Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ഭൂമിയ്‌ക്കൊരു പ്രണയലേഖനം

അബ്ദിയ ഷഫീന

പ്രിയമുള്ളവളേ, എനിക്ക് നിന്നോട് വല്ലാത്തൊരു പ്രണയമാണ്. ആ ഭ്രാന്തമായ പ്രണയത്തെ എങ്ങനെ വർണിക്കണം എന്നെനിക്കറിയില്ല. സിരകളിൽ പടരുന്ന നിണം പോലും നിന്റെ ദാനത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ്. ആ നിന്നിലെ സ്‌നേഹം തെല്ലും കുറയാതെ എന്നിലും എന്റെ പിൻതലമുറയിലും എന്നും നിലനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 
ഈ പ്രപഞ്ചത്തിൽ സർവംസഹയായ നിന്നെയല്ലാതെ മറ്റൊന്നിനെയും പ്രണയിക്കുന്നതിൽ ഞാൻ ഒരർഥവും കാണുന്നില്ല. നിന്നിൽ മാറി മാറി വരുന്ന കാല പ്രയാണത്തിലെ ഋതുഭേദത്തിൽ കുടമാറ്റം നടത്തുന്ന ഓരോ വസന്തവും, ഓരോ വർഷവും  പുതു പുതു അനുഭവങ്ങൾ സമ്മാനിക്കുമ്പോൾ നിന്റെ മടിത്തട്ടിലെ ഓരോ ജീവന്റെ തുടിപ്പിനും ചാരുതയേകി ജീവിതം നൽകുന്ന നിന്റെ കനിവുള്ള ഹൃദയത്തെ ഞാൻ എന്നോളം പ്രണയിക്കുന്നു. 
എന്റെ പ്രാണൻ പിരിയുവോളം എനിക്ക് നിന്റെ കരുണയും സ്‌നേഹവും വേണം, എന്നെ കരുതലോടെ പോറ്റുന്ന അമ്മയായി, എന്നിലെ എന്നെ തരളിതയാക്കുന്ന എന്റെ പ്രാണപ്രിയനെ പോലെ എനിക്ക് പരിണയിക്കണം. നീയാം വസുധയെ എന്നിലെ സർവവ്യാപിയായി നിന്നിലെ സൗന്ദര്യത്തെയും പരിമളത്തെയും എന്നിൽ നിറയ്ക്കുമ്പോൾ ആണ് ഞാൻ ഞാനായി മാറുന്നത്.
നിന്നെ എന്റെ പൂർവികർ എനിക്ക് നൽകിയ സ്വത്തായി കണ്ട് ഞാൻ അഹങ്കരിക്കുന്നില്ല. നാളെ എന്റെ പിൻഗാമികൾക്ക് നൽകാനുള്ള അമൂല്യമായ സ്വത്തായി കരുതി ഞാൻ നുള്ളി നോവിക്കാതെ കാത്തു കൊള്ളാം. 
ഞാൻ പിറന്ന ഭൂമിമലയാളത്തിന്റെ സംസ്‌കാരം പോലും നിന്റെ മടിത്തട്ടിലെ മണ്ണടരുകൾക്കിടയിൽ നിന്നും മുള പൊട്ടിയതാണ്. പുതുവർഷം പൊഴിയുന്ന മണ്ണിന്റെ മണവും,  ശിരസ്സുയർത്തി നിൽക്കുന്ന ഹരിതാഭമായ മലനിരകളും, പൊൻകതിർ വിളയുന്ന വയലേലകളും, പരൽമീനുകൾ നീന്തിത്തുടിക്കുന്ന കടലും, കായലും, പുഴയും, ജന്തു ജീവജാലങ്ങളെ പോറ്റുന്ന കാടും എല്ലാം എത്ര കരുതലോടെയാണ് നീ കാക്കുന്നത്. 
പ്രകൃതി രമണീയമായ നിന്റെ മാറിലേക്ക് പെയ്തിറങ്ങുന്ന മഴയും, മഞ്ഞു കണങ്ങളും നിന്നിൽ മുളപൊട്ടിയ ജീവന്റെ തുടിപ്പുകൾക്കായി നീ എത്ര കനിവോടെയാണ് കാത്തു വെക്കുന്നത്. 
സർവ ചരാചരങ്ങൾക്കും ജീവനം നൽകാൻ വേണ്ടി നീ കരുതിയിരുന്നിട്ടും സ്വാർഥമായി കൊണ്ടിരിക്കുന്ന മനുഷ്യരാശി സമ്പത്തിലും സുഖലോലുപതയിലും മതിഭ്രമം ബാധിച്ച് നിന്റെ ഉടയാടകൾ പറിച്ചെറിഞ്ഞും, നിന്നെ കീറി മുറിച്ചും, കൊടും ക്രൂരതകൾ നിന്നിലേക്കാഴ്ത്തി പതിയെ പതിയെ നിന്നെ കൊന്നു കൊണ്ടിരിക്കുന്നു.
ഓരോ കാലം പിന്നിടുമ്പോഴും നിന്റെ മടിത്തട്ടിൽ നിന്നും മനോഹാരിത മണ്മറഞ്ഞു കൊണ്ടിരിക്കുകയാണ്. നിന്റെ മാറിലെ ചുടുനീര് ആവശ്യത്തിനും അനാവശ്യത്തിനും ഊറ്റിയെടുത്തു മതിച്ചു വാണിട്ട് നിനക്ക് ചരമഗീതം രചിക്കാൻ മത്സരിക്കുകയാണ് നീ പോറ്റി വളർത്തിയ നിന്റെ മക്കൾ. 
മാറിലെ ചൂടും, മടിയിലെ ഭക്ഷ്യവും മതിയാവോളം ആസ്വദിച്ചു നുകർന്നിട്ടും നെറികെട്ട വർഗം നിന്നെ അറിയാതെ, നിന്റെ മഹിമയറിയാതെ നിന്നെ ഇഞ്ചിഞ്ചായി കൊന്നിട്ടും പ്രപഞ്ചം നിലനിർത്താനായി എല്ലാം പാടെ മറന്ന് വീണ്ടും നീ പൂർണയാവാൻ ശ്രമിക്കുമ്പോൾ താങ്ങാനാവാതെ നീ തളർന്നു പോകുന്നത് കണ്ട് എന്റെ ഹൃദയം പിടയാറുണ്ട്. 
പേമാരിയും, കൊടുങ്കാറ്റും, പ്രളയവും, ഭൂകമ്പവും നിന്നെ തകർത്തെറിയാൻ വന്നിട്ടും പെടാപാട് പെട്ട് കരുത്തോടെ നേരിട്ട് വീണ്ടും നിന്നിൽ പിറവി കൊണ്ടവർക്കായി തളിർക്കുന്നു, പൂക്കുന്നു, കായ്ക്കുന്നു. 
നിന്റെ ആ ചങ്കൂറ്റമാണ് എന്നെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ള സർവകാരിണീ ദേവീ നിന്നെയാണ് എനിക്ക് പ്രാണനായി പ്രണയിക്കാൻ തോന്നുന്നത്. നിന്നെയാണ് എനിക്ക് മാതൃകയാക്കാൻ തോന്നുന്നത്. 
ആഡംബരങ്ങൾക്ക് മീതെ മനുഷ്യൻ പായുമ്പോൾ നിന്റെ ആവാസ വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങൾ പോലും വകവെക്കാതെ സാമ്പത്തിക പുരോഗതിക്ക് വേണ്ടി മണ്ണിനെ മറന്ന് അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളിലൂടെ നിന്റെയും, പരിസ്ഥിതിയുടെയും, നിലനിൽപ്പ് പോലും അവഗണിച്ചു കൊണ്ട് പിൻതലമുറക്ക് എല്ലാം അന്യമാക്കിക്കൊണ്ടിരിക്കുന്ന മൂഢൻമാരായ ഞാനുൾപ്പെട്ട മനുഷ്യ വംശത്തോട് നിനക്ക് കോപം തോന്നുന്നില്ലേ? സാമൂഹിക, സാംസ്‌കാരിക വളർച്ചയ്ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന വികസന പ്രവർത്തനങ്ങൾ കൊണ്ട് സ്വന്തം കീശ വീർപ്പിക്കുന്ന മേലാളൻമാർക്ക്  മാത്രമാണ് നേട്ടം. 
മണ്ണിന്റെ മണമറിയുന്ന മക്കൾക്ക് നേട്ടത്തിന് പകരം കോട്ടം മാത്രമാണ് പരിണിതഫലം. ജീവജാലങ്ങൾക്ക് ഹാനീകരമാകുന്ന വിധത്തിൽ ചൂടിന്റെ വർധന, കാലാവസ്ഥാ വ്യതിയാനങ്ങൾ, കുടിവെള്ള ക്ഷാമം, ശുദ്ധവായു മലിനീകരണം, മാറാ വ്യാധികൾ, ആഗോളതാപനം എന്നിങ്ങനെ നിന്നിലെ ജീവന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും വിധത്തിൽ മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. 
എന്റെ അറിവായ കാലം മുതൽ എന്റെ കണ്മുന്നിലുള്ള നീ എത്ര മനോഹരിയായിരുന്നു. ഒരുപാട് സവിശേഷതകൾ ഉള്ള ദൈവത്തിന്റെ സ്വന്തം നാടായ എന്റെ മലയാള മണ്ണിനെ എത്ര കമനീയമായിട്ടാണ് നീ അലങ്കരിച്ചിരുന്നത്. 
കണ്ണിനും കരളിനും കുളിർമയേകുന്ന കാവും, കുളവും, അമ്പലപ്പറമ്പും, പള്ളിയും, പാടവും, മുറ്റത്തെ വർണപ്പൂക്കളും, അവയ്ക്കരികിലേക്ക് പാറിയടുക്കുന്ന ശലഭങ്ങളും, വാനമ്പാടികളും കൊണ്ട് വർണാഭമായിരുന്നു. എന്റെ ചുറ്റിലുമുള്ള മനോഹാരിതയെ പലരായി പല കാലങ്ങളിലായി പലപ്പോഴായി നശിപ്പിച്ചു കളഞ്ഞു.
കാവുകൾ വെട്ടി നിരത്തി സത്യമുള്ള നാഗത്താൻമാരെ നാടു കടത്തി കരിങ്കല്ലിൽ കൊത്തിയ ജീവനില്ലാത്ത പ്രതിഷ്ഠയാക്കി. കുളങ്ങൾ നികത്തി കൂരകൾ പണിതു. അമ്പലപ്പറമ്പിലെ ജാതിയുടെയും മതത്തിന്റെയും വൈരം പിണയാത്ത ശക്തികൾക്ക് മാളിക പണിത് അവരെ അറയ്ക്കുള്ളിലാക്കി. 
പടപ്പുകൾ തമ്മിൽ പടയൊരുക്കങ്ങൾക്ക് പാഠം പഠിച്ചു തുടങ്ങി. വിത്ത് വിതറി വിളവെടുത്ത പാടങ്ങൾ നികത്തി ഫ്ലാറ്റുകൾ ഉയർത്തി, മുറ്റത്തെ മുല്ലയും, വർണപ്പൂക്കളും ഇന്റർ ലോക്കിനുള്ളിൽ മൃതിയടങ്ങി. തേൻ നുകരാൻ പൂക്കളില്ലാത്ത മുറ്റത്ത് നിന്നും പുമ്പാറ്റകൾ പാറിയകന്നു. കാവിലും പറമ്പിലും പശിയടക്കാനില്ലാതെ പാടി നടന്ന പറവകൾ പാടങ്ങൾ തേടി പലായനം ചെയ്തു. 
എങ്കിലും നിന്റെ കരുണയുടെ കൈക്കുമ്പിളിൽ ഇനിയും വറ്റാത്ത നീരുറവയാൽ മനുഷ്യ വാസം കുറഞ്ഞയിടങ്ങളിൽ നീ ബാക്കിയാക്കിയ ഹരിത ഭൂമിയെ തേടി ടൂറിസം വികസനത്തിനായി നിന്റെ മക്കൾ അലയുകയാണിപ്പോൾ. 
ഇനിയെത്ര നാൾ നിന്നെ പ്രണയിച്ചു ജീവിക്കാൻ കഴിയുമെന്നറിയില്ല. ദിനവും വികസനത്തിന്റെ പേരിൽ നാടും, നഗരവും, മനുഷ്യ മനസ്സും മലീമസമാക്കിക്കൊണ്ടിരിക്കുന്നു. പീഡനങ്ങളും കൊല്ലും, കൊലയും നിറഞ്ഞ്, ചുടു ചോരയുടെ മണം നിന്നിൽ മുഴുവനും പടർന്നിരിക്കുന്നു. മണ്ണിന്റെ മണം നുകർന്ന നിന്റെ മക്കൾക്ക് ഇന്ന് ചോരയുടെ മണത്തോട് പ്രിയമേറിക്കൊണ്ടിരിക്കുന്നു. 
സൂക്ഷിക്കുക പ്രിയേ.. നിന്റെ നിലനിൽപ്പിനായി എന്നെ പോലെ നിന്നെ പ്രണയിക്കാൻ നിന്റെ മടിത്തട്ടിൽ കുരുത്ത മനുഷ്യരാശിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു. എന്റെ പ്രാണൻ വെടിയുവോളം നിന്നോടുള്ള എന്റെ അടങ്ങാത്ത പ്രണയത്തിന് അറുതിയുണ്ടാവില്ല. എന്റെ ജീവനെ നിലനിർത്തുന്നവളേ, എന്റെ പ്രണയം പേറാൻ, നിന്റെ കനിവിനായി നിന്റെയും എന്റെയും നിലനിൽപ്പിനായി എന്നും പ്രാർഥിച്ചിടാം.

Latest News