Sorry, you need to enable JavaScript to visit this website.

കൊച്ചിയിലെ കൊങ്കണിമാർ

കൊങ്കണികൾ  തങ്ങളുടെ  മതവിശ്വാസം  മുറുകെപ്പിടിച്ച്  1560 ൽ കേരളത്തിലെത്തി.  കോഴിക്കോട്ടാണ്   കൊങ്കണികൾ   ആദ്യം  എത്തിയതെങ്കിലും   സാമൂതിരി  അവരെ  സ്വീകരിച്ചില്ല.  അന്നത്തെ  കൊച്ചി  രാജാവ്  വീരകേരളവർമ്മ   അവർക്ക്   കൊച്ചിയിൽ   അഭയം  നൽകി .    മട്ടാഞ്ചേരിയിൽ  രാജകൊട്ടാരത്തിന്റെ  പിന്നിലായി   ഏകദേശം  2  ചതുരശ്ര  കിലോമീറ്റർ  പ്രദേശത്ത്  360   കുടുംബങ്ങൾ , തികച്ചും അപരിചിതമായൊരു  മണ്ണിൽ     തങ്ങളുടെ  ജീവിതം   പറിച്ചു നട്ടു. വ്യത്യസ്തമായ ഭാഷയുടെയും  സംസ്‌കാരത്തിന്റേയും ജനങ്ങളുടെയും  ഇടയിൽ      കൊച്ചിക്കാരായി  മാറിയ  ഇന്നത്തെ  കൊങ്കണികളുടെ  പൂർവികർക്ക്  അന്നത്  തങ്ങളുടെ  ഉള്ളറിഞ്ഞ  കഠിനമായ  അതിജീവനത്തിന്റെ  വർഷങ്ങളായിരുന്നു.  ചെർളായി   എന്നാണു  ഈ സ്ഥലം  അറിയപ്പെട്ടത്.  പൂർവികരുടെ  ഗോവ  ഇന്നും  കൊച്ചി  കൊങ്കണിമാർക്ക്  ഒരു ദുഃഖസ്മരണയാണ്.  
കൊങ്കണിമാർക്കിടയിൽ  തൊഴിൽ  അടിസ്ഥാനത്തിലുള്ള   ജാതിവേർതിരിവ്  ഇന്നും  ശക്തമായി നിലനിൽക്കുന്നു. ഗോവയിലെ  പോലെ  ജാതിവ്യവസ്ഥ  കൊങ്കണിമാർ  കൊച്ചിയിലും  സൂക്ഷ്മമായി പാലിച്ചുപോരുന്നുണ്ട്.    പൂജാ കർമ്മങ്ങൾ ,  ക്ഷേത്ര ജോലികൾ  മുതലായ  കാര്യങ്ങൾ  ചെയ്യുന്നവർ   ഗൗഡ സാരസ്വത ബ്രാഹ്മണർ. ദൈവജ്ഞ ബ്രാഹ്മണർ  എന്ന  വിഭാഗക്കാർ  സ്വർണപ്പണി അതായത്  തട്ടാൻ  പണി ചെയ്യുന്നു.   ഇവരെ  സോണാർ  എന്നും  വിളിക്കും.  ക്ഷേത്രകലകളിൽ  ഏർപ്പെട്ടവർ  അബ്രാഹ്മണർ. ഇവർ  നൃത്തം സംഗീതം ,  വാദ്യോപകരണ സംഗീതം എന്നിവയിൽ വിദഗ്ധരാണ്. 
കച്ചവടം  തൊഴിലാക്കിയവരാണ്  വൈശ്യർ.   കുഡുംബികൾ   കൃഷിപ്പണിയും   വീട്ടു പണിയും   ചെയ്യുന്നു. കൊങ്കണികളിലെ  ഈ  അഞ്ചുവിഭാഗങ്ങൾക്ക്  പുറമേ  ആറാമത്തെ  വിഭാഗമായ  പരാദിഷ്ശുദ്രൻജെ  എന്ന  വിഭാഗം  കൊച്ചിയിലില്ല.  അങ്ങനെ  ചരിത്രപരമായി ഒരേ  കാരണത്താൽ  ഒരേ സ്ഥലത്തു നിന്നും  അതായത്  ഗോവയിൽ  നിന്നും  കൊച്ചിയിൽ  എത്തിപ്പെട്ട  കൊങ്കണിമാർ  ജാതികാരണത്താൽ  വിവിധ  സമൂഹങ്ങളായി   കൊച്ചിയിലെ  ചെർളായിൽ  ജീവിച്ചുപോന്നു.   ജനിച്ച  സ്ഥലപ്പേരിനൊപ്പം   ' കർ'  എന്നു ചേർത്ത  സ്ഥാനപ്പേരുകൾ  സാരസ്വത ബ്രാഹ്മണർക്കിടയിൽ  അടുത്ത  കാലം  വരെ  ഉണ്ടായിരുന്നു.   ഉദാ: രെയ്കർ, സജയ്കർ , നാഗ് വേങ്കർ  എന്നിങ്ങനെ. ഈ  രീതി  ഇന്ന്  നിലവിലില്ല. ദൈവജ്ഞ   ബ്രാഹ്മണരിലെ   പുരുഷന്മാർ ,  'സേട്ട്'  പൊതു  സർ നെയിം   ഉപയോഗിച്ചിരുന്നു.


മട്ടാഞ്ചേരിയിലെ  ചെർളായിൽ  രാജാവ്  ദാനമായി  നൽകിയ  രണ്ടു  ചതുരശ്ര  കിലോമീറ്റർ  പ്രദേശത്ത്  , കൊങ്കണിമാർ  അവരുടേതായ  സാമ്രാജ്യം  തീർത്തു . വ്യത്യസ്തവും  വ്യതിരിക്തവുമാണ്  കൊങ്കണി  സംസ്‌കാരവും ഭാഷയും.   മട്ടാഞ്ചേരി  ചെർളായിൽ ഒരേ  ജാതിക്കാരായ  കൊങ്കണിമാർ  അടുത്തടുത്ത്  വീടുകൾ  പണിതു.  കിണറുകൾക്ക്   വീടിനകത്ത്  സ്ഥാനം  നൽകിക്കൊണ്ടുള്ള  വേറിട്ടൊരു  ഗൃഹനിർമ്മാണ  രീതി , കൊങ്കണികൾ  കൊച്ചിക്കാർക്ക്   കാണിച്ചു കൊടുത്തു.  തനതായൊരു   ഭക്ഷണ സംസ്‌കാരവും  വിഭവങ്ങളുടെ  വൈവിധ്യവും രുചിഭേദങ്ങളും  കൊച്ചിക്കാർ  കൊങ്കണികളിൽ  നിന്നും  അനുഭവിച്ചറിഞ്ഞു. ഇന്ന് മലയാളിയുടെ ഉച്ചയൂണിൽ  ഒഴിച്ചുകൂടാനാവാത്തതാണല്ലോ  പപ്പടം. ആ  പപ്പടം നമുക്ക്  ആദ്യമായി  രുചിക്കാൻ  തന്നത്  കൊങ്കണികളാണ്. 
ഏഴു പതിറ്റാണ്ടോളം സ്വർണ്ണപ്പണി ചെയ്ത അധ്വാനത്തിന്റെ  മാഹാത്മ്യം  നന്നായി  മനസ്സിലാക്കിയവരാണ്  കൊങ്കണികൾ . ഒരു  തൊഴിലും  മോശമല്ല  എന്നറിഞ്ഞ  കൊങ്കണികൾ  വ്യത്യസ്ത മേഖലകളിൽ  വിദഗ്ധരായി.   സമ്പത്ത്  സൂക്ഷിക്കുന്നവർ ഭണ്ഡാരി  അല്ലെങ്കിൽ  കിൽകാരികൾ ,  ഭൂവുടമകൾ  പ്രഭുക്കൾ ,   വിവിധ  രജിസ്റ്ററുകൾ  സൂക്ഷിക്കുന്നവർ  പൈമാർ , കമ്മത്ത്മാർ   കാർഷിക  വിദഗ്ധർ ,  ഷേണായിമാർ  അക്കൗണ്ടിങ്ങിൽ   വൈദഗ്ധ്യം  നേടിയവരാണ്. ചെറുതും  വലുതുമായ  ബിസ്സിനസ്സുകാർ , കർഷകർ , സ്വർണപ്പണിക്കാർ  എന്നു  വേണ്ട  ജീവിതത്തിന്റെ സകലമേഖലകളിലും  കൊങ്കണികളുടെ  പ്രാതിനിധ്യം  കാണാം. ചെർളായി   കൊങ്കണിമാരുടെ  പപ്പടം  ഇല്ലാതെ  ഉച്ചയൂണില്ലാത്ത   ഒരു കാലം  കൊച്ചിക്കാർക്ക്  ഉണ്ടായിരുന്നു.  ഫാക്ടറികളിൽ  നിർമ്മിച്ച  പപ്പടം വിപണി  കയ്യടക്കിയെങ്കിലും   ഇന്നും  വിരലിലെണ്ണാവുന്ന  കൊങ്കണി കുടുംബങ്ങൾ  തങ്ങളുടെ  രുചിവൈദഗ്ധ്യത്തിന്റെ രഹസ്യങ്ങൾ  തലമുറകൾ  കൈമാറി   ഈ  രംഗത്ത്  പിടിച്ചുനിൽക്കുന്നു. ഗോപാലകൃഷ്ണ മല്ല്യ  , ഭാര്യ ഗീത മല്ല്യ ,   ചന്ദ്രകല ,  മരുമകൾ   ലത   എന്നീ   കൊങ്കണി   കുടുംബാംഗങ്ങൾ  വ്യത്യസ്ത  രുചികളിലുള്ള   പപ്പടം  വീടുകളിൽ  ഉണ്ടാക്കി  വിൽപ്പന  നടത്തി  ജീവിക്കുന്നവരാണ്.
കൊങ്കണി  സമൂഹത്തിലെ  സാമൂഹിക പരിഷ്‌കർത്താക്കളെ  കുറിച്ച്  പരാമർശിക്കാതെ  തരമില്ല.  അതിൽ  പ്രഥമഗണനീയനാണ്   പ്രൊഫസ്സർ എസ്. പദ്മനാഭൻ. തലമുറകളായി  ക്ഷേത്ര കലകളിൽ  ഏർപ്പെട്ട് , സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിൽ   നിന്നും   വേർപെട്ടുപോയ   സാരസ്വത്  വിഭാഗത്തിൽ  നിന്നും  ആദ്യമായി   ബി.എ. പാസായ  വ്യക്തിയാണ്  അദ്ദേഹം.  തൃശൂർ  കേരളവർമ്മ  കോളേജിൽ  അധ്യാപകനും  പ്രിൻസിപ്പലുമായിരുന്ന  അദ്ദേഹം  1938 ൽ  കൊച്ചിയിൽ  സാരസ്വത്  അസോസിയേഷൻ  രൂപീകരിച്ച്്് സ്വന്തം  സമുദായമായ  സാരസ്വത്  വിഭാഗത്തിന്റെ  ഉന്നമനത്തിനു  വേണ്ടിയുള്ള  പ്രവർത്തനം ആരംഭിച്ചു .  ഒപ്പം  തന്നെ  സ്വാതന്ത്ര്യസമര  പ്രവർത്തനങ്ങളിലും  മദ്യവർജ്ജന  പ്രവർത്തനത്തിലും  പ്രൊഫ. പദ്മനാഭൻ   സജീവമായിരുന്നു  .  കൊങ്കണി  സമൂഹത്തിലെ  തുലോം  ചെറിയൊരു  വിഭാഗമായ  സാരസ്വത്  വിഭാഗത്തിൽ നിന്നും  അദ്ദേഹത്തെ  കൂടാതെ  ആർ. ശിഖാമണി  ഭായ്  എന്ന  സ്ത്രീയുൾപ്പെടെ , സി. ദിവാകർ  റാവു   സി. പി .  രാമചന്ദ്രൻ , ആർ. സുന്ദർ ദാസ്  എന്നിങ്ങനെ   അഞ്ചു  സ്വാതന്ത്ര്യസമര  സേനാനികൾ  ഉണ്ടായത്  അത്ഭുതം  തന്നെ.


പ്രഗൽഭരായ  ധാരാളം വ്യക്തികളെ   നാടിനു നൽകിയവരാണ്  കൊങ്കണി സമൂഹം. കേരളത്തിലെ  ഡോക്ടർമാരുടെ  ഗുരുനാഥൻ  എന്നു  പറയാവുന്ന   ഡോ.കെ.എൻ. പൈ ,   കേരളത്തിലെ  പ്രശസ്തനായ  റുമറ്റോളജി   സ്‌പെഷ്യലിസ്റ്റ് ഡോ. പദ്മനാഭഷേണായ്  തുടങ്ങി   പ്രശസ്തരായ  ധാരാളം  ഡോക്ടർമാർ  കൊങ്കണി  സമുദായത്തിൽ    നിന്നുമുണ്ട്. മെഡിക്കൽ  വിദ്യാഭ്യാസ  രംഗത്തും  കൊങ്കണിമാർ ചെറുതല്ലാത്ത  സംഭാവനകൾ  നൽകിയിട്ടുണ്ട് . ചോറ്റാനിക്കരയിലെ പടിയാർ മെമ്മോറിയൽ   ഹോമിയോ  മെഡിക്കൽ കോളേജ്   കൊങ്കണി സമുദായത്തിന്റെതാണ്  . ആലപ്പുഴയിലെ   ഇന്നത്തെ സർക്കാർ മെഡിക്കൽ  കോളേജ് ,  പതിറ്റാണ്ടുകൾക്ക്  മുമ്പ് , തിരുമല ദേവസ്വം അതായത് ടി. ഡി.  മെഡിക്കൽ കോളേജ്  എന്ന  പേരിൽ കൊങ്കണികളാണ്  തുടങ്ങി വെച്ചത് .      കൂടാതെ എറണാകുളം നഗരത്തിലെ വർഷങ്ങളോളം പഴക്കമുള്ള  ശ്രീസുധീന്ദ്ര ഹോസ്പിറ്റൽ , കൊങ്കണി സമുദായത്തിന്റെ  അഭിമാനമാണ് .    വാണിജ്യ  രംഗത്ത്  പ്രശസ്തമായ  സ്ഥാനമാണ്  കൊങ്കണി  സമുദായക്കാർക്ക് .
ജ്വല്ലറി രംഗത്തെ    ഗിരി പൈ ,  വസ്ത്രവ്യാപാര  രംഗത്തെ  ജയലക്ഷ്മി , കെ.എൻ.ജി ,  സിനിമാ തിയേറ്റർ  ഉൾപ്പെടെ  വിവിധ  ബിസ്സിനസ്സുകൾ  നടത്തുന്ന  ഷേണായ്മാർ       എന്നിവർ  അവരിൽ  ചിലർ  മാത്രം.   17  ാം   നൂറ്റാണ്ടിൽ   അന്നത്തെ  ഡച്ച്  മലബാർ   കലക്ടർ   ഹെൻറിച്  വാൻ  റീഡിന്റെ   മേൽനോട്ടത്തിൽ  തയ്യാറാക്കിയ    കേരളത്തിലെ  ഔഷധ  സസ്യങ്ങളെ  സംബന്ധിച്ച  12   വാല്യങ്ങളുള്ള   ,  'ഹോർതുസ്  മലബാരികുസ്'  എന്ന ബൃഹദ്്് ഗ്രന്ഥത്തിന്റെ  രചനയിൽ  രാമ ഭട്ട്  ,  അപ്പു ഭട്ട്  എന്നീ  രണ്ടു  കൊങ്കണി   വൈദ്യന്മാർ  സ്തുത്യർഹമായ  പങ്ക്  വഹിച്ചതായി  ആ ഗ്രന്ഥത്തിന്റെ   ആമുഖത്തിൽ   പറയുന്നുണ്ട്. ജനസംഖ്യയിൽ താരതമ്യേന ചെറുതായ   കൊങ്കണി  സമൂഹം പക്ഷേ  കേരളത്തിലെ   വ്യതസ്ത  മേഖലയിൽ വലിയ സംഭാവനകൾ നൽകി ഇന്നും തങ്ങളുടെ സ്വത്വം ഉയർത്തിപ്പിടിച്ച്് ജീവിക്കുന്നു.

Latest News