Sorry, you need to enable JavaScript to visit this website.

ഒമാന്‍ വാണിജ്യ മന്ത്രിയും സംഘവും ഇന്ത്യയിലെത്തുന്നു

ന്യൂഡല്‍ഹി- ഒമാനിലെ വാണിജ്യ മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നു. ബുധനാഴ്ച്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ- ഒമാന്‍ സംയുക്ത കമ്മീഷന്റെ യോഗത്തില്‍ ഇരുഭാഗത്തു നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 

ഒമാനില്‍ നിന്നുള്ള 48 അംഗ പ്രതിനിധി സംഘത്തില്‍ ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഖനനം, വിനോദസഞ്ചാരം, ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജം, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ബിസിനസ് പ്രതിനിധികളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്. 

ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍, ഒമാന്‍ മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 82 ശതമാനം വര്‍ധിച്ച് 9.94 ബില്യണ്‍ യു.എസ് ഡോളറിലെത്തി നില്‍ക്കുന്ന സമയത്താണ് ഒമാന്‍ പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയുണ്ട്. 

ന്യൂഡല്‍ഹിയിലും മുബൈയിലുമായി വ്യാഴാഴ്ച്ച ഇന്ത്യ- ഒമാന്‍ ജോയിന്റ് ബിസിനസ് കൗണ്‍സലിന്റെ യോഗം സംഘടിപ്പിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യവസായ മേഖലകള്‍ തമ്മിലുള്ള ആശയവിനിമയം, നിക്ഷേപക യോഗങ്ങള്‍ തുടങ്ങി മറ്റ് നിരവധി പരിപാടികള്‍ ഒമാന്‍ പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്.

Latest News