Sorry, you need to enable JavaScript to visit this website.

പൊന്നുക്കുട്ടന്റെ ബസ് ഇനിയും വേളാങ്കണ്ണിക്ക് പോകും

ഏഷ്യയിൽ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോർഡ് സ്വന്തമാക്കിയ മംഗളം വാരിക അച്ചടി നിർത്തുന്നു. തെണ്ണൂറുകളിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു മംഗളം. 1985 ൽ 17 ലക്ഷം കോപ്പികളോടെ ഏഷ്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോർഡ് ഭേദിക്കാൻ ഇന്നേവരെ ഒരു വാരികയ്ക്കും സാധിച്ചിട്ടില്ല. പുതിയ എഴുത്തുകാരെ അണി നിരത്തിക്കൊണ്ട് നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്.
സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകൾ ഇന്ത്യയിൽ അധികമില്ല. എല്ലാ കുടുംബങ്ങളിലും ഒരു കാലത്തു സജീവ സാന്നിധ്യമായിരുന്നു മംഗളം വാരിക. ഇതിനായി കാത്തിരിക്കുന്ന ഒരു തലമുറ ഉണ്ടായിരുന്നു. 1969ൽ എംസി വർഗീസ് ആണ് മംഗളം മാസിക ആരംഭിച്ചത്. മംഗളം പബ്ലിക്കേഷൻസാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 
നേരത്തെ മംഗളം ഗ്രൂപ്പിൽ നിന്നുള്ള ബാലമംഗളവും സിനിമ മംഗളവും ജ്യോതിഷ ഭൂഷണവും പ്രസിദ്ധീകരണം നിർത്തിയിരുന്നു. നിർത്തിയ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റൽ എഡിഷനുകൾ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില ഉയർന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് മാനേജ്‌മെന്റ് പറയുന്നു. വില ഉയർത്തിയിൽ ചെറിയ രീതിയിലെങ്കിലും പിടിച്ചു നിൽക്കാനാകുമായിരുന്നുവെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാൽ ഈ രംഗത്തുള്ള മറ്റു പ്രസിദ്ധീകരണങ്ങൾ വില വർധിപ്പിക്കാതിരുന്നതോടെ ആ തീരുമാനത്തിൽ നിന്നും മാനേജ്‌മെന്റ് പിൻമാറിയതായാണ് അറിയുന്നത്. എന്നാൽ ഈ കാലത്തും വില 10 രൂപ മാത്രമായിരുന്നു. ഡിജിറ്റലിലെങ്കിലും തുടരുമെന്ന്് കരുതാം. 
1990ലാണ് മംഗളം പത്രത്തിന്റെ കോഴിക്കോട് പതിപ്പിന് വേണ്ടി പത്രപ്രവർത്തകരെ പരിശീലിപ്പിക്കുന്ന പരിപാടി കോട്ടയം കുമരനെല്ലൂർ കമ്യൂണിറ്റി ഹാളിൽ നടന്നത്. അതായത് പൈങ്കിളി വാരികകളുടെ സുവർണ കാലത്ത്.  നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ.എം റോയ് അന്നു പറഞ്ഞു. 'വെസ്റ്റിൽ പൾപ്പ് ജേണലിസം എന്നു പറയുന്ന വിഭാഗത്തിൽ പെടുന്ന സാഹിത്യ ശാഖയാണിത്. ഈ ട്രെൻഡ് എത്ര കാലം നിൽക്കുമെന്നൊക്കെ ആർക്കും ഉറപ്പിക്കാനാവില്ല. ഓരോ കാലഘട്ടത്തിലും വായനക്കാരുടെ അഭിരുചി മാറിക്കൊണ്ടേയിരിക്കും' അതു തന്നെയാണ് സംഭവിച്ചതും. വാരികകളിൽ വന്നിരുന്ന റബർ തോട്ടവും സ്വർണ ചെയിനിട്ട സമ്പന്ന കുമാരനും പാവം പെൺകുട്ടിയുമായുള്ള വിവാഹവുമെല്ലാം ചാനലുകളിലേക്ക് മാറി. കുറച്ചു കൂടി എരിവ് പകരാൻ ക്രൂരയായ അമ്മായി അമ്മയും അൺ ലിമിറ്റഡ് അവിഹിതവുമുണ്ട്. അച്ചടി പ്രസിദ്ധീകരണങ്ങളെ പ്രയാസത്തിലാക്കുന്നത് ന്യൂസ് പേപ്പർ പ്രിന്റ് ക്ഷാമവും വിലക്കയറ്റവും മാത്രമല്ലെന്ന് ചുരുക്കം. 

                                 ****           ****           ****

സമൂഹമാധ്യമങ്ങളിൽ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പ്രചോദനാത്മകമായ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. ഇത്തരത്തിൽ രണ്ട് ആമകളുടെ വീഡിയോയാണ് അദ്ദേഹം ഇപ്പോൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
മലർന്ന് പോയ ഒരു ആമയ്ക്ക് കമഴ്ന്ന് പോകാനും നീങ്ങാനും സാധിക്കുന്നില്ല. ഏറെ പരിശ്രമിക്കുന്നുണ്ടെങ്കിലും കമഴ്ന്ന് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ആമ. ഇതു കണ്ട് തൊട്ടുപിറകേ വരുന്ന ആമ തന്റെ സുഹൃത്തിനെ സഹായിക്കുകയാണ്. മലർന്ന് പോയ ആമയെ പിന്നിൽനിന്ന് തട്ടി കമഴ്ന്ന് പോകാൻ സഹായിക്കുന്നത് വീഡിയോയിൽ കാണാം.


സൗഹൃദത്തെക്കുറിച്ചുള്ള മനോഹരമായ സന്ദേശവും ആനന്ദ് മഹീന്ദ്ര വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചു. 'ടേണിംഗ് ടർട്ടിൽ' എന്ന പ്രയോഗത്തിന്റെ അർഥം തലകീഴായി മറിച്ചിടുക എന്നാണ്. എന്നാൽ ഈ വീഡിയോ കണ്ടതിന് ശേഷം അവശ്യ സമയത്ത് സുഹൃത്തിനെ സഹായിക്കുക എന്നൊരു അർഥവും 'ടേണിംഗ് ടർട്ടിൽ' എന്ന പ്രയോഗത്തിന് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന്, എഴുന്നേൽക്കാനും സ്വന്തം കാലിൽ നിൽക്കാനും നിങ്ങളെ സഹായിക്കുന്ന ഒരു സുഹൃത്തിനെ ലഭിക്കുകയെന്നതാണ്- അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 'അമേസിംഗ് നേച്ചർ' എന്ന ട്വിറ്റർ ഹാൻഡിൽ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ എട്ട്‌ലക്ഷത്തി നാലായിരത്തിലധികം കാഴ്ചക്കാരെയും 19,000ൽ അധികം കമന്റുകളും നേടി. ആനന്ദ് മഹീന്ദ്രയ്ക്ക് ഒമ്പത് മില്യൺ ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്.


                          ****           ****           ****

കെഎസ്ആർടിസി സ്വിഫ്റ്റ് നിരത്തിലിറങ്ങിയപ്പോൾ പല തരം വാർത്തകളാണ്  സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ശ്രദ്ധ നേടിയത്  അതിനായി വഴിമാറി കൊടുത്ത കെ.എസ്.ആർ.ടി.സിയിലെ സൂപ്പർ സ്റ്റാർ  ചങ്ങനാശേരി-വേളാങ്കണ്ണി സൂപ്പർ എക്‌സ്പ്രസ് ബസ് ജീവനക്കാരുടെ വികാരനിർഭരമായ വിടവാങ്ങലാണ്.  മറ്റൊരു ബസിനും ലഭിക്കാത്ത യാത്രയയപ്പാണ് ഈ ബസിന് ലഭിച്ചത്. ബസിന് മേൽ തലവെച്ച് കരയുന്ന ഡ്രൈവർ പൊന്നുക്കുട്ടന്റെ  ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചു. പാലക്കാട് മുതൽ ബസ് ഓടിക്കുന്ന പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നു, കണ്ടക്ടർ ചങ്ങനാശേരി ഡിപ്പോയിലെ ബിനോ മോൻ എന്നിവരുടെ യാത്ര പറച്ചിൽ ചിത്രങ്ങളാണ് വൈറലായത്. യാത്രക്കാരുടെ പ്രിയപ്പെട്ട ബസ് ആയിരുന്നു ഇത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് ചങ്ങനാശേരിയിൽ നിന്നാണ്  ബസ് പുറപ്പെട്ടിരുന്നത്. 1999 ലാണ് ബസ് സർവീസ് ആരംഭിച്ചത്. സമൂഹമാധ്യമ കൂട്ടായ്മകളും ബസ് ജീവനക്കാരും തുടങ്ങി ഒട്ടേറെ ആരാധകർ ഈ ബസിനുണ്ട്. കോട്ടയത്ത് നിന്നും തൊടുപുഴയിൽ നിന്നും ബസ് സർവീസ് ആരംഭിക്കണമെന്ന അഭിപ്രായം തുടക്ക കാലത്ത് ഉണ്ടായിരുന്നെങ്കിലും ചങ്ങനാശ്ശേരിയിൽ നിന്ന് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
കെ-സ്വിഫ്റ്റ് സർവീസ് തുടങ്ങുന്നതോടെ സൂപ്പർ എക്‌സ്പ്രസ് ഓട്ടം നിർത്താനായിരുന്നു തീരുമാനം. പ്രതിദിനം അര ലക്ഷം രൂപയിൽ അധികം വരുമാനം ലഭിക്കുന്ന സർവീസാണിത്. നാല് വർഷമായി ഈ റൂട്ടിൽ ജോലി ചെയ്തു. ഇത്രയും കാലം ഒരേ റൂട്ടിൽ. കണ്ടുമുട്ടിയത് നിരവധി ആളുകളെ, നിരവധി സൗഹൃദങ്ങൾ, ബന്ധങ്ങൾ. ഈ റൂട്ടിൽ സർവീസ് നിർത്തുമ്പോൾ വളരെയധികം വിഷമം ഉണ്ടെന്ന് ഡ്രൈവർ പറയുന്നു.
ഈ ബസിന് ഓരോ വിഷമഘട്ടത്തിലും സഹായിക്കാൻ ആളുകൾ എത്തിയിരുന്നു. ബോർഡ്, സൈഡ് കർട്ടൻ, എൽഇഡി ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങി സ്വന്തം വാഹനത്തിലേക്കെന്ന പോലെ ആളുകൾ ഈ ബസിന് വേണ്ട സൗകര്യങ്ങൾ ചെയ്തു. ഏറെ വിഷമത്തോടെയാണ്  ബസ് ജീവനക്കാരും ആളുകളും ഈ ബസിന് വിട നൽകിയത്. അതേസമയം,  വാരാന്ത്യത്തിൽ കേട്ടത് ആശ്വാസ വാർത്തയാണ്. 
ബസിനെ കെട്ടിപ്പിടിച്ചു കരഞ്ഞ പൊന്നുക്കുട്ടന്റെ കണ്ണീർ ഫലം കണ്ടു. ചങ്ങനാശേരി-വേളാങ്കണ്ണി ബസിനെ സൂപ്പർ എക്‌സ്പ്രസായി നിലനിർത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചതായി സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.  ആത്മാർഥതയും അർപ്പണ ബോധവും അംഗീകരിക്കപ്പെട്ടത് ആരെയാണ് ആഹ്ലാദിപ്പിക്കാത്തത്. പിന്നിട്ട വാരത്തിൽ കേട്ട ഏറ്റവും നല്ല വാർത്തയുമിത് തന്നെ. 

                                 ****           ****           ****

രണ്ടുതവണ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ നിന്ന്് എം.എൽ.എ ആയ ആളാണ് സി.പി.എം നേതാവ് ജോർജ് എം. തോമസ്. പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ അദ്ദേഹം കണ്ണൂരിലായിരുന്നു. മത്തായി ചാക്കോയുടേയും താമരശേരി ബിഷപ്പിന്റേയും സ്ഥലമാണ് അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. രണ്ടാഴ്്ച മുമ്പ് അവിടെ ഒരു യുവതി ഗൾഫിൽനിന്ന്് അവധിയ്‌ക്കെത്തി. ഉടൻ പാർട്ടി സഖാവുമൊത്ത്് ഒളിച്ചോടി. ഇത് വലിയ പുകിലായി. 
നമ്മുടെ മുൻ എം.എൽ.എ ഏഷ്യാനെറ്റ് ചാനലിനോട് കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞു:  ക്രിസ്ത്യൻ സമൂഹം പാർട്ടിയോട് അടുക്കുമ്പോഴുള്ള ഈ പരിപാടി നല്ലതിനല്ല. പാർട്ടി രേഖകളിൽ തന്നെ വിദ്യാസമ്പന്നരായ പെൺകുട്ടികളെ വശീകരിക്കാൻ ശ്രമമുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ടെന്നൊക്കെ അദ്ദേഹം പറഞ്ഞു. ഇതിൽ കാര്യമാത്ര പ്രസക്ത ഭാഗങ്ങൾ ഇംഗ്ലീഷിലായതിനാൽ നോർത്ത് ഇന്ത്യയിലെ ചാനലുകൾക്കും ദേശീയ മാധ്യമങ്ങൾക്കും വേണ്ടപ്പോഴൊക്കെ ഇത് ഉപയോഗപ്പെടുത്താനാവുമെന്നതാണ് ഏറ്റവും വലിയ 'നേട്ടം'. പിന്നീട് പാർട്ടി ഇടപെട്ട്് തിരുത്തിയെന്നത് വേറെ കാര്യം. കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കർ എം. ബി രാജേഷ് പറയുന്നു.  ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയതാണ്. 
മുൻ എം എൽ എ ജോർജ് എം. തോമസിന് നാക്കു പിഴച്ചതാകാമെന്നും എം.ബി രാജേഷ്  പറഞ്ഞു. നിരവധി മിശ്ര വിവാഹങ്ങൾ ഇവിടെ നടക്കുന്നുണ്ട്. കേരളത്തിൽ വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതരവാദികളും ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്രവിവാഹം നടക്കുന്നത്. അവർക്ക് മറ്റ് അരക്ഷിതത്വം ഇല്ലാത്തതുമായ പ്രദേശവും കേരളമാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് മിശ്രവിവാഹങ്ങളെ വർഗീയ വത്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുക്കുകയും ഒറ്റപ്പെടുത്തുകയും വേണം. ജോർജ് എം. തോമസിന്റെ പ്രതികരണം പാളിപ്പോയതാകാമെന്നാണ് താൻ കരുതുന്നത്. മതനിരപേക്ഷ ജീവിതം സാധ്യമായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ലൗ ജിഹാദ് എന്നൊന്ന് പാർട്ടി രേഖയിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ തനിക്ക് സാധിക്കും. താൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ആളാണെന്നും എം.ബി രാജേഷ് പറഞ്ഞു.കോമഡി ഇതൊന്നുമല്ല. രണ്ടു മതക്കാരായ പുരുഷനും സ്ത്രീയും ഒളിച്ചോടി പോയതിന് പാർട്ടി മുൻകൈയെടുത്ത് കോടഞ്ചേരിയിൽ വിശദീകരണ യോഗം സംഘടിപ്പിക്കുക. ലൗ ജിഹാദ് എന്ന ശീർഷകം നൽകി ശ്രോതാക്കളെ യോഗത്തിലേക്ക് ആകർഷിക്കുക. അയ്യേ, അയ്യേ. ഈ കേസിൽ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച താമരശേരി കോടതിയിൽ കമിതാക്കൾ ഹാജരായതിന്റെ രണ്ടാം നാളിലായിരുന്നു വിശദീകരണ പൊതുയോഗം.  

                                   ****           ****           ****

അവിയൽ സിനിമയിലെ നായികമാരിൽ ഒരാളായ ഗോവ  സ്വദേശിനി കേതകി നാരായണന് കേരളം വല്ലാതങ്ങ് പിടിച്ചു.  പൂനെയിൽ ബീഫ് കിട്ടില്ലെന്നും അത് കേരളത്തിൽ കിട്ടുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും കേതകി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
 'നേരത്തേയും കേരളത്തിൽ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങൾക്ക് പൂനെയിൽ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തിൽ എത്തിയ സമയം മുതൽ ഞാൻ തട്ടുകട അന്വേഷിക്കുകയായിരുന്നു'.
നടി മലയാളത്തിൽ വീരം എന്ന ചിത്രം നേരത്തെ ചെയ്തിട്ടുണ്ട്. മറാഠിയിലും ഹിന്ദിയിലും ചില സിനിമകളും വെബ് സീരീസും ചെയ്തിട്ടുണ്ട്. 'അവിയലി'ലേക്ക്  വിളിക്കുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസർ മേഘയാണ്. അവിയൽ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോൾ ഫുഡ് മൂവി ആണോ എന്നാണ് ആദ്യം ചോദിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കഥ മുഴുവനായി പറഞ്ഞത്. എന്നെ സംബന്ധിച്ച് കഥ എക്‌സൈറ്റിങ് ആയിരുന്നു. ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവിയൽ തിയേറ്ററുകളിൽ  പ്രദർശനം തുടരുകയാണ്.സിനിമയിൽ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്‌സ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് സാധിച്ചിരുന്നില്ല. ജീവിതത്തിൽ സിനിമ എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു. അവിടെ എത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നു.അവിയലും പെർഫോമൻസുമൊന്നുമല്ല കാര്യം. ഉള്ളത് തുറന്നു പറയുന്ന കേതകിയെ കണ്ടുപഠിക്കണം ഒമർ ലുലുവും കൂട്ടരും. നോമ്പു കാലത്ത് അളകാപുരിയും പാരഗണും തുറന്നു പ്രവർത്തിക്കുന്ന കോഴിക്കോട്ടെത്തിയിട്ട്് ബിരിയാണി കിട്ടാത്തതിൽ വിലപിക്കുകയാണല്ലോ ഒമറിക്ക.
 

Latest News