Sorry, you need to enable JavaScript to visit this website.

വഴിയമ്പലം തേടി

ഒ.വി. വിജയനെപ്പോലെ  ഇത്രമാത്രം  ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത മറ്റൊരെഴുത്തുകാരനും മലയാള  സാഹിത്യ ചരിത്രത്തിലുണ്ടായിട്ടില്ല. കഥാകൃത്തും നോവലിസ്റ്റും കാർട്ടൂണിസ്റ്റും പത്രപ്രവർത്തകനും ദാർശനികനും രാഷ്ട്രീയ ചിന്തകനുമൊക്കെയായി ഇന്ത്യൻ സാംസ്‌കാരികരംഗത്ത്  നിറഞ്ഞു നിൽക്കുന്ന വിജയനെ അദ്ദേഹത്തിന്റെ സംഭാവനകളുടെ വിലയിരുത്തലിലൂടെ ജിദ്ദ  സമീക്ഷ സാഹിത്യവേദിയുടെ പി.ജി സ്മാരക പ്രതിമാസ വായനാവേദി ഓർത്തെടുത്തപ്പോൾ അത് സഹൃദയ സദസ്സിന് ഒരു നവ്യാനുഭവമായി.


ആമുഖപ്രഭാഷണം നടത്തിയ മുസാഫിർ,  എങ്ങനെയാണ്  വിജയൻ  ഭാഷയ്ക്കുള്ളിൽ തന്റെ രചനകളുടെ സ്വഭാവത്തിനിണങ്ങുംവിധം  മറ്റൊരു  ഭാഷ സൃഷ്ടിച്ചെടുത്തതെന്നും, ദാർശനികതയുടെ മുഴക്കമുള്ള വാക്കുകളിലൂടെ മനുഷ്യപ്രകൃതിയുടെ വൈരുദ്ധ്യങ്ങളെ  എപ്രകാരമാണാവിഷ്‌ക്കരിച്ചതെന്നും നിരവധി  ഉദാഹരണങ്ങളിലൂടെ സദസ്സുമായി പങ്കുവച്ചു. തന്റെ പല കഥാപാത്രങ്ങളെയും പോലെ വിജയനിലും ഒരു സന്ദേഹിയും നിഷേധിയും വിഗ്രഹഭഞ്ജകനും സമ്മേളിച്ചിരുന്നു എന്ന് അദ്ദേഹം  നിരീക്ഷിച്ചു.


'ഖസാക്കിന്റെ ഇതിഹാസത്തിനു  മുൻപും പിമ്പു' മായി മലയാള നോവൽ സാഹിത്യചരിത്രത്തെ വിഭജിക്കാമെന്ന്  പൊതുവെ പറയാറുണ്ട്.  മലയാളിലൂടെ ഭാവുകത്വപരിണാമത്തെ ഇത്രമേൽ  വിപ്ലവകരമായി സ്വാധീനിച്ച മറ്റൊരു രചന ഭാഷാസാഹിത്യത്തിൽ ഉണ്ടായിട്ടില്ല എന്നതിൽ തർക്കമുണ്ടാവില്ല. ഇതിഹാസത്തിന്റെ ആസ്വാദനം  പങ്കുവച്ചുകൊണ്ടു സംസാരിച്ച അനുപമാ ബിജുരാജ്, ഓരോ വായനയിലും ഖസാക്ക് പുതിയ അനുഭൂതിതലങ്ങളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്നു എന്നഭിപ്രായപ്പെട്ടു.  രവിയുടെ സദാചാര സങ്കൽപങ്ങളിൽ ഒരു വൈരുധ്യമെന്നോണം ഒളിഞ്ഞിരിക്കുന്ന ആൺകോയ്മാ മനോഭാവത്തെ  അവർ വിമർശനാത്മകമായി വിലയിരുത്തിയതും ചർച്ചയ്ക്ക് വഴിവച്ചു.


തുടർന്ന്,  'പ്രവാചകന്റെ വഴി' യെ അധികരിച്ച്  സംസാരിച്ച ഡോ. ഇസ്മായിൽ മരുതേരി, വിജയന്റെ  ദർശനങ്ങളുടെ ആത്മീയ മാനങ്ങൾ, ഭാഷയുടെ ധ്വന്യാത്മകത,   കഥാപാത്രങ്ങൾ  അനുഭവിക്കുന്ന  അസ്തിത്വവിഹ്വലതകൾ  എന്നിവയ്ക്ക്  ഊന്നൽ നൽകി. പിറവിയുടെ അർത്ഥമന്വേഷിക്കുന്നവരും ഉണ്മയുടെ ഉത്തരം തേടിയലയുന്നവരുമായ വിജയന്റെ കഥാപാത്രങ്ങൾ  വായനക്കാരനെ ആത്മാന്വേഷണത്തിന്റെ  അഭൗമതലങ്ങളിലേക്കുയർത്തുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ഭരണകൂടജീർണതകളെയും  അധികാരത്തിന്റെ അശ്ലീലങ്ങളെയും  രൂക്ഷഭാഷയിൽ ആവിഷ്‌കരിക്കുന്ന  ധർമ്മപുരാണം, പുതിയ കാലത്തെ ഇന്ത്യൻ അവസ്ഥകളിൽ പുതിയ  മാനം കൈവരിക്കുന്നു എന്ന് തന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് നജീബ് വെഞ്ഞാറമൂട് പറഞ്ഞു.
തൂക്കിലേറ്റാൻ വിധിക്കപ്പെട്ട തന്റെ മകന്റെ ശരീരം ഏറ്റുവാങ്ങേണ്ടിവരുന്ന നിരക്ഷരനും നിസ്സഹായനുമായ  ഒരു വൃദ്ധ കർഷകന്റെ അന്തഃസംഘർഷങ്ങളുടെ കഥ- കടൽത്തീരത്ത്-  കിസ്മത്ത്  മമ്പാട് ഭാവത്തികവോടെ  അവതരിപ്പിച്ചു.  തന്റെ പൊതിച്ചോർ  മകന്റെ ബലിച്ചോറായി  മാറുന്ന വിധിവൈപരീത്യത്തിനു മുൻപിൽ   നിസ്സഹായനായി നിൽക്കുന്ന  വെള്ളായിയപ്പന്റെ മൗനത്തിന്റെ നിലവിളി കേൾവിക്കാരിലേക്ക് പകരാൻ  കഥാവതാരകനായി.        


പിന്നീട് സംസാരിച്ച സിമി അബ്ദുൽ ഖാദർ 'കടൽത്തീരത്ത്' എന്ന കഥയെ മറ്റൊരു കോണിലൂടെ നോക്കിക്കണ്ടു. മനുഷ്യജീവിതത്തിന്റെ ആകുലതകൾ   വാക്കുകൾക്കിടയിലെ മൗനം കൊണ്ട് ഇത്രമേൽ സമർത്ഥമായാവിഷ്‌കരിച്ച മറ്റൊരു കഥ മലയാളത്തിലുണ്ടാവില്ല എന്നവർ അഭിപ്രായപ്പെട്ടു. പാലക്കാടൻ വാമൊഴിയിൽ തുളുമ്പി നിൽക്കുന്ന  നിഷ്‌കളങ്കഭാവം കഥാഗതിയുമായി ഏറെ ചേർന്നുനിൽക്കുന്നതാണെന്ന് അവർ പറഞ്ഞു.  
രാത്രിയിൽ പാലക്കാടൻ ചുരം കടന്നെത്തുന്ന, മരിച്ചുപോയ തന്റെ ഏട്ടന്റെ കരുണ നിറഞ്ഞുനിൽക്കുന്ന, കിഴക്കൻ കാറ്റ് തെയ്യുണ്ണിയോട്  പറയുന്ന കഥകൾ- കാറ്റു പറഞ്ഞ കഥ- നൂറുന്നിസ ബാവ അവതരിപ്പിച്ചു. ഓരോ പ്രവാസിയും ഉള്ളിൽപ്പേറുന്ന  നഷ്ടബോധവും  ഗൃഹാതുരത്വവും ഉറഞ്ഞു കൂടിയപോലുള്ള ഇക്കഥ, ഓരോരുത്തനും പ്രകൃതിയോടും, അപരനോടും തന്നോട് തന്നെയും വീട്ടേണ്ടുന്ന കടങ്ങളെക്കുറിച്ചോർമ്മിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
വിജയന്റെ സംഭാവനകളെ അനുസ്മരിച്ച്  സംസാരിച്ച അബ്ദുല്ല മുക്കണ്ണി, കൂട്ടത്തിൽ മാർച്ചുമാസത്തിന്റെ മറ്റു രണ്ടു  നഷ്ടങ്ങളായ അഷിതയെയും കടമ്മനിട്ടയെയും ഓർമ്മിച്ചു.


രണ്ടായിപ്പിളർന്ന ഭൂമി- യാന്ത്രികഭൗതികതയുടെ അതിപ്രസരം മൂലം തിന്മകളുടെ വിളനിലമായി മാറിയ ഉത്തരരാർദ്ധഗോളവും സാത്വികതയുടെ  സ്വച്ഛസ്വർഗ്ഗമായി നിലനിൽക്കുന്ന ദക്ഷിണാർദ്ധഗോളവും!  അതിനുമെത്രയോ  മുമ്പേ രണ്ടായിപ്പിളർന്ന മനുഷ്യഹൃദയങ്ങൾ. ആകാശചാരിയായ ആൽമരവും ആൽമരത്തിന്റെ പ്രണയിനി സുകന്യയും... പുരാണങ്ങളിൽനിന്നിറങ്ങിവന്ന് പുതിയ വേഷങ്ങളാടുന്ന കഥാപാത്രങ്ങൾ- ആഖ്യാന ശൈലിയുടെ സവിശേഷതയും കാല്പനികഭംഗിയും കൊണ്ട്    ശ്രദ്ധേയമായ ' മധുരം ഗായതി' യുടെ ആസ്വാദനം അവതരിപ്പിച്ചത് സൈഫുദ്ദീൻ വണ്ടൂരാണ്.
ഹാരിസ് ഹുസൈൻ കണ്ണൂരിന്റെ കവിതാലാപനം ഹൃദ്യമായി. റജിയാ വീരാൻ, റഫീഖ് പത്തനാപുരം, അബ്ദുൽ ഖാദർ, അദ്‌നു, ബിജുരാജ്  രാമന്തളി  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സമീക്ഷ ചെയർമാൻ ഹംസ മദാരി അധ്യക്ഷനായിരുന്നു. സാദത്ത് സദസ്സിന് നന്ദി പറഞ്ഞു.

Latest News