Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

കാരുണ്യവഴിയിൽ ഈ നൃത്തച്ചുവടുകൾ

കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ 'സ്്‌റ്റേ ഹോം സ്‌റ്റേ സേഫ്' എന്ന നൃത്ത ഭാഷ്യമൊരുക്കിക്കൊണ്ടായിരുന്നു ജനങ്ങൾക്ക് മുമ്പിലെത്തിയത്. പ്രശസ്ത കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിയുടെ വരിക വീണ്ടും... എന്ന കവിതയ്ക്ക് നൃത്താവിഷ്‌കാരം നൽകി നിരവധി വേദികളിൽ അവതരിപ്പിച്ചു. കൊറോണ വൈറസിനെ തുരത്താൻ ജനങ്ങളെ സന്നദ്ധരാക്കുകയായിരുന്നു ലക്ഷ്യം. മഹാമാരിയിൽ ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ഇത്തരം നൃത്തരൂപങ്ങൾ രൂപപ്പെടുത്തിയത്. 

കലാ രംഗത്ത് ഏറെ ഉയരങ്ങൾ കീഴടക്കുമ്പോഴും കലാ ജീവിതം ജനനന്മയ്ക്കു വേണ്ടിയുള്ളതാണെന്ന വിശ്വാസക്കാരിയാണ് കലാമണ്ഡലം ഐശ്വര്യ. സാമൂഹിക പ്രതിബദ്ധതയില്ലെങ്കിൽ കലാരൂപങ്ങൾ വ്യർഥമാണെന്ന് അവർ കരുതുന്നു. പ്രളയ കാലത്തും കോവിഡ് കാലത്തും ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അവർ മുൻപന്തിയിലുണ്ടായിരുന്നു. നീണ്ട പതിനാറു വർഷക്കാലത്തെ കലാമണ്ഡലത്തിലെ പഠനത്തിനിടയിൽ മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദവും പെർഫോമിംഗ് ആർട്‌സിൽ എം.ഫിലും പൂർത്തിയാക്കിയ ഐശ്വര്യ മോഹിനിയാട്ടത്തിൽ പി.എച്ച്ഡി ചെയ്തു കൊണ്ടിരിക്കുകയാണിപ്പോൾ. ഈയിടെയാണ് സംസ്ഥാന സർക്കാരിന്റെ യുവപ്രതിഭാ പുരസ്‌കാരം ഈ കലാകാരിയെ തേടിയെത്തിയത്. കലാരംഗത്തെ സമർപ്പിത ജീവിതത്തിന് ലഭിച്ച ഈ അംഗീകാരത്തിൽ ഏറെ സന്തോഷവതിയാണ് ഐശ്വര്യ. പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ വീട്ടിൽ വെച്ച് തന്റെ കലാ ജീവിതത്തെക്കുറിച്ച് അവർ മനസ്സു തുറക്കുകയാണ്.
ദൽഹിയിലായിരുന്നു ജനിച്ചത്. റഷ്യൻ കമ്പനിയായ ഫീനിക്‌സിലായിരുന്നു അമ്മയ്ക്ക് ജോലി. എന്നാൽ വിവാഹാനന്തരം ജോലി ഉപേക്ഷിക്കേണ്ടി വന്നു. അച്ഛനുമായി സമരസപ്പെടാൻ കഴിയാത്തതിനാലാകണം അമ്മ എന്നെയും കൊണ്ട് നാട്ടിലേയ്ക്കു മടങ്ങി. പിന്നീടുള്ള ജീവിതം ദുരിതമായിരുന്നു. വീട്ടുജോലികൾ ചെയ്തും വീടു വീടാന്തരം കയറിയിറങ്ങി ചെടികൾ വിറ്റുമായിരുന്നു അമ്മ എന്നെ വളർത്തിയത്. എങ്കിലും പഠനത്തോടൊപ്പം കലാ രംഗത്തും സജീവമായ ബാല്യമായിരുന്നു എന്റേത്. അമ്മയും അമ്മമ്മയും കലാ തൽപരരായതിനാൽ എന്നെയും കലാ രംഗത്തേയ്ക്ക് വഴിനടത്തി. തിരുവാതിരക്കളി നർത്തകിയും പരിശീലകയുമായിരുന്നു അമ്മമ്മ എന്നു കേട്ടിട്ടുണ്ട്. അമ്മയും നന്നായി പാടുമായിരുന്നു. അതുകൊണ്ടാകണം പാട്ടും നൃത്തവും കവിതയെഴുത്തും നാടകാഭിനയവുമെല്ലാം കൂട്ടിനുണ്ടായിരുന്നു. അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. സ്‌കൂൾ കലോത്സവങ്ങളിലും എന്നും മുൻപന്തിയിലുണ്ടായിരുന്നു. ഉപജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും പല മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ പോയന്റുകൾ നേടി കലാ തിലകവുമായി.
അദമ്യമായ കലാവാസനയാണ് എട്ടാം ക്ലാസിലെത്തിയപ്പോൾ കലാമണ്ഡലത്തിലെത്തിച്ചത്. ഗുരുകുല വിദ്യാഭ്യാസ രീതിയായതിനാൽ പഠനവും താമസവുമെല്ലാം കലാമണ്ഡലത്തിൽ തന്നെയായിരുന്നു. ജീവിതത്തിൽ തിരിച്ചറിവുണ്ടാകുന്നതിനു മുൻപു തന്നെ അമ്മയിൽ നിന്നും ബന്ധുക്കളിൽനിന്നും അകന്നു കഴിയേണ്ടി വന്നതിനാൽ ഒരു ഏകാന്തത അനുഭവപ്പെട്ടിരുന്നു. എന്നാൽ ഈ ഏകാന്തതയാണ് എഴുത്തിന് പ്രേരണയായത്. കവിതകളെഴുതാനായിരുന്നു ഇഷ്ടം. രാത്രിയുടെ നിശബ്ദ യാമങ്ങളിൽ മനസ്സിലെ വേദനകളെല്ലാം കടലാസിലേയ്ക്കു പകർത്തി വെച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസികയായ കേളിയിൽ അവ അച്ചടിച്ചു വന്നു. സഹപാഠികൾക്കും എഴുതാനുള്ള പ്രേരണയായിരുന്നു അത്. സുനാമി എന്ന പേരിലെഴുതിയ കവിത ഏറെ ചർച്ചാ വിഷയമായിരുന്നു. മാത്രമല്ല, പലയിടങ്ങളിൽ നിന്നും സമ്മാനങ്ങളും നേടിത്തന്നു.
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിനായിരുന്നു മുൻഗണന നൽകിയത്. പ്രൊഫ.കലാമണ്ഡലം ലീലാമ്മയായിരുന്നു പ്രധാന ഗുരു. കേരളത്തിന്റെ തനത് ക്ലാസിക് നൃത്തരൂപമാണ് മോഹിനിയാട്ടം. പാരമ്പര്യ രീതിയിലുള്ള പഠന രീതികൾക്കൊപ്പം പുതുമകളിലൂടെ കൂടുതൽ അർഥതലങ്ങൾ നൽകാനായിരുന്നു ശ്രമിച്ചത്. 
നൃത്തച്ചുവടുകൾ സമൂഹനന്മയ്ക്കു വേണ്ടിയാകണമെന്ന ചിന്തയായിരുന്നു മനസ്സിൽ. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കലാരൂപങ്ങൾക്ക് കഴിയണം എന്ന വിശ്വാസവും കൂട്ടിനുണ്ട്. ശാന്തിയും സമാധാനവും ഉള്ളിടത്തു മാത്രമേ കലയ്ക്ക് നിലനിൽപുള്ളു എന്ന തിരിച്ചറിവാണ് 2018 ലെ പ്രളയ കാലത്ത് ശാന്തി സന്ദേശവുമായി നൃത്തച്ചുവടുകളൊരുക്കാൻ പ്രേരണയായത്. ഗാനങ്ങളൊരുക്കിയും സംഗീതം ചിട്ടപ്പെടുത്തിയും പൊതുവേദികൾ ഒരുക്കിയും സഹൃദയലോകം വലിയ വരവേൽപ്പായിരുന്നു നൽകിയത്.
കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ സ്്‌റ്റേ ഹോം സ്‌റ്റേ സേഫ് എന്ന നൃത്ത ഭാഷ്യമൊരുക്കിക്കൊണ്ടായിരുന്നു ജനങ്ങൾക്കു മുൻപിലെത്തിയത്. പ്രശസ്ത കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിയുടെ വരിക വീണ്ടും... എന്ന കവിതയ്ക്ക് നൃത്താവിഷ്‌കാരം നൽകി നിരവധി വേദികളിൽ അവതരിപ്പിച്ചു. കൊറോണ വൈറസിനെ തുരത്താൻ ജനങ്ങളെ സന്നദ്ധരാക്കുകയായിരുന്നു ലക്ഷ്യം. 
മഹാമാരിയിൽ ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ഇത്തരം നൃത്തരൂപങ്ങൾ രൂപപ്പെടുത്തിയത്. ഒരു നർത്തകി എന്ന നിലയിൽ തനിക്കു കഴിയാവുന്ന സഹായ പ്രവർത്തനങ്ങൾ നടത്താനും സമയം കണ്ടെത്തി. 
പുനരധിവാസ ക്യാമ്പിൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുത്തും ഭക്ഷണ വിതരണം നടത്തിയും ദുരിത ബാധിതർക്ക് താങ്ങായി നിന്നു. മാത്രമല്ല, ഭക്ഷണ വിതരണം സുഗമമാക്കാൻ കമ്യൂണിറ്റി കിച്ചനും ഒരുക്കി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുഗതകുമാരി ടീച്ചറുടെ പ്രശസ്തമായ കവിതയ്ക്ക് നൃത്തരൂപം നൽകിയതും ശ്രദ്ധേയമായി. ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി... എന്ന കവിതയുടെ സന്ദേശമാണ് നൃത്തരൂപമാക്കി അവതരിപ്പിച്ചത്. പുതു തലമുറയ്ക്ക് പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.
സാമൂഹിക പരിഷ്‌കർത്താവും കവിയും നടനുമെല്ലാമായിരുന്ന പ്രേംജിയുടെ പ്രശസ്തമായ ഒരു കവിതയ്ക്ക് മോഹിനിയാട്ട രൂപം നൽകിയതാണ് കലാ ജീവിതത്തിൽ മറക്കാനാവാത്ത സംഭവം. പ്രായമായ നമ്പൂതിരിമാർ യുവതികളെ വിവാഹം കഴിക്കുകയും  അധികം വൈകാതെ അവർ വിധവകളാകുകയും ചെയ്യുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്തിയത് പ്രേംജിയായിരുന്നു. ഇങ്ങനെയുള്ള യുവതിയെ വിവാഹം കഴിച്ച് വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു അദ്ദേഹം. 
ഈ വിഷയത്തെ ഇതിവൃത്തമാക്കി അദ്ദേഹം എഴുതിയ ഇന്നോ നീ സുമംഗലി എന്ന കവിതയ്ക്കാണ് നൃത്താവിഷ്‌കാരം നൽകിയത്. 
കവിതയിലെ കേന്ദ്ര കഥാപാത്രമായ ഉമയുടെ പോരാട്ട ജീവിതമായിരുന്നു വേദിയിൽ നിറഞ്ഞാടിയത്. നിരവധി വേദികളിൽ അവതരിപ്പിച്ച ഈ നൃത്തരൂപം ചിട്ടപ്പെടുത്തിയത് പ്രൊഫ. പി.ഗംഗാധരനും ഡോ. എൻ.കെ.ഗീതയും ചേർന്നായിരുന്നു.
പുതിയ തലമുറയെ കലാ തൽപരരാക്കുന്നതിനായി കേരള സാംസ്‌കാരിക വകുപ്പ് രൂപം നൽകിയ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിലൂടെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ, അഭിനയം, ചിത്രരചന, ശിൽപനിർമാണം, ഫോക്‌ലോർ തുടങ്ങിയ മേഖലകളിൽ സൗജന്യ പരിശീലനം നൽകി വരുന്നുണ്ട്. 
അക്കാദമി പാണ്ഡിത്യം നേടിയവരെയാണ് അധ്യാപകരായി നിയമിക്കുന്നത്. ഇത്തരത്തിൽ ഒറ്റപ്പാലം ബ്ലോക്കിലെ മോഹിനിയാട്ടം അധ്യാപികയായും സേവനമനുഷ്ഠിക്കാൻ കഴിഞ്ഞു.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു കലാമണ്ഡലം കൂത്തമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനിൽ നിന്നും യുവപ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കഥകളി ആചാര്യനായ കലാമണ്ഡലം ഗോപിയാശാനും മോഹിനിയാട്ടത്തിൽ ഗുരുവായ കലാമണ്ഡലം ക്ഷേമാവതിയുടെയും സാന്നിധ്യത്തിലായിരുന്നു ഈ അംഗീകാരം സ്വീകരിച്ചത്. 
ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അത്. കൂടാതെ കലാമണ്ഡലം ക്ഷേമാവതി എൻഡോവ്‌മെന്റ്, ഒ.എൻ.വി കുറുപ്പ് എൻഡോവ്‌മെന്റ്, ചിന്നമ്മു അമ്മ മെമ്മോറിയൽ അവാർഡ്, കലാമണ്ഡലം ലീലാമ്മ എൻഡോവ്‌മെന്റ്, ഐ.സി.സി.ആർ ഫെലോഷിപ്പ്, നൃത്ത കലാശ്രീ അവാർഡ്, ഇന്ത്യാ സ്റ്റാർ അവാർഡ്, കലാജീവ പുരസ്‌കാരം, ബാല രസ്വതി അവാർഡ്, പാലക്കാട് ജില്ലയുടെ യുവപ്രതിഭാ അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
പതിനാറു വർഷത്തെ പഠനം കൊണ്ട് എന്തു നേടി എന്നു ചോദിച്ചാൽ നേർത്ത പുഞ്ചിരി മാത്രമാണ് ഉത്തരം. തന്നേക്കാൾ സീനിയറായ ഒട്ടേറെ പേർ തൊഴിൽ രഹിതരായുണ്ട്. 
ജോലി സാധ്യത വിരളമായതിനാൽ പലരും സ്വന്തമായി നൃത്ത പരിശീലന ക്ലാസുകൾ നടത്തി ഉപജീവനമാർഗം കണ്ടെത്തുകയാണ്. സർക്കാരാണ് ഇതിന് മാറ്റം വരുത്തേണ്ടത്. കൂടുതൽ വേദികൾ ഒരുക്കി നൽകിയും ജോലി സാധ്യതകൾ വർധിപ്പിച്ചും ഞങ്ങളെപ്പോലുള്ളവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്. എല്ലാ സ്‌കൂളുകളിലും കോളേജുകളിലും കായിക അധ്യാപകരെപ്പോലെ കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി നൃത്താധ്യാപകരെയും നിയമിച്ചാൽ ഇതിനൊരു പരിഹാരമാവും -ഐശ്വര്യ പറയുന്നു.
തൃപ്പൂണിത്തുറയിലെ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ മോഹിനിയാട്ടം വിഭാഗത്തിൽ ഗസ്റ്റ് ലക്ചററായി ജോലി നോക്കുകയാണ് ഐശ്വര്യ. കലാ തൽപരനായ റഫീഖ് അമനാണ് ഭർത്താവ്. മകൾ റിച്ചു എൽ.കെ.ജി വിദ്യാർഥിനി.

Latest News