Sorry, you need to enable JavaScript to visit this website.

പോക്കറും മയമുവും: സോക്കർ ഉൽസവത്തിനിടെ മറന്നുപോയോ മലപ്പുറം, ഇവരെ?

സന്തോഷ് ട്രോഫിക്ക് കൊടിയേറിയ മലപ്പുറത്തിന്റെ ഓർമകളിലേക്ക് പഴയ കുറെ കളിക്കാരുടെ പന്ത് ഉരുണ്ടുവരുന്നു. സന്തോഷ് ട്രോഫിയെക്കുറിച്ച് മലപ്പുറത്തിരുന്ന് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിലെത്തുക യു. ഷറഫലി, അനസ് എടത്തൊടിക എന്നിവരുടെ പേരുകളാണ്. എന്നാൽ, അറുപത് വർഷം മുമ്പ് ഒറീസക്കു വേണ്ടി സന്തോഷ് ട്രോഫി കളിച്ച രണ്ട് മലപ്പുറത്തുകാരുണ്ട്. ഒരു പക്ഷെ, പുതു തലമുറ അറിയാത്ത രണ്ടു പേർ  മലപ്പുറത്തെ മൈലപ്പുറം സ്വദേശി കക്കാടൻ മയമുവും കാളന്തട്ട സ്വദേശി ടി. പോക്കറുമാണ്  ആ താരങ്ങൾ.

മയമു 1958 ലും പോക്കർ 1961 മുതൽ 64 വരെയുമാണ് ഒറീസക്കു വേണ്ടി കളിച്ചത്. മലപ്പുറം കണ്ട ആ മികച്ച ഫുട്ബാളർമാർ ഇരുവരുമിപ്പോൾ ജീവിച്ചിരിപ്പില്ല. അമ്പതുകളിൽ കേരളത്തിലെ തന്നെ മികച്ച ടീമുകളിലൊന്നായിരുന്ന മലപ്പുറം എം.ആർ.ഇ
(മൊയ്തു റബ്ബർ എസ്റ്റേറ്റ് ) ടീമിന്റെ എണ്ണപ്പെട്ട കളിക്കാരനായിരുന്നു മയമു. മലപ്പുറത്തെ പ്രതിഭാശാലികളായ കാൽപന്ത് താരങ്ങൾ ആലിക്കുട്ടി, അബൂബക്കർ എന്നിവരുടെ ബന്ധുവായ മയമു, മലപ്പുറം ഹൈസ്‌കൂൾ ടീമിൽ നിന്നാണ് കാൽപന്ത് കളിയുടെ ബാലപാഠം അഭ്യസിച്ചത്.  
മലപ്പുറത്തെ ഫുട്‌ബോൾ ഇതിഹാസം അയമുവാണ് മയമുവിലെ പന്തുകളിക്കാരനെ കണ്ടെത്തി പ്രോൽസാഹിപ്പിച്ചത്. അയമുവിന്റെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിച്ച മയമു, താമസിയാതെ അയമു കളിക്കുന്ന എം.ആർ.ഇയുടെ ഭാഗമായി. 
അയമു ,ആലിക്കുട്ടി, അബൂബക്കർ, ഒളിംപ്യൻ റഹ്മാൻ എന്നിവരോടൊത്തുള്ള എം ആർ ഇയിലെ കളി മയമുവിനെ മിടുക്കനായ കളിക്കാരനാക്കി. കേരളത്തിലെ ആ കാലത്തെ പ്രശസ്ത ടൂർണമെന്റുകളായിരുന്ന കണ്ണൂർ ശ്രീ നാരായണ, കോഴിക്കോട് നാഗ്ജി, തൃശൂർ ചാക്കോള തുടങ്ങിയവയിൽ എം.ആർ.ഇ ക്കുവേണ്ടി മയമു  ഉജ്വല പ്രകടനം കാഴ്ചവെച്ചു. 1953 ൽ പ്രഥമ ചാക്കോള ട്രോഫിയിൽ എം.ആർ.ഇ മുത്തമിട്ടപ്പോൾ മയമു ടീമംഗമായിരുന്നു. ഇടക്ക് കോഴിക്കോട് യൂനിവേഴ്സലിനും മലബാർ ഇലവനും കളിച്ചു. 1956 ൽ മലപ്പുറത്ത് വെച്ച് മയമുവിന്റെ കളി ഒറീസ ഒ.പി.എം ക്ലബ്ബധികൃതർ കാണാനിടയായി. മയമുവിലെ മിടുക്കനായ ഫുട്‌ബോളറെ മോഹിച്ച അവർ അയാളെയും കൊണ്ടാണ്   ഒറീസയിലേക്ക് വണ്ടി കയറിയത്.


ഇന്ത്യയിലെ പേരും പെരുമയുമുള്ള കൊൽക്കത്ത ഐ. എഫ്. എ ഷീൽഡടക്കമുള്ള  ടൂർണമെന്റുകളിൽ  കളിച്ച മയമു,റായിപ്പൂർ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പ്, ബീഹാറിലെ റെയിൽവേ ട്രോഫി എന്നിവയടക്കം നിരവധി ടൂർണമെന്റുകളിൽ ഒറീസ ഒ പി എം  ജേതാക്കളായപ്പോൾ   ടീമിന്റെ ഭാഗമായിരുന്നു. പതിനൊന്ന് വർഷത്തോളം ഒ.പി.എമ്മിന്റെ കുപ്പായമിട്ട ആ മലപ്പുറത്തുകാരൻ 1958 ലെ സന്തോഷ് ട്രോഫിയിലാണ് ഒറീസ സ്റ്റേറ്റിന് കളിച്ചത്. ഒ.പി.എം ക്ലബ്ബിനു വേണ്ടി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലാലപത്ര, സാമുൽ, ഗോലക്, താരിഖ് ഹസൻ,ഡി.കെ.ഭൗമിക് ,
സിംഗ് ദേവ്, പുനം ചന്ദ് തുടങ്ങിയ പ്രഗൽഭ ഫുട്‌ബോളർമാരോടൊപ്പം കളിച്ചു. ടീമിൽ ആക്രമണ നിരയിലായിരുന്നു മയമുവിന്റെ സ്ഥാനം.ഷാർപ്പ് ഷൂട്ടറായിരുന്ന മയമുവിന്റെ കേളീശൈലിയെ ഈസ്റ്റ് ബംഗാൾ താരമായിരുന്ന ബലറാമിനോടായിരുന്നു ഒറീസൻ പത്രങ്ങൾ വിശേഷിപ്പിച്ചിരുന്നത്. 1966 വരെ ഒ.പി.എം ടീമിനു പന്ത് തട്ടിയ മയമു ,1979 ലാണ് പേപ്പർമിൽ കമ്പനിയോട് വിട പറഞ്ഞത്. 
റിട്ടയർമെന്റിനു ശേഷം മലപ്പുറം എം.ആർ.ഇ ടീമിന്റെ ഉടമയായിരുന്ന കിളിയമണ്ണിൽ മൊയ്തു ഹാജിയുടെ ചെന്നൈയിലുള്ള ഹോട്ടലിൽ മാനേജറായി ജോലി ചെയ്തു. പിന്നീട് നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്നതിനിടയിൽ 2006 മാർച്ച് പത്തൊൻപതിനാണ് മരണപ്പെട്ടത്.
തുടർച്ചയായി നാല് തവണ (1961-64 )  സന്തോഷ് ട്രോഫിയിൽ ഒറീസക്ക് പന്ത് തട്ടിയ താരമാണ് തങ്ങളകത്ത് പോക്കർ. ഫുട്‌ബോളിൽ എന്ന പോലെ അത്‌ലറ്റിക്‌സിലും തിളങ്ങി എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.  പോക്കറിന് പകരം വെക്കാൻ അതുപോലൊരു കായിക പ്രതിഭ പിന്നീട് മലപ്പുറത്ത്  പിറവി കൊണ്ടിട്ടില്ല. മലപ്പുറത്ത്് ആദ്യമായി ഹോക്കി സ്റ്റിക്കേന്തിയ കളിക്കാരനും പോക്കർ തന്നെ.
അത്‌ലറ്റിക്‌സിൽ ദേശീയ മീറ്റിലേക്കുയരുകയും സന്തോഷ് ട്രോഫിയിൽ ഒറീസക്കുവേണ്ടി തുടർച്ചയായി നാലു തവണ കളിക്കുകയും  ചെയ്ത  പോക്കർ, നിരവധി കായിക പ്രതിഭകൾക്ക് ജന്മം നൽകിയ കോട്ടപ്പടി ഗവർമെന്റ് ഹൈസ്‌കൂളിന്റെ  സന്തതിയാണ്. 1957-58ൽ സംസ്ഥാന സ്‌കൂൾ ഫുട്‌ബോളിൽ കിരീടം ചൂടിയ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ടീമംഗമായിരുന്നു. പിന്നീട് 100, 200 മീറ്റർ ഓട്ടത്തിലും ലോംഗ്ജമ്പിലും കോഴിക്കോട് ഡിസ്ട്രിക്ട് ജേതാക്കളായി. ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലത്ത് മലപ്പുറത്തെ സെവൻസ് ടീമിൽ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയുമുണ്ടായി.സെവൻസിലെ  കളി മികവ് പോക്കറിനെ കോഴിക്കോട് സിറ്റി കംപാനിയൻസിലെത്തിച്ചു.1955 മുതൽ 58 വരെ കംപാനിയൻസിന് കളിച്ചു. തുടർന്ന് ഏതാനും മാസം പാലക്കാട് ഡൈനാമോസിന്റെ ജഴ്‌സിയണിഞ്ഞു. 1959ൽ സ്‌പോർട്‌സ് ക്വാട്ടയിൽ മലബാർ സ്‌പെഷ്യൽ പോലീസിലേക്ക് തെരഞ്ഞെടുത്തു. എം.എസ്.പിയിലെ പതിനൊന്ന് മാസ
ത്തെ സർവീസിനിടയിൽ ഓട്ടത്തിലും ചാട്ടത്തിലും മികച്ച നേട്ടങ്ങൾ കൊയ്തു.1959ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അത്‌ലറ്റിക്‌സ്മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും ലോംഗ്ജമ്പിലും ഒന്നാം സ്ഥാനം നേടി ദേശീയ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥകാരണം നാഷനൽ മീറ്റിൽ പങ്കെടുക്കാനായില്ല. നൂറു മീറ്ററിൽ തിരുവനന്തപുരത്ത് പോക്കർ സ്ഥാപിച്ച റെക്കോർഡ് ഒന്നര പതിറ്റാണ്ടിനു ശേഷമാണ് തകർക്കപ്പെട്ടത്.
1960 ൽ, മലപ്പുറത്തുകാരനും ഒറീസ പേപ്പർ മിൽ കളിക്കാരനുമായിരുന്ന കക്കാടൻ മയമുവിന്റെ  ക്ഷണപ്രകാരം ഒറീസയിലേക്ക് പോയി. ഒറീസ പേപ്പർ മില്ലിനാണ് ആദ്യമായി പന്ത് തട്ടിയത്. തൊട്ടടുത്ത വർഷം ഒറീസയിലെ കലിംഗ ട്യൂബ്‌സ് ക്ലബ്ബിൽ ചേക്കേറി. 
ചുരുങ്ങിയ കാലം കൊണ്ട്  കലിംഗയുടെ എണ്ണപ്പെട്ട കളിക്കാരനായി. തുടർന്ന് ആറു വർഷത്തോളം  കലിംഗയുടെ ജഴ്‌സിയണിഞ്ഞു. ആ കാലയളവിലാണ് നാല് തവണ ഒറീസ സ്റ്റേറ്റിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചത്.  ഒറീസക്കു വേണ്ടി മികച്ച കളിയാണ് സന്തോഷ് ട്രോഫിയിൽ പോക്കർ പുറത്തെടുത്തത്. 
1967ൽ കലിംഗ വിട്ട് കർണാടകയിലെ കോലാർ ബി.ജി.എം.എല്ലിൽ ചേർന്നു. ആ ടീമിലെ ആറു വർഷ കാലത്തെ മികച്ച അത് ലറ്റ് പോക്കറായിരുന്നു. മൂന്നര പതിറ്റാണ്ടുകാലത്തെ കായിക ജീവിതത്തിനിടയിൽ നാല് ടീമുകൾക്കു വേണ്ടി രാജ്യത്തെ പ്രശസ്ത ടൂർണമെന്റുകളായ ഡൽഹി ഡ്യൂറാന്റ്, കൽക്കത്ത ഐ.എഫ്.എ ഷീൽഡ്, ബാംഗ്ലൂർ സ്റ്റാഫോർഡ്,കോഴിക്കോട് സേട്ട് നാഗ്ജി തുടങ്ങിയവയിൽ കളിച്ചിട്ടുണ്ട്.


അപാര വേഗമുള്ള ഓട്ടക്കാരനായതിനാൽ 'പറക്കും പോക്കർ' എന്നാണ് ആ ഫുട്‌ബോളർ കായിക വേദികളിൽ അറിയപ്പെട്ടത്. ഫുട്‌ബോളിൽ മുന്നേറ്റ നിര താരമായിരുന്നു 
ആ മികച്ച ഓട്ടക്കാരൻ. നല്ല വേഗത്തിൽ ഓടാനുള്ള കഴിവ് മുന്നേറ്റനിര താരമായ പോക്കർക്ക് ഏറെ ഗുണം ചെയ്തു. കൊള്ളിമീൻ കണക്കെയുള്ള പോക്കറിന്റെ കുതിപ്പ് എതിർ ടീമിന്റെ ഡിഫന്റർമാർക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.  
ഒരിക്കൽ സേട്ട് നാഗ്ജിയിൽ ശരവേഗത്തിൽ മുന്നേറി സാക്ഷാൽ ഒളിംപ്യൻ നാരായണ (ബോംബെ ടാറ്റാ മിൽസ്)ന്റെ ഗോൾ വല ചലിപ്പിച്ച അനുഭവം പോക്കറിനുണ്ട്. പോക്കരുടെ ആ സുന്ദര ഗോൾ കളിപ്രേമികൾക്കിടയിൽ ആ കാലത്ത് ഏറെ ചർച്ചയായിരുന്നു.
ഇന്ത്യക്ക് കളിച്ച ഐ എസ് എൽ താരം മശ്ഹൂർ ഷെരീഫ് (നോർത്ത് ഈസ്റ്റ് യുനൈറ്റഡ്) പോക്കറിന്റെ സഹോദരപുത്രനായ മുഹമ്മദ് ഷെരീഫിന്റെ (കാവുങ്ങൽ) മകനാണ്. വിശ്രമ ജീവിതത്തിനിടെ അറുപത്തിരണ്ടാം വയസ്സിൽ 2001 ജൂൺ അവസാനത്തിലാണ് പോക്കർ മരണപ്പെടുന്നത്.
ഇതര സംസ്ഥാനങ്ങൾക്ക് സന്തോഷ് ട്രോഫി കളിച്ച മുൻകാല കളിക്കാരിൽ പലരെയും നാം ഓർക്കാറുണ്ടെങ്കിലും മയമുവും പോക്കറും വിസ്മൃതിയിലാണിന്ന്. മലപ്പുറം നടാടെ സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്ന വേളയിലെങ്കിലും മലപ്പുറത്തിന്റെ ആ അഭിമാന താരങ്ങൾ സ്മരിക്കപ്പെടട്ടെ.

Latest News