ദോഹ-രണ്ടാം പെരുന്നാള്‍ ദിവസം ഖത്തറിലെ മിസഈദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം.
പെരുന്നാള്‍ ആഘോഷിക്കുവാന്‍ മിസഈദിലെ മരുഭൂമിയിലേക്ക് പോയ മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ട് പേരും ആലപ്പുഴയില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മറിഞ്ഞാണ് അപകടം.
കീഴുപറമ്പ സ്വദേശി മാരാന് കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന് എം.കെ. ശമീം (35 ), പൊന്നാനിക്കടുത്ത് മാറഞ്ചേരി പുറങ്ങ് സ്വദേശി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലി മകന് റസാഖ് (31) , ആലപ്പുഴ സ്വദേശി സജിത് മാങ്ങാട്ട് സുരേന്ദ്രന് (37) എന്നിവരാണ് മരിച്ചത്.
സജിതിന്റെ ഭാര്യയും കുട്ടികളും വണ്ടിയിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്ന സജിതിന്റെ സുഹൃത്ത് ശരണ്‍ ജിത്ത് ശേഖരന് പരിക്കുണ്ട്.
ശമീമിന്റെ മയ്യിത്ത് ഖത്തറില്‍ തന്നെ മറവുചെയ്യും. മറ്റു രണ്ടുപേരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.






