Sorry, you need to enable JavaScript to visit this website.

ശശി തരൂർ  സുപ്രിയയോട്  പറഞ്ഞ രഹസ്യം 

ശശി തരൂരും സുപ്രിയ സുലെയും പാർലമെന്റിൽ. 

 

കേന്ദ്രമന്ത്രി വി. മുരളീധരന് മുന്നിൽ സിൽവർ ലൈൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി ഒരു കുടുംബം. സിൽവർ ലൈൻ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകൾ നേരിട്ട് അറിയുന്നതിനായി ബിജെപി സംഘടിപ്പിച്ച സിൽവർ ലൈൻ വിരുദ്ധ പ്രതിരോധ യാത്രക്കിടെ കഴക്കൂട്ടത്താണ് സംഭവം. ഇതേ കഴക്കൂട്ടത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുരളീധരൻ എൻ.ഡി.എ സ്ഥാനാർഥിയുമായിരുന്നു. സിപിഎം കൗൺസിലറുടെ വീട്ടിലെത്തിയപ്പോൾ മുരളീധരനെ എതിരേറ്റത് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായുള്ള മുദ്രാവാക്യം വിളികളായിരുന്നു. കഴക്കൂട്ടത്തെ സിപിഎം വാർഡ് കൗൺസിലർ എൽ.എസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ സിൽവർ ലൈൻ അനുകൂല മുദ്രാവാക്യവുമായി കുടുംബം രംഗത്തെത്തിയത്. കൗൺസിലറുടെ അച്ഛനും അമ്മയുമാണ് മുരളീധരൻ എത്തിയപ്പോൾ അനുകൂല മുദ്രാവാക്യവുമായി വീടിന്റെ വരാന്തയിൽ വന്നത്.ഇരുവരും സിൽവർ ലൈൻ വേണമെന്നും പദ്ധതിക്കായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി. മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗൺസിലറുടേത്. പിണറായി വിജയന് സിന്ദാബാദ് വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്. തങ്ങൾ സർക്കാരിനൊപ്പമാണെന്നും, സാറൊന്നും ഇങ്ങോട്ടു പറയണ്ടെന്നും കുടുംബം വ്യക്തമാക്കി. ഏഴ്  വർഷത്തിലേറെയായി  ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്. കേന്ദ്ര മന്ത്രിയെ കൂട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഏത് പാർട്ടിക്കാരുടെ വീടാണെന്നെങ്കിലും മനസ്സിലാക്കി വേണ്ടേ?  ഈ വിഷയം ചൂടോടെ ചർച്ച ചെയ്ത ടിവി ചാനലുകളിൽ ന്യൂസ് 18 മലയാളവുമുണ്ടായിരുന്നു. മനോരമ ന്യൂസിലെ കെ-റെയിൽ ചർച്ച രസകരമായി. പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിനിയ്ക്ക് നിത്യേന പഠനത്തിന്റെ ഭാഗമായി കൊച്ചി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിവരും. കെ. റെയിൽ വന്നാൽ എല്ലാം എളുപ്പമായി. സംവാദത്തിൽ എസ്.എഫ്.ഐ നേതാവും ന്യായീകരണ വിദഗ്ധനുമായ ജെയ്ക്കുമുണ്ടായിരുന്നു. കോൺഗ്രസ് പ്രതിനിധി രാഹുൽ മാങ്കൂട്ടത്തിന്റെ തിരിച്ചടിയിൽ എല്ലാം നിലംപരിശായി. കേരളത്തിലെ ഏത് നഗരത്തിലും അയ്യായിരം രൂപ വേണ്ട ഒരു വിദ്യാർഥിനിയ്ക്ക് പ്രതിമാസം ഹോസ്റ്റലിൽ കഴിയാൻ. അതേസമയം, ഏതെങ്കിലും കാലത്ത് യാഥാർഥ്യമാവുന്ന കെ.റെയിലിൽ യാത്ര ചെയ്യാൻ നിത്യേന ഒരു സൈഡ് 8000 രൂപ മുടക്കണം. അതായത് ചുരുങ്ങിയത് ഇരുപത് ദിവസത്തേക്ക് 32,000 രൂപ. അതിലും നല്ലത് ഹോസ്റ്റലിൽ പാർക്കുന്നതല്ലേ എന്നായി യൂത്ത് കോൺഗ്രസ് നേതാവ്. അതിനിടെ സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രമായ ശാസ്ത്ര സാഹിത്യ പരിഷത് പ്രകൃതിയെ മാന്തിക്കീറിയും കുത്തിപ്പൊളിച്ചുമുള്ള നീക്കങ്ങൾക്ക് മുന്നറിയിപ്പും താക്കീതുമായി  നാടക യാത്ര ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെയുളള സമരക്കാർക്ക് വരികൾ ഊർജം പകരുമെന്നുവരെ അഭിപ്രായമുയർന്നു. സിൽവർലൈനിനെക്കുറിച്ചൊന്നും ഇന്നിൽ നേരിട്ടോ അല്ലാതെയോ സൂചന പോലുമില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെ സിൽവർലൈനുമായി കൂട്ടിവായിക്കുമെന്നു പാർട്ടിപ്രവർത്തകർ പറയുന്നു. എന്നാൽ, വിവാദത്തിന്റെ ആവശ്യമില്ലെന്നും സംഘടന എക്കാലത്തും നടത്തുന്ന ശാസ്ത്ര, പരിസ്ഥിതി ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് 'ഒന്ന്' എന്ന നാടകയാത്രയെന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കുന്നത്. 

***  ***  ***
സത്യം ചെരിപ്പിട്ട് വരുമ്പോഴേക്ക് അസത്യം ജീൻസും ടോപ്പും ഷൂവുമിട്ട് നഗരം ചുറ്റി വരുമെന്നാണല്ലോ ചൊല്ല്. ബ്രേക്കിംഗ് ന്യൂസ് വെപ്രാളത്തിൽ നമ്മുടെ ചാനലുകൾ വരുത്തിവെക്കുന്നത് കണ്ടില്ലേ. ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കിൽപെട്ട് നവവരൻ മരിച്ചുവെന്നായിരുന്നു പ്രമുഖ മലയാളം ചാനലിലെ ഫ്ളാഷ്. ഹിറ്റ് കുതിച്ചുയർന്നു.  കോഴിക്കോട് കുറ്റിയാടി ജാനകിക്കാട് പുഴയിൽ ഫോട്ടോ ഷൂട്ടിനിടെ വരനും വധുവും ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് ചാനൽ.  കോഴിക്കോട് പാലേരി സ്വദേശി റെജിലാലാണ് മരിച്ചത്. റെജിലിനൊപ്പം ഒഴുക്കിൽപ്പെട്ട വധുവിനെ രക്ഷപ്പെടുത്തി. വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിനിടെയാണ് അപകടം. മാർച്ച് 14നായിരുന്നു റെജി ലാലിന്റെ  വിവാഹം. എന്നാൽ പോലീസ് പറയുന്നത് മറ്റൊന്നാണ്.  കുറ്റിയാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പോലീസ്. പതിനൊന്ന് മണിയോടെ ബന്ധുക്കൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്.  ഈ സ്ഥലത്ത് സംഭവത്തിന്റെ തലേ ദിവസം  ഇവർ ഈ പുഴക്കരയിൽ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ദുരന്തമുണ്ടായ നാളിൽ  ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയ ദിവസമാണ് അപകടം സംഭവിച്ചത്.  

***  ***  ***
കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നൽകുന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ സാഹചര്യം തുടർന്നാൽ അടുത്ത വർഷം സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യമാവുമെന്നും ബാലഗോപാൽ പറഞ്ഞു.
നമുക്ക് തരേണ്ട പണം തരാതിരിക്കുന്ന സ്ഥിതിയിൽ അടുത്ത വർഷം നമുക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാൻ പോലും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോ എന്നാണ് പത്രക്കാർ ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കെ.റെയിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാണം വിറ്റും കെ. റെയിൽ ഒണ്ടാക്കണമല്ലോ. 
കെ.എസ്.ആർ.ടി.സി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് അതിന്റെ മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഡിസംബർ മാസവുമായി താരതമ്യം ചെയ്താൽ ഏതാണ്ട് 38 രൂപയോളം അധികമാണ് ഒരു ലിറ്റർ ഇന്ധനത്തിന് ചിലവ് വരുന്നത്. 40 കോടിയോളം രൂപയുടെ അധിക ചെലവാണ് കെ.എസ്.ആർ.ടി.സിക്ക് വരുന്നത്. ഇങ്ങനെ വരുമ്പോൾ ചെലവ് കുറയ്ക്കാനുള്ള മാർഗം കണ്ടെത്തേണ്ടി വരും. ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കെ.എസ്.ആർ.ടി.സി പോകുന്നത്. ഈ രണ്ടു മന്ത്രിമാരുടേയും കമന്റുകൾ കണ്ട സോഷ്യൽ മീഡിയ ചോദിക്കുന്നത് ഇവർ ശ്രീലങ്കയിലെ മന്ത്രിമാരാണോ എന്നാണ്. ഇതിനെ ആസ്പദമാക്കിയുള്ള മാതൃഭൂമിയിലെ കാർട്ടൂൺ അസ്സലായി. 

***  ***  ***
ലോക്‌സഭയെ ചിരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേഷ്യം കാരണമല്ല തന്റെ ശബ്ദം എപ്പോഴും ഉയരുന്നതെന്നു വ്യക്തമാക്കിയ അമിത് ഷാ, ഇത് 'മാനുഫാക്ചറിങ് ഡിഫക്ട്' ആണെന്നു പറഞ്ഞതാണു സഭാംഗങ്ങൾക്കിടയിൽ ചിരി പടർത്തിയത്. ലോക്‌സഭയിൽ കുറ്റവാളി തിരിച്ചറിയൽ ചട്ടം ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോഴാണ് അമിത് ഷാ സ്വന്തം ശബ്ദത്തെ 'ട്രോളി'യത്. ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അമിത് ഷാ ദേഷ്യത്തോടെയാണു പ്രതികരിക്കുന്നതെന്ന് ഒരു തൃണമൂൽ കോൺഗ്രസ് അംഗം ചൂണ്ടിക്കാട്ടിയപ്പോഴാണ് അമിത് ഷാ രസകരമായി പ്രതികരിച്ചത്. കശ്മീരിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കപ്പെടുമ്പോൾ മാത്രമാണു തനിക്ക് ദേഷ്യം വരാറുള്ളതെന്നും അമിത് ഷാ വെളിപ്പെടുത്തി. അതല്ലാതെ ആരോടും ദേഷ്യപ്പെടാറില്ലെന്നും അമിത് ഷാ പറഞ്ഞു.

***  ***  ***


ലോക്‌സഭ സെഷനിടെ ശശി തരൂർ എംപിയും സുപ്രിയ സുലെ എംപിയുടെയും കുശലാന്വേഷണം ട്വിറ്ററിൽ ട്രോളുകൾ സൃഷ്ടിച്ചിരുന്നു. ഇതിന് മറുപടിയുമായി ശശി തരൂർ രംഗത്തെത്തി. രാജേഷ് ഖന്നയും ശർമിള ടാഗോറും മത്സരിച്ച് അഭിനയിച്ച ഗാനത്തിലെ വരികൾ പങ്കുവച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ മറുപടി. അമർ പ്രേമിലെ വരികളാണ് ട്വിറ്ററിലൂടെ ശശി തരൂർ മറുപടിക്ക് ഉപയോഗിച്ചത്. കുച്ച് തോ ലോഗ് കഹേഗേ, ലോംഗോ കാ കാം ഹേ കെഹ്‌ന എന്നതായിരുന്നു തരൂരിന്റെ മറുപടി. സുപ്രിയ സുലെയെ മറുപടിയിൽ ശശി തരൂർ ടാഗ് ചെയ്തിട്ടുമുണ്ട്. തന്നോട് സുപ്രിയ സുലെ പോളിസി ചോദ്യമാണ് ചോദിച്ചതെന്നും അടുത്തതായി അവരായിരുന്നു സഭയിൽ സംസാരിക്കേണ്ടിയിരുന്നതെന്നും ശശി തരൂർ ട്വീറ്റിൽ വ്യക്തമാക്കി.  വളരെ പതുക്കെയാണ് അവർ സംസാരിച്ചതെന്നും ഫറൂഖ് സാഹിബിനെ ശല്യപ്പെടുത്താതിരിക്കാനാണ് അവർ പതുക്കെ സംസാരിച്ചതെന്നും ട്വീറ്റിലുണ്ട്.  എൻസിപി ലോക്‌സഭാംഗമായ സുപ്രിയ സുലെയോട് സംസാരിക്കാനായി ഡെസ്‌കിന് മുകളിലേക്ക് തലചേർത്ത് കിടക്കുന്ന ശശി തരൂരിനെ മിനിറ്റുകൾ മാത്രമുള്ള വീഡിയോയിൽ കാണാനാകും. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗത്തിനിടെയായിരുന്നു എംപിമാരുടെ ഈ സംസാരം. ആ സമയം റഷ്യ-ഉക്രൈൻ വിഷയമാണ് പാർലമെന്റിൽ ചർച്ച ചെയ്തുകൊണ്ടിരുന്നത്. എൻ.കെ പ്രേമചന്ദ്രൻ ആണ് ചെയറിൽ ഉണ്ടായിരുന്നത്. പുഷ്പ സിനിമയിലെ ഗാനം പശ്ചാത്തലത്തിൽനിന്ന് ട്രോൾ വീഡിയോ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ശശി തരൂരിന് പുറകിൽ ഇരിക്കുന്ന എംപിയുടെ റിയാക്ഷനും ഉൾപ്പടെ വിഷയം ട്രോളുകളാകുകയായിരുന്നു. ഈ മല്ലൂസിന്റെ സദാചാര ബോധത്തോട് ഒരു രക്ഷയുമില്ല. അവർ എം.പിമാരല്ലേ. പോരാത്തതിന് ലോക കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുള്ളവരും. അവരെ വെറുതെ വിട്ടു കൂടെ. കോളേജിലും പോളിടെക്‌നിക്കിലുമൊന്നും പോകാത്തതിന്റെ കുഴപ്പമാവും. 

***  ***  ***
ടിവി സീരിയലുകൾ എൻഡോസൾഫാനിനേക്കാൾ മാരകമെന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോഴുള്ളത്.  കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിൽ പോലും താൻ അഭിനയിക്കാത്തതിന് പിന്നിൽ വരുംതലമുറയോട് ചെയ്യുന്ന നന്മയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഞാനൊരു സീരിയൽ വിരുദ്ധനൊന്നുമല്ല. സീരിയലുകൾ പാടേ നിരോധിക്കണമെന്ന അഭിപ്രായവുമില്ല. പക്ഷേ, സമീപകാലത്തെ പല സീരിയലുകളും കാണുമ്പോൾ വല്ലാതെ ചൂളിപ്പോവുകയാണ്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചില സീരിയലുകൾ. അത് നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനുമേൽപ്പിക്കുന്ന മുറിവുകളെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ഇത്തരം സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകമാണ്- പ്രേംകുമാർ നയം വ്യക്തമാക്കി. 

***  ***  ***
അസൂയ തോന്നിയ നടി ഉർവശിയാണെന്നും അവരെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് വിളിക്കാമെന്നും സിനിമാ താരം രചന നാരായണൻ കുട്ടി.  ബിഹൈൻഡ്‌വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് രചന ഇക്കാര്യങ്ങൾ പറഞ്ഞത്. ഉർവശി ചേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട്. ചേച്ചീടെ ആക്ടിംഗ് ഒരു രക്ഷേമില്ല. ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത് പോലെ ഉർവശി ചേച്ചിയെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് പറയാം,' രചന പറഞ്ഞു. 'സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കോവിഡ് വന്നില്ലെങ്കിൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ പോയി പഠിക്കാനിരിക്കുകയായിരുന്നു. അവരുടെ ഓൺലൈൻ ക്ലാസുകളൊക്കെ നടക്കുന്നുണ്ട്. പക്ഷേ അവിടെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അതിനു ശേഷം ചെയ്യുമായിരിക്കും. അഭിനയം കണ്ടിട്ട് അറിയാവുന്ന പണി വല്ലോം ചെയ്താൽ പോരെയെന്ന് ചോദിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. അവർ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഞാനങ്ങനെ ആവില്ലല്ലോ,' രചന കൂട്ടിച്ചേർത്തു.

Latest News