Sorry, you need to enable JavaScript to visit this website.

രമണീയം, സുജാതന്റെ രംഗപടങ്ങൾ

കാലാതിവർത്തികളായ അൻപതു നാടകങ്ങളുടെ രംഗപടങ്ങൾ ആർട്ടിസ്റ്റ് സുജാതൻ പുനരാവിഷ്‌കരിക്കുന്നു. കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൊരുക്കിയ മൂന്നു സെറ്റുകളിൽ ഒന്നാണ് ആദ്യത്തേത്. പ്രധാന സെറ്റായ പരമുപിള്ളയുടെ വീടിന്റെ രംഗപടമാണ് വീണ്ടുമൊരുക്കുന്നത്. എൻ.എൻ.പിള്ളയുടെ ക്രോസ് ബെൽറ്റ്, എസ്. എൽ.പുരം സദാനന്ദന്റെ കാട്ടുകുതിര, ചങ്ങനാശ്ശേരി ഗീഥയുടെ ഏഴ് രാത്രികൾ, കാട്ടുതീ, കായംകുളം കേരള ആർട്‌സ് തിയേറ്ററിന്റെ രാമരാജ്യം തുടങ്ങിയ നാടകങ്ങളുടെ രംഗപടങ്ങളും പൂർത്തിയായിവരികയാണ്. രണ്ടര മീറ്റർ നീളവും ഒന്നേകാൽ മീറ്റർ വീതിയിലും പെയിന്റിങ്ങിന് ഉപയോഗിക്കുന്ന കട്ടിയുള്ള തുണിയിലാണ് രംഗപടമൊരുക്കുന്നത്. 

രംഗപടം ആർട്ടിസ്റ്റ് സുജാതൻ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. മലയാള നാടകവേദിയുടെ അൻപതുവർഷത്തെ ചരിത്രം ഒരു പേരിൽ ഒതുക്കണമെങ്കിൽ ആർട്ടിസ്റ്റ് സുജാതൻ എന്നെഴുതിയാൽ മതി. സുജാതന്റെ രംഗപടമില്ലാതെ നാടകങ്ങളില്ല എന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കൈവരകൊണ്ട്  കലയുടെ മായികത തീർത്ത കലാകാരൻ. പോയകാലത്തിന്റെ കളിത്തട്ടിൽ ജീവിതം ആടിത്തീർത്ത പല കലാകാരൻമാരും ഓർമ്മകളിൽനിന്നുപോലും മാഞ്ഞുപോയ കാലത്താണ് അൻപതു വർഷത്തോളമായി ഈ കലാകാരൻ അരങ്ങിൽ നിലകൊള്ളുന്നത്. ഒരുപാട് ജീവിതങ്ങൾ, അവരിൽ വാണവരേയും വീണവരേയും കണ്ട അനുഭവങ്ങൾ സ്വായത്തമാക്കിയ മനുഷ്യൻ.
അര നൂറ്റാണ്ടിലേറെയായി താൻ സൃഷ്ടിച്ച രംഗപടങ്ങൾ പുനരാവിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോൾ. ഓടുന്ന ബസ്സും ഓടിമറയുന്ന പ്രകൃതിദൃശ്യങ്ങളുമെല്ലാം ആവിഷ്‌കരിച്ച ആ വിരലുകൾ നാലുകെട്ടും തറവാടുകളും വിമാനവുമെല്ലാം വേദിയിൽ ഒരുക്കി. തീവണ്ടി കമ്പാർട്ടുമെന്റ് ബോംബിട്ട് തകർക്കുന്നതും ശൂന്യാകാശ പേടകവും അന്യഗ്രഹജീവികളും ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയും മുകളിലേയ്ക്കുള്ള ലിഫ്റ്റും കെ.എസ്.ആർ.ടി.സി ബസിന്റെ ഉൾഭാഗവും കടലിൽ കുതിച്ചുപായുന്ന ബോട്ടുമെല്ലാം വരച്ച് നമ്മെ വിസ്മയിപ്പിച്ച കലാകാരൻ. വിസ്മൃതിയിലേയ്ക്കു പോയ രംഗപടങ്ങൾ വീണ്ടും ആവിഷ്‌കരിക്കുന്നതിലൂടെ നാടകകലയുടെ വളർച്ചയ്ക്കും അതൊരു മുതൽക്കൂട്ടാകുമെന്ന്് അദ്ദേഹം വിശ്വസിക്കുന്നു.


കാലാതിവർത്തികളായ അൻപതു നാടകങ്ങളുടെ രംഗപടങ്ങളാണ് ആർട്ടിസ്റ്റ് സുജാതൻ പുനരാവിഷ്‌കരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ ഏറെ ചലനങ്ങളുണ്ടാക്കിയ കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൊരുക്കിയ മൂന്നു സെറ്റുകളിൽ ഒന്നാണ് ആദ്യത്തേത്. പ്രധാന സെറ്റായ പരമുപിള്ളയുടെ വീടിന്റെ രംഗപടമാണ് വീണ്ടുമൊരുക്കുന്നത്. എൻ.എൻ.പിള്ളയുടെ ക്രോസ് ബെൽറ്റ്, എസ്.എൽ.പുരം സദാനന്ദന്റെ കാട്ടുകുതിര, ചങ്ങനാശ്ശേരി ഗീഥയുടെ ഏഴ് രാത്രികൾ, കാട്ടുതീ, കായംകുളം കേരള ആർട്‌സ് തിയേറ്ററിന്റെ രാമരാജ്യം തുടങ്ങിയ നാടകങ്ങളുടെ രംഗപടങ്ങളും പൂർത്തിയായിവരികയാണ്.
രണ്ടര മീറ്റർ നീളവും ഒന്നേകാൽ മീറ്റർ വീതിയിലും പെയിന്റിങ്ങിന് ഉപയോഗിക്കുന്ന കട്ടിയുള്ള തുണിയിലാണ് രംഗപടമൊരുക്കുന്നത്. നാടകങ്ങളുടെ രംഗപടങ്ങൾക്ക് പരമാവധി രണ്ടുവർഷത്തെ ആയുസ്സേ ഉണ്ടാകൂ. അപൂർവ്വം ചില നാടകങ്ങൾ മാത്രമേ രണ്ടുവർഷത്തിലേറെ കളിക്കുകയുള്ളു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണയും തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസയും പോലുള്ളവ. പുതിയ നാടകങ്ങൾ ഒരുക്കുമ്പോൾ പഴയ രംഗപടമെല്ലാം ഒഴിവാക്കും. കർട്ടനും കട്ടൗട്ടുകളുമെല്ലാം അതോടെ വിസ്മൃതിയിലേയ്ക്കു മായും. ഇവ കാത്തുസൂക്ഷിക്കാൻ ചിത്രകാരനും പരിമിതികളുണ്ട്. ചന്തുമേനോന്റെ ഇന്ദുലേഖ പോലുള്ള നാടകങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെങ്കിലും അവയുടെ രംഗപടങ്ങളൊന്നും സൂക്ഷിക്കാനായിട്ടില്ല. പലതും ഓർത്തെടുത്ത് വരയ്ക്കുകയാണ്. വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഭാവിതലമുറയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽനിന്നാണ് ഈയൊരു ആശയം ഉരുത്തിരിഞ്ഞുവന്നത്- സുജാതൻ പറയുന്നു.
അഛൻ ആർട്ടിസ്റ്റ് കേശവനിൽനിന്നാണ് വരയുടെ ബാലപാഠം അഭ്യസിച്ചത്. അഛൻ ചെയ്യാത്ത കൈത്തൊഴിലുകൾ ഒന്നുമില്ലായിരുന്നു. പന്തൽ പണി മുതൽ രംഗപടം വരെയുള്ള ജോലികൾ ചെയ്തു. കലയെ അമിതമായി സ്‌നേഹിച്ച അദ്ദേഹം ജീവിതത്തിൽ ഒന്നും സമ്പാദിച്ചില്ല. അഛന്റെ ജീവിതം കണ്ടുവളർന്ന എനിക്ക് ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം ആ അഛന്റെ മകനായതുകൊണ്ടുമാത്രമാണ് ഞാൻ ഇന്നത്തെ ആർട്ടിസ്റ്റ് സുജാതനായത്. നാടകാചാര്യൻമാരായ എൻ.എൻ. പിള്ള, കെ.ടി.മുഹമ്മദ്, തോപ്പിൽ ഭാസി, എസ്. എൽ.പുരം, വൈക്കം ചന്ദ്രശേഖരൻ, ഒ. മാധവൻ... തുടങ്ങിയവരുടെ സമകാലികനാണ് അഛൻ. സ്വന്തം പിതാവിനെ മനസ്സിലാക്കാതെ പോകുന്ന മക്കളാണ് അവരെ തള്ളിപ്പറയുന്നത്.
കെ.പി.എ.സിയുടെ കൂട്ടുകുടുംബം എന്ന നാടകത്തിൽ അഛനോടൊപ്പം പോയാണ് വരയുടെ ലോകത്ത് പിച്ചവയ്ക്കുന്നത്. അഛൻ വരയ്ക്കുമ്പോൾ നിറംകൊടുത്ത് സഹായിക്കുമായിരുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ കൊല്ലത്തെ റിഹേഴ്‌സൽ ക്യാമ്പിലെത്തുമ്പോൾ പ്രായം പതിമൂന്നാണ്. അഛന്റെ രംഗപടങ്ങൾ നാടകസമിതിക്കാർ കൊണ്ടുപോകുമ്പോൾ കൂടെ പോകും. സ്‌കൂളില്ലാത്ത ശനിയും ഞായറുമാണെങ്കിൽ കൂടുതൽ സന്തോഷം. കാരണം വേദിയുടെ മൂലയിലിരുന്ന് നാടകം കാണാമല്ലോ എന്നായിരുന്നു ചിന്ത. കാരാപ്പുഴ ഗവൺമെന്റ് സ്‌കൂളിൽനിന്നും പത്താം തരം കഴിഞ്ഞതോടെയാണ് സ്വതന്ത്രമായി വരയ്ക്കാനുള്ള ആത്മവിശ്വാസമുണ്ടായത്. പ്രോത്സാഹനം നൽകി അഛനും കൂടെയുണ്ടായിരുന്നു. പതിനേഴാം വയസ്സിലാണ് സ്വന്തമായി വരച്ചുതുടങ്ങിയത്. ക്യാമ്പുകളിൽ പോയാണ് അന്നെല്ലാം വരച്ചിരുന്നത്. പത്തുദിവസമെങ്കിലും ക്യാമ്പുണ്ടാകും. കഥകേട്ട് ഏതൊക്കെ രംഗപടങ്ങളാണ് വേദിയിൽ വരേണ്ടത് എന്ന് തീരുമാനിക്കുന്നത് ചിത്രകാരനാണ്.
കോട്ടയം നാഷണൽ തിയേറ്റേഴ്‌സിന്റെ നിശാഗന്ധി എന്ന നാടകത്തിനായിരുന്നു ആദ്യമായി രംഗപടമൊരുക്കിയത് എന്നാണോർമ്മ. രണ്ട് സെറ്റ് ഒരുക്കിയിരുന്നു. ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനടുത്ത്് പാളങ്ങൾ കടന്നുപോകുന്ന വിജനമായ പ്രദേശത്തിന്റേതായിരുന്നു ഒന്ന്. റെയിൽവേ ക്വാർട്ടേഴ്‌സായിരുന്നു മറ്റൊന്ന്. 


ഒട്ടേറെ സാമൂഹ്യ ഇടപെടലുകൾ നടത്തിയ കലാരൂപമായിരുന്നു നാടകങ്ങൾ. എന്നാൽ ഇന്നാകട്ടെ അത്തരം സാമൂഹ്യപ്രശ്‌നങ്ങൾ നാടകങ്ങൾക്ക് വിഷയങ്ങളാകുന്നില്ല. കാരണം മാറിയ സാഹചര്യങ്ങൾ തന്നെയാണ്. ഭഗവാൻ കാലുമാറി, ക്രിസ്തുവിന്റെ ആറാം തിരുമുറിവ്... തുടങ്ങിയ നാടകങ്ങൾ ഇവിടെ അരങ്ങേറിയിരുന്നു. പ്രതികരണങ്ങൾ ഉണ്ടായിട്ടും നാടകങ്ങൾ അവതരിപ്പിക്കാനായി. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ചെറിയ കാര്യങ്ങൾക്കുപോലും പ്രതികരിക്കാൻ ആവേശം കാണിക്കുന്ന ജനതയാണിവിടെയുള്ളത്. സാമൂഹ്യ വിമർശനമുള്ള നാടകങ്ങൾ ഉണ്ടാകുന്നില്ലെന്നതിന് കാരണം വേദികൾ കിട്ടുന്നില്ല എന്നതുകൊണ്ടാണ്. ആരേയും വേദനിപ്പിക്കാതെയും കുറ്റപ്പെടുത്താതെയുമുള്ള നാടകങ്ങൾക്കേ ഇവിടെ കാണികളുള്ളു. രംഗപടം സജ്ജീകരിക്കുമ്പോൾ പോലും അമ്പലമോ പള്ളിയോ മതചിഹ്‌നങ്ങളോ വരാതിരിക്കാനാണ് ശ്രമിക്കുന്നത്. കാരണം അമ്പലമാണുള്ളതെങ്കിൽ അതൊരു ഹിന്ദു പശ്ചാത്തലമുള്ള നാടകമാണെന്ന് മുദ്രകുത്തും. അത് പള്ളികളിൽ ബുക്ക് ചെയ്യില്ല. നേരെ മറിച്ചും സംഭവിക്കാം. സമൂഹം അത്രകണ്ട് സങ്കുചിതമായാണ് ചിന്തിക്കുന്നത്.
ഒരു കലാകാരൻ എന്നതിൽ ഞാനേറെ സംതൃപ്തനാണ്. കലയെ കച്ചവടമാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അരങ്ങിൽ പുതിയ പ്രതിഭകൾ ഉണ്ടാകുന്നില്ല എന്നതാണ് വിഷമം. ഇപ്പോഴും പഴയകാല കലാകാരൻമാരുടെ ചരിത്രം പേറി നിൽക്കുകയാണ്. ജീവിതാനുഭവങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരു യഥാർഥ കലാകാരൻ ഉണ്ടാകൂ. എന്റെ രംഗപടങ്ങളെല്ലാം ജീവിതാനുഭവങ്ങളോർത്തിട്ടാണ് വരച്ചിട്ടുള്ളത്. പ്രകൃതിയെ വരയ്ക്കുമ്പോൾ ചിലർ ചോദിക്കും. ഇപ്പോൾ എവിടെയാ മാഷേ ഇത്തരം സ്ഥലങ്ങൾ എന്ന്. ജീവിതത്തിൽ കണ്ടിട്ടുള്ള സ്ഥലങ്ങളാണ് വരയ്ക്കാറുള്ളത്. പ്രകൃതിയോടിണങ്ങിയ ബാല്യകൗമാരമായിരുന്നു എന്റേത്. കൊയ്ത്തും കയറുപിരിയുമായിരുന്നു അമ്മയുടെ തൊഴിൽ. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിൽ പശുക്കളെ മേയ്ക്കാൻ വിടുന്നതെല്ലാം ഇന്നും ഓർമ്മയിലുണ്ട്. അവയെല്ലാം ചിത്രങ്ങളായി പുനർജനിക്കുകയാണ്.
അൻപത്തിയഞ്ചുവർഷത്തെ അരങ്ങുജീവിതത്തിനിടയിൽ മൂവായിരത്തി അഞ്ഞൂറിലേറെ രംഗപടങ്ങൾ ഒരുക്കിയിട്ടുണ്ട്. നാനൂറ്റി അൻപതിലേറെ നാടകസമിതികളുമായി സഹകരിച്ചു. കെ.പി.എ.സിയുടെ ഭീമസേനൻ എന്ന നാടകത്തിന് ഇരുപത്തെട്ട് സെറ്റാണ് ഒരുക്കിയത്. അമ്പലപ്പുഴ സാരഥിയുടെ സമം എന്ന നാടകത്തിനാകട്ടെ പതിനാലും. രംഗപടത്തിനുള്ള ആദ്യത്തെ അവാർഡ് 1981 ലായിരുന്നു. തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസ എന്ന നാടകത്തിന്റെ രംഗപടത്തിനായിരുന്നു ഒടുവിലായി അവാർഡ് ലഭിച്ചത്. അമ്പലപ്പുഴ സാരഥിയുടെ സമം എന്ന നാടകത്തിനുവേണ്ടിയാണ് ഒടുവിൽ രംഗപടം ഒരുക്കിയത്. കൊച്ചിൻ ചൈത്രതാര ഒരുക്കുന്ന മനോജ് നാരായണൻ സംവിധാനം ചെയ്യുന്ന ഞാൻ എന്ന നാടകത്തിന്റെ രംഗപടം വരച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. എൻ.എൻ. പിള്ളയുടെ ജീവചരിത്രമാണ് ഈ നാടകത്തിന്റെ കാതൽ.
അരങ്ങിൽ രംഗപടമൊരുക്കുമ്പോഴും തന്നിൽ ഒരു നടൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത് അടുത്ത കാലത്താണ്. നാടകത്തിരക്കായിരുന്നു കാരണം. പത്തുവർഷം മുൻപ് നാടകപ്രവർത്തകനായ ഗുരുവായൂർ ദേവരാജന്റെ ഒരു ചിത്രത്തിൽ മുഖം കാണിച്ചിരുന്നു. അനിൽ നാഗേന്ദ്രന്റെ തീ, ജയരാജിന്റെ നിറയെ തത്തകൾ ഉള്ള മരം, ജോഷി മാത്യുവിന്റെ നൊമ്പരത്തിക്കൂട് എന്നീ സിനിമകളിൽ ചെറിയ വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
അഛന്റെ ഓർമ്മയ്ക്കായി വീടിനോടു ചേർന്നു നിർമ്മിച്ച ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാമന്ദിരത്തിലാണ് പുനഃസൃഷ്ടികൾ ഒരുങ്ങുന്നത്. നാടകത്തെ സ്‌നേഹിക്കുന്ന ചെറുപ്പക്കാർക്ക് ഒത്തുകൂടാനും റിഹേഴ്‌സൽ നടത്താനുമുള്ള ഒരിടം എന്ന നിലയിലാണ് ലോണെടുത്ത് ഈ സ്മാരകം നിർമ്മിച്ചത്. പണ്ട് സ്‌റ്റേജ് ഒരുക്കാനായി വെട്ടിയെടുത്ത കവുങ്ങിൻതടിയും ചുമന്ന് കിലോമീറ്ററുകൾ നടന്നിട്ടുണ്ട്. അത്തരം കഷ്ടപ്പാടുകൾ പുതിയ തലമുറയ്ക്കുണ്ടാകരുത് എന്ന ആഗ്രഹത്തിലായിരുന്നു ഇത്തരമൊരു മന്ദിരം നിർമ്മിച്ചത്. എന്നാൽ നാടകത്തെ വേണ്ടാത്തവർക്ക് എന്തിന് ഞാൻ സൗജന്യം ചെയ്യണം എന്നു തോന്നുകയാണിപ്പോൾ. ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് വഴിയൊരുക്കിയ നാടകങ്ങൾ കളിച്ച കെ.പി.എ.സിയെ അടുത്തറിയാനായി എത്തിയ ഒരു വിദേശ സംഘത്തിന് കാണിച്ചുകൊടുക്കാൻ കഴിഞ്ഞകാല നാടകങ്ങളുടെ ഒരു ശേഷിപ്പുപോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഈ അവസ്ഥ മാറണം. ഈ കലാരൂപത്തിന്റെ യവനിക ഉയർന്നുതന്നെ നിൽക്കണമെന്നാണ് എന്റെ ആഗ്രഹം.

Latest News