Sorry, you need to enable JavaScript to visit this website.

ഖുർആൻ സൂക്തം രേഖപ്പെടുത്തിയ ടാക്‌സി കസ്റ്റഡിയിലെടുത്തു

കുവൈത്ത് സിറ്റി - ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്റ്റിക്കറുകൾ പതിച്ച ടാക്‌സി കാർ കസ്റ്റഡിയിലെടുത്ത് ട്രാഫിക് ഡയറക്ടറേറ്റ് യാർഡിലേക്ക് മാറ്റിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാൻ ടാക്‌സി കമ്പനി ഉടമയെയും ഡ്രൈവറെയും വിളിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടാക്‌സി കാറിൽ പതിച്ച സ്റ്റിക്കറുകളിലെ വാചകങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 
എന്നാൽ ഖുർആനിക സൂക്തത്തിന്റെ ഭാഗം രേഖപ്പെടുത്തിയ സ്റ്റിക്കർ ടാക്‌സി കാറിന്റെ പിൻവശത്ത് പതിച്ചതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
ഇത് കുവൈത്തിൽ തർക്കവിതർക്കങ്ങൾക്ക് ഇടയാക്കി. വിശുദ്ധ ഖുർആനിലെ അധ്യായമായ ഹൂദിലെ 42 ാം സൂക്തത്തിന്റെ ഭാഗമാണ് ടാക്‌സിയുടെ പിൻവശത്ത് രേഖപ്പെടുത്തിയത്. നോഹ പ്രവാചകന്റെ കാലത്തുണ്ടായ മഹാപ്രളയത്തിനിടെ തങ്ങൾക്കൊപ്പം പേടകത്തിൽ കയറാൻ നോഹ പ്രവാചകൻ മകനോട് അപേക്ഷിക്കുന്ന ഭാഗം പരാമർശിക്കുന്ന സൂക്തമാണിത്. പൊന്നുമകനേ, ഞങ്ങൾക്കൊപ്പം നീയും (പേടകത്തിൽ) കയറുക, നീ (പേടകത്തിൽ കയറാത്ത) അവിശ്വാസികളുടെ കൂട്ടത്തിലാകരുത് - എന്നാണ് ഈ സൂക്തത്തിലെ ഭാഗം പറയുന്നത്. വിശുദ്ധ ഖുർആനിലെ സൂക്തം തന്റെ താൽപര്യത്തിനനുസരിച്ച് ദുരുപയോഗിച്ച് തന്റെ ടാക്‌സിയിൽ കയറാൻ മറ്റുള്ളവരെ പരോക്ഷമായി പ്രേരിപ്പിക്കുകയും ടാക്‌സിയിൽ കയറാത്തവരെ അവിശ്വാസികളായി മുദ്രകുത്തുകയുമാണ് ഡ്രൈവർ ചെയ്തതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പറയുന്നത്. 

Tags

Latest News