Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളാ കുതിപ്പിൽ ബംഗാളും വീണു

ബംഗാൾ ഗോൾമുഖത്തേക്ക് കേരളത്തിന്റെ മുന്നേറ്റം

കേരളം 1-ബംഗാൾ 0
മഹാരാഷ്ട്ര 7-മണിപ്പൂർ 2

കൊൽക്കത്ത - എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്റെ ഉജ്വലമായ കുതിപ്പിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബംഗാളും വീണു. ഗ്രൂപ്പ് എ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനാണ് കേരളത്തിന്റെ ജയം. അപ്രസക്തമായ മത്സരത്തിൽ ഇടവേളയിൽ 1-2 ന് പിന്നിലായിരുന്ന മഹാരാഷ്ട്ര രണ്ടാം പകുതിയിൽ എതിരില്ലാത്ത ആറ് ഗോളടിച്ച് മണിപ്പൂരിനെ മുക്കി (7-2). ഗ്രൂപ്പിലെ നാലു കളികളും ജയിച്ച കേരളം സെമിയിൽ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരെയാണ് നേരിടുക. നാലു കളികളിൽ ഒമ്പത് പോയന്റുള്ള ബംഗാൾ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരുമായി സെമി കളിക്കും. ഇരു ടീമുകളും നേരത്തെ സെമി ഉറപ്പിച്ചിരുന്നു.  നാളെയാണ് സെമി ഫൈനലുകൾ.
ഇരു ടീമുകളും നിരവധി അവസരങ്ങൾ തുലച്ച കളിയിൽ തൊണ്ണൂറാം മിനിറ്റിൽ കെ.പി രാഹുലാണ് കേരളത്തിന്റെ വിജയ ഗോളടിച്ചത്. വലതു വിംഗിലൂടെ കുതിച്ച് എം.എസ് ജിതിൻ നൽകിയ ക്രോസ് രാഹുൽ വലയിലേക്ക് പായിച്ചു. 
സെമി ഉറപ്പായതിനാൽ രണ്ടു ടീമുകളും പ്രമുഖ കളിക്കാർക്ക് വിശ്രമം നൽകി. നാല് മാറ്റങ്ങളുമായാണ് കേരളവും ബംഗാളും ഇറങ്ങിയത്. 
കേരളം ജസ്റ്റിൻ ജോർജിനും ജിതിൻ ഗോപാലനും ജിയാദ് ഹസനും വി. മിഥുനും വിശ്രമമനുവദിച്ച് എസ്. ഹജ്മലിനെയും ജി. ശ്രീരാഗിനെയും ബി.എൽ. ഷംനാസിനെയും വിബിൻ തോമസിനെയും ഇറക്കി. 
തുടക്കത്തിൽ ബംഗാളിനായിരുന്നു മുൻതൂക്കം. ആറാം മിനിറ്റിൽ സന്ദീപ് ഭട്ടാചർജിയുടെ ഷോട്ട് തലനാരിഴക്കുയർന്നു. പതിമൂന്നാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ആക്രമണം. എം.എസ്. ജിതിനെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് എസ്. ലിജൊ ഉയർത്തിയടിച്ചു. മുപ്പത്തിമൂന്നാം മിനിറ്റിൽ ബംഗാളിന് കിട്ടിയ തുറന്ന അവസരം സുജയ് ദത്ത തുലച്ചു. ഇടവേളക്ക് അൽപം മുമ്പ് ഗോൾകീപ്പർ ഹജ്മൽ ബോക്‌സ് വിട്ടിറങ്ങി പ്രതിരോധിച്ചത് ഉറച്ച ഗോളിൽ നിന്ന് കേരളത്തെ രക്ഷിച്ചു. 
രണ്ടാം പകുതിയിൽ കേരളം ആധിപത്യം നേടി. അമ്പത്താറാം മിനിറ്റിലാണ് കേരളത്തിന് ഏറ്റവും മികച്ച അവസരം കിട്ടിയത്. ഗോളി മാത്രം മുന്നിൽ നിൽക്കെ ജിതിന് പിഴച്ചു. ജിതിന്റെ ക്രോസ് അഫ്ദലിനും മുതലാക്കാനായില്ല. എൺപത്തൊന്നാം മിനിറ്റിൽ ബംഗാളിന്റെ ബിദ്യാസാഗർ സിംഗിന്റെ ഒറ്റയാൻ മുന്നേറ്റം ലക്ഷ്യം കണ്ടില്ല. കളി സമനിലയാവുമെന്ന ഘട്ടത്തിലാണ് കേരളത്തിന്റെ ഗോൾ. 
മഹാരാഷ്ട്രക്കെതിരെ പതിനേഴാം മിനിറ്റിൽ ചാൻസൊ ഹോറം മണിപ്പൂരിനെ മുന്നിലെത്തിച്ചു. ഇരുപത്തെട്ടാം മിനിറ്റിൽ സാഹിൽ ഭോക്കാരെ ഗോൾ മടക്കിയെങ്കിലും ഇടവേളക്ക് മുമ്പ് നവോരെം ധനഞ്ജയ് സിംഗിന്റെ പെനാൽട്ടിയിലൂടെ മണിപ്പൂർ ലീഡ് വീണ്ടെടുത്തു. രണ്ടാം പകുതിയിൽ മഹാരാഷ്ട്രയുടെ പടയോട്ടമായിരുന്നു. രഞ്ജീത് സിംഗ് ഹാട്രിക് നേടി (59, 78, ഇഞ്ചുറി ടൈം). നിഖിൽ പ്രഭു (76), കിരൺ പന്ധാരെ (87), മുഹമ്മദ് റഹ്മാൻ അൻസാരി (ഇഞ്ചുറി ടൈം) എന്നിവരും സ്‌കോർ ചെയ്തു. 
അവസാന ലീഗ് മത്സരങ്ങൾ ഇന്ന് നടക്കാനിരിക്കെ ഗ്രൂപ്പ് ബി-യിലെ നാല് ടീമുകൾക്ക് സെമി സാധ്യതയുണ്ട്. 
കർണാടകയുമായി (ആറ് പോയന്റ്) സമനില പാലിച്ചാൽ മിസോറം (9) ഗ്രൂപ്പ് ചാമ്പ്യന്മാരാവും. അതേസമയം കർണാടക മിസോറമിനെ തോൽപിക്കുകയും പഞ്ചാബ് ഗോവയെ (3) തോൽപിക്കുകയും ചെയ്താൽ മൂന്ന് ടീമുകൾക്ക് ഒമ്പത് പോയന്റ് വീതമാവും. ഗോൾവ്യത്യാസമായിരിക്കും സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക. മിസോറമിനോട് കർണാടക തോറ്റാലേ ഗോവക്ക് പ്രതീക്ഷയുള്ളൂ. 

 

Latest News