Sorry, you need to enable JavaScript to visit this website.

നിരുപാധികമായ സ്‌നേഹ സൗഹൃദങ്ങളാണ് സമൂഹത്തിന്റെ കരുത്ത്- അന്‍സാര്‍ കൊയിലാണ്ടി

ദുബായ്- നിരുപാധികമായ സ്‌നേഹ സൗഹൃദങ്ങളാണ് സമൂഹത്തിന്റെ കരുത്തെന്നും ഇത്തരം സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്നും യു.എ.ഇയിലെ പ്രമുഖ സംഘാടകനും സംരംഭകനും സിനിമാ നടനുമായ അന്‍സാര്‍ കൊയിലാണ്ടി അഭിപ്രായപ്പെട്ടു. മീഡിയ പഌ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ ദുബായിലെ പ്രകാശനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയും മനുഷ്യത്വവും പല തരത്തിലുള്ള വെല്ലുവിളികളും അഭിമുഖീകരിക്കുന്ന സമകാലിക ലോകത്ത് ഏകമാനവികതയും മനുഷ്യ സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങള്‍ ഏറെ പ്രസക്തമാണെന്നും ഇത്തരം സന്ദര്‍ഭങ്ങളെ നാം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.   

മനുഷ്യ ബന്ധങ്ങളെ മത ജാതി രാഷ്ട്രീയ ചിന്തകളില്‍ പരിമിതപ്പെടുത്താതെ നിരുപാധികമായ സ്‌നേഹവും സൗഹൃദവും പരിപോഷിപ്പിക്കുമ്പോഴാണ് മാനവികത ശക്തിപ്പെടുക. ഈ രംഗത്ത് ശ്രദ്ധേയമായ ഒരു കാല്‍വെപ്പാണ് പെരുന്നാള്‍ നിലാവെന്ന് അദ്ദേഹം പറഞ്ഞു.

സ്‌നേഹവും സാഹോദര്യവും സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ് സമൂഹം സാംസ്‌കാരികമായി വളരുന്നതെന്നും അക്ഷരങ്ങളിലൂടെ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാനുള്ള മീഡിയ പഌിന്റെ ശ്രമം ശഌഘനീയമാണെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ കഫേ വിറ്റാമിന്‍ മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ സിദ്ധീഖ് അഭിപായപ്പെട്ടു.

ബെല്ലോ ബസ് റെന്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, സള്‍ഫര്‍ കെമിക്കല്‍ ചെയര്‍മാന്‍ അഹ് മദ് തൂണേരി, കഫേ വിറ്റാമിന്‍ ഡയറക്ടര്‍ ഹാഷിര്‍ പാലത്തിങ്കല്‍, സലീം കൊച്ചന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മീഡിയ പഌ് സി.ഇ.ഒ യും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

 

Latest News