Sorry, you need to enable JavaScript to visit this website.

ആനന്ദപ്രദമാക്കുക, ജീവിതം

എങ്ങനെ എപ്പോഴും സന്തോഷവാനായി ജീവിക്കാം എന്നതാണ് എല്ലാവരുടെയും ദിനേനയുള്ള ചിന്ത. അതിലേക്കു നടന്നടുക്കാനുള്ള വിവിധങ്ങളായ കാര്യപരിപാടിയുടെ പാത വിനിമയ രീതികളാണ് നമ്മളുടെ ദൈനംദിന ക്രയവിക്രയങ്ങൾ, കൂട്ടുകെട്ട്, രാഷ്ട്രീയ ചിന്താധാരകൾ, മതങ്ങൾ നൽകുന്ന സന്ദേശങ്ങൾ, കലാകായിക രംഗങ്ങൾ എല്ലാം..ഇതൊക്കെ ഉണ്ടായിട്ടും പല ആളുകൾക്കും സന്തോഷമോ സമാധാനമോ ഇല്ലാത്ത അവസ്ഥ വരുന്നു..എന്താണിതിനു കാരണം എന്നു നോക്കാം.

ഒരു വസ്തുവോ അല്ലെങ്കിൽ ഒരു ആശയമോ അതുമല്ലെങ്കിൽ നമ്മുടെ ചുറ്റുപാടിലുള്ള ദിനേനയുള്ള കേട്ടുകേൾവികളോ ഒരു പരിധിയിൽ അധികം നമ്മുടെ മസ്തിഷ്‌കത്തിലേക്കു കേറിവന്നാൽ പിന്നീട് അതിന്റെ ഭാവിരൂപങ്ങൾ ഒരു ദുർമേദസ്സ് പോലെ നമ്മുടെ ചിന്തകളെയും മനോമണ്ഡലങ്ങളെയും ദുഷിപ്പിക്കും എന്നതിൽ തർക്കമില്ല. അതു കൊണ്ടാണ് പറയുന്നത് അധികമായാൽ അമൃതും വിഷം എന്ന്. നമ്മുടെ പ്രകൃതിയിലെ വസ്തുക്കൾ, നമ്മുടെ ചിന്തകൾ എല്ലാം ക്രമീകൃതമായ രൂപത്തിൽ മാത്രമേ നമുക്ക് അതിനെ ഉപയോഗിക്കാൻ പാടുള്ളൂ. മറിച്ചാണെങ്കിൽ അതിന് ഒരു പ്രതിരോധം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. പ്രകൃതിയോട് നമ്മൾ ക്രൂരത കാണിച്ചാൽ കൊടും വരൾച്ച, കാലവർഷക്കെടുതികൾ എന്നിവ സമ്മാനിച്ചുകൊണ്ട് പ്രകൃതി അതിന് പ്രതിരോധം സൃഷ്ടിക്കും. അതുപോലെ മനുഷ്യരോട് നമ്മൾ അനീതി കാണിച്ചാൽ നാനാവശത്തു നിന്നും അതിനെതിരെ ശബ്ദം ഉയരുകയും തെറ്റിനെതിരിൽ ശിക്ഷ നടപ്പിലാക്കുകയും ചെയ്യും. കൂടാതെ വ്യക്തി ജീവിതത്തിൽ നമ്മളിൽ തെറ്റായ ചിന്തകളും പ്രവൃത്തികളും നിറഞ്ഞു നിന്നാൽ അത് മാനസികവും ശാരീരികവുമായ എതിർപ്പുകൾക്കു വിധേയമാവുകയും നമ്മളറിയാതെ പല രോഗങ്ങളും നമ്മുടെ ജീവിതത്തെ കീഴ്‌പ്പെടുത്തുകയും ചെയ്യും എന്നതിൽ തർക്കമില്ല.

അങ്ങനെയെങ്കിൽ വ്യക്തിയും സമൂഹവും എന്നും സന്തോഷം നിറഞ്ഞ അവസ്ഥയിലേക്ക് മാറ്റപ്പെടാൻ എന്താണ് മാർഗങ്ങൾ എന്നാണ്. ഇതിനു നമ്മൾ ഇന്ന് നിർദേശിക്കുന്ന ഒരു രീതിയാണ് കമ്മോഡിറ്റി തിയറി എന്നത്. എന്താണ് കമ്മോഡ് എന്ന ഉപകരണത്തിന്റെ ജോലി? മനുഷ്യ വിസർജ്യങ്ങളായ മലവും മൂത്രവും സ്വീകരിച്ചു പുറന്തള്ളുക എന്നതാണ് അതിന്റെ ജോലി. ഇവിടെ നമുക്ക് ചെയ്യാനുള്ളത് ദിനേന നമ്മൾ ടോയ്‌ലറ്റിൽ പോവുമ്പോൾ ശരീരത്തിലെ മലവും മൂത്രവും മാത്രമല്ല മനസ്സിലെ ചീത്തയായ എല്ലാ ചിന്തകളും നെഗറ്റീവ് എനർജി തങ്ങി നിൽക്കുന്ന എല്ലാ അനുഭവങ്ങളും നമ്മുടെ വിസർജ്യത്തിന്റെ കൂടെ നമ്മൾ കളഞ്ഞു എന്ന് ഉറപ്പു വരുത്തുക. എനിക്ക് വ്യക്തി ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാത്ത ഒരു സാമൂഹിക നന്മയും ചെയ്യാത്ത എല്ലാ ചിന്തകളും ആശയങ്ങളും കളഞ്ഞ് മനസ്സ് ശുദ്ധിയായ അവസ്ഥയാണ് എന്ന് ഇതിലൂടെ നമ്മൾക്ക് ഉറപ്പിക്കാൻ കഴിയും. നമ്മുടെ മനസ്സിലെ ആശയങ്ങളെ/അനുഭവങ്ങളെ/ പ്രശ്‌നങ്ങളെയൊന്നും നമുക്ക് തൊട്ടു നോക്കാനും വേർതിരിച്ചു കാണാനും കഴിയില്ല എന്നതുകൊണ്ട് തന്നെ അതിനെ എനിക്ക് വേണ്ട എന്നു മനസ്സ് പറയുമ്പോൾ തന്നെ അത് നമ്മുടെ ചിന്തയിൽ നിന്നും മാറിനിൽക്കും. അതുകൊണ്ടാണ് കമ്മോഡ് തിയറിയിലൂടെ നമുക്ക് മനസ്സിനെ എന്നും ശുദ്ധീകരിക്കാൻ എളുപ്പമാണ് എന്ന് പറയുന്നത്. ഇത് വായിക്കുന്ന ആളുകൾ ഈ തിയറി പ്രാക്ടീസ് ചെയ്തു നിങ്ങളിൽ മാറ്റങ്ങൾ അനുഭവപ്പെടുന്നു എങ്കിൽ മറ്റുള്ളവർക്കും അതിനെ പരിചയപ്പെടുത്തിക്കൊടുക്കുക.

ഇനി രണ്ടാമത്തെ മാർഗത്തിലേക്കു കടക്കാം. ദിവസവും  നമ്മൾ കുറെ മാലിന്യം മനസ്സിൽ നിറച്ചു കമ്മോഡ് തിയറിയിലൂടെ കളയുക എന്നത് ഒരു ജോലിയായി ആരും ഏറ്റെടുക്കരുത്. മറിച്ച്, നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും കെടുത്തുന്ന ഒന്നും നമ്മുടെ മനസ്സിന്റെ ഉള്ളിലേക്കും ചിന്തയുടെ അകത്തേക്കും കടക്കാൻ അനുവദിക്കാതെ മനസ്സിന്റെ വാതിൽ ആവശ്യത്തിന് മാത്രം തുറന്നു കൊടുക്കുന്ന രീതിയും നമ്മൾ പ്രാക്ടീസ് ചെയ്യണം. കാരണം തുറന്നു കിടക്കുന്ന വാതിലിലൂടെ ഏതു ജീവിക്കും ഉള്ളിൽ കടക്കാൻ കഴിയും എന്നു പറയും പോലെ നമുക്ക് വ്യക്തിയുടെ വളർച്ച, അഭിവൃദ്ധി, സാമൂഹിക നന്മ ഇതൊന്നും നൽകാത്ത അനാവശ്യ ചപ്പും ചവറുകളും നിറഞ്ഞ ചർച്ചകൾ, പ്രസംഗങ്ങൾ, പ്രോഗ്രാമുകൾ, കൂട്ടായ്മകൾ, സംഘടനകൾ എന്നിവയിൽ നിന്നെല്ലാം 100% ഞാൻ ഇല്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ് നിങ്ങൾ എടുക്കേണ്ട പ്രധാന ദൗത്യം. കാരണം ഈ ഭൂമിയിലെ പ്രശ്‌നങ്ങൾ എല്ലാം നിങ്ങൾ ഉണ്ടാക്കിയതല്ല എന്ന് മാത്രമല്ല, എല്ലാ പ്രശ്‌നങ്ങളും തീർക്കാൻ നിങ്ങൾ ഉത്തരവാദിയും അല്ല എന്ന് ആദ്യം മനസിലാക്കുക. പിന്നെ എന്തിനാണ് നിങ്ങൾ വെറുതെ അനാവശ്യ ചിന്തകൾക്ക് നിങ്ങളുടെ സമയം കളയുന്നത്? മനുഷ്യ മനസ്സ് എന്നത് ഒഴുകുന്ന വെള്ളം പോലെയാണ്. ഏതു ദിശയിലേക്കും അതിനു ഒഴുകാൻ കഴിയും. മനസ്സിനെ എങ്ങോട്ട്, എങ്ങനെ എപ്പോൾ ഒഴുക്കണം എന്നു തീരുമാനിക്കുന്നത് നമ്മൾ തന്നെയാവണം എന്നർത്ഥം.

ഇനിയും നിങ്ങൾക്ക് സന്തോഷം നൽകാൻ ഇത്തരം ചർച്ചകൾ ഉപകരിക്കുന്നില്ല എങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കണ്ണുകൾ തുറന്നു കണ്ണാടിക്കു മുമ്പിൽ നിന്ന് നിങ്ങളെ സ്വയം ആദ്യം ഒന്ന് കാണുക. ദൈവം നിങ്ങൾക്ക് സുഗമമായി മറ്റാരുടെയും സഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ എന്തൊക്കെ നൽകിയിട്ടുണ്ട്, അതെല്ലാം ആദ്യം കണ്ടെത്തി ദൈവത്തോട് നന്ദി പറയുക. എന്നിട്ടു അതിലെ ഓരോ ഭാഗവും ഇല്ലാത്ത അവസ്ഥയിലേക്ക് നിങ്ങളുടെ മനസ്സിനെ കൊണ്ടെത്തിക്കുക. ആ ഓരോ അവയവവും ഇല്ലാത്ത അവസ്ഥയിൽ നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് ആദ്യം തിരിച്ചറിയുക. അപ്പോൾ മനസ്സിലാവും നിങ്ങളിൽ എത്രമാത്രം സന്തോഷവും സമാധാനവും ഒളിഞ്ഞിരിക്കുന്നു എന്ന്. അതിനു ശേഷം നിങ്ങളുടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും കൂടി കണ്ണോടിച്ചു നോക്കുക. അവിടെയും ധാരാളം അനുഗ്രഹങ്ങൾ കണ്ടെത്താൻ കഴിയും..

ഇത് വായിച്ചപ്പോൾ മനസ്സിലായിക്കാണും, ദൈവം നമ്മൾക്ക് നൽകിയത് എല്ലാം എന്നും ഉപകാരപ്പെടുന്നതും സന്തോഷം നൽകുന്നതും സമാധാനം നൽകുന്നതുമാണെന്ന്.  എന്നാൽ നമ്മൾ അനാവശ്യമായി നമ്മുടെ ശരീരത്തിലേക്കും മനസ്സിലേക്കും കെട്ടിവെക്കുന്ന പലതും നമ്മുടെ സന്തോഷം കെടുത്തുന്നതും സമാധാനം ഇല്ലാതാക്കുന്നതുമായ കാര്യങ്ങൾ മാത്രമാണ്. ഇവിടെയാണ് ഞാൻ പറഞ്ഞത്, കമ്മോഡ് തിയറിയുടെ നമുക്ക് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന സന്തോഷത്തെയും സമാധാനത്തെയും തിരിച്ചു പിടിക്കാൻ കഴിയും എന്നത്. എല്ലാവർക്കും സന്തോഷവും സമാധാനവും ഉള്ള ദിനങ്ങൾ മാത്രം ഉണ്ടാവട്ടെ. അതിനായി ദുഃഖങ്ങളും വിപരീത ചിന്തകളും നൽകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മനസ്സിനെ സൂക്ഷ്മതയോടെ തുറന്നുകൊണ്ട് നല്ലതു കാണുക. നല്ലത് കേൾക്കുക. നല്ലത് പറയുക. 

Latest News