നിമിഷ പ്രിയയുടെ മോചനത്തിന് തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത് 50 മില്യന്‍ റിയാല്‍ ദയാധനം

സന: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യന്‍ റിയാല്‍. ഇന്ത്യയില്‍ ഏകദേശം ഒന്നരക്കോടി രൂപയോളമാണ് വരിക. 

ഇതേതുടര്‍ന്ന് യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷപ്രിയയെ കണ്ടു. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ദയാധനവുമായി ബന്ധപ്പെട്ട് യമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടത്.

നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലാണ് എല്ലാ കാര്യങ്ങളും മുമ്പോട്ടു നീക്കിയത്. ആദ്യഘട്ടത്തില്‍ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കിലും ദയാധനം സ്വീകരിക്കാന്‍ കുടുംബത്തില്‍ പല വിധത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നു. 
 
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയ പറയുന്നത്.

അതിനിടെ യമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാല്‍ ജയിലില്‍ നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്കും മകള്‍ക്കും അവസരം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്. മന:പൂര്‍വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ആഴ്ച്ച നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ എഴുതിയിരുന്നു. നിമിഷ പ്രിയയുടെ അമ്മയേയും മകളേയും യമനില്‍ എത്തിക്കാനായാല്‍ മോചനം സാധ്യമാകുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്.

Latest News