നോമ്പുകാലം രണ്ടാമത്തെ പത്തിൽ. പതിവിൽ കവിഞ്ഞ ജാഗ്രതയോടെ വിശ്വാസികളുടെ മനസ്സ് ആത്മീയ ചിന്തയിൽ മുഴുകുന്ന രാപ്പകലുകൾ. പരിശുദ്ധമായ വേദവാക്യങ്ങൾ അവതരിപ്പിക്കപ്പെട്ട പവിത്ര മാസം കൂടിയായതിനാൽ വിശ്വാസികൾ റമദാനിലെ ദിനരാത്രങ്ങളിൽ ഖുർആൻ പാരായണത്തിലൂടെ ഹൃദയങ്ങളെ വേദകൽപനകൾ കൊണ്ട് പരമാവധി സംസ്‌കരിച്ചെടുക്കുന്നു.
അന്ത്യ വേദം പ്രഖ്യാപിക്കുന്ന പരമസത്യം എന്താണ്? അത് മറ്റൊന്നുമല്ല. ഈ കാണുന്ന സൂക്ഷ്മവും സ്ഥൂലവുമായ സർവ ലോകങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന കാരുണ്യവാനായ സ്രഷ്ടാവിന്റെ (അറബി ഭാഷയിൽ അല്ലാഹു ) വിധിവിലക്കുകൾ പരമാവധി പാലിച്ച് അവനെ ആരാധിച്ച് ജീവിത വീഥിയിൽ കർമനിരതരാവേണം എന്നത് തന്നെ. ഖുർആനിലെ പ്രാരംഭ അധ്യായം അൽ ഫാത്തിഹ തന്നെ ആ മഹാസൗഭാഗ്യത്തിനായുള്ള ലളിത മനോഞ്ജമായ പ്രാർത്ഥനയാണ്.
തുടർന്നുള്ള നൂറ്റി പതിമൂന്ന് അധ്യായങ്ങളും ആ പ്രാർത്ഥനയിൽ ഉള്ളടക്കം ചെയ്ത വിഷയ സംബന്ധിയായ വിശദീകരണങ്ങളും മുന്നറിയിപ്പുകളും സന്തോഷ വാർത്തകളുമാണ്. മനുഷ്യ ജീവിതത്തിന്റെ ഭൂതം വർത്തമാനം ഭാവി എന്നിവയെ സംബന്ധിക്കുന്ന പല സ്വാഭാവിക ആശങ്കകൾക്കും അന്വേഷണങ്ങൾക്കും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം
കൃത്യവും സുവ്യക്തവുമായ ഉത്തരങ്ങൾ ലഭിക്കുന്ന മാർഗദർശന ഗ്രന്ഥമാണത്. മുൻകഴിഞ്ഞ ജനപഥങ്ങളിലേക്ക് വിവിധ പ്രവാചകരിലൂടെ അവതരിപ്പിക്കപ്പെട്ട അതേ സത്യത്തെ പുനരാവിഷ്‌കരിക്കുകയാണ് വേദങ്ങളുടെ അവസാന പതിപ്പായ ഈ വിശുദ്ധ ഗ്രന്ഥം ചെയ്യുന്നത്. മനുഷ്യ ചരിത്രം, സംസ്‌കാരം, വിവിധ ശാസ്ത്രങ്ങൾ തുടങ്ങിയവയിലേക്ക് വെളിച്ചം വിതറി, ഹൃദയഹാരിയായ പ്രമേയ വൈവിധ്യങ്ങളിലൂടെ മനുഷ്യ മസ്തിഷ്‌കത്തെ ചിന്തോദ്ദീപകമാക്കുകയും ഹൃദയങ്ങളെ ആർദ്രമാക്കുകയും ചെയ്യുന്ന തികച്ചും അനുപമമായ ശൈലിയാണ് ഖുർആന്റേത്.
ഒരു കഥാ പുസ്തകം പോലെ വായിച്ചുപേക്ഷിക്കാനുള്ളതല്ലല്ലോ വേദം. ഒരു കവിത പോലെ വായിച്ചാസ്വദിച്ച് അതല്ലെങ്കിൽ ചൊല്ലിക്കേട്ട് കുറിപ്പെഴുതി മറക്കേണ്ടതുമല്ല. ജീവിത ദൗത്യത്തെ തിരിച്ചറിഞ്ഞ് പാലിക്കേണ്ട നിയമ വ്യവസ്ഥയും പിൻപറ്റേണ്ട കാലാതിവർത്തികളായ അനുശാസനകളുമാണത്. ആശ നിരാശകളുടെ ചുഴികളിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കങ്ങളിലും പെട്ടുഴലുന്ന മനുഷ്യന് വഴിവിളക്കാവുന്ന അതിവിശിഷ്ടമായ വിശ്വസ്ത വിളക്കുമാടം.
മനുഷ്യ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന ദൈനംദിന ജീവിത സംബന്ധിയായ പല വിഷയങ്ങളും ഈ ഗ്രന്ഥത്തിൽ ചേതോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ജനനം, ജീവിതം, മരണം, മരണാനന്തരം, സ്വർഗം, നരകം, വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, യുദ്ധം, സമാധാനം ,സത്യം , നീതി, ധർമം, സൗന്ദര്യം, സ്വത്ത് വിഭജനം തുടങ്ങി സർവതല സ്പർശിയായ കാര്യങ്ങൾ അന്വേഷകനിൽ അതീവ വിസ്മയമുളവാക്കുന്ന തരത്തിൽ പരിവർത്തനോന്മുഖമായ ഉൾതെളിച്ചത്തോടെ ഇവിടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ആദിയും അന്ത്യവുമില്ലാത്തതാണ് അല്ലാഹു. അല്ലാത്തതെല്ലാം ആദിയും അന്ത്യവുമുള്ള കേവലം സൃഷ്ടികളാണ്. അത്തരം സൃഷ്ടികളെ ദൈവതുല്യമായി കണ്ട് ആരാധിക്കുന്നതിനെ പരിശുദ്ധ വേദം കർശനമായി വിലക്കുന്നുണ്ട്. പ്രവാചകരെയോ വിശുദ്ധ വ്യക്തികളേയോ, വസ്തുക്കളെയോ,
മറ്റു പ്രകൃതി പ്രതിഭാസങ്ങളെയോ ദൈവമായി കണക്കാക്കി ആരാധിക്കുന്നവർ തൽക്കാലം എന്ത് യുക്തി പറഞ്ഞു അവരുടെ ആരാധനാ രീതികളെ ന്യായീകരിച്ചാലും ഒടുവിലവർ തീരാനഷ്ടത്തിലാവുമെന്ന് ഖുർആനിലൂടെ വിവേകമതികളെ അല്ലാഹു നിരന്തരം ഉണർത്തുന്നുണ്ട്; താക്കീത് ചെയ്യുന്നുമുണ്ട്.
മനുഷ്യന്റെ കടമകളിൽവെച്ച് പരമപ്രധാനമായത് അവന്റെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നുള്ളതാണെന്ന് ഖുർആൻ കൃത്യമായി സമർത്ഥിക്കുന്നുമുണ്ട്.
അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന്റെ ആവശ്യകതയെ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുന്ന പരിശുദ്ധ ഖുർആൻ മിക്കയിടക്കളിലും അതോടൊപ്പം തന്നെ പരാമർശിക്കുന്ന നിർബന്ധമായും പാലിക്കേണ്ട പ്രധാന ബാധ്യത ഏതാണെന്നറിയാമോ? മാതാപിതാക്കളോട് കാരുണ്യം ചെയ്യുക എന്നുള്ളതാണത്. അല്ലാഹുവിനോടുള്ള കടമ കഴിഞ്ഞാൽ പിന്നീട് മനുഷ്യൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവന്റെ മാതാപിതാക്കളോടാണ് എന്ന് സാരം.
അന്ത്യ പ്രവാചകനായ മുഹമ്മദിലൂടെയും മുൻ പ്രവാചകരിലൂടെയും അല്ലാഹു അവതരിപ്പിച്ച വേദ സത്യമാണത്. മനുഷ്യർക്ക് നൽകിയ എക്കാലത്തേയും ഏറ്റവും പ്രധാനപ്പെട്ട കൽപനകളിൽ ഒന്നാണത്. അതുകൊണ്ടാണ് അല്ലാഹുവിനോടുള്ള കടമയെ കുറിച്ചു പറഞ്ഞ ഉടനെ തന്നെ അതോട് ചേർത്തുകൊണ്ട് മാതാപിതാക്കൾക്ക് നന്മ ചെയ്യുവാൻ അല്ലാഹു കൽപിച്ചിട്ടുള്ളത്. മാതാപിതാക്കൾ മരണപ്പെട്ടാൽ പോലും അവരോടുള്ള ബാധ്യത അവസാനിക്കുന്നില്ല. മാതാപിതാക്കളുടെ സുഹൃത്തുക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത് അവരോടുള്ള ബാധ്യതയിൽ പെട്ടതാണ് എന്ന് കാരുണ്യത്തിന്റെ പ്രവാചകൻ വിശ്വാസി സമൂഹത്തെ പഠിപ്പിച്ചത് വെറുതെയല്ല.
പരിശുദ്ധ ഖുർആനിലെ നാൽപത്തി ആറാം അധ്യായമായ അൽ അഹ്ഖാഫ് ഒരു വേള പാരായണം ചെയ്യുമ്പോൾ ഈ കാര്യം നമുക്ക് കൂടുതൽ വ്യക്തമാകും.
അതിൽ നമുക്കിങ്ങനെ വായിക്കാം: -മാതാപിതാക്കളോട് നന്നായി വർത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗർഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചു തന്നെ. ഗർഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാൽപത് വയസ്സാവുകയും ചെയ്താൽ ഇങ്ങനെ പ്രാർഥിക്കും: ''എനിക്കും എന്റെ മാതാപിതാക്കൾക്കും നീയേകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീയെന്നെ തുണയ്ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവർത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാൻ അനുസരണമുള്ളവരിൽ പെട്ടവനാണ്.''
അത്തരക്കാരിൽ നിന്ന് അവരുടെ സുകൃതങ്ങൾ നാം സ്വീകരിക്കും. ദുർവൃത്തികളോട് വിട്ടുവീഴ്ച കാണിക്കും. അവർ സ്വർഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവർക്കു നൽകിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്.
അന്നവും പാനീയവും ഒഴിവാക്കുക എന്നുള്ളത് മാത്രമല്ല വ്രതം. മറിച്ച് മനസ്സിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളെ കൂടി വൃത്തിയാക്കേണ്ടതുണ്ട്. പരിശുദ്ധമായ മനുഷ്യ ബന്ധം ഏതെന്ന് ചോദിച്ചാൽ അത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധമാണ്. മാതാപിതാക്കളെ ഏറ്റവും മാന്യമായി പരിപാലിക്കേണ്ടത്, അവരോട് ഏറ്റവും മര്യാദയോടെ പെരുമാറേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. കാരണം അത് ദൈവാരാധനയുടെ ഭാഗമാണ്. മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിക്കുന്ന തരത്തിൽ അർത്ഥശൂന്യമായ ഒരു വാക്ക് പോലും ഉപയോഗിക്കുന്നതിനെ ഖുർആൻ കർശനമായി വിലക്കുന്നു.
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാനും ആരാധിക്കാനും അവർ പ്രേരിപ്പിക്കുകയാണെങ്കിൽ ആ കാര്യത്തിൽ അവരെ അനുസരിക്കാതിരിക്കാൻ നിർദേശിക്കുന്ന ഖുർആൻ അപ്പോഴും അവരോട് ഏറ്റവും മാന്യമായ രീതിയിൽ പെരുമാറണമെന്നാണ് നിർദേശിക്കുന്നത്.
ഖുർആൻ അവതരിക്കപ്പെട്ട ഈ പുണ്യ മാസത്തിൽ വേദ സത്യങ്ങളെ ആഴത്തിൽ പഠിച്ചു മനസ്സിലാക്കുന്ന വിശ്വാസി സമൂഹം നിർബന്ധമായും ഗൗരവമായി ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമാണ് മാതാപിതാക്കളോട് സ്വീകരിക്കുന്ന സമീപന രീതികൾ. മാതാപിതാക്കൾക്ക് നോവുകാലം സമ്മാനിച്ച വല്ലതും ചെയ്തു പോയിട്ടുണ്ടെങ്കിൽ അത് തിരുത്തി പശ്ചാത്തപിച്ച് മടങ്ങാനും കൂടി ഈ പുണ്യനാളുകൾ പ്രയോജനപ്പെടുത്തണം എന്നർത്ഥം. ബന്ധങ്ങളിൽ വന്നുപോയ വീഴ്ചകൾ ശുദ്ധീകരിക്കാനുള്ള കാലം കൂടിയാണ് റമദാൻ. അതിന്റെ ഭാഗമായാണ് സമൂഹ നോമ്പുതുറയും ബന്ധു സന്ദർശനങ്ങളും ഉദാരമായ ദാനധർമാദികളും വിശ്വാസികൾക്ക് ബാധ്യതയായി ഇസ്‌ലാം കൽപിച്ചത്. മനുഷ്യ ബന്ധങ്ങളിൽ ഏറ്റവും അടിസ്ഥാനപരവും പരമപ്രധാനവുമായ ഊഷ്മള ബന്ധം സ്ഥാപിക്കേണ്ടത് മാതാപിതാക്കളോട് തന്നെയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.