വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സി.ഇ.ഒമാരുമായി ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തി. നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
ഫെഡെക്‌സ് പ്രസിഡന്റും സി.ഇ.ഒയുമായി തെരഞ്ഞെടുക്കപ്പെട്ട രാജ് സുബ്രഹ്മണ്യവുമായി നിര്‍മല സീതാരാമന്‍ സംസാരിച്ചു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളോട് അനുകൂലമായി പ്രതികരിച്ച രാജ് സുബ്രഹ്മണ്യം നൈപുണ്യം ഉള്‍പ്പെടെ ഫെഡെക്സിന് ഇന്ത്യയില്‍ കാര്യമായ വിപുലീകരണ പദ്ധതികളുണ്ടെന്നും പറഞ്ഞു.
ആക്‌സെഞ്ചര്‍ ചെയര്‍ ആന്റ് സി.ഇ.ഒ ജൂലി സ്വീറ്റ്, മാസ്റ്റര്‍കാര്‍ഡ് സി.ഇ.ഒ മൈബാക്ക് മൈക്കിള്‍ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തി. കൂടിക്കാഴ്ചയില്‍ ഡിജിറ്റല്‍ സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ രാഷ്ട്രീയ പ്രതിബദ്ധത എഫ്.എ.ടി.എഫ് മന്ത്രിതല യോഗത്തില്‍ ധനമന്ത്രി ആവര്‍ത്തിച്ചു. കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനും പങ്കാളിത്തത്തോടെ സമൃദ്ധി വര്‍ധിപ്പിക്കുന്നതിനും സംഘര്‍ഷങ്ങളും അക്രമങ്ങളും പരിഹരിക്കേണ്ടത് ആവശ്യമാണെന്ന് വികസന സമിതി അംഗങ്ങള്‍ക്കുള്ള മന്ത്രിതല അത്താഴ വിരുന്നില്‍ അവര്‍ പറഞ്ഞു.






