Sorry, you need to enable JavaScript to visit this website.

നുണകളുടെ കാലത്തെ കവിതകൾ

കവിത വിപ്ലവമായി മാറുന്ന ചില അവസ്ഥകളുണ്ട്. സാമൂഹിക പരിവർത്തനത്തിന് വരികൾ നിദാനമാകുമ്പോഴാണ് അത്തരത്തിൽ കവിതകൾ വിപ്ലവമാകുന്നത്. ചിലപ്പോഴൊക്കെ പരിവർത്തനത്തിന്റെ സാക്ഷ്യപത്രങ്ങളും. ജാസ്മിൻ സമീറിന്റെ 'ശൂന്യതയിൽ നിന്നും ഭൂമിയുണ്ടായ രാത്രി' എന്ന സമാഹാരത്തിലെ കവിതകൾ പ്രണയത്തിന്റെ മാസ്മരികമായ സൗന്ദര്യത്തെ അനുഭവിപ്പിക്കുന്നതോടൊപ്പം തന്നെ വിപ്ലവത്തിന്റെ തീക്ഷ്ണമായ അനുഭവ തലത്തിലൂടെയും വായനക്കാരെ സഞ്ചരിപ്പിക്കുന്നു. ഈ സമാഹാരത്തിലെ കവിതകളൊക്കെ, ഇത്തരത്തിൽ വിവിധങ്ങളായ അനുഭവ തലത്തിലൂടെ വായനക്കാരെ നടത്തിക്കുന്ന കവിതകളാണ്.
ബൊഹീമിയൻ ക്വാർട്ടർ എന്ന കവിതയിൽ അരാജകത്വത്തിൽ നിന്നും റിപ്പബ്ലിക്കിലേക്കുള്ള യാത്രയാണ് കവി വരച്ചിടുന്നത്. 
ഏകാധിപത്യത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള പ്രയാണം. നീയെന്നത് ജനാധിപത്യവും ഞാനെന്നത് പൗരനുമായി മാറുന്ന ആധുനിക ഭരണ വ്യവസ്ഥയുടെ ഒരു ആവിഷ്‌കാരമാണ് ഈ കവിത. ചത്വരങ്ങളിൽ പൗരബോധം ഉയിർത്തെഴുന്നേൽക്കുന്നതിനെ ഈ കവിത വരച്ചിടുന്നു. ഓരോ സമൂഹവും അത്രയേറെ നീറിക്കൊണ്ടാണ് വ്യവസ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. 
40 പെൺവർഷങ്ങൾ എന്ന കവിതയിൽ ഒരു പെൺജീവിതത്തിന്റെ ജീവിതകാല ആവിഷ്‌കാരമാണ് കവി രേഖപ്പെടുത്തിയിട്ടുള്ളത്. ആരാലും കീഴടക്കാനാവുന്ന തരളിതമായ വൃഷ്ടി മേഖലയല്ല ഓരോ പെൺമനവുമെന്നത് കവി അടിവരയിട്ടുറപ്പിക്കുന്നു. കീഴടക്കാനായി പല പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആൺതന്ത്രങ്ങളെയൊക്കെ ജാസ്മിൻ സമീർ ഈ കവിതയിൽ വെളിപ്പെടുത്തുന്നുണ്ട്.
'പുരുഷ രാജ്യമെന്ന
സ്വതന്ത്ര റിപ്പബ്ലിക്കുകളിൽ
ഒരു പെണ്ണിന് 
അധിനിവേശം എളുപ്പം' നാൽപത് പെൺവർഷങ്ങളിൽ കണ്ട കാഴ്ചയുടെ നേർമുഖമാണ് പ്രസ്തുത വരികൾ. എങ്കിലും ഒളിച്ചോടാൻ ശ്രമിക്കുന്ന ചില സത്യങ്ങൾ, ഒരു മാലാഖയുടെ മുഖവുമായി അവിടെയും മറഞ്ഞിരിക്കുന്നുണ്ടാകും. പറിച്ചെറിഞ്ഞാലും മുറിഞ്ഞ വേരിൽ നിന്നും തഴച്ചു വളരുന്ന കാട്ടുചെടിയാകാനാണ് നേരംപോക്കിലെ നേര് എന്ന കവിതയിലൂടെ കവി ആഹ്വാനം ചെയ്യുന്നത്. അനീതി തൂങ്ങുന്ന സവർണത്തുലാസുകൾ എന്ന കവിതയിൽ പരസ്പരം ശത്രുക്കളായി കുത്തി മരിക്കുന്ന മനുഷ്യക്കോലങ്ങളെയാണ് വരച്ചിട്ടുള്ളത്. നുകക്കനം പേറി നടക്കുന്ന മനുഷ്യർ, നാൽക്കാലികളെപ്പോലെ അദൃശ്യശക്തികളാൽ നിയന്ത്രിക്കപ്പെടുകയാണ്. നീതിയില്ലാത്ത ലോകത്ത് തീയാകാൻ കൽപിക്കപ്പെടുന്ന പെണ്ണ്, ചുറ്റുപാടുകളാൽ പൊള്ളിപ്പിടയുന്നതിന്റെ ആർത്തു വിളികളാണ് അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നത്. മുന്നിലുള്ള മിത്രത്തെ ശത്രുവാണെന്ന് ധരിച്ച് ആയുധമെടുക്കുന്ന ഞാനും നീയുമാണ് ഈ കവിതയുടെ നട്ടെല്ല്. 
ഭൂമി ഒരു വിമാനമായി ചുരുങ്ങുകയും വൈമാനികൻ ഭൂമിയുടെ സംവിധായകനുമായി മാറുമ്പോൾ  ഭൂമിയിലെ ഓരോ ജീവിതത്തേയും ഒരു വിമാനത്തിനുള്ളിൽ പുനരാവിഷ്‌കരിച്ച്, ആശയങ്ങളെ വാക്കുകളിൽ കോർത്തിടുകയാണ് ശൂന്യതയിൽ നിന്നും ഭൂമി ഉണ്ടായ രാത്രി എന്ന ശീർഷക കവിതയിൽ. മിടിപ്പ് കൂടിയ ഹൃദയമാണെങ്കിലും ചിരിച്ചുകൊണ്ടാണ് മധ്യവയസ്‌കനായ കാലം ഭൂമിയിലെ മനുഷ്യർക്കെല്ലാം വിവിധങ്ങളായ ലഹരി വിളമ്പുന്നത്. ജീവിതത്തിന്റെ സമ്പന്ന നിരയിൽ വോഡ്ക നുണഞ്ഞു കൊണ്ടിരിക്കുന്ന ഉന്നതർക്കുണ്ടാകുന്ന വിഘ്‌നങ്ങൾ താമസംവിനാ നീക്കം ചെയ്യുന്ന അധികാരത്തെ തന്റെ വരികൾ കൊണ്ട് ചോദ്യം ചെയ്യുകയാണ് കവി. ധനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വർഗീകരിക്കപ്പെടുന്ന മനുഷ്യ വർഗത്തെയാകമാനമാണ് വിമാനത്തിലെ യാത്രികരായി കവി പ്രതിനിധീകരിക്കുന്നത്. ഭൂമിയിലുണ്ടാകുന്ന ഓരോ പ്രത്യയ ശാസ്ത്ര പിറവിയും ദൈവത്തിന് മാനവ സമൂഹത്തിനു മേൽ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ക്രമേണ ഈ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ കായിക സംഘർഷങ്ങളിലേക്കും കലാപങ്ങളിലേക്കും വഴി മാറി സഞ്ചരിക്കുന്ന ദുരന്തക്കാഴ്ചയാണ് കാണാൻ കഴിയുന്നത്. മധുരപ്പുളിയുടെ കുഞ്ഞെരിച്ചിൽ എന്ന കവിത പുരുഷ കേന്ദ്രീകൃത സമൂഹം സ്ത്രീകളുടെ ജീവിതത്തെ വഴി തിരിച്ചുവിടുന്നതിന്റെ നേർച്ചിത്രമാണ്. പിഞ്ചു ബാലികമാരെ രാത്രികൾ പകലിനേക്കാൾ എങ്ങനെ വേട്ടയാടുന്നു എന്നത് കൃത്യമായി വരച്ചിടുന്നുണ്ട് ഈ കവിതയിൽ. പെൺകുട്ടികൾക്കുള്ള ഓരോ മിഠായി മധുരവും അരക്കെട്ടിനുള്ളിലെ എരിച്ചലായി മാറുന്നതെങ്ങനെയെന്ന് കവി ചൂണ്ടിക്കാട്ടുന്നുണ്ട്. കരഞ്ഞ് കരഞ്ഞ് ഉറക്കെ ചിരിച്ച് ജീവിതം പറിച്ചുകൊണ്ടിരിക്കുന്ന വഴി തെറ്റിയ പെൺജീവിതങ്ങളെയാണ് ഈ കവിതയിൽ കവി എഴുതിയിട്ടുള്ളത്. 
അരി വാർക്കുമ്പോൾ അലിഞ്ഞു പോകുന്നവൾ എന്ന കവിതയിൽ ഭാര്യയുടെ സ്‌നേഹ ലാളിത്യത്തേയും അവളുടെ വിരലുകൾക്കിടയിലൂടെ കലക്കു വെള്ളമായി ഒഴുകിപ്പോകുന്ന വേദനകളേയും കവി ചിത്രീകരിക്കുന്നുണ്ട്..നിഷ്‌കളങ്കനായ പങ്കാളിയെന്ന് നന്മമുദ്ര ചാർത്തി, കാപട്യത്തേയും ധാർഷ്ട്യത്തേയും യാത്രാന്ത്യം വരെ കൈകോർത്ത് സഞ്ചരിക്കുന്ന ദാമ്പത്യത്തെയാണ് ജാസ്മിൻ സമീർ ഈ കവിതയിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഭാവസാന്ദ്രമായ വാക്കുകൾ സമ്മേളിച്ചെത്തിയ 31 കവിതകളടങ്ങിയ 'ശൂന്യതയിൽ നിന്നും ഭൂമി ഉണ്ടായ രാത്രി' എന്ന ഈ കൃതി പ്രസിദ്ധീകരിച്ചത് ലിപി പബ്ലിക്കേഷൻസാണ്. പേജ് 80, വില 100 രൂപ

Latest News