Sorry, you need to enable JavaScript to visit this website.

കെ റെയിൽ അറബിക്കടലിലൂടെ 

ദൽഹി  കലാപവും റഷ്യ-ഉക്രൈൻ യുദ്ധവും സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഇത്തരം സംഭവങ്ങൾ കവർ ചെയ്യുമ്പോൾ, പ്രോഗ്രാം കോഡ് കൃത്യമായി പാലിക്കണമെന്നാണ് നിർദേശം.  റഷ്യ-ഉക്രൈൻ യുദ്ധം റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമ പ്രവർത്തകർ പറയുന്ന പ്രസ്താവനകളും നൽകുന്ന തലക്കെട്ടുകളും ചൂണ്ടിക്കാട്ടിയാണ് നിർദേശം. ആണവ യുദ്ധം ഇതാ തുടങ്ങുന്നു എന്നുവരെ ശീർഷകം നൽകിയ ചാനലുമുണ്ട്. ദൽഹി കലാപവുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യാത്ത സിസിടിവി ഫൂട്ടേജുകൾ സംപ്രേഷണം ചെയ്യരുതെന്നും നിർദേശമുണ്ട്. ദൽഹിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ചില ചാനൽ ചർച്ചകൾ പ്രകോപനപരവും സാമൂഹികമായി അസ്വീകാര്യവുമായ ഭാഷയിലും ആയിരുന്നു എന്ന് നോട്ടീസിൽ പറയുന്നു. ഇത്തരം കാര്യങ്ങളിൽ മാധ്യമങ്ങളുടെ പ്രവർത്തനത്തിലും അവയുടെ ഉള്ളടക്കത്തിലും സർക്കാരിന് ആശങ്കയുണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.  കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്  (റെഗുലേഷൻ) ആക്ട് 1995ലെയും അതിന് കീഴിലുള്ള നിയമങ്ങളുടെയും വ്യവസ്ഥകൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ഉടനടി വിട്ടുനിൽക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. 
രണ്ടിടത്തായാലും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങളാണല്ലോ നടക്കുന്നത്. ഇതൊന്നുമറിയാത്ത ബൈഡൻ ഉക്രൈന്റെ അയൽ രാജ്യങ്ങളിലേക്കുള്ള പാചക വാതക വിതരണം നിർത്തിയതിൽ ആശങ്ക അറിയിച്ചു.  ഉപരോധത്തിൽ നിന്ന് പുറത്തു കടക്കാൻ റഷ്യ നടത്തുന്ന ഭീഷണിപ്പെടുത്തലും ബ്ലാക്ക് മെയിലിങ്ങും അനുവദിക്കില്ലെന്നാണ് അമേരിക്കൻ  പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. ബൾഗേറിയക്കും പോളണ്ടിനുമുള്ള വാതക വിതരണമാണ് റഷ്യ തടഞ്ഞത്. പോളണ്ടിന് ആവശ്യമായതിൽ പാതിയും ബൾഗേറിയക്ക് വേണ്ടതിൽ 90 ശതമാനവുമാണ് റഷ്യ നൽകിയിരുന്നത്. ഏതായാലും പുട്ടിൻ അടിച്ചേൽപ്പിച്ച യുദ്ധം രണ്ടു മാസം പിന്നിട്ടപ്പോൾ ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കും മേലെയാണ് ഉപരോധ പട്ടികയിൽ റഷ്യയുടെ സ്ഥാനം. ഏത് കലാപവും യുദ്ധവുമുണ്ടായാലും അതിന്റെ ഭവിഷ്യത്ത് ഏറ്റവുമേറെ അനുഭവിക്കുക സ്ത്രീകളും കുട്ടികളുമാണ്. ഉക്രൈനിലെ മരിയുപോളിലും സ്ഥിതി വ്യത്യസ്തമല്ല. ഉക്രൈൻ യുവതികളെ റേപ്പ് ചെയ്യാൻ പുറപ്പെട്ട പട്ടാളക്കാരൻ മോസ്‌കോ അങ്ങാടിയിൽ കഴിയുന്ന ഫാര്യമാരെ വിളിച്ച് അനുവാദം വാങ്ങിയാണ് ഇതിന് മുതിർന്നതെന്ന് റിപ്പോർട്ടുണ്ട്. അവിടത്തെ സഖാത്തികൾ പറഞ്ഞു: എന്തും ചെയ്‌തോ, കോണ്ടംസ് ഉപയോഗിക്കാൻ മറക്കരുതേ.. എന്തൊരു കരുതൽ. വെറുതെയല്ല, നമ്മുടെ ദില്ലിയിലെ ഹിന്ദു സേന പോലും റഷ്യയ്ക്ക് കട്ട സപ്പോർട്ട് പ്രഖ്യാപിക്കുന്നത്. ഇന്ത്യ എന്നും റഷ്യയ്‌ക്കൊപ്പമെന്ന് രേഖപ്പെടുത്തിയ ഇന്ദ്രപ്രസ്ഥ വീഥിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ പടം എ.എഫ്.പി ലോകമെങ്ങുമുള്ള മാധ്യമ സ്ഥാപനങ്ങളിലെത്തിച്ചിട്ടുണ്ട്. 

****            ****               ****

കഴിഞ്ഞ വാരത്തിൽ വിട്ടു പിരിഞ്ഞ തിരക്കഥാകൃത്ത് ജോൺ പോൾ ടി.വി പ്രേക്ഷകർക്ക് സുപരിചിതനാണ്. സഫാരി ടിവിയിലെ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഏറെ വിജ്ഞാന പ്രദമായിരുന്നു. ഇന്ത്യാ വിഷനിൽ എ സഹദേവൻ അവതരിപ്പിച്ച 24 ഫ്രെയിംസ് പോലൊരു പ്രോഗ്രാം. റീച്ച് കുറയുമെങ്കിലും ക്ലാസിക്കുകൾ എന്നു വിശേഷിപ്പിക്കാവുന്ന എപ്പിസോഡുകൾ.  അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച്  നിർമാതാവ് ജോളി ജോസഫ് എഴുതിയ കുറിപ്പ് ചർച്ചയായി.  ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മൂന്ന് മാസമായി കൊച്ചി നഗരത്തിലെ മൂന്ന് ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ജോൺ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയ സംഭവത്തെ കുറിച്ചാണ് ജോളി ഫേസ് ബുക്കിൽ പറയുന്നത്. എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് -ഇതായിരുന്നു ശീർഷകം. ആരോഗ്യ സ്ഥിതി മോശമായ അവസ്ഥയിൽ ജോൺ പോൾ നേരിട്ട അനുഭവമായിരുന്നു വിഷയം. ജനുവരി 21 ന്  'മോൺസ്റ്റർ' എന്ന സിനിമക്കായി മട്ടാഞ്ചേരിയിലിരിക്കേയാണ് അദ്ദേഹം  ഫോണിൽ വിളിച്ചത്.  'അത്യാവശ്യമായി വീട്ടിലേക്ക് വരണം, കട്ടിലിൽ നിന്നും ഞാൻ താഴെ വീണു, എനിക്ക് ഒറ്റയ്ക്ക് എണീക്കാൻ പറ്റില്ല.  ആരെയെങ്കിലും കൂടെ വിളിച്ചോളൂ'  എന്റെ സങ്കടങ്ങൾ കേൾക്കുന്ന ഗുരുസ്ഥാനീയനായ ജോൺ സാറിന്റെ സങ്കടം  കൃത്യമായി മനസ്സിലായി.  പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടപ്പോൾ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ രണ്ടു ഓഫീസർമാർ വീട്ടിലെത്തി. പക്ഷെ നാല് പേര് ചേർന്നാലും ഒരു സ്ട്രച്ചർ ഇല്ലാതെ സാറിനെ ഉയർത്തുക അപകടമുള്ള പ്രയാസമായ കാര്യമായതിനാൽ പോലീസ് ഓഫീസർമാരും ആംബുലൻസുകാരെയും ഫയർ ഫോഴ്‌സിനെയും വിളിച്ചു.  പക്ഷെ ദേഹഭാരമുള്ള സാറിനെ ഉയർത്താൻ അവർക്ക് സാധിച്ചില്ല.  ഉടനെ അവർ ഒട്ടനവധി ആംബുലൻസുകാരെ വിളിച്ചു, പക്ഷെ അവർ ഇങ്ങനെയുള്ള ജോലികൾ ചെയ്യില്ലത്രേ. ആശുപത്രിയിൽ കൊണ്ടുപോകാൻ മാത്രമേ അവർ വരികയുള്ളൂ എന്നാണ് മറുപടി കിട്ടിയത്.  'ആരും തിരിഞ്ഞു നോക്കിയില്ല, കുറേ കഴിഞ്ഞപ്പോൾ പാലാരിവട്ടം സ്‌റ്റേഷനിലെ നല്ലവരായ ആ ഓഫീസർമാർ എറണാകുളം മെഡിക്കൽ സെന്ററിലെ ഒരു ആംബുലൻസുമായി വന്നു. പിന്നെ എല്ലാവരുടെയും സഹായത്തോടെ വളരെ കഷ്ടപ്പെട്ട് സാറിനെ കട്ടിലിലേക്ക് കിടത്തുമ്പോൾ സമയം രണ്ട് മണി വെളുപ്പ് ആയിരുന്നു.  ജോൺ പോൾ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്. ഇവിടത്തെ ആരോഗ്യരംഗത്തിന്റെ പരിമിതി അറിയാവുന്നത് കൊണ്ടാവും ചെറിയ പല്ലുവേദന വന്നാൽ പോലും രാഷ്ട്രീയ പ്രമുഖർ ചികിത്സയ്ക്ക് ലണ്ടനിലേക്ക് പറക്കുന്നത്. 

****            ****               ****

വിവാഹച്ചടങ്ങിനിടെ വേദിയിൽ വധുവരന്മാർക്കിടയിൽ നടക്കുന്ന നിരവധി സംഭവങ്ങൾ വലിയ വാർത്ത ആയിട്ടുണ്ട്. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. വധൂവരന്മാർ വേദിയിൽ നിൽക്കുന്നതും മധുരം നൽകുന്ന ചടങ്ങ് നടക്കുന്നതുമാണ് വീഡിയോയിൽ.  വധു മധുരം നൽകിയെങ്കിലും അത് കഴിക്കാൻ പോയിട്ട് വധുവിനെ ഒന്നു നോക്കാൻ പോലും വരൻ കൂട്ടാക്കുന്നില്ല. ദേഷ്യം വന്ന വധു വരന്റെ മുഖത്തേക്ക് ആ മധുരം തേച്ചുപറ്റിച്ചു കൊടുക്കുകയാണ്.  അതിൽ ദേഷ്യം വന്ന വരൻ വധുവിനെ ആഞ്ഞടിച്ചു. വധുവുണ്ടോ വിട്ടുകൊടുക്കാൻ, കൊടുത്തു വരന് ഒരെണ്ണം. പിന്നെ അങ്ങോട്ട് കഴിവു തെളിയിക്കുന്ന ചടങ്ങാണോ നടന്നത് എന്നു തോന്നിക്കും വിധം പൊരിഞ്ഞ അടിയായിരുന്നു ഇരുവരും. ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.  വധുവരന്മാരുടെ ഈ തല്ല് കണ്ട് അവരുടെ ബന്ധുക്കൾപ്പോലും ഞെട്ടിപ്പോയി. ഈ വീഡിയോ ഒൺലി സർകാസം എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 47.6 കെ വ്യൂസും രണ്ടായിരിത്തിലധികം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

****            ****               ****


ഹിന്ദി ദേശീയ ഭാഷയാണ് എന്നുളള ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും നടയുമായ ദിവ്യ സ്പന്ദന. അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അമ്പരപ്പിക്കുന്നതാണെന്ന് ദിവ്യ ട്വിറ്ററിൽ കുറിച്ചു. ഹിന്ദി രാജ്യത്തെ ദേശീയ ഭാഷയല്ല എന്നുളള കന്നട നടൻ കിച്ച സുദീപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അജയ് ദേവ്ഗൺ രംഗത്ത് വന്നതോടെയാണ് ഭാഷാ വിവാദം ചൂട് പിടിച്ചത്. ദിവ്യയുടെ ട്വീറ്റ് ഇങ്ങനെ: 'ഹിന്ദി നമ്മുടെ ദേശീയഭാഷയല്ല. അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അതിശയപ്പെടുത്തുന്നതാണ്. ഹിന്ദി ഹൃദയഭൂമിയിൽ കെജിഎഫും പുഷ്പയും ആർആർആറും പോലുളള സിനിമകൾ നന്നായി സ്വീകരിക്കപ്പെടുന്നു എന്നുളളത് വലിയ കാര്യമാണ്. കലയ്ക്ക് ഭാഷയുടെ അതിർവരമ്പുകളില്ല. നിങ്ങളുടെ സിനിമകൾ ഞങ്ങൾ ആസ്വദിക്കുന്നത് പോലെ ഞങ്ങളുടേത് നിങ്ങളും ആസ്വദിക്കൂ''. (ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നുളള ഹാഷ്ടാഗും ദിവ്യ ഉപയോഗിച്ചിട്ടുണ്ട്.) 
 

****            ****               ****

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം കഴിഞ്ഞ വാരത്തിൽ കോഴിക്കോട് ബീച്ചിൽ നടന്നു. പ്രിയപ്പെട്ട കസേരകളെ എന്നു വിളിക്കാവുന്ന വിധത്തിലായിരുന്നു ആഘോഷം. നിരത്തിയിട്ട നൂറു കണക്കിന് കസേരകൾ കാലി. അതിലും കൂടുതൽ പേർ വേദിയിൽ നിറഞ്ഞു തുളുമ്പി. എന്നാൽ പിന്നെ നോമ്പു തുറന്നാൽ ആളെത്തുമെന്ന് കരുതി സ്വാഗതവും ആശംസകളൊക്കെ നീട്ടി നോക്കി. ഫലമില്ല. ഒടുവിൽ ഉദ്ഘാടനം ചെയ്യേണ്ട മന്ത്രി വീട്ടിലിരുന്ന് ഓൺ ലൈനിൽ അതങ്ങ് നിറവേറ്റി. അല്ലെങ്കിലും ആഘോഷിക്കാനെന്തിരിക്കുന്നു. ഗുജറാത്ത് മോഡൽ പഠിക്കാൻ ദൗത്യസംഘത്തെ അയച്ചതോ? മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട്ട് വികസനത്തിന്റെ മാന്ത്രികദണ്ഡായ കെ റെയിൽ സ്ഥാപിക്കാൻ ബലം പ്രയോഗിച്ച് ഉദ്യോഗസ്ഥരെത്തിയ വിഷ്വൽസ് മീഡിയ വണ്ണിലുണ്ടായിരുന്നു. ലക്ഷങ്ങൾ കടമെടുത്ത് പണിത വീട്ടിൽ ഐശ്വര്യത്തിന്റെ പ്രതീകമായ മഞ്ഞക്കുറ്റി സ്ഥാപിച്ചതാണ് അമ്മയെ കരയിച്ചത്. മനുഷ്യപറ്റുള്ളവർക്കൊന്നും താങ്ങാവുന്ന കാഴ്ചയല്ലിത്. മംഗളത്തിൽ പത്തനംതിട്ട ഡേറ്റ്‌ലൈനിൽ വന്ന വാർത്ത ആശ്വാസത്തിന് വക നൽകുന്നു. കേന്ദ്ര സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിലൊന്നും ഇതുൾപ്പെട്ടിട്ടില്ലെന്നാണ് വാർത്ത. കാരണം രണ്ടു മൂന്നു നൂറ്റാണ്ട് കഴിഞ്ഞാലും ഇത് ലാഭമാകില്ലെന്നത് തന്നെ. ഒരേയൊരു വഴിയുണ്ട്. കേരളത്തിൽ തലങ്ങും വിലങ്ങുമോടുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പിൻവലിക്കുക. ഇരുനൂറ് രൂപയിൽ താഴെ ചെലവിൽ കാസർകോട് -തിരുവനന്തപുരം റൂട്ടിൽ യാത്ര ഓഫർ ചെയ്യുന്ന നിലവിലെ ട്രെയിൻ സർവീസുകളെ അറബിക്കടലിൽ ഒഴുക്കി കളയാം. എങ്കിൽ പിന്നെ സ്വപ്‌ന പദ്ധതി പെട്ടെന്ന് നടത്താനാവും. മറ്റൊരു ഐഡിയ കൂടിയുണ്ട്. കെ റെയിൽ കോട്ടയത്ത് കായലിനടിയിലൂടെയും കോഴിക്കോട്ട് കല്ലായി പുഴക്ക് താഴെയുമായിട്ട് കടന്നു വരുമെന്നാണല്ലോ ഡി.പി.ആറിലുള്ളത്. ഇത്ര സാഹസികമായി നിർമിക്കുന്ന പാത അറബിക്കടലിലൂടെ നിർമിച്ചാൽ ആരെയും കുടി ഒഴിപ്പിക്കേണ്ടിവരില്ല, ഷുവർ. വന്ദേഭാരത്. 

Latest News