Sorry, you need to enable JavaScript to visit this website.

അഹമ്മദാബാദിന്റെ അജ്ഞാത സൗന്ദര്യം

കോടതിയുടെ പരിഗണനയിലുള്ള ക്രിമിനൽ കേസുകളെ കുറിച്ചുള്ള ടി. വി ചർച്ചകൾ നീതിനിർവഹണത്തിലെ നേരിട്ടുള്ള ഇടപെടലുകളാണെന്ന  നിരീക്ഷണവുമായി സുപ്രീം കോടതി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും തെളിവുകളും കോടതിയാണ് പരിഗണിക്കേണ്ടത് എന്നും അവ ടിവി ചാനലുകൾ പോലുള്ള പൊതു ഇടങ്ങളിൽ ചർച്ചയാക്കരുത് എന്നും ജസ്റ്റിസ് വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ച കർണാടക ഹൈക്കോടതിയുടെ വിധിക്ക് എതിരായ അപ്പീലിലെ വിധി ന്യായത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതികൾ പോലീസിന്് മുൻപാകെ നടത്തിയ കുറ്റസമ്മതമൊഴിയുടെ ഡിവിഡി തെളിവായി പരിഗണിച്ചാണ് വിചാരണക്കോടതിയുടെ വിധി. എന്നാൽ അന്വേഷണ ഏജൻസി ഡിവിഡിയിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദയ ടിവിയിലെ 'പുട്ടാ മുട്ട' എന്ന പരിപാടിയിൽ കാണിച്ചിരുന്നു. സ്വകാര്യ ചാനലിൽ ഡിവിഡിയിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് നീതിനിർവഹണത്തിലെ ഇടപെടലാണെന്നാണ് സുപ്രീം കോടതി വിലയിരുത്തയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പ്രധാന തെളിവുകളുമെല്ലാം കോടതിയിലാണ് പരിഗണിക്കേണ്ടതെന്നും പൊതു ഇടങ്ങൾ അതിനുള്ള സ്ഥലമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിയിൽ എത്തേണ്ട തെളിവുകൾ ചാനലിലെത്തുന്നത് കോടതിയെ നേരിട്ട് സ്വാധീനിക്കുന്നതിലേക്കോ കോടതിയുടെ മനസ്സിൽ മുൻധാരണകൾ ഉണ്ടാകുന്നതിനോ കാരണമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 
ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കാൻ 'ലിവിങ് ടുഗെദർ' ബന്ധങ്ങൾ കാരണമാകുന്നതായി മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങൾ കാമാസക്തമായ ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭയങ്കാർ നിരീക്ഷിച്ചു. യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ 25 കാരൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ  നിരീക്ഷണം. ലിവ് ഇൻ ബന്ധങ്ങളുട ഫലമായുള്ള കുറ്റകൃത്യങ്ങൾ അടുത്തിടെ  വർധിച്ചിട്ടുണ്ട്. ലിവ് ഇൻ ബന്ധങ്ങൾ ആർട്ടിക്കിൾ 21 ഉറപ്പു നൽകുന്ന ഭരണഘടനാ അവകാശത്തിന്റെ ഉപോൽപന്നമാണ്. ഇന്ത്യൻ സമൂഹത്തിന്റെ ധാർമിക ചിന്തകളെ വിഴുങ്ങിക്കളയുന്ന ലിവ് ഇൻ ബന്ധങ്ങൾ കാമാസക്തമായ ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുകയാണ്. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പു നൽകുന്നത്. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ലിവ് ഇൻ ബന്ധങ്ങളിലേക്ക് എടുത്തുചാടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന് അതിന്റേതായ പരിധികൾ  ഉണ്ടെന്ന കാര്യം അത്തരക്കാർ അറിയുന്നില്ല. ഇത്തരം ബന്ധങ്ങളിലെ പങ്കാളിയുടെ അവകാശങ്ങളെ അവർ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരിയായ യുവതിയും പ്രതിയും ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു. ഇതിനിടെയാണ് യുവതി പീഡനത്തിനിരയായത്. രണ്ടു തവണ നിർബന്ധിത ഗർഭഛിദ്രത്തിനും വിധേയയായി. പിന്നീട് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ പ്രതി യുവതിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും വിവാഹം മുടക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പല വീഡിയോകളും ഇയാൾ പ്രതിശ്രുത വരന്റെ ബന്ധുക്കൾക്ക് അയച്ചുനൽകിയിരുന്നു. യുവതിയുടെ വിവാഹം നടന്നാൽ താൻ ജീവനൊടുക്കുമെന്നും ഇതിന് ഉത്തരവാദി പ്രതിശ്രുത വരന്റെ കുടുംബാംഗങ്ങളായിരിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. 
*** *** ***
അച്ചടി മാധ്യമങ്ങളുടെ സുവർണ കാലത്ത് ബോബനും മോളിയുടെ കോപ്പിറൈറ്റൊക്കെ വലിയ വിഷയമായിരുന്നു. ടിവി ആധിപത്യത്തിന്റെ നാളുകളിൽ തമാശ പരിപാടി പോലും കോടതി കയറുന്നതാണ് കണ്ടത്. സീ കേരളം ചാനലിലെ പരമ്പരയായ 'എരിവും പുളിയു'ടെ ടെലികാസ്റ്റിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 'ഉപ്പും മുളകും'  സംപ്രേഷകരായ ഫ്‌ളവേഴ്‌സ് സമർപ്പിച്ച പരാതി കേരള ഹൈക്കോടതി തള്ളി. ഒരേ പ്രമേയത്തിലുള്ള മറ്റൊന്നിനെ വിലക്കാൻ സാധിക്കില്ലെന്ന് ഉപ്പും മുളകിന്റെ പരാതി തള്ളികൊണ്ട് ജസ്റ്റിസ് പി സോമരാജൻ പറഞ്ഞു. പൊതുവായ ഒരു പ്രമേയം എന്നതിലുപരി ഈ പരമ്പര കൈകാര്യം ചെയ്യുന്നതിൽ നിർമാതാവിന്റേതായ വ്യക്തിഗത ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.  പകർപ്പ് അവകാശം എന്ന് പറയുന്നത് ഒരാളുടെ കലയോ അല്ലെങ്കിൽ പ്രവൃത്തിയെയോ സംരക്ഷിക്കാൻ മാത്രമുള്ളതാണ്. എന്നാൽ ഒരേ പ്രമേയത്തിലുള്ള മറ്റൊന്നിനെ വിലക്കാൻ സാധിക്കില്ലെന്ന് ഉപ്പും മുളകിന്റെ പരാതി തള്ളിക്കൊണ്ട് ജസ്റ്റിസ് പി സോമരാജൻ പറഞ്ഞു.
2015 മുതൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയണ് ഉപ്പും മുളകും. ഒരു ഹൈന്ദവ കുടുംബത്തിലെ ദിനംപ്രതി ഉണ്ടാകുന്ന സംഭവ വികാസങ്ങളെ നർമത്തിൽ ചാലിച്ചിറക്കിയ പരമ്പരയ്ക്ക് വലിയ തോതിലാണ് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത്. പിന്നീട് ചാനൽ ഉപ്പും മുളകിന്റെ പ്രൊഡക്ഷൻ അവസാനിപ്പിക്കുകയും ചെയ്തു. അതിന് ശേഷം 2021 ൽ സീ കേരളം എരിവും പുളിയും എന്ന് പേരിൽ അതേ നടി നടന്മാരെക്കൊണ്ട്, അതേ പ്രമേയത്തെ ആസ്പദമാക്കിയാണ് ഹാസ്യ പരമ്പര അവതരിപ്പിച്ചത്. എന്നാൽ ഉപ്പും മുളകും പരമ്പരയുടെ അണിയറ പ്രവർത്തകർ എരിവും പുളിയുടെ സംപ്രേഷണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. തുടർന്ന് കഥാഗതിയിലും സന്ദർഭങ്ങളിലും കഥാപാത്രങ്ങളിലും മാറ്റം വരുത്തി സീ കേരളം എരിവും പുളിയുടെ സംപ്രേഷണം തുടർന്നു. ഹൈന്ദവ പശ്ചാത്തലത്തിൽ ആദ്യം അവതരിപ്പിച്ച എരിവും പുളിയും പിന്നീട് ക്രിസ്ത്യൻ ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിലേക്ക് മാറ്റുകയും അതിനനുസരിച്ച് കഥാപാത്രങ്ങൾക്കും കഥാഗതിക്കും അണിയറ പ്രവർത്തകർ മാറ്റം വരുത്തുകയുമായിരുന്നു. 
*** *** ***
പ്രേക്ഷകർക്കു ഏറെ സുപരിചിതയായ നർത്തകിയാണ് മേതിൽ ദേവിക. കേരളത്തിൽ മാത്രമല്ല പുറത്തും ദേവികയ്ക്ക് ഒരുപാട് ആരാധകരുണ്ട്. 2013 ൽ നടൻ മുകേഷിനെ ദേവിക വിവാഹം കഴിച്ചതും വലിയ വാർത്തയായിരുന്നു. പിന്നീട് മുകേഷുമായുള്ള വിവാഹമോചന വാർത്ത ദേവിക തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതിന് പിന്നാലെ ആളുകൾ തന്റെ പേഴ്‌സണൽ ജീവിതത്തെ കുറിച്ച് പറയുന്നതിനെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമെല്ലാം ദേവിക മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. ശ്രദ്ധേയമായ ചില ഭാഗങ്ങൾ-
അദ്ദേഹം വളരെ മാന്യമായ വർക്ക് ചെയ്യുന്നു. ഞാൻ എന്റേത് ചെയ്യുന്നു. ചില കാര്യങ്ങൾ പറയുന്നു, ചിലത് പറയുന്നില്ല. എനിക്ക് തോന്നുന്നത്, ഭാര്യാഭർത്താക്കന്മാരായിരിക്കുന്ന അതേ ഐക്യം അതിന് പുറത്തു വന്നാലും ഇരുവർക്കുമുണ്ടാകണമെന്നാണ്. അതിന് രണ്ടു പേരും വിചാരിക്കണം, ഒരാൾ മാത്രമല്ല, രണ്ടുപേർക്കും അതിന്റെ പക്വത വേണം.
ആളുകൾ ഞാൻ പാലക്കാടാണോ ട്രിവാൻഡ്രത്താണോയെന്ന് നോക്കിയാണ് എന്നെ ഡിഫൈൻ ചെയ്യുന്നത്. പാലക്കാട്ടും ട്രിവാൻഡ്രത്തും ഇരുന്നാണോ മേതിൽ ദേവിക ഡിഫൈൻ ചെയ്യപ്പെടുന്നത്. ഞാൻ ചെയ്യുന്ന ഒരുപാട് വർക്കുകളുണ്ട്, അതിനെ കുറിച്ച് ആർക്കും ഒന്നുമില്ല.
ഞാൻ പെരുമാറുന്ന സർക്കിൾ എന്നു പറയുന്നത് ആർട്ടിസ്റ്റുകളുമായാണ്. അവർക്കെന്നെ നന്നായിട്ടറിയാം. ഒരുപക്ഷേ മറ്റുള്ള ആളുകൾക്ക് എന്നെ അറിയുന്നത് 2013 ന് ശേഷമായിരിക്കാം. അതിന്റെ അർത്ഥം അതുവരെ ഞാനില്ലെന്ന് അല്ലല്ലോ. ചിലർ പറയും മുകേഷ് കാരണം ഞാൻ ഫേമസ് ആയെന്നൊക്കെ. അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാനിതൊന്നും കേൾക്കാറില്ല, എന്നോട് വല്ലവരും വന്ന് പറയാറാണ്. എനിക്ക് ആദ്യം നാഷണൽ അവാർഡ് കിട്ടുന്നത് 2007 ലാണ്. അദ്ദേഹത്തെ ഞാൻ 2013 ലാണ് കല്യാണം കഴിച്ചത്. 2002 ൽ കേന്ദ്രത്തിൽ നിന്ന് എനിക്ക് ജൂനിയർ ഫെലോഷിപ്പും കിട്ടി. 2008 ൽ  മറ്റൊരു നാഷണൽ അവാർഡ്. കഴിഞ്ഞ വർഷം ഈ പ്രശ്‌നങ്ങളുടെ എല്ലാം ഇടയിൽ എനിക്ക് സ്‌റ്റേറ്റ് അവാർഡും കിട്ടി. ആളുകളോട് എന്താ പറയേണ്ടത് -മേതിൽ ദേവിക ചോദിക്കുന്നു. 
*** *** ***
സിനിമയിലുള്ളത് പലതും ടിവി ചാനലിലെ പരമ്പരകളിൽ കാണാം. അടിയും റേപ്പുമൊഴികെ പലതും കണ്ടിട്ടുണ്ട്. ടെലിവിഷൻ സംവാദത്തിനിടെ പാക്കിസ്ഥാനിൽ നല്ല അടി പൊട്ടിയത് മലയാളികൾക്കിടയിലും വൈറലായിരുന്നു. ഇപ്പോഴല്ല, ഏതാനും വർഷങ്ങൾക്കപ്പുറം. ഇപ്പോൾ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. സ്റ്റണ്ടില്ലാത്ത ചാനൽ ഷോ ഉപ്പില്ലാത്ത കഞ്ഞി പോലെയെന്ന് പറഞ്ഞവർക്കൊക്കെ തൃപ്തിയായി. നികേഷിന്റെ റിപ്പോർട്ടർ ചാനലിലും സീ മലയാളത്തിലും രസകരമായ ദൃശ്യങ്ങളാണ് കണ്ടത്. റിപ്പോർട്ടറിൽ നടിയെ തട്ടിക്കൊണ്ടു പോയ വിഷയത്തിൽ തീരാ സംവാദങ്ങളാണല്ലോ. കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ അതിഥിയായി പങ്കെടുത്ത സംവാദത്തിലാണ് ഡാർവിൻ സിദ്ധാന്തത്തിന്റെ കാര്യം ഒരു അതിഥി ഓർമിപ്പിച്ചത്. പ്രേക്ഷകർ രസം പിടിച്ചു വരുമ്പോഴേക്ക്് ആതിഥേയനായ അവതാരകൻ മ്യൂട്ട്് ചെയ്തു കളഞ്ഞു. സങ്കടം തീർന്നത് സീ ടിവി മലയാളത്തിലെ സിൽവർ ലൈൻ സംവാദം കണ്ടപ്പോഴാണ്.  സിൽവർ ലൈൻ പ്രതിഷേധത്തിനിടെ തിരുവനന്തപുരം കഴക്കൂട്ടത്ത് പോലീസ് ബൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ചവിട്ടുകയും മർദിക്കുകയും ചെയ്ത വിഷയം സീ ഡിബേറ്റ് ചർച്ച ചെയ്യുന്നതിനിടെയിൽ ഇടതുപക്ഷ പ്രതിനിധിയും യൂത്ത് കോൺഗ്രസ് നേതാവും തമ്മിലായിരുന്നു  കൈയാങ്കളി. യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണ, ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് എഎച്ച്. ഹഫീസ്, ബിജെപി നേതാവ് കൃഷ്ണദാസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. തുടക്കം മുതൽ തന്നെ എ എച്ച് ഹഫീസും ബാഹുൽ കൃഷ്ണയും തമ്മിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 
മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രതിനിധി കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതിന് ഇടതുപക്ഷ നേതാവ് കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൈയാങ്കളിലേക്ക് നയിക്കുകയും ചെയ്തു. കെറെയിൽ പദ്ധതി ജനങ്ങൾക്ക് ആവശ്യമില്ലെന്ന് നിലപാട് ആവർത്തിക്കവേ ഉമ്മൻ ചാണ്ടിക്ക് മുമ്പ് ഇവിടെ കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു എന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച എ.എച്ച്. ഹഫീസ് പറഞ്ഞു. ആ കായംകുള കൊച്ചുണ്ണിയെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണ പറഞ്ഞതോടെ ഇരുവരും തമ്മിൽ കൈയാങ്കളിയായി. ഇതു കേട്ട  ഹഫീസ്, ബാഹുൽ കൃഷ്ണയെ കൈയേറ്റം ചെയ്തു. പിണറായി വിജയനെക്കുറിച്ച് വൃത്തികേട് പറയരുത് എന്ന് പറഞ്ഞ് ഹഫീസ് സീറ്റിൽ നിന്ന് എഴുന്നേറ്റ് ബാഹുൽ കൃഷ്ണയുടെ കോളറിൽ കടന്നുപിടിച്ചു. ഇരുവരും തമ്മിൽ സ്റ്റുഡിയോയിൽ അടിപിടിയായി. പിന്നീട് ഇടവേളയ്ക്ക് ശേഷം ഇരുവരെയും അനുനയിപ്പിച്ച് ചർച്ച പുനരാരംഭിക്കുകയായിരുന്നു. മലയാളം ചാനലുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന സ്ഥിതിക്ക് അതിഥികൾക്ക് തല്ലാനുള്ള സൗകര്യം കൂടി ചെയ്തു കൊടുക്കണം. ലൈവ് സംഘട്ടനങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ റേറ്റിംഗും പരസ്യ വരുമാനവും കുത്തനെ ഉയരും,  സംശയമില്ല. 
*** *** ***
പാൻമസാലയുടെ പരസ്യത്തിലഭിനയിച്ചതിന് മാപ്പു ചോദിച്ച് നടൻ അക്ഷയ് കുമാർ. ഭാവിയിൽ പുകയില വസ്തുക്കളുടെ പ്രചാരണത്തിനിറങ്ങില്ലെന്നും ഇപ്പോഴത്തെ പരസ്യത്തിന്റെ കരാർ കാലാവധി കഴിഞ്ഞാൽ പിൻമാറുമെന്നും അക്ഷയ് വ്യക്തമാക്കി.
ഒരിക്കലും പുകയില ഉൽപന്നങ്ങളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന നടന്റെ പഴയകാല അഭിമുഖം എടുത്തുകാട്ടി സമൂഹ മാധ്യമങ്ങളിലുയർന്ന വിമർശനമാണ് അക്ഷയ് തീരുമാനം മാറ്റാൻ കാരണം. പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിനു ലഭിച്ച തുക മാനുഷികമായൊരു കാര്യത്തിന് ചെലവിടുമെന്നും നടൻ ഉറപ്പു നൽകി. നേരത്തെ അമിതാഭ് ബച്ചനും സമാനമായ രീതിയിൽ പാൻമസാല പരസ്യത്തിൽ നിന്ന് പിൻമാറിയിരുന്നു. പരസ്യത്തിൽ അഭിനയിച്ചതിനു വാങ്ങിയ തുക ബച്ചൻ മടക്കി നൽകി.
*** *** ***
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനത്തിനു മുന്നോടിയായി ഗുജറാത്തിൽ ചേരികൾ തുണികെട്ടി മറച്ചു. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിനു സമീപത്തുള്ള ചേരികളാണ് തുണികെട്ടി മറച്ചിരിക്കുന്നത്. ഇക്കണോമിക് ടൈംസിലെ ഡിപി ഭട്ടയാണ് ചേരികൾ മറച്ചുകെട്ടിയതിന്റെ ചിത്രങ്ങൾ ട്വീറ്റ്് ചെയ്തത്. ആശ്രമത്തിലേക്കുള്ള പാതയോരങ്ങൾ മുഴുവൻ വെള്ള നിറത്തിലുള്ള തുണികൊണ്ട് ഉയരത്തിൽ മറച്ചിരിക്കുകയാണ്. അഹമ്മദാബാദ് നഗരത്തിലുടനീളം ബോറിസ് ജോൺസനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ഹോർഡിംഗുകളും സ്ഥാപിച്ചിട്ടുണ്ട്. ബോറിസ് വ്യാഴാഴ്ച സബർമതി ആശ്രമം സന്ദർശിച്ചിരുന്നു. 2020 ഫെബ്രുവരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശന സമയത്ത് അഹമ്മദാബാദിൽ ചേരികൾ മതിൽകെട്ടി മറച്ചത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. 
ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും വാഹന വ്യൂഹം കടന്നുപോയ സർദാർ വല്ലഭ് ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള പാതയോരങ്ങളിലെല്ലാം ചേരികൾ മറക്കാനായി അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ ഉയരത്തിൽ മതിൽ കെട്ടുകയായിരുന്നു.
ന്യൂദൽഹി പോലെ പ്രധാനമാണ് അഹമ്മദാബാദ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഒന്നും രണ്ടും നേതാക്കളുടെ തട്ടകം. അഹമ്മദാബാദിലെ ചേരികളെ ശാശ്വതമായി മറക്കുന്ന സംവിധാനം ഏർപ്പെടുത്തുകയാണ് ഉചിതം.

Latest News