Sorry, you need to enable JavaScript to visit this website.

മൗനം തച്ചുടക്കുന്ന കവിതകൾ

കവിത അകാലപ്പൊരുളാണ്. കടലിൽ തിരകളെന്നപോലെയൊന്നുമില്ലെങ്കിലും കണ്ണീർക്കണത്തോളം മതി, പക്ഷെ ഉള്ളിൽ തുടിച്ചിടും ധ്വനികളിൽ അതുല്യമായ വാഴ്‌വിനെ കരുതണം-കവിതയെ കുറിച്ച് എം.പി.അനസിന്റെ കാഴ്ചപ്പാട് ഇതാണ്. '
'സമതരംഗം' എന്ന സമാഹാരത്തിലെ ആദ്യ രചനയായ 'ദുആ'യിൽ ഇത് വ്യക്തമാക്കുന്നുണ്ട്. 
അനസിന് കവിത പരീക്ഷണം തന്നെയാണ്. കവിതയിൽ തന്റെ ഭാഷ, തന്റെ രീതി, തന്റേത് മാത്രമായ ഒരിടം അത് കണ്ടെത്താനുള്ള ശ്രമം ആദ്യ കവിതകളിൽ കാണുക സ്വാഭാവികം. ജീവിതത്തിൽ അഭിമുഖം വരുന്ന പ്രശ്‌നങ്ങളും അതേ കുറിച്ച കാഴ്ചപ്പാടുകളും ചിപ്പിയിലെന്ന പോലെ എടുത്തു വെക്കുകയാണ് അനസ്. അത് മുത്തായി വരുന്നതും കാത്ത്. 
ശ്രീനാരായണ ഗുരുവിനെ കുറിച്ച് പറയുമ്പോൾ ഗുരു പ്രതിഷ്ഠിച്ച കണ്ണാടിയിൽ നിന്ന് പിന്നിലേക്ക് നടക്കുന്ന സമൂഹത്തെ നോക്കിയാണ് ആശങ്കപ്പെടുന്നത്. നിവർന്നു നിൽക്കാൻ പഠിപ്പിച്ച ഗുരുവിൽ നിന്ന് അകലുമ്പോൾ ചെറുതായിപ്പോകുകയാണ്. 
കുഞ്ഞുങ്ങളും വൃദ്ധരും പൂച്ചയും വരികളിൽ കവിതകളാകുന്നു. ബേലൂരിന്നടുത്ത പെട്രോൾ പമ്പിനടുത്ത് കണ്ട പിഞ്ഞിയ കമ്പിളിക്കുപ്പായമിട്ട കുട്ടിക്കൊപ്പം പൂച്ചയുണ്ട്. മീനിന്റെ കൂവൽ കേൾക്കുമ്പോൾ ഉടലാകെ പൂക്കൾ തുന്നി നിൽക്കുന്ന പൂച്ച. അച്ഛന്റെയും അമ്മയുടെയും വിവാഹ ആൽബത്തിൽ തന്റെ ചിത്രമില്ലാത്തതിൽ ഉൽക്കണ്ഠപ്പെടുന്ന കുട്ടിയിൽ നിന്ന് 'പൂ വാങ്കുവോ ചേച്ചീ'യെന്നത് ഒറ്റ വരിക്കവിതയായി മാറുന്നു.
വരേണ്യജന്മമില്ലാത്ത എല്ലാവരും പങ്കുവെക്കുന്ന ഒരു ഭയം അനസിനെയും അലട്ടുന്നു. ഒരമ്പയക്കാൻ ദൂരമേറെയില്ലാത്തൊരിടത്തു നിന്നും എത്തിനോക്കുന്നുണ്ടൊരു ഭയം (പക്ഷികൾ). 
ഉന്നം വെച്ച ശരങ്ങളെയോർത്ത് പുറപ്പെടാതിരുന്നിട്ടില്ല പറവകളെന്ന് തീർത്തു പറയുകയും രോമങ്ങളെ തൂവലുകളും തൂവലുകളെ ചിറകുകളുമാക്കി പറക്കാനൊരുങ്ങിയാൽ വാനം വിസ്തൃതമാകുക തന്നെ ചെയ്യുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. വടകരയിൽ സിനിമക്ക് പോയ അനുഭവത്തെ കുറിച്ച് ഒറ്റവരി മതി- ഉന്മാദമാവേശമുഛൃംഖലത്വം. 
ഭാഷയിലും രൂപത്തിലും ഭാവുകത്വത്തിലും തിരശ്ചീന ലംബ ഭേദമില്ലാതെ ഓടുന്ന രീതിയാണ് അനസിന്റെ കവിതകൾ. ഏതെങ്കിലും കള്ളിയിലേക്കിട്ട് കിഴുക്കാനോ താലോലിക്കാനോ വയ്യ. പൂച്ചക്കുട്ടിയെ ഉമ്മ വെച്ചിരിക്കുമ്പോഴായിരിക്കും 'ടാഗ്' വരിക. മേഘങ്ങളെ നിസ്‌കാരക്കുപ്പായമിടുവിക്കും. മാപ്പിളപ്പാട്ടിലെ മാല വിഭാഗത്തിൽ അയ്യങ്കാളി മാല രചിച്ച അനസിന്റെ ഭാഷയിൽ മാപ്പിളത്തം പുതിയ രുചിക്കൂട്ടാകുന്നു. ഉമ്മാമയും മൗത്തും ബഹറും വസിയത്തും മഹ്ഷറയും സലാത്തുമെല്ലാം കടന്നു വരുന്നതു പോലെയാണ് ടാഗും ആൽബവും സ്ലോ മോഷനും ഫ്ലാഷ് ബാക്കുമെല്ലാം വരുന്നത്. അമ്പതിലേറെ കവിതകളുള്ള സമതരംഗത്തിലെ കവിതകൾ പല തരംഗങ്ങളിലാണ്. അനസിന്റെ ആദ്യകാല കൃതിയെന്ന് ഇതിനെ ഭാവി അടയാളപ്പെടുത്തും.

        ****             ****             ****

നമ്മുടെ മൂടിപ്പുതച്ച എല്ലാ മൗനങ്ങളെയും കലപില ഗീതങ്ങളാൽ തച്ചുടക്കാൻ വെമ്പുന്ന സർഗാത്മകമായ ആക്രമണോത്സുകതയാണ് എം.സിദ്ദീഖിന്റെ കവിതകളുടെ കാതൽ എന്ന് കവി കൂടിയായ ഒ.പി. സുരേഷ് പറഞ്ഞുവെക്കുന്നു. 
60 കവിതകളുടെ സമാഹാരമാണ് 'ചവേലാട്ച്ചികൾ തച്ചുടക്കുന്ന മൗനങ്ങൾ'. കവിത നേര്യതുടുക്കാറില്ല എന്ന അവസാന കവിത സിദ്ദീഖ് കവിതകളുടെ മാനിഫെസ്റ്റോ ആണ്. നഷ്ടപ്പെടുന്നതെന്തോ തിരിച്ചെടുക്കാനുള്ള ആത്മത്തിന്റെ അനന്തമായ പൊറുതികേടാണ് കവിതയെന്ന് സിദ്ദീഖ്.  
ഭാഷയാണ് ഏത് കവിയെയും കുഴയ്ക്കുന്നത്. അപൂർണമിങ്ങഹോ വന്നു പോം പിഴയുമർഥ ശങ്കയാൽ എന്ന മട്ട് തന്നെ. തന്റെ ചുറ്റിലും നിന്ന് തനിക്ക് പൊറുതികേടുണ്ടാക്കുന്നതിനെ എഴുതിപ്പോകുകയാണ് സിദ്ദീഖ്. അതു കൊണ്ടു തന്നെ ചവേലാട്ച്ചിയും പൂച്ചയും തവളയും മാക്കൂൽ കണ്ണനും ചെമ്പോത്തും കുളക്കോഴിയും കീരിയും പോത്തും കഴുതയും പശുവും പന്നിയും മണ്ണിരയുമെല്ലാം കവിതകളിൽ കസേരയിട്ടിരിക്കുന്നു. 'ചില മ്യൂസിയം കാഴ്ചകളി'ലത്രയും ഈ ജീവികളാണ്. പൂച്ച സൂഫിയാകും സന്ന്യാസിയാകും. ജംബൂകൻ മന്ത്രിയാവും. പൂച്ച വിലാപം എന്ന കവിതയുണ്ട്. 
ഫാഷിസ്റ്റ് വാഴ്ചയിൽ അരിച്ചിറങ്ങുന്ന ഭയം ഈ കവിതകളിൽ പലേടത്തായി കാണാം. പശു രാഷ്ട്രീയത്തിൽ മനുഷ്യൻ 'പോത്താ'യെന്നു പറഞ്ഞാൽ പിന്നൊന്നും പറയാനില്ലെന്ന് കെ.ഇ.എൻ ഈ കവിതകളെ നിരീക്ഷിക്കുന്നുണ്ടല്ലോ. ആസുരതയുടെ പ്രേതഭൂമിയിൽ കവിത അകക്കണ്ണുമായി കാത്തു നിൽപാണെന്ന് അവസാനിപ്പിക്കുന്ന കാറ്റു പോയ വഴി എന്ന കവിതയിൽ പസാരെയും മൂർത്തിയും കൽബുർഗിയും ഗൗരി ലങ്കേഷും കടന്നു വരും. 


ഭ്രാന്തകാലത്തിന്റെ ദിനസരിക്കുറിപ്പുകൾ എന്ന കവിതയിൽ ഭ്രാന്ത കാലത്തിൻ ഭീതസ്വരം പോലെ അരക്ഷിത ബോധത്തിൻ പെരും കൈകകളാൽ അരയും തലയും മെല്ലെ തപ്പി നോക്കി ഞാൻ, ആയിരം നാവുള്ള മൗനങ്ങൾ മൂടിപ്പുതച്ചുറങ്ങുമീയഭിശപ്ത താഴ്‌വരയിൽ.... എന്ന് കാലത്തെ അടയാളപ്പെടുത്തുന്നു. എങ്ങും മൗനത്തിന്റെ നിലവിളികൾ മാത്രം എന്ന് ഏപ്രിലിൽ എന്ന തലക്കെട്ടിലും സിദ്ദീഖ് എഴുതുന്നു. ഗൗരി ലങ്കേഷിനെ ഹൃദയത്തിലേറ്റിയ കവിതയാണ് ഗൗരി ഹൃദയത്തിലെഴുതിയ കവിത. കശ്മലപ്പകതൻ ഫാസിസ്റ്റ് ബലിക്കല്ലിൽ അരുണ സിന്ദുര പുഷ്പമായ് മാറിയ ഗൗരി ഉയിർക്കൊള്ളുമോരോ അണുവിലുമനന്തമനന്തമായ് എന്ന് പ്രത്യാശിക്കുന്നു. 
മലയാളം അധ്യാപകൻ ആയതുകൊണ്ടു കൂടിയാണ് മലയാളത്തെ കുറിച്ച് വല്ലാതെ ആധിപ്പെടുന്നുണ്ട് സിദ്ദീഖ്. ഇംഗ്ലീഷിന്റെ കടന്നു കയറ്റക്കാലത്തെ 'മലയാല'ത്തെ കുറിച്ച് ആകുലനാണ് കവി. ശ്രേഷ്ഠ മലയാളി, വില്ല മലയാളം, ഉണ്ണായി വാര്യരുടെ മകൻ, ലേല മലയാളം, മലയാളീകരണം, മലയാളത്തെക്കുറിച്ച് മലയാളികൾ രേഖപ്പെടുത്തിയത് എന്നിങ്ങനെ ഭാഷയെ കുറിച്ച് വേവലാതികൾ കോറി വെക്കുന്നു. 

സമതരംഗം (കവിതാ സമാഹാരം)
എം.പി.അനസ് 
ലോഗോസ് ബൂക്‌സ് 
വില 130 
പേജ് 104
ചവേലാട്ച്ചികൾ തച്ചുടക്കുന്ന മൗനങ്ങൾ 
(കവിതാ സമാഹാരം)
എം. സിദ്ദീഖ് 
മാക്‌ബെത്ത് പബ്ലിക്കേഷൻസ് 
വില 130
പേജ് 96

Latest News