ലണ്ടൻ - ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ബ്രസീൽ ഉജ്വല വിജയം സ്വന്തമാക്കിയപ്പോൾ അർജന്റീന കനത്ത തോൽവിയുടെ ആഘാതത്തിൽ. ലോക ചാമ്പ്യന്മാരായ ജർമനിയെ അവരുടെ നാട്ടിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രസീൽ മുട്ടുകുത്തിച്ചു. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ബ്രസീലിൽ ബ്രസീലിനെ 7-1 ന് നാണം കെടുത്തിയിരുന്നു ജർമനി. അതേസമയം നിലവിലെ റണ്ണേഴ്‌സ്അപ് അർജന്റീനയെ മഡ്രീഡിൽ സ്‌പെയിൻ 6-1 ന് കശക്കി. പരിക്ക് കാരണം ഗാലറിയിലിരുന്ന് കളി കണ്ട ലിയണൽ മെസ്സി തോൽവിയുടെ വ്യാപ്തി താങ്ങാനാവാതെ കളം വിട്ടു. ഇസ്‌കോയുടെ ഹാട്രിക്കാണ് സ്പാനിഷ് വിജയത്തിന് മധുരം പകർന്നത്.
ഇസ്‌കോക്ക് കന്നി ഹാട്രിക്
അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ഗ്രൗണ്ടിൽ അർജന്റീനയെ സ്‌പെയിൻ അക്ഷരാർഥത്തിൽ നാണം കെടുത്തി. ഇസ്‌കോയുടെ കരിയറിലെ കന്നി ഹാട്രിക്കാണ് ഇത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കും മുമ്പുള്ള അവസാന കളിയിലെ കനത്ത തോൽവി അർജന്റീനയുടെ പദ്ധതികൾ താളം തെറ്റിക്കും. അതേസമയം 18 കളികളിൽ പരാജയമറിയാതെ സ്‌പെയിൻ കുതിക്കുകയാണ്. ഡിയേഗൊ കോസ്റ്റ, തിയാഗൊ അൽകന്ററ, പകരക്കാരൻ ഇയാഗൊ അസ്പാസ് എന്നിവരും സ്‌കോർ ചെയ്തു. നിക്കൊളാസ് ഓടാമെന്റി ഗോളടിച്ചതോടെ 1-2 ലാണ് അർജന്റീന ഇടവേളക്കു പോയത്. കാൽമുട്ടിലെ പരിക്കു കാരണം ഇറ്റലിക്കെതിരായ 2-0 വിജയത്തിലും മെസ്സി കളിച്ചിരുന്നില്ല.
ഗോൺസാലൊ ഹിഗ്വയ്ൻ ഏറെക്കാലത്തിനു ശേഷം അർജന്റീന ടീമിലെത്തിയെങ്കിലും ഒരു സ്വാധീനവുണ്ടാക്കാനായില്ല. എട്ടാം മിനിറ്റിൽ നല്ലൊരവസരം ഹിഗ്വയ്ൻ പാഴാക്കി. പിന്നീടങ്ങോട്ട് സ്‌പെയിനിന്റെ പടയോട്ടമായിരുന്നു.
ജർമൻ കുതിപ്പിന് അന്ത്യം
നെയ്മാറിന്റെ അസാന്നിധ്യം പ്രശ്‌നമാക്കാതെയാണ് ബ്രസീൽ വീണ്ടും കളിച്ചത്. ആദ്യ പകുതിയിൽ ഗബ്രിയേൽ ജീസസിന്റെ ഹെഡർ 22 കളികളിലായി പരാജയപ്പെടാത്ത ജർമനിയുടെ കുതിപ്പിന് അന്ത്യം കുറിച്ചു. ബ്രസീൽ കഴിഞ്ഞ ദിവസം റഷ്യയെയും തോൽപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്‌പെയിനുമായി സമനില പാലിച്ച ടീമിൽ ഏഴ് മാറ്റങ്ങളുമായാണ് ജർമനി കളിച്ചത്. ഇടവേളക്ക് അൽപം മുമ്പ് ജീസസിന്റെ കിടിലൻ ഹെഡർ ഗോളി കെവിൻ ട്രാപ്പിന് തടുക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ കഴിഞ്ഞില്ല. രണ്ട് മിനിറ്റ് മുമ്പ് നല്ലൊരവസരം ജീസസ് പാഴാക്കിയിരുന്നു. രണ്ടാം പകുതിയിലും ബ്രസീലാണ് നന്നായി തുടങ്ങിയത്. പിന്നീട് ആറ് കളിക്കാരെ പിന്നിലേക്കിറക്കി ബ്രസീൽ ലീഡ് കാത്തു.
ആറ് കളിക്കാർ, ആറ് ഗോൾ
ലോകകപ്പ് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ സ്വിറ്റ്‌സർലന്റ് 6-0 ന് പാനമയെ തുരത്തി. ആറ് വ്യത്യസ്ത കളിക്കാർ ഗോളടിച്ചു. 2015 ഒക്‌ടോബറിന് ശേഷം സ്വിറ്റ്‌സർലന്റിന്റെ ഏറ്റവും വലിയ വിജയമാണ് ഇത്. ലോകകപ്പിൽ ബെൽജിയവും ഇംഗ്ലണ്ടും തുനീഷ്യയുമുൾപ്പെടുന്ന ഗ്രൂപ്പ് ജി-യിൽ പാനമ അതിജീവിക്കാൻ പ്രയാസമാണ്.
പോർചുഗലിനും തോൽവി
യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലിനെ ലോകകപ്പ് യോഗ്യത നേടിയിട്ടില്ലാത്ത നെതർലാന്റ്‌സ് 3-0 ന് കീഴടക്കി. തുടക്കത്തിൽ ടോണി വിലേനയുടെ കടുപ്പമേറിയ ടാക്ലിംഗിന് വിധേയനായ പോർചുഗൽ നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് ഫോമിലേക്കുയരാനായില്ല. അറുപത്തെട്ടാം മിനിറ്റിൽ ക്രിസ്റ്റ്യാനോയെ കോച്ച് പിൻവലിച്ചു. തൊട്ടുടനെ ജോവോ കാൻസെലോ ചുവപ്പ് കണ്ടതോടെ പോർചുഗൽ പത്തു പേരായിച്ചുരുങ്ങി. ആദ്യ പകുതിയിലായിരുന്നു ഡച്ചിന്റെ മൂന്നു ഗോളും. ഈജിപ്തിനെതിരെ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോയുടെ രണ്ട് ഇഞ്ചുറി ടൈം ഗോളുകളാണ് പോർചുഗലിന് വിജയം സമ്മാനിച്ചത്.
സമനിലയിലും ഇറ്റലി മങ്ങി
എന്തുകൊണ്ട് ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരായ 1-1 സമനില. കഴിഞ്ഞ ദിവസം അർജന്റീനയോട് 0-2 ന് തോറ്റ അവർക്ക് ഇംഗ്ലണ്ടിനെതിരെ സമനില നേടാൻ അവസാന വേളയിൽ വീഡിയൊ റഫറി സമ്മാനിച്ച പെനാൽട്ടി വേണ്ടി വന്നു. 108 വർഷത്തിനിടയിലാദ്യമായി തുടർച്ചയായി നാലു കളികളിൽ ഗോളടിച്ചില്ലെന്ന റെക്കോർഡ് കഷ്ടിച്ച് ഇറ്റലി ഒഴിവാക്കി. ഇരുപതുകാരൻ ഫെഡറിക്കൊ ചിയേസയുടെയും യുവ ഗോൾകീപ്പർ ജിയാൻലൂജി ഡോണരൂമയുടെയും മികച്ച പ്രകടനമാണ് ഇറ്റലിക്ക് ആശ്വാസം. ഇറ്റലി ഇനി ഫ്രാൻസിനെയും നെതർലാന്റ്‌സിനെയും നേരിടും.






