Sorry, you need to enable JavaScript to visit this website.

സിനിമ കിട്ടാതെ പോയ ഒന്നൊന്നര  വര്‍ഷം വളരെ ബുദ്ധിമുട്ടി-പാര്‍വതി

കോഴിക്കോട്- കഠിന പരിശ്രമം കൊണ്ട് മികച്ച അഭിനേത്രി എന്ന് പേരെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് കന്നഡയിലും തമിഴിലും അഭിനയിച്ച പാര്‍വതിക്ക് ഇടക്കാലത്ത് സിനിമയില്‍ ഒരിടവേള വന്നിരുന്നു. പിന്നീട് ധനുഷ് നായകനായ മരിയാനിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. അതിന് ശേഷം ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ മലയാളത്തിലേക്ക് വീണ്ടും സജീവമായ താരം ഇന്ന് മുന്‍നിരയിലാണ് നില്‍ക്കുന്നത്. സിനിമയില്‍ തനിക്ക് സംഭവിച്ച ഇടവേളയെ പറ്റി പറയുകയാണ് പാര്‍വതി. താന്‍ മനപ്പൂര്‍വം ബ്രേക്ക് എടുത്തതല്ലെന്നും സിനിമ ലഭിക്കാതിരുന്നതാണെന്നും ഒരഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
പുറത്ത് നിന്നുള്ള കാഴ്ചപ്പാടാണ് ഞാന്‍ ബ്രേക്ക് എടുത്തു എന്നുള്ളത്. സിനിമകള്‍ ലഭിക്കാത്ത സമയമായിരുന്നു അത്. ആദ്യം ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോഴും ക്യാരക്റ്റര്‍ റോളുകളും ചെയ്യുന്നുണ്ട്. ആര്‍ക്കറിയാം എന്ന സിനിമയില്‍ ഞാനല്ല ലീഡ്. കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. സിനിമയില്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രം ലഭിച്ചാല്‍ ഞാന്‍ ഹാപ്പിയാണ്. കിട്ടുന്ന റോളുകള്‍ യെസ് പറയാന്‍ തോന്നുന്നതായിരിക്കണം. കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യസിനിമ കഴിഞ്ഞുള്ള അഞ്ചാറ് വര്‍ഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍, വിവാദങ്ങള്‍ക്കൊക്കെ ശേഷമുള്ള, ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം, പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്.
പക്ഷേ അന്ന് തുക്കത്തിലെ ഏട്ട് വര്‍ഷത്തില്‍ ഉണ്ടായിരുന്ന ഫിനാന്‍ഷ്യല്‍ ക്രൈസിസ് ആണെങ്കിലും സിനിമ കിട്ടാതിരിക്കുന്ന സമയത്ത് ഇനി എന്താണ് ചെയ്യേണ്ടത് എന്ന തോന്നലുകളൊക്കെ എന്നെ ഒരുപാട് അലട്ടിയിട്ടുണ്ട്. ഒരു കൊമേഴ്‌സ്യല്‍ സക്‌സസ് വന്ന് കഴിഞ്ഞാല്‍ അതിന് മുമ്പുള്ള കാലം മറക്കാന്‍ എളുപ്പമാണ്. എന്നാല്‍ എനിക്കത് മറക്കാന്‍ പറ്റില്ല താരം പറയുന്നു.


 

Latest News