കഴിഞ്ഞ ആറ് മാസം ലോകത്തിനു വിസ്മയങ്ങളുടെ പെരുമഴക്കാലം സമ്മാനിച്ച ദുബായ് എക്സ്പോ സമാപനം വർണങ്ങളുടെ നിറച്ചാർത്തോടെയുള്ള ആഘോഷങ്ങളായിരുന്നു. എക്സ്പോയിലെ ഏറ്റവും കൂടുതൽ സന്ദർശകരിൽ മുന്നിൽ ഇന്ത്യക്കാരായിരുന്നു എന്ന പ്രത്യേകത നിലനിൽക്കുന്നുണ്ട്. അത്കൊണ്ട് തന്നെ മറ്റു ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അപൂർവതകൾ നിറഞ്ഞ ആഘോഷ രാവുകൾ തന്നെയായിരുന്നു ഇന്ത്യക്കാർക്കും.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കണ്ണഞ്ചിക്കുന്ന കരിമരുന്നു പ്രയോഗം, ലേസർ ഷോ യോടെ ആരംഭിച്ച പരിപാടി വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. ഇതോടൊപ്പം രാജ്യാന്തര പ്രതിഭകളുടെ കാലാ പ്രകടനങ്ങൾ വൈവിധ്യമാർന്ന ഘോഷയാത്ര, വിദഗ്ധരായ വൈമാനികരുടെ എയർ ഷോ, മറ്റു കലാകാരന്മാരുടെ അഭ്യാസ പ്രകടനങ്ങൾ, എന്നിവ അക്ഷരാർത്ഥത്തിൽ ലോകത്തിലെ മറ്റാഘോഷങ്ങളെ മറികടക്കുകയായിരുന്നു. വിവിധ പവിലിയനുകളിലെ പ്രദർശനങ്ങളുടെയും മത്സരങ്ങളുടെയും സമ്മാന പ്രഖ്യാപനങ്ങൾ വലിയ കരഘോഷങ്ങളോടെയാണ് സന്ദർശകർ ഏറ്റുവാങ്ങിയത്. 56 രാജ്യങ്ങളിൽ നിന്നായി 400 ൽ കൂടുതൽ കലാകാരന്മാരാണ് സമാപന ദിവസത്തിൽ എക്സ്പോയിൽ പരിപാടി അവതരിപ്പിച്ചത്.

ഓരോ രാജ്യത്തെയും പൈതൃക തനിമകളും മരുഭൂമിയിലെ അനുഭവങ്ങളും കോർത്തിണക്കിയ ഉദ്ഘാടന ദിനത്തിന്റെ തുടർച്ചയായ പ്രത്യേക പരിപാടി കുംഭ ഗോപുരമായ അൽ വാസൽ പ്ലാസയിൽ അരങ്ങേറി. പരമ്പരാഗത ആധുനിക സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ നിരവധി വാദ്യോപകരണങ്ങൾ ഒരുമിക്കുന്ന വേദി കൂടിയായിരുന്നു. സന്ദർശകർക്ക് പരിപാടികൾ നേരിട്ട് കാണാൻ ഇരുപതോളം കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചിരുന്നു.
എക്സ്പോ 2020 ദുബായിലെ മികച്ച പവിലിയനായി സൗദി അറേബ്യയെ എക്സിബിറ്റർ മാഗസിൻ തെരഞ്ഞെടുത്തതോടെ ലോകശ്രദ്ധ തിരിഞ്ഞത് സമാപന ദിവസത്തെ പവിലിയനിലെ തിരക്കിൽനിന്നും മനസ്സിലാക്കാനാകും. ഏറ്റവും മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവ ഉൾപ്പടെ മൂന്നു അവാർഡുകൾ സൗദി അറേബ്യ കരസ്ഥമാക്കി. യു എസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്, ഏറ്റവും വലിയ ഇന്റർ ആക്റ്റീവ് ലൈറ്റ് ഫ്ളോർ, 32 മീറ്റർ നീളമുള്ള വാട്ടർ കർട്ടൻ, 1240 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ള ഡിജിറ്റൽ സ്ക്രീൻ മിറർ എന്നിവയിൽ മൂന്നു ഗിന്നസ് വേൾഡ് റിക്കോർഡ്സും സൗദി പവിലിയൻ നേടി. 44 ലക്ഷം ആളുകളാണ് സൗദി പവിലിയൻ മാത്രം സന്ദർശിച്ചത്.
ഒക്ടോബർ ഒന്നിനു തുടങ്ങിയ ലോകമേള ഓരോ ദിവസവും പുതുമകളും ആഘോഷ പരിപാടികളുമായി അവിസ്മരണീയമായ കാഴ്ചകൾ നൽകിയാണ് കലാശിച്ചത്. ലോകം കാത്തിരുന്ന കലാശപ്പൂരം കൊഴുപ്പിക്കാൻ രാജ്യാന്തര സംഗീതപ്രേമികളുടെയും മറ്റു കലാകാരന്മാരുടെയും ഒരു നീണ്ട നിര തന്നെ എത്തിയിരുന്നു. കലാ പരിപാടികൾ, ഭക്ഷ്യ മേളകൾ, ഉല്ലാസ, ആനന്ദ, വിജ്ഞാന മേളകൾ, ലോകം ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയ കാഴ്ചകൾ, കഴിഞ്ഞ ആറുമാസത്തിനിടയിൽ ദുബായ് എക്സ്പോയിൽ അരങ്ങേറി. കൊച്ചു കൂട്ടുകാരുടെ വലിയ ലോകം സൃഷ്ടിച്ചാണ് എക്സ്പോ കടന്നുപോയത്. പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള 40 ലക്ഷം പേരാണ് എക്സ്പോ സന്ദർശിച്ചത്. റോബോട്ടിക്ക് സാങ്കേതിക വിദ്യകൾ, പാരമ്പര്യേതര ഊർജ്ജം, ബഹിരാകാശ പദ്ധതികൾ, കാർഷിക സംരംഭങ്ങൾ കലാ സാഹിത്യം എന്നീ മേഖലകളിലുള്ള വിവിധ മത്സരങ്ങളും പ്രദർശനങ്ങളും വിവിധ സെമിനാറുകളും ഇതിനകം സംഘടിപ്പിച്ചിരുന്നു. ലതീഫാസ് അഡ്വഞ്ചെഴ്സ് ഉൾപ്പെടെയുള്ള വിനോദ മേഖലയിൽ നക്ഷത്രങ്ങളും അന്യഗ്രഹ ജീവികളും കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികൾക്കായി ഒരുക്കിയതും വിസ്മയമാകുകയായിരുന്നു.

ലോകപ്രശസ്തനായ ഓപ്പെറ കലാകാരൻ ആൻഡ്രിയ ബോസെല്ലി, ഗ്രാമി നാമനിർദ്ദേശം ചെയ്യപ്പെട്ട ഗോൾഡൻ-ഗ്ലോബ് ജേതാവുമായ നടിയും ഗായികയും ഗാനരചയിതാവുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എല്ലി ഗോൾഡിങ്, രാജ്യാന്തര പ്രശസ്ത പിയാനിസ്റ്റ് ലാങ് ലാംഗ്, നാല് തവണ ഗ്രാമി ജേതാവായ ആഞ്ചലിക് കിഡ്ജോ എന്നിവരെല്ലാം എക്സ്പോയുടെ വിവിധ ഘട്ടങ്ങളിൽ പരിപാടി അവതരിപ്പിച്ചിരുന്നു. എക്സ്പോയിലെ വേറിട്ട ഒരനുഭവമായിരുന്നു പ്രമുഖ സംഗീതജ്ഞൻ എ.ആർ റഹ്മാൻ നേതൃത്വം നൽകിയ ഫിർദൗസ് ഓർക്കസ്ട്രയുടെ സംഗീത വിരുന്ന്.
മിഡിൽ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക ഉൾപ്പടെ രാജ്യങ്ങളിൽ നിന്നുള്ള അൻപതോളം വനിതാ ഗായകരുൾപ്പെടെയുള്ള വലിയ ഗ്രൂപ്പായ ഫിർദൗസ് എക്സ്പോക്ക് ശേഷവും സംഗീതത്തിന്റെയും റെക്കോർഡിംഗിന്റെയും രാജ്യാന്തര കേന്ദ്രമാക്കി നിലനിർത്തുമെന്നു നേരത്തെ സംഘാടകർ അറിയിച്ചിരുന്നു.
ദുബായ് എക്സ്പോയിൽ ഇന്ത്യയടക്കമുള്ള 192 രാജ്യങ്ങളിൽ നിന്നായി 200 പവിലിയനുകളാണുള്ളത്. എല്ലാ പവിലിയനുകളിലും ആഹ്ലാദവും ആവേശവും അലതല്ലിയപ്പോൾ ഉക്രൈൻ പവിലിയനിൽ മാത്രം മൂകതയായിരുന്നു. ഒക്ടോബാറിൽ എക്സ്പോ തുടങ്ങിയപ്പോൾ മറ്റു രാജ്യങ്ങളെ പോലെ തന്നെ ഏറെ ആവേശത്തോടെ നില കൊണ്ട ഉക്രൈൻ യുദ്ധം പൊട്ടി പുറപ്പെട്ടതിനു ശേഷം കണ്ണീർ പൂക്കളായിരുന്നു അവിടം. സന്ദർശകർ ആ രാജ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹൃദയാഭിവാദ്യം അർപ്പിച്ചു മടങ്ങുന്നത് കാണാമായിരുന്നു. ലക്ഷക്കണക്കിന് മലയാളികൾ എക്സ്പോ സന്ദർശിക്കുന്നത് കൊണ്ട് തന്നെ അത്ഭുതമൊന്നുമല്ലാതെ തന്നെ ഈ പ്രതിഷേധത്തിൽ മലയാളികളുടെ കയ്യൊപ്പും ദർശിക്കാനായി.
ദുബായ് എക്സ്പോയെ ഇന്ത്യൻ മേളയാക്കി മാറ്റിയ അത്യപൂർവമായ ആഘോഷ പരിപാടികളാണ് കഴിഞ്ഞു പോയത്. ഇന്ത്യൻ പവിലിയനിൽ ബഹിരാകാശം , ആരോഗ്യം, ഡിജിറ്റിസേഷൻ തുടങ്ങിയ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടികളും അരങ്ങേറിയിരുന്നു. സമാപന ദിവസം ഇന്ത്യൻ പതാകകൾ വീശി അൽ വാസൽ പ്ലാസക്ക് ചുറ്റും ഇന്ത്യക്കാർ തടിച്ചു കൂടി എ ലവ് മൈ ഇന്ത്യ കർമ്മ ചിത്രത്തിലെ ഗാനങ്ങൾ ഏറ്റു പാടി സന്ദർശകർ ചുവടുകൾ വെച്ചു. ഇന്ത്യയുടെയും യു എ ഇ യുടെയും ദേശീയ പതാകകൾ ഒന്നിച്ചു തെളിഞ്ഞു വന്നപ്പോൾ ആരവവും കരഘോഷവും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി.

എക്സ്പോ കുംഭ ഗോപുരമായ അൽ വാസൽ പ്ലാസയാണ് ഏറെ ആകർഷണീയം. ഇറ്റലിയിലെ പിസ ഗോപുരത്തെക്കാൾ 10 മീറ്റർ വലുപ്പമുണ്ട്. 360 ഡിഗ്രി സ്ക്രീൻ ഉൾപ്പെടുന്ന താഴിക കുടത്തിനു 16 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണമുണ്ടെന്നു കണക്കാക്കുന്നു. ഹൈടെക്ക് ഡിജിറ്റൽ സ്ക്രീൻ 252 പ്രോജക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവുമുള്ള അൽ പ്ലാസ കുംഭ ഗോപുരത്തിൽ പതിനായിരം പേരെ ഉൾക്കൊള്ളാനാവും. ഇക്കാലയളവിലെ എക്സ്പോ സന്ദർശകരിൽ ഏറ്റവും മുന്നിൽ ഇന്ത്യയും അത് കഴിഞ്ഞാൽ ജർമ്മനി, സൗദി അറേബ്യ, യു.കെ, റഷ്യ, ഫ്രാൻസ്, അമേരിക്ക എന്നിങ്ങനെയാണ്. 182 ദിവസം നീണ്ടുനിന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി 24,102,967 പേർ സന്ദർശനം നടത്തിയെന്നാണ് അധികൃതരുടെ ഔദ്യോഗിക അറിയിപ്പ്.
വിസ്മയങ്ങളുടെ മേള വൻ വിജയമാക്കി വികസന ഭാവിയിലേക്ക് സമാർട്ട് ദുബായ് കുതിക്കുകയാണ്. എക്സ്പോ സമാപിച്ചെങ്കിലും ബഹിരാകാശ മേഖലയടക്കം പദ്ധതികളുടെയും സാങ്കേതിക വിദ്യകളുടെയും സ്മാർട്ട് യുഗത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ. സന്ദർശകരെ ബഹിരാകാശ വിസ്മയങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയ എക്സ്പോ എന്ന വിശേഷണവും ദുബായിക്ക് സ്വന്തം. ചന്ദ്രനേയും ചൊവ്വയെയും അടുത്തറിയാൻ അവസരം ലഭിച്ചു.
യു.എസ് പവിലിയനിൽ ചന്ദ്രനിൽ നിന്നും കൊണ്ട് വന്ന ചെറുകല്ലിൽ തൊടാനും ചൊവ്വയിൽ നിന്ന് അന്റാർട്ടിക്കയിൽ പതിച്ച ഉൾക്കയുടെ ചെറു കഷ്ണം കാണാനും കഴിഞ്ഞു. ഇന്ത്യ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ബഹിരാകാശ നേട്ടങ്ങളുടെ വിസ്മയക്കാഴ്ചകൾ അവതരിപ്പിച്ചു. വിവിധയിനം റോക്കറ്റുകൾ, ബഹിരാകാശ പേടകങ്ങൾ, റോബോട്ടുകൾ, നക്ഷത്ര ലോകം എന്നിവയെല്ലാം സന്ദർശകർക്ക് പുതുമയായി.






