സേവന പാതയിൽ സതീഷ് ബാബുവിന്റെ സഞ്ചാരം

മഹാമാരിക്കാലത്ത്  എല്ലാവരും പേടിച്ചരണ്ട് വീട്ടിലിരുന്നപ്പോൾ, തന്റെ തൊട്ടടുത്ത മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികൾക്കും പോലീസ്-ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും അതിഥി തൊഴിലാളികൾക്കും ഒരു വർഷക്കാലം മൂന്നു നേരം ഭക്ഷണം നൽകുന്നതായിരുന്നു ചാരിതാർഥ്യമുള്ള പ്രവർത്തനം. സിനിമയിലും കലാ  പ്രവർത്തനങ്ങളിലും രണ്ടു പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ആനച്ചന്തം, കൂട്ടുകാർ, മറുത എന്നീ സിനിമകളിലൂടെ തന്റെ സവിശേഷ സാന്നിധ്യം അറിയിച്ച സതീഷ് ബാബു.

 

സതീഷ് ബാബു മഞ്ചേരി, മലപ്പുറത്തിന്റെ  പൊതുസ്വത്താണ്. വ്യത്യസ്തവും സംഭവ ബഹുലവുമായ കർമകാണ്ഡം അവകാശപ്പെടാവുന്ന, അതിവിപുലമായ വ്യക്തിബന്ധങ്ങൾ ഉള്ള ഇതുപോലൊരു സാമൂഹ്യ പ്രവർത്തകൻ മഞ്ചേരിയിൽ മറ്റൊരാൾ ഉണ്ടാകില്ല. സാമൂഹ്യ പ്രതിബദ്ധതയുടെയും
സൗന്ദര്യ ബോധത്തിന്റെയും സമന്വയമായ മാജിക്കിലൂടെയാണ് സതീഷ് ബാബു തന്റെ പ്രതിഭ കൂടുതൽ പ്രകടിപ്പിച്ചിട്ടുള്ളത്.
സമകാലിക വിഷയങ്ങളെയും സംഭവങ്ങളെയും വിസ്മയം ജനിപ്പിക്കുമാറ് ചടുലമായി കോർത്തുവെച്ച മാന്ത്രികത പല വേദികളിലും വിസ്മയമായിട്ടുണ്ട്.
സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടും വിധം ലളിത സുന്ദരമായ സൂത്രങ്ങളാണ്  മാന്ത്രികതയിൽ അവതരിപ്പിച്ചിട്ടുള്ളത്. പത്തു വർഷം മുമ്പ്  നടൻ മാമുക്കോയയുടെ കൈക്കുമ്പിളിൽ മാജിക്കിലൂടെ സൃഷ്ടിച്ച്, മഞ്ചേരി പോലീസ് സർക്കിൾ ഓഫീസ് അങ്കണത്തിൽ നട്ട പുളിങ്കുരു ഇന്നൊരു വൃക്ഷമായി പൂത്തുനിൽക്കുന്നു.


അന്നൊരു തമാശയായി ചെയ്തത് ഇന്ന് ഈ മരച്ചുവട്ടിൽ നിൽക്കുമ്പോൾ അതിശയമായി തോന്നുന്നതായി മാമുക്കോയ പറഞ്ഞു. പ്രകൃതി സംരക്ഷണ സന്നദ്ധ പ്രവർത്തനങ്ങളുടെ  ഭാഗമായി 'മരം ഒരു വരം'എന്ന ആശയത്തിൽ മലപ്പുറം ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും മാജിക്കിലൂടെ വൃക്ഷത്തൈ മുളപ്പിച്ച് നട്ടുപിടിപ്പിച്ചാണ്  ഒരു കാലത്ത് ഈ മാന്ത്രികൻ താരമായത്. ഇന്ന് പല പോലീസ് സ്റ്റേഷനുകളിലും ആ വൃക്ഷത്തൈ വലിയ മരങ്ങളായി തണൽ വിരിച്ചു നിൽക്കുന്നു. അന്നത്തെ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സേതുരാമൻ ഐപിഎസ്  ആയിരുന്നു ഈ പ്രോഗ്രാമുകൾ  ഉദ്ഘാടനം ചെയ്തത്.  കേരളത്തിലെ വിവിധ ജയിലുകളിൽ പല  കാരണങ്ങളാൽ കുറ്റവാളികളായി മാറിയവർക്ക് മെന്റലിസത്തിലൂടെ
മനസ്സിനെ പരിവർത്തിച്ചെടുക്കാനുള്ള  പദ്ധതികളുമായി കണ്ണൂർ സെൻട്രൽ ജയിൽ, കോഴിക്കോട് സബ് ജയിൽ, മഞ്ചേരി സബ് ജയിൽ തുടങ്ങിയ ഇടങ്ങളിലും സ്‌നേഹത്തിന്റെ അമൃത ഭാഷയുമായി സതീഷ് കടന്നു ചെന്നിട്ടുണ്ട്.
മാന്ത്രികതയുടെ വർണവും  ലാളിത്യവും കുറ്റവാളികളുടെ മനസ്സിന്റെ കോണിൽ നിഷ്‌കളങ്കതയുടെ നേർക്കാഴ്ചയായി തെളിയുന്നത് കണ്ട് ജയിലധികൃതർക്ക് പോലും ആഹ്ലാദം ഉണ്ടായിട്ടുണ്ട്. ഇന്നൊരു ധനകാര്യ സ്ഥാപനത്തിന്റെ മൂന്നു ജില്ലകളുടെ ചുമതലക്കാരനായി തുടരുമ്പോൾ മഞ്ചേരി കരുവമ്പ്രത്തെ വെള്ളപ്പാറ കുന്ന് വീട് കുണ്ടു ആശാരി-വള്ളിയമ്മ ദമ്പതികളുടെ മകൻ സതീഷ് ബാബു നിരവധി കുടുംബങ്ങൾക്ക് വരുമാനത്തിന്റെയും  തൊഴിലിന്റെയും മഹത്വത്തിലൂടെ വഴി കാണിക്കുകയാണ്. സ്ത്രീശാക്തീകരണത്തിന് പല വ്യാഖ്യാനങ്ങളുണ്ടാവാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത്  സാമ്പത്തിക സ്വയംപര്യാപ്തതയാണെന്ന് സതീഷ് ബാബു ഉറച്ചുവിശ്വസിക്കുന്നു.


സ്വന്തം കാലിൽ നിൽക്കാൻ കെൽപുള്ള സ്ത്രീകളെയാണ് നാടിന്റെ വളർച്ചയ്ക്ക് ആവശ്യം. അവർക്ക് അതിന് വിദ്യാഭ്യാസം വേണം. മാന്യമായ ഏതൊരു തൊഴിലും ചെയ്യാൻ സന്നദ്ധത വേണം.
സ്വയംപര്യാപ്തത എന്ന തത്വം, വാണിജ്യ കണക്കുകൂട്ടലിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി കാണുന്ന ഇദ്ദേഹത്തിനു കീഴിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന രണ്ടായിരത്തോളം ജീവനക്കാരുണ്ട്. റെയിൻബോ എന്നാണ് ഇദ്ദേഹം നയിക്കുന്ന ടീമിന്റെ പേര്. നിത്യജീവിതത്തെ കേന്ദ്രീകരിക്കുന്ന ഈ സാമ്പത്തിക പദ്ധതിയിൽ ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ ഒട്ടേറെപ്പേർ പ്രായോജകരായുണ്ട്.
കാരുണ്യത്തിന്റെയും ദയാവായ്പിന്റെയും ധന്യമായ അനുഭവ മേഖലകളും ഈ മനുഷ്യ സ്‌നേഹിക്കുണ്ട്. പരിസ്ഥിതി ഒരു ദർശനമായി കണ്ട് താൻ അഭിസംബോധന ചെയ്യുന്ന ഓരോ സാധാരണക്കാരനും പ്രകൃതി സംരക്ഷണത്തിന്റെ  ബാലപാഠങ്ങൾ പകർന്നു കൊടുക്കുന്നു.
   ഇല്ലായ്മയുടെ സമൃദ്ധിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്. പല ജോലികളും ചെയ്തു. ജീവിത വിജയത്തെ നിശ്ചയിക്കുന്നത് പ്രയത്‌നമാണ്. ഏതൊരു ജോലിയാണെങ്കിലും താൽപര്യത്തോടെയും ആത്മാർത്ഥതയോടെയും വേണം നിർവഹിക്കാൻ. നാം ചെയ്യുന്ന ജോലി നല്ല സാമൂഹ്യ ബന്ധം പുലർത്തുന്നതിനു കൂടി സാഹചര്യം ഒരുക്കുന്നുണ്ട്. ക്ലേശിച്ചു കഴിയുമ്പോഴും ഉദാര മനസ്സോടെ ജീവിക്കുക. ഇതാണ് സതീഷ് ബാബുവിന്റെ കാഴ്ചപ്പാട്. 

 മഹാമാരിക്കാലത്ത്  എല്ലാവരും പേടിച്ചരണ്ട് വീട്ടിലിരുന്നപ്പോൾ തന്റെ തൊട്ടടുത്ത മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികൾക്കും, പോലീസ്-ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും അതിഥി തൊഴിലാളികൾക്കും ഒരു വർഷക്കാലം മൂന്നു നേരം ഭക്ഷണം നൽകുന്നതായിരുന്നു ചാരിതാർഥ്യമുള്ള പ്രവർത്തനം.
സിനിമയിലും കലാ  പ്രവർത്തനങ്ങളിലും രണ്ടു പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ആനച്ചന്തം, കൂട്ടുകാർ, മറുത എന്നീ സിനിമകളിലൂടെ തന്റെ സവിശേഷ സാന്നിധ്യം അറിയിച്ച സതീഷ് ബാബു.
കലയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിൽ അഭിനയ സാധ്യതയുള്ള ഏതുതരം ആശയവും  അടയാളപ്പെടുത്താൻ സതീഷിന്റെ തൂലികക്ക് ഇന്നും ശക്തിയുണ്ട്.
അണിയറ പ്രവർത്തനങ്ങൾക്ക്  പ്രതിഫലം ലഭിക്കാത്ത കാലത്തും സിനിമ എന്ന  ജനകീയ കലയോടൊപ്പം നിന്ന കലാസ്‌നേഹിയായിരുന്നു സതീഷ്. ഡിജിറ്റൽ കാലത്ത് പാട്ടുകളും ചിത്രീകരണവും സിനിമയുടെ നവ സങ്കേതങ്ങളുടെ അപാര സാധ്യതകളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ജില്ലയുടെ മുഖപ്രസാദമായി മാറിയ ഒട്ടുമിക്ക ജനകീയ പരിപാടികൾക്കും അകമഴിഞ്ഞ പിന്തുണയുമായി ഈ മനുഷ്യ സ്‌നേഹി ഒപ്പമുണ്ട്.
വർധിച്ചു വരുന്ന വാഹന അപകടങ്ങൾക്കെതിരെ ബോധവൽക്കരണവുമായി പോലീസ് ഇൻസ്‌പെക്ടറും  നടനുമായ അബു സലീമുമായി ചേർന്ന് നടത്തിയ ഹെൽമറ്റ് ബോധവൽക്കരണം അഭിമാനകരമായ കർമ പദ്ധതി ആയിരുന്നു.


ഹെൽമെറ്റ് ബോധവൽക്കരണം  എന്നതിനോടൊപ്പം ഇടത് വശത്ത് കൂടിയുള്ള ഓവർടേക്കിങ് ഒഴിവാക്കുക, രാത്രി കാലങ്ങളിൽ ഡിം ലൈറ്റിൽ വാഹനം ഓടിക്കുക, റോഡ് നിയമങ്ങൾ പാലിക്കുക എന്നിവയും ബോധവൽക്കരണത്തിന്റെ ഭാഗമായി. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സർഗ സാമർത്ഥ്യവും ബൗദ്ധിക ശക്തിയും പരിപോഷിപ്പിക്കുന്ന ദീർഘവീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ അനേകം കാര്യങ്ങളിൽ സാധ്യമായ പ്രയത്‌നമാണ് ഇപ്പോഴും നടക്കുന്നത്. പ്രകൃതി സംരക്ഷണം, മാജിക് വൃക്ഷത്തൈ നടീൽ, മെന്റലിസം, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ പുതിയ തലമുറയുടെ ഭാവി ലക്ഷ്യമിട്ട് തയാറാക്കിയതായിരുന്നു. പുതിയ കാലം പൊതുവെ പ്രശ്‌ന സങ്കീർണമാണ്. സമൂഹ മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും അരാജകത്വം സൃഷ്ടിക്കുന്നു. മതങ്ങളുടെ സാരം കരുണയാണ്. പല മതങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും മനുഷ്യ സൗഹാർദത്തിന്റെ ശരിയായ വഴിയിലേക്ക് നീങ്ങാൻ ബോധപൂർവമായ ശ്രമങ്ങൾ തന്നെ സതീഷ് നടത്തിയിട്ടുണ്ട്.
20 വർഷമായി വീട്ടിൽ കാത്തു സൂക്ഷിക്കുന്ന മതമൈത്രി ഫോട്ടോകളും മതനിരപേക്ഷ സദസ്സുകളും സമയോചിതമായ കരുതലും സ്‌നേഹവുമായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിവാക്കിയാൽ കേരളം ഇന്നും മതമൈത്രിയുടെ പച്ചത്തുരുത്താണ്. വിവിധ ജാതി മത വിഭാഗങ്ങൾ ഇവിടെ സാഹോദര്യത്തോടെ കഴിയുന്നു.
സ്‌നേഹവും സേവനവും മറന്നൊരാഘോഷവും ഉണ്ടാകരുത്. നന്മയെ സ്‌നേഹിക്കുന്നവരുടെയും മനുഷ്യപ്പറ്റുള്ളവരുടെയും മനസ്സ്  ഒരേ ലക്ഷ്യത്തോടെ ഇഴുകിച്ചേരുമ്പോൾ സഹവർത്തിത്വമുള്ള ഒരു സമൂഹം ജനിക്കുന്നു. ഓരോ വ്യക്തിയും സ്വയം അറിയുന്നതിലൂടെ മാത്രമേ സഹവർത്തിത്വം  സാധ്യമാകൂവെന്നും സതീഷ് ബാബു പറയുന്നു. 

Latest News