ഫെഡറേഷന്‍ ഫിഫയെ സമീപിച്ചിരുന്നു. കാസ്റ്റിയൊ കൊളംബിയയിലാണ് ജനിച്ചതെന്നും  വ്യാജ ജനന സര്‍ടിഫിക്കറ്റും തെറ്റായ പ്രായവും പൗരത്വ രേഖയും കാണിച്ചാണ് ഇക്വഡോറിന് കളിപ്പിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇരുപത്തിമൂന്നുകാരന്‍ എട്ട് യോഗ്യതാ മത്സരങ്ങളില്‍ കളിച്ചിരുന്നു. അതില്‍ ചിലെക്കെതിരായ രണ്ട് മത്സരങ്ങളുമുള്‍പ്പെടും. ഇക്വഡോറില്‍ ഗോള്‍രഹിത സമനിലയും ചിലെയില്‍ ഇക്വഡോറിന് 2-0 വിജയവും. ഈ മത്സരങ്ങള്‍ ഇക്വഡോര്‍ അടിയറവെച്ചതായാണ് ഫിഫ വിധിക്കുന്നതെങ്കില്‍ ചിലെ നാലാം സ്ഥാനത്തേക്കുയരും. അവര്‍ക്ക് ലോകകപ്പ് കളിക്കാം. എന്നാല്‍ കാസ്റ്റിയോയുടെ പൗരത്വം തെളിയിക്കുന്ന എല്ലാ ഒറിജിനല്‍ രേഖകളും തങ്ങളുടെ കൈയിലുണ്ടെന്ന് ഇക്വഡോര്‍ എഫ്.എ അവകാശപ്പെട്ടു. 
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് സമാപിച്ച് ഒരു മാസത്തിലേറെ കഴിഞ്ഞ ശേഷമാണ് ചിലെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തറും നെതര്‍ലാന്റ്‌സും സെനെഗാലുമടങ്ങുന്ന ഗ്രൂപ്പ് എ-യിലാണ് ഇക്വഡോര്‍. 
നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതിന് മുമ്പ് ഫിഫയുടെ അന്വേഷണം പൂര്‍ത്തിയാവുമോയെന്ന് വ്യക്തമല്ല. 10 ടീമുകള്‍ പങ്കെടുത്ത ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്തോടെയാണ് ഇക്വഡോര്‍ യോഗ്യത നേടിയത്. അഞ്ചാം സ്ഥാനക്കാരായ പെറു പ്ലേഓഫ് കളിക്കും. ഇക്വഡോറിന് ഏഴ് പോയന്റ് പിന്നില്‍ ഏഴാം സ്ഥാനക്കാരായ ചിലെക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. 
അയോഗ്യരായ കളിക്കാരെ ഇറക്കിയാല്‍ ആ ടീം 0-3 ന് തോറ്റതായാണ് ഫിഫ പരിഗണിച്ചിരുന്നത്. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രണ്ടു മത്സരങ്ങളില്‍ ബൊളീവിയ അയോഗ്യനായ കളിക്കാരനെ ഇറക്കിയിരുന്നു. പാരഗ്വായില്‍ ജനിച്ച താരത്തെ. ഇതിന് അവര്‍ക്ക് ശിക്ഷ ലഭിച്ചിരുന്നു. 

Latest News