കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള പ്രൊഫസർ എം. അബ്ദുൽ അലി വൈജ്ഞാനിക നവോത്ഥാനത്തിന് സമർപ്പിച്ച ജീവിതത്തിന്റെ ഉടമയാണ്. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലൊക്കെ ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച അദ്ദേഹം ശാരീരിക അവശതകളാൽ പ്രയാസപ്പെടുമ്പോഴും സമൂഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ചരിത്ര വിഭാഗം പ്രൊഫസറായിരിക്കേ ഖുർആൻ ശാസ്ത്ര സെമിനാറുകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ദിനപത്രങ്ങളിലെ സ്ഥിരം കോളമിസ്റ്റായിരുന്നു. ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം വിദ്യാർഥികളുടെ മാത്രമല്ല സഹപ്രവർത്തകരുടെയും സർവതോമുഖമായ വളർച്ചക്കും പുരോഗതിക്കും പരിശ്രമിച്ചാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. കൂടെയുള്ളവരെ വളർത്തിക്കൊണ്ടുവരുവാനും സമൂഹത്തിന് ഉപകരിക്കുന്നവരാക്കി തീർക്കുവാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.
വൈജ്ഞാനികമായും ചിന്താപരമായും ഉയർന്ന നിലവാരം പുലർത്തുന്നതോടൊപ്പം സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളും പ്രൊഫസർ അബ്ദുൽ അലിയുടെ പരിഗണനാ വിഷയമായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരിട്ടിറങ്ങിയ അദ്ദേഹം ജനസേവനത്തിന്റെ പുത്തൻ മാതൃകകളാണ് തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത്. വിദ്യാഭ്യാസ ചിന്താ മണ്ഡലങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്ന പ്രൊഫസർ അബ്ദുൽ അലി സമൂഹത്തിന്റെ വൈജ്ഞാനിക നവോത്ഥാനത്തിന്റേയും സാംസ്‌കാരിക പുരോഗതിയുടേയും മുന്നണിപ്പോരാളിയാണ് . നാട്ടിലും ഗൾഫിലും അദ്ദേഹം തുടങ്ങിവെച്ച വിദ്യാഭ്യാസ വിപ്ളവം വളർന്നു പന്തലിക്കുകയാണ്.

പല കാരണങ്ങളാൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അർഹരായ പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയും അവർക്ക് സാധ്യമാകുന്ന പ്രോൽസാഹനങ്ങൾ നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായി രൂപീകരിച്ച സംഘടനയാണ് ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ .വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ നവോത്ഥാന നായകനുമായ പ്രൊഫസർ എം. അബ്ദുൽ അലിയുടെ നേതൃത്വത്തിൽ ഖത്തറിൽ രൂപീകൃതമായ ഈ കൂട്ടായ്മ വിവിധ ഗൾഫ് രാജ്യങ്ങളിൽ സജീവമാണ്. അർഹരായ പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുകയും സമൂഹത്തിന് ബുദ്ധിപരമായ നേതൃത്വം നൽകുകയും ചെയ്യുന്ന ഈ കൂട്ടായ്മ വിദ്യാഭ്യാസ രംഗത്തും സാഹിത്യ രംഗത്തും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഗൾഫിലും നാട്ടിലുമായി ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ഈ സംഘടനയുടെ കീഴിൽ നടന്നത്.
ശാരീരിക അവശതകളാൽ യാത്രക്ക് പ്രയാസമുള്ളതിനാൽ ചെയർമാന്റെ വീട്ടുമുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഇക്കഴിഞ്ഞ ദിവസം ഒരു അവാർഡ് ചടങ്ങ് നടന്നു. തന്റെ അവസാന ശ്വാസം വരെയും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായിരിക്കണമെന്ന പ്രൊഫസർ എം. അബ്ദുൽ അലിയുടെ ദൃഢനിശ്ചയമാണ് ആ അവാർഡ് ചടങ്ങ് സാധ്യമാക്കിയത്. സംഘാടക മികവിലും പങ്കാളിത്തത്തിലും സവിശേഷമായ ചടങ്ങ് സന്ദേശ പ്രധാനവും സാമൂഹ്യ നവോത്ഥാനത്തിന്റെ പ്രസക്തി അടയാളപ്പെടുത്തുന്നതുമായിരുന്നു.
സമ്മിശ്ര കൃഷി പരിപാലന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന മിൻഹാ റഷീദ്, എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച അമാനുറഹ്മാൻ, നസ്നീൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

പ്രകൃതിയിലേക്കൊരു തിരിച്ചുപോക്കെന്ന സുപ്രധാനമായ സന്ദേശത്തിന് കരുത്ത് പകരുന്ന ഒമ്പതാം ക്ളാസുകാരി മിൻഹാ റഷീദിന്റെ പ്രവർത്തനങ്ങൾ ഏവരേയും ആകർഷിക്കുന്നതാണ്. മലപ്പുറം ജില്ലയിലെ മുന്നിയൂർ പഞ്ചായത്തിൽ റഷീദ് - ജസീല ദമ്പതികളുടെ മകളായ മിൻഹ കാർഷിക പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികവ് നിലനിർത്തുന്നതോടൊപ്പം ശാരീരിക ക്ഷമതക്കായി കരാട്ടെ പരിശീലിക്കുന്നതോടൊപ്പം സമ്മിശ്ര കൃഷി പരിപാലനത്തിന്റെയും ജൈവ കൃഷിയുടെയും ഉജ്വല മാതൃകയാണ് സമ്മാനിക്കുന്നത്. ഒന്നിനും സമയമില്ലെന്ന് വിലപിക്കുന്ന നമ്മുടെ കുട്ടികൾ അറിയേണ്ട പല കാര്യങ്ങളും ഈ ഒമ്പതാം ക്ളാസുകാരി നമ്മെ ഓർമപ്പെടുത്തും.
പഠന സമയത്തിലെ ഇടവേളയിൽ കോഴി പരിപാലനവും അവയ്ക്കുള്ള തീറ്റയും നൽകുന്നു. ഏകദേശം നാൽപതു നാടൻ കോഴികളെയും ഇരുപതു ഫാൻസി കോഴികളെയും വളർത്തുന്നുണ്ട്. അലങ്കാര ചെടി പരിപാലനമാണ് മിൻഹയുടെ മറ്റൊരു ഹോബി. വീട്ടിൽ ഏകദേശം ഏഴുപത്തിയഞ്ചോളം ചട്ടികളിലായി വിവിധ ഇനം അലങ്കാര ചെടികൾ വളർത്താനും ഈ കൊച്ചുമിടുക്കി സമയം കണ്ടെത്തുന്നു.

അലങ്കാര മത്സ്യങ്ങൾ വളർത്തലും മിൻഹയുടെ ഹോബിയാണ്. വീട്ടിൽ രണ്ട് അക്വാറിയത്തിലും മുറ്റത്തുള്ള ചെറിയ പോണ്ടിലുമാണ് അലങ്കാര മത്സ്യങ്ങളെ വളർത്തുന്നത്. രാവിലെ ട്യൂഷന് പോകുന്നതിനു മുമ്പായി അവർക്കുള്ള തീറ്റ നൽകും.
പച്ചക്കറി കൃഷിയിലും മാതൃകാപരമായ ശ്രമങ്ങൾ നടത്തുന്ന മിൻഹ റഷീദിനെ യംഗ് എൻവയൺമെന്റൽ ആക്ടിവിസ്റ്റ് അവാർഡ് നൽകിയാണ് ഗിഫ ആദരിച്ചത്. പ്രൊഫസർ അബ്ദുൽ അലി കണ്ടെത്തിയ ഈ യുവ പ്രതിഭ പുതിയ വിദ്യാർഥികൾക്ക് പ്രായോഗിക മാതൃകയാണ് .
പ്രശസ്ത സാഹിത്യകാരനും ടാലന്റ് പബ്ളിക് സ്‌കൂൾ മലയാള വകുപ്പ് മേധാവിയുമായ ശശികുമാർ സോപാനം ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
പ്രായം തളർത്താത്ത ആവേശത്തോടെ സംഘടനക്ക് ദിശാബോധവും നേതൃത്വവും നൽകുന്ന ചെയർമാൻ പ്രൊഫസർ എം. അബ്ദുൽ അലിയെ സംഘടന പ്രത്യേകം ആദരിച്ചു. മുഖ്യാതിഥി ശശികുമാർ സോപാനം അദ്ദേഹത്തിനുള്ള അവാർഡ് സമ്മാനിച്ചു. കുട്ടികൾക്കുള്ള അവാർഡുകളൊക്കെ ഗിഫ ചെയർമാൻ പ്രൊഫസർ എം. അബ്ദുൽ അലിയാണ് സമ്മാനിച്ചത്.
ഗിഫ സ്ഥാപകാംഗവും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാനുമായ ഡോ. മുഹമ്മദുണ്ണി ഒളകര ഓൺലൈനിൽ ചടങ്ങിന് ആശംസകളർപ്പിച്ചു. ഗിഫ ഓർഗനൈസിംഗ് സെക്രട്ടറി ജൗഹറലി തങ്കയത്തിൽ പരിപാടി നിയന്ത്രിച്ചു.






