ഷാര്‍ജ- തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനെ തുടര്‍ന്ന് അനിശ്ചിതമായി വൈകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.05 ന് ഷാര്‍ജയില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ 170-ലേറെ യാത്രക്കാരാണ് എപ്പോള്‍ പോകാനാകുമെന്ന് പോലും അറിയാതെ വിമാനത്താവളത്തില്‍ ദുരിതത്തിലായത്.
വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ ബോര്‍ഡിങ് പാസുമായി കാത്തിരിക്കുമ്പോഴാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയം മാറ്റിപ്പറഞ്ഞു. വൈകിട്ട് ഏഴ് മണിയോടെ വിമാനം പുറപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍ കഴിയുന്നത്. ഭക്ഷണമോ താമസ സൗകര്യമോ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. സാങ്കേതിക തകരാറാണ് അധികൃതര്‍ പറയുന്നതെങ്കിലും വിമാനത്തില്‍ എലി കയറിയതാണ് കാരണമെന്ന് അറിവായി. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള യാത്രാക്കാരണ് എയര്‍ഇന്ത്യക്കെതിരെ പ്രതിഷേധവുമായി എയര്‍പോര്‍ട്ടില്‍ കഴിയുന്നത്.






