നാടൻപാട്ടുകൾക്ക് ഗ്രാമീണത്തനിമ പകർന്നുനൽകിയ കലാകാരിയാണ് പ്രസീദ ചാലക്കുടി. കലാഭവൻ മണിയും ജിതേഷ് കക്കിടിപ്പുറവുമെല്ലാം ആലപിച്ച നാടൻ പാട്ടുകൾക്ക് സ്ത്രീശബ്ദത്തിലൂടെ പുതിയൊരു ഭാവുകത്വം സമ്മാനിക്കുകയാണ് ഈ ഗായിക.
പ്രതിഭാധനരായ പൂർവ്വികർ വെട്ടിയൊരുക്കിയ പാതയിലൂടെ പാരമ്പര്യത്തനിമ ചോർന്നുപോകാതെയുള്ള സംഗീതയാത്ര. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന അച്ഛനും അമ്മാവനും വല്യച്ഛനുമെല്ലാം പാടിയ പാട്ടുകൾ കേട്ടാണ് പ്രസീദ പിച്ചവെച്ചത്. ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം നാടൻപാട്ടിന്റെ ശീലുകൾ കേട്ടായിരുന്നു. നാടൻ പാട്ടിനോടുള്ള ഈ കമ്പമാണ് ഫോക്‌ലോറിൽ ബിരുദാനന്തര ബിരുദം നേടാൻ ഈ ഗായികയെ പ്രേരിപ്പിച്ചത്. ഉത്തര കേരളത്തിലെ പുലയരുടെ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽനിന്നും പി.എച്ച്.ഡിയും നേടി. സ്വന്തമായി രൂപം നൽകിയ പതി ഫോക്ക് അക്കാദമി എന്ന കലാസമിതിയിലൂടെ നാടൻ പാട്ടുകളും കലാരൂപങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള സ്‌റ്റേജ് ഷോയുമായി ഊരുചുറ്റുകയാണിപ്പോൾ. സ്‌റ്റേജ് ഷോയ്ക്കായി കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് മലയാളം ന്യൂസിനോടു മനസ്സുതുറന്നത്.
നാടൻപാട്ടിലേയ്ക്കുള്ള കടന്നുവരവ്?
ചാലക്കുടിയിലെ അതിരപ്പിള്ളിക്കടുത്ത കാഞ്ഞിരിപ്പിള്ളിയിൽ മടപ്പാട്ടുപറമ്പിൽ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും രണ്ടു മക്കളിൽ ഇളയവളായാണ് ജനിച്ചത്. കർഷകത്തൊഴിലാളിയായിരുന്ന അച്ഛനിൽനിന്നാണ് ആദ്യമായി നാടൻപാട്ടുകൾ കേട്ടുതുടങ്ങിയത്. മുത്തച്ഛനും മുതുമുത്തച്ഛനും തുടങ്ങി പൂർവ്വികരെല്ലാം നാടൻപാട്ടിന്റെ ഉപാസകരായിരുന്നു. ജീവിത യാഥാർത്ഥ്യങ്ങളും സാമൂഹിക ആചാരങ്ങളും തൊഴിൽ വിഷയങ്ങളുമെല്ലാം നാട്ടുഭാഷയിൽ ആലപിച്ചതുവഴിയാണ് നാടൻ പാട്ടുകൾ രൂപംകൊണ്ടത്. എങ്കിലും ഈ ഗാനശാഖയുടെ ഉദ്ഭവം എങ്ങിനെയായിരുന്നു എന്ന് ആർക്കും അറിഞ്ഞുകൂടാ. ആചാര്യന്മാർ ആരായിരുന്നുവെന്നോ പറയാനാവില്ല. വരികൾക്ക് ഭാഷയുടെ നിയമങ്ങളോ ആവിഷ്‌കരണത്തിന് സംഗീതത്തിന്റെ അളവുകോലുകളോ ഇല്ല. ഇമ്പമുള്ള ശീലിൽ മണ്ണിന്റെ മണമുള്ള ചെറിയൊരു കഥയായി പറയുകയാണ് പാടുന്നയാൾ. നിലം ഉഴുമ്പോഴും വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും വിള കൊയ്യുമ്പോഴും കറ്റ മെതിക്കുമ്പോഴുമെല്ലാം പാടുവാനായി വ്യത്യസ്തമായ പ്രമേയങ്ങളുള്ള പാട്ടുകളുണ്ട്. മാത്രമല്ല, വഞ്ചിപ്പാട്ടുകളും വണ്ടിപ്പാട്ടുകളും മീൻപിടുത്ത പാട്ടുകളുമെല്ലാം വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെതന്നെ ആസ്വാദകർക്ക് ഹൃദ്യമാണ്. ഇവയെല്ലാം അധ്വാനിക്കുന്നവർക്ക് ആശ്വാസം പകരുന്നവയാണ്. ഇത്തരം പാട്ടുകൾ തിരഞ്ഞെടുത്താണ് ഞാൻ വേദികളിൽ അവതരിപ്പിക്കുന്നത്.

വഴിത്തിരിവ്
തൃശൂർ കേരളവർമ്മ കോളേജിൽ ബി.എസ്.സിക്കു ചേർന്നതോടെയാണ് എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞുതുടങ്ങിയത്. അവിടെവച്ചാണ് കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹവും സംഘവും രൂപംകൊടുത്ത ജനനയന എന്ന നാടൻപാട്ടു സംഘവുമായി അടുക്കുന്നതും അവിടെവച്ചുതന്നെ. ജനനയനയുടെ നിന്നെക്കാണാനെന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ... എന്ന ഗാനം ഞാനെത്തുംവരെ മറ്റൊരു പാട്ടുകാരിയാണ് പാടിയിരുന്നത്. ഒരിക്കൽ ഗാനരചയിതാവുതന്നെ ഒരു പരീക്ഷണമെന്നോണം ആ ഗാനം എന്നോടു പാടാൻ പറഞ്ഞു. പുതിയ വരികൾ എഴുതിച്ചേർക്കുകയും പഴയ ചില വരികൾ വ്യത്യാസപ്പെടുത്തുകയും ചെയ്താണ് പാടിയത്. പാട്ടിന്റെ ശ്രുതിയും ഗതിയും മാറിയതുപോലെ എന്റെ ജീവിതവും മാറുകയായിരുന്നു. ഈ പാട്ട് വേദികളിൽ പാടുമ്പോൾ ആസ്വാദകരിലും വലിയ ആവേശമാണ് കണ്ടിരുന്നത്. നടന്മാർ അഭിനയിച്ചുകൊണ്ടുള്ള രംഗാവിഷ്‌കാരങ്ങളും ഈ പാട്ടിനുവേണ്ടി ഒരുക്കിയിട്ടുണ്ട്. നിരവധി വേദികളിൽ നാടൻപാട്ടുമായി ഞങ്ങളെത്തി. 2010 ലാണ് പതി ഫോക്ക് അക്കാദമി രൂപീകരിക്കുന്നത്. പതിനെട്ടോളം കലാകാരന്മാരാണ് ഈ സമിതിയിലുള്ളത്.

ഏറെ കൈയടി നേടിയ ഗാനം
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഗാനം ഒരു ഫാസ്റ്റ് നമ്പറാണ്. കേൾക്കണോ പ്രിയ കൂട്ടരേ അവൾ കൊഞ്ചി പറഞ്ഞ കഥ... എന്ന ഗാനം പാടുമ്പോൾ പ്രേക്ഷകരിലുണ്ടാകുന്ന പ്രകമ്പനം നേരിട്ടറിയുകതന്നെ വേണം. ആസ്വാദകരിൽ ആവേശം ജനിപ്പിക്കുന്ന താളമേളവും പ്രമേയവുമാണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. എന്നോടൊപ്പം നൃത്തം വയ്ക്കാനും പ്രേക്ഷകർ തയ്യാറാകുന്ന ഗാനം കൂടിയാണിത്. സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ വേദികളിൽ ഈ ഗാനം ആലപിച്ചിട്ടുണ്ട്. ലണ്ടൻ, പാരീസ്, സ്വിറ്റ്‌സർലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും നിരവധി ഗൾഫ് നാടുകളിലും ഈ ഗാനം പാടിയിട്ടുണ്ട്. ഈ പാട്ട് പാടിത്തുടങ്ങിയാൽ മലയാളികൾ സ്വയം മറന്ന് എന്നോടൊപ്പം കൂടി നൃത്തം ചെയ്യാനെത്തുന്നത് പതിവുകാഴ്ചയാണ്.
നാടൻപാട്ടുകളെക്കുറിച്ചുള്ള കാഴ്ചപ്പാട്
മനുഷ്യന്റെ ഉൽപത്തി മുതലുള്ള അവന്റെ സ്വതന്ത്രമായ താളബോധമാണ് നാടൻപാട്ടുകൾക്ക് ആധാരം. അതിന്റെ ആഴവും പരപ്പും ക്ലാസിക്കൽ സംഗീതത്തിന് ലഭിക്കണമെന്നില്ല. ശാസ്ത്രീയ സംഗീതത്തിന് നിയമാവലികൾ ഏറെയുണ്ട്. രാഗത്തിന്റെയും താളത്തിന്റെയും പല്ലവിയുടെയുമെല്ലാം ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കേണ്ടിവരുന്നവയാണ് കഌസിക്കലുകളും സെമി കഌസിക്കലുകളും. എന്നാൽ കഌസിക്കൽ സംഗീതങ്ങളിൽ കാണുന്ന എല്ലാ ഈണങ്ങളും നാടൻപാട്ടുകളിലും കാണാനാവും. അതുകൊണ്ടുതന്നെ നാടൻ പാട്ടുകളാണ് ശാസ്ത്രീയ സംഗീതത്തിന്റെ മാതാവ് എന്നുപറയാനാണ് എനിക്കിഷ്ടം.

സിനിമയിലേക്കുള്ള വരവ്
മലയാള സിനിമകളും നാടൻപാട്ടുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. പല സിനിമകളിലും നാടൻ പാട്ടുകൾ കാണാം. ഈയിടെ പുറത്തിറങ്ങിയ അയ്യപ്പനും കോശിയിലും നാടൻപാട്ടിന്റെ സാന്നിധ്യമുണ്ട്. ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം എന്ന ചിത്രത്തിലാണ് നാടൻ പാട്ട് പാടിയത്. ഒല്ലുല്ലേരു ഒല്ലുല്ലേരു മാനിനങ്കെരെ... എന്ന തുടങ്ങുന്ന ഗാനം നല്ല പ്രതികരണമാണുണ്ടാക്കിയത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിയുന്ന ആദിവാസി വിഭാഗമായ മാവിലരുടെ പരമ്പരാഗത ഗാനമാണിത്. കോവിഡിന്റെ അതിപ്രസരത്തിൽ രണ്ടുവർഷത്തോളം പരിപാടികളൊന്നുമില്ലാതെ സാമ്പത്തികമായി ഞെരുങ്ങിയിരുന്നു. അതിനിടയിലായിരുന്നു സിനിമയിലേയ്ക്കുള്ള ക്ഷണം ലഭിച്ചത്. ലൊക്കേഷനിലെത്താനുള്ള വണ്ടിക്കൂലി പോലുമില്ലാതെ വിഷമിച്ചപ്പോൾ ഭർത്താവിന്റെ അമ്മയാണ് സാമ്പത്തികമായി സഹായിച്ചത്. അവരെല്ലാം നാടൻ പാട്ടിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
കലാഭവൻ മണിയുടെ സ്വാധീനം
കലാഭവൻ മണിച്ചേട്ടനും ജിതേഷ് കക്കിടിപ്പുറവുമെല്ലാമാണ് ഈ രംഗത്ത് പ്രചോദനം. മണിച്ചേട്ടന്റെ പ്രശസ്ത ഗാനമായ ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ... എന്ന ഗാനം പല വേദികളിലും പാടിയിട്ടുണ്ട്. കരുനിർത്തലിനെ ഇതിവൃത്തമാക്കി ജിതേഷ് ചേട്ടൻ പാടിയ പാലോം പാലോം നല്ല നടപ്പാലം... എന്ന ഗാനവും ഏറെ വേദികളിൽ പാടിയിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞുപോയ ഈ കലാകാരന്മാരാണ് ഞങ്ങളുടെ കരുത്ത്. അവരുടെ ആത്മാവുള്ള പാട്ടുകൾ പല വേദികളിലും പാടുമ്പോൾ പ്രേക്ഷകർ നിശ്ശബ്ദരാകുന്നത് കാണാറുണ്ട്.

അംഗീകാരങ്ങൾ
കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ അവാർഡ്, ഒരു പ്രമുഖ ചാനൽ സമ്മാനിച്ച സ്ത്രീ ശക്തി അവാർഡ് എന്നിവയാണ് എടുത്തുപറയാനുള്ള അംഗീകാരങ്ങൾ. കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
കുടുംബം
ഗായകനും കലാസ്‌നേഹിയുമായ മനോജാണ് ഭർത്താവ്. പാട്ടുവഴിയിലെ സഞ്ചാരത്തിനിടയിലാണ് മനോജിനെ കണ്ടുമുട്ടിയത്. പരിചയം പ്രണയത്തിലും ഒടുവിൽ വിവാഹത്തിലുമെത്തുകയായിരുന്നു. വീട്ടുകാരുടെ ആശിർവാദത്തോടെയായിരുന്നു വിവാഹം. ഒരു പാട്ടുകാരനായതിൽ അച്ഛനായിരുന്നു ഏറെ സന്തോഷം. എട്ടുവയസ്സുകാരനായ കാളിദാസൻ മകനാണ്.






