Sorry, you need to enable JavaScript to visit this website.

പഞ്ചനക്ഷത്ര വിരുന്നുകൾക്ക് മലയാളി സ്‌നേഹത്തിന്റെ രുചിക്കൂട്ട്

ജിദ്ദയിലെ ഏറ്റവും വലിയ സ്റ്റാർ ഹോട്ടലായ റിറ്റ്സ് കാൾട്ടണിലെ ഷെഫ് കോതമംഗലം സ്വദേശി അജാസ് പരീത്, ഇല്ലായ്മകളോട് പൊരുതിയാണ് ഇവിടെയെത്തിയത്. വൈവിധ്യമാർന്ന കോണ്ടിനെന്റൽ - ഓറിയന്റൽ വിഭവങ്ങൾ തയാറാക്കി തിളങ്ങുന്ന അലങ്കാരത്തളികയിൽ കലാപരമായി വിളമ്പുമ്പോൾ അവയിൽ നിന്ന് പറക്കുന്ന രുചിമണമുള്ള ആവിയിൽ ദാരിദ്ര്യത്തിന്റെ ഓർമകളത്രയും അലിയുന്നു. പക്ഷേ, മറക്കാനാവില്ല, കുട്ടിക്കാലത്ത് കിട്ടാൻ കൊതിച്ച ആ നെയ്‌ച്ചോറിന്റെ മണം. അജാസിന്റെ പാചകവിശേഷങ്ങളിലൂടെ...

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വിഷൻ-2030 എന്ന അതിബൃഹത്തും വിസ്മയകരവും ഭാവനാസമ്പന്നവുമായ പദ്ധതിയുടെ ഭാഗമായി ഹോട്ടൽ - ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുകയാണ് ഈ രാജ്യം. ചുരുങ്ങിയ കാലം കൊണ്ടാണ് സൗദി നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും മുഖഛായ മാറിയത്. 'ചെങ്കടലിന്റെ രാജ്ഞി'യായ ജിദ്ദയുടെ ചേതോഹരമായ കാഴ്ചകളിലൊന്നാണ് റിട്ട്‌സ് കാൾട്ടൺ ഹോട്ടൽ. സ്യൂട്ടുകളുൾപ്പെടെ മുന്നൂറോളം വിശാലമായ മുറികൾ, പതിനേഴ് ഓഡിറ്റോറിയങ്ങൾ, ബ്ലൂ, റെഡ് എന്നീ രണ്ടു കമനീയമായ ബാൾറൂമുകൾ, മജ്‌ലിസുകൾ, രണ്ടു റെസ്റ്റോറന്റുകൾ തുടങ്ങി ഏറ്റവും അത്യാധുനികമായ സൗകര്യങ്ങളാണ് റിട്ട്‌സ് കാൾട്ടണിൽ സജ്ജീകരിച്ചിട്ടുള്ളത്. 


കൊട്ടാരങ്ങൾ ഹോട്ടലുകളായി പരിവർത്തിപ്പിക്കുകയെന്ന ആശയം സാക്ഷാൽക്കരിക്കപ്പെട്ടതിനാൽ, വാസ്തുശിൽപത്തിലെ പ്രാചീന സൗന്ദര്യം അതേ പടി നിലനിർത്താനും ഇവിടെ സാധിക്കുന്നു. ജിദ്ദ അൽഹംറയിൽ നേരത്തെ കൊട്ടാരമായി പ്രവർത്തിച്ചിരുന്ന കെട്ടിടം ബൊട്ടീക് എന്ന പേരിലുള്ള പുതിയൊരു ഹോട്ടലായും പുതുതായി ഉയർന്നുവരുന്നു. ജിദ്ദ പൈതൃക നഗരമായ ബലദിൽ തന്നെ പുതുതായി ചെറുതും വലുതുമായ നൂറോളം റെസ്‌റ്റോറന്റുകളും ഹോട്ടലുകളുമാണ് ഉയർന്നു വരുന്നത് എന്നതും ഹോസ്പിറ്റാലിറ്റി ബിസിനസിലെ സൗദി കുതിപ്പിന്റെ തെളിവുകളാണ്.
ജിദ്ദ റിട്ട്‌സ് കാൾട്ടൺ ഹോട്ടലിന്റെ അതിവിശാലവും അത്യാധുനികവുമായ കിച്ചണിലെ കോണ്ടിനെന്റൽ - ഓറിയന്റൽ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിന് നേതൃത്വം നൽകുന്ന 'സൂ ഷെഫ്' (സൗസ് ഷെഫ് എന്ന് ഫ്രഞ്ച് ഉച്ചാരണം) ഒരു മലയാളിയാണെന്നത് പ്രവാസലോകത്തെ പാചകകലയിൽ താൽപര്യമുള്ളവരിൽ തീർച്ചയായും അഭിമാനം പകരുന്നു. റമദാൻ സീസണിൽ ഏകദേശം നൂറു ശതമാനത്തോളം 'ഓക്കുപെൻസി' യുള്ള റിട്ട്‌സ് കാൾട്ടണിലെ സൗദികളുടേയും മറ്റു രാജ്യക്കാരായ അതിഥികളുടേയും രസമുകുളങ്ങളെ വിരുന്നൂട്ടുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ തയാറാക്കുന്ന കിച്ചണിലെ 'കളിനറി' ടീമിനു നേതൃത്വം നൽകുന്നത് എറണാകുളം കോതമംഗലം സ്വദേശി അജാസ് പരീതാണ്. അജാസ് കഴിഞ്ഞ നാലു വർഷമായി ജിദ്ദ റിട്ട്‌സ് കാൾട്ടണിലെ സു ഷെഫ് ആയി പ്രവർത്തിക്കുന്നു. ഈ രംഗത്തെ രണ്ടാമത്തെ പ്രധാനി. അടുത്ത ജോലിക്കയറ്റം എക്‌സിക്യൂട്ടീവ് ഷെഫ് പദവിയിലേക്ക്. 
കോതമംഗലത്തെ പടിഞ്ഞാറെ വീട്ടിൽ പരീത് എന്ന സാധാരണ തൊഴിലാളിയുടെയും വീട്ടമ്മയായ ഫാത്തിമയുടെയും മകനായി ജനിച്ച അജാസിന്റെ മനസ്സിൽ എക്കാലത്തും നല്ലൊരു അടുക്കളയും വിഭവസമൃദ്ധമായ ഭക്ഷ്യപദാർഥങ്ങളുമുണ്ടായിരുന്നു. പക്ഷേ ആസ്വാദ്യകരമായ നല്ലൊരു ഭക്ഷണം കുട്ടിക്കാലത്ത് അജാസിനും സഹോദരങ്ങൾക്കും സ്വപ്‌നമായിരുന്നു. ബാപ്പ ഇടയ്ക്കിടെ കൊണ്ടുവരുന്നതും ഉമ്മ പാചകം ചെയ്യുന്നതുമായ നെയ്‌ച്ചോറിന്റെ രുചി, ലോകത്തെ ഒരു ഭക്ഷണത്തിനുമില്ലെന്ന് അജാസ് പറയുന്നു. വിശപ്പടക്കാൻ പാടുപെട്ട കാലത്തിൽ നിന്ന് ആഗോള തീൻമേശയുടെ സമൃദ്ധിയിലേക്കുള്ള അദ്ഭുതകരമായ യാത്ര. 


കോണ്ടിനെന്റൽ ഭക്ഷണങ്ങളുടെയും നിരവധി കോഴ്‌സുകളുള്ള ഡിന്നറുകളുടെയും രുചിയും മണവും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ, അവയത്രയും ഏറ്റവും നന്നായി പാചകം ചെയ്ത് ഔദ്യോഗികമായി ഷെഫിന്റെ വേഷമണിഞ്ഞ്, അവയുടെ മധ്യത്തിൽ നിൽക്കുമ്പോൾ, ഇല്ലായ്മയുടെ പിന്നിട്ട ആ കുട്ടിക്കാലം അജാസിനു ഒരിക്കലും മറക്കാനാവില്ല.
- തീർച്ചയായും. ക്ലേശങ്ങളുടെ നടുവിൽ നിന്ന് തുടങ്ങിയ യാത്ര, ഏറ്റവും സംതൃപ്തമായ ഒരിടത്തെത്തിച്ചേർന്നതിന് ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. ഒരിക്കലും കരുതിയതല്ല, ലോകമെമ്പാടുമുള്ള സ്ത്രീപുരുഷന്മാരുടെ വയറും മനസ്സും നിറയ്ക്കുന്ന വ്യത്യസ്ത തരം ഭക്ഷണം പാചകം തയാറാക്കാനുള്ള നിയോഗം എന്നിൽ നിക്ഷിപ്തമാവുമെന്ന്.. പക്ഷേ ജിദ്ദയിലെ ഏറ്റവും വലിയ സ്റ്റാർ ഹോട്ടലിന്റെ പാചക വിഭാഗത്തിനു നേതൃത്വം നൽകാൻ സാധിച്ച നാലു വർഷം, മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളാണ് സമ്മാനിച്ചത് -അജാസ് മലയാളം ന്യൂസിനോട് പറഞ്ഞു.
കോതമംഗലം തലക്കോട്ട് ജനിച്ച അജാസ് എറണാകുളം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പാസായ ശേഷം കൊച്ചിൻ ലെ മെരീഡിയൻ ഹോട്ടലിൽ ഒരു മാസത്തോളം പരിശീലനം. തുടർന്ന് കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ ജോലി കിട്ടിയതോടെ പാചകത്തിന്റെ വൈവിധ്യമാർന്ന മെനുവുമായി പരിചയത്തിലാവുകയും കുക്കിംഗിനെ ഒരു കലയാക്കി മാറ്റുകയും ചെയ്തു. പുസ്തകങ്ങളിൽ നിന്നും ടി.വി - യു ട്യൂബ് ചാനലുകളിൽ നിന്നും പഠിച്ചതും പ്രായോഗിക തലത്തിൽ പരീക്ഷിച്ചതുമായ പാചകകലയോടുള്ള അജാസിന്റെ അഭിനിവേശം കൂടുതൽ വർധിച്ചു. വ്യത്യസ്ത തരം ഭക്ഷണമുണ്ടാക്കി പരീക്ഷിച്ചു വിജയം കണ്ടതോടെ ബാംഗ്ലൂരിലേക്ക് ചേക്കേറി. അവിടെ അവന്യൂ റിജന്റ് ഹോട്ടലിലെ ജോലി ഏറെ ആസ്വാദ്യരകമായി അനുഭവപ്പെട്ടു. ടൂറിസ്റ്റുകളും നാട്ടുകാരും അന്യസംസ്ഥാനക്കാരും വിദേശികളുമൊക്കെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വിഭവങ്ങൾ തയാറാക്കാനും കലാപരമായി അവ സജ്ജീകരിക്കാനും അജാസ് നേതൃത്വം നൽകി. ഇത് ദുബായിലെ ഒരു കാറ്ററിംഗ് കമ്പനിയിലേക്കുള്ള ക്ഷണത്തിന് നിമിത്തമായി. തുടർന്ന് രണ്ടു വർഷം ദുബായിൽ. ജോലിയോടുള്ള പ്രതിബദ്ധതയും ഹോട്ടലിലെത്തുന്ന അതിഥികളുടെ സ്‌നേഹവും സംതൃപ്തിയും നേടിയെടുക്കുന്നതിനുള്ള ആത്മാർഥമായ ആഗ്രഹവുമാണ് അജാസിന്റെ കരിയർ, പുതിയ മേഖലയിലേക്ക് വികസിച്ചത്. പതിനെട്ടു മണിക്കൂറൊക്കെ ജോലി ചെയ്ത കാലമുണ്ടായിരുന്നുവെന്നും അജാസ് പറയുന്നു.


ആയിടയ്ക്ക് യു.കെയിൽ നിന്ന് അഡ്വാൻസ്ഡ് ഫുഡ് സേഫ്റ്റിയിൽ ഡിപ്ലോമാ കോഴ്‌സും ഹൈജീൻ കോഴ്‌സും കൂടി അജാസ് കരസ്ഥമാക്കി. ഹോട്ടൽ ജോലിയിലെ പ്രൊമോഷന് ഇത് സഹായകമായി. ഷെഫിന്റെ ജോലിക്ക് അധിക യോഗ്യതയെന്ന നിലയിൽ ഈ രണ്ടു കോഴ്‌സുകളും പിൽക്കാലത്ത് തന്നെ തുണച്ചതായി അജാസ് പറയുന്നു. ബ്രിട്ടീഷുകാരും സ്വിറ്റ്‌സർലാന്റുകാരും ജർമൻകാരുമായ ഷെഫുമാരോടൊത്ത് ജോലി ചെയ്യാനും അവരുടെ അനുഭവങ്ങളിൽ നിന്ന് പുതിയ പാഠമുൾക്കൊള്ളാനും പാചകരംഗത്തെ കോണ്ടിനെന്റൽ രീതികൾ പരിചയമാകുന്നതിനും ഈ സഹവാസം സഹായിച്ചു. ദുബായിയിൽ ജോലി ചെയ്യുന്നതിനിടെയാണ് റിയാദിലെത്തിയത്. അവിടെ നിന്ന് മദീനാ കെംപിൻസ്‌കി ഹോട്ടലിലേക്ക്. 'ഷെഫ് ഡി പാർട്ടി' യെന്ന തസ്തികയിലായിരുന്നു മദീനാ കെംപിൻസ്‌കിയിലെ നിയമനം. അവിടെ നിന്ന് മക്ക മൊവെൻപിക് ഹോട്ടലിലേക്ക്. പാക്കിസ്ഥാനിയായ എക്‌സിക്യൂട്ടീവ് ഷെഫ് മുഹമ്മദ് ഹനീഫയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് ഇവിടെ നിന്നാണ്. ഹാജിമാരായ അതിഥികളെ വരവേൽക്കാനും അവരുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാനും വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അവരുടെ മെനുവിലെ വൈവിധ്യവും അഭിരുചിയും മനസ്സിലാക്കാൻ മദീനയിലേയും മക്കയിലേയും ജോലിക്കാലം ഉപകരിച്ചു. ഓരോ അറിവും പുതിയ പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. ഫ്രഞ്ചുകാരനായ ഷെഫ് ഡാനിയൽ ഹെൻറിച്ചും ഇക്കാര്യത്തിൽ തന്റെ ഗുരുവാണെന്ന് അജാസ് നന്ദിയോടെ ഓർക്കുന്നു. മക്ക മൊവെൻപിക്കിലെ ഏഴു വർഷത്തെ സേവനം അവസാനിപ്പിച്ചാണ് 2018 ൽ ജിദ്ദ റിട്ട്‌സ് കാൾട്ടണിൽ അജാസ് ജോയിൻ ചെയ്തത്. 


- ഈ ജോലിയോടുള്ള അദമ്യമായ ആഗ്രഹവും കമ്മിറ്റിമെന്റുമാണ് തന്റെ ഉയർച്ചയുടെ അടിസ്ഥാനം. നിരവധി നല്ല അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ പ്രൊഫഷൻ, പുതിയ തലമുറയ്ക്കിടയിൽ ഏറെ സ്വീകാര്യമാകുന്നുവെന്നതും സന്തോഷകരമാണ്. കേരളത്തിൽ പാചകരംഗത്തെ ചെറുതും വലുതുമായ യു ട്യൂബ് ചാനലുകളുടെ ഉടമകളായി വരുന്ന ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ, നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന് പുതുമയുടെ നിരവധി പാഠങ്ങളാണ് പകർന്നു നൽകുന്നതെന്നും അജാസ് അടിവരയിടുന്നു. ആകർഷകമായ വേതനം ലഭിക്കുന്ന പ്രൊഫഷൻ കൂടിയാണിത്. പാചകരംഗത്തെ പരീക്ഷണങ്ങൾ എന്നും എവിടേയും ആളുകൾ സഹർഷം സ്വീകരിക്കുന്നുവെന്നും അജാസ് വ്യക്തമാക്കി. കേരള ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഫരീദയാണ് അജാസിന്റെ ഭാര്യ. ഹനാ ഫാത്തിമ, മുഹമ്മദ് ഫരീദ്, അമീറാ ഫാത്തിമ എന്നിവരാണ് മക്കൾ. സഹോദരൻ നൗഷാദ് റിയാദ് ഹെർഫി കമ്പനിയിൽ ജോലി ചെയ്യുന്നു. സഹോദരി റംല നാട്ടിൽ നഴ്‌സാണ്.

Latest News