ഇറ്റലി, ജൂൺ 8-ജൂലൈ 8, 1990
വിരസമായ ലോകകപ്പായിരുന്നു 1990 ലേത്. ഏറ്റവും കുറഞ്ഞ ഗോൾ ശരാശരി ഈ ലോകകപ്പിലായിരുന്നു. 52 കളികളിൽ പിറന്നത് 115 ഗോൾ മാത്രം, ശരാശരി 2.21. നിരവധി ചുവപ്പ് കാർഡുകൾ ടൂർണമെന്റിന്റെ പൊലിമ കെടുത്തി. 16 പേർ പുറത്താക്കപ്പെട്ടു. 164 പേർ മഞ്ഞക്കാർഡ് കണ്ടു. രണ്ട് സെമി ഫൈനലുൾപ്പെടെ നാലു കളികളിൽ വിധി നിർണയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. തുടർച്ചയായി രണ്ടാം തവണയും പശ്ചിമ ജർമനിയും അർജന്റീനയും തമ്മിലായിരുന്നു ഫൈനൽ. ഇത്തവണ കലാശക്കളി തീർത്തും വിരസമായി. നാലു വർഷം മുമ്പത്തെ ഫൈനൽ പരാജയത്തിന് അർജന്റീനയോട് ജർമനി പകരം വീട്ടി. ജർമനിയുടെ മൂന്നാം ലോകകപ്പ് കിരീടമായിരുന്നു ഇത്. ഒമ്പതു പേരുമായി മത്സരമവസാനിപ്പിച്ച ശേഷം അർജന്റീനാ നായകൻ ഡിയേഗൊ മറഡോണ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ഫ്രാൻസ് ബെക്കൻബവർ കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ലോകകപ്പുയർത്തുന്ന രണ്ടാമത്തെയാളായി. അതുവരെ അറിയപ്പെടാതിരുന്ന സാൽവറ്റോർ സ്‌കിലാച്ചിയാണ് ടൂർണമെന്റിലെ മികച്ച താരവും ടോപ്‌സ്‌കോററുമായത്. ഫുട്‌ബോൾ ഭ്രാന്തന്മാരും രംഗം അലങ്കോലമാക്കി. മുന്നൂറോളം പേരെ ഇറ്റാലിയൻ പോലീസിന് പുറത്താക്കേണ്ടി വന്നു.
വിരസമായ ഈ ടൂർണമെന്റിനെത്തുടർന്ന് ഫിഫ അടിയന്തരമായ ചില മാറ്റങ്ങൾ കൊണ്ടുവന്നു. ഗോൾകീപ്പർക്ക് ബാക്ക്പാസ് കൊടുക്കുന്നത് തടഞ്ഞതാണ് ഒന്ന്. രണ്ട് പോയന്റിനു പകരം മൂന്നു പോയന്റാക്കി വിജയത്തിന് ശ്രമിക്കാൻ ടീമുകൾക്ക് പ്രോത്സാഹനം നൽകി.
ലാറ്റിനമേരിക്കയിലെയും കോൺകകാഫിലെയും യോഗ്യതാ റൗണ്ട് നാടകീയമായിരുന്നു. ബ്രസീലും ചിലെയും വെനിസ്വേലയുമടങ്ങുന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പിലെ യോഗ്യതാ റൗണ്ടിൽ ചിലെക്ക് അവസാന മത്സരത്തിൽ ബ്രസീലിനെതിരെ ജയം വേണമായിരുന്നു. 20 മിനിറ്റാവുമ്പോഴേക്കും ചിലെ ഒരു ഗോളിന് പിന്നിലായി. പൊടുന്നനെ ഗോളി റോബർടൊ റോഹാസ് പിടഞ്ഞുവീണു. മുറിവിൽനിന്ന് ചോര ഒഴുകി. കാണികൾ എന്തോ എറിഞ്ഞതാണെന്നായിരുന്നു കരുതിയത്. ചിലെ കളിക്കാർ കളി തുടരാൻ തയാറായില്ല. മത്സരം അവർ വിജയിച്ചതായി പ്രഖ്യാപിക്കുമെന്നായിരിക്കണം ചിലെ പ്രതീക്ഷിച്ചത്. എന്നാൽ ചിലെ ഗോളി തന്റെ കൈയിൽ കരുതിയ ബ്ലെയ്ഡ് കൊണ്ട് മുറിച്ചാണ് ചോരയൊലിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റോഹാസിനെ ആയുഷ്‌കാലം വിലക്കി. ചിലെയെ അടുത്ത ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽനിന്ന് പുറത്താക്കി. കോൺകകാഫിൽ മെക്‌സിക്കോയെ അയോഗ്യരാക്കി. യൂത്ത് ടൂർണമെന്റിൽ യോഗ്യതയില്ലാത്ത കളിക്കാരെ ഇറക്കിയതിനായിരുന്നു ഇത്.
ലാറ്റിനമേരിക്കയിൽനിന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്കൊപ്പം ബ്രസീലും കൊളംബിയയും ഉറുഗ്വായും യോഗ്യത നേടി. കോൺകകാഫിൽ നിന്ന് കോസ്റ്ററീക്കയും അമേരിക്കയും മുന്നേറി. ഏഷ്യയിൽ നിന്ന് തെക്കൻ കൊറിയക്കൊപ്പം ആദ്യമായി യു.എ.ഇ ലോകകപ്പിനെത്തി.
ആഫ്രിക്കൻ യോഗ്യതാ റൗണ്ട് ദുഃഖകരമായിരുന്നു. അംഗോളക്കെതിരായ മത്സരത്തിനിടെ നൈജീരിയയുടെ സാമി ഒഖവറാജി ഹൃദയാഘാതം സംഭവിച്ച് മരിച്ചു. ഈജിപ്ത്-അൾജീരിയ പ്ലേഓഫ് വിവാദ വിധികൾ കൊണ്ട് അലങ്കോലമായി. മത്സരത്തിനു ശേഷം അൾജീരിയൻ കളിക്കാർ റഫറിയെ വളഞ്ഞു. അതിനിടയിൽ ഈജിപ്ത് ഡോക്ടർക്കു നേരെ കുപ്പിയേറുണ്ടാവുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. അൾജീരിയൻ താരം ലഖ്ദർ ബലൂമിക്ക് അദ്ദേഹത്തിന്റെ അഭാവത്തിൽ തടവ് ശിക്ഷ വിധിച്ചു. 2009 ലാണ് ഈ ശിക്ഷ റദ്ദാക്കിയത്.
യൂറോപ്പിൽ ഏറ്റവും വലിയ ദുരന്തം ഫ്രാൻസായിരുന്നു. അവർക്ക് യോഗ്യത നേടാനായില്ല. ബെൽജിയത്തിന്റെയും ചെക്കൊസ്ലൊവാക്യയുടെയും ഗ്രൂപ്പിൽ പെട്ടുപോയ പോർചുഗലും പുറത്തായി.
ഫൈനൽ റൗണ്ടിൽ ബ്രസീലിനും പശ്ചിമ ജർമനിക്കും ഇംഗ്ലണ്ടിനും വഴി എളുപ്പമായിരുന്നു. 1988 ലെ യൂറോപ്യൻ ചാമ്പ്യന്മാരായിരുന്ന നെതർലാന്റ്‌സിനായിരുന്നു കിരീട സാധ്യത. അർജന്റീനക്ക് മറഡോണയുണ്ടായിരുന്നു. ഇറ്റലിക്ക് ഡൊണഡോണിയും ഡി നപോളിയും ജിയാനീനിയുമുൾപ്പെടെ മികച്ച ഏതാനും യുവ കളിക്കാരും പഴുതടച്ച പ്രതിരോധവുമുണ്ടായിരുന്നു. ജിയാൻലൂക്ക വിയാലിയുടെ റിസർവായാണ് സ്‌കിലാചി ടീമിലെത്തിയത്. ആദ്യ കളിയിൽ വിയാലിയും കാർണിവാലിയും നിരവധി അവസരങ്ങൾ പാഴാക്കി. 15 മിനിറ്റ് ശേഷിക്കെ സ്‌കിലാചി കളത്തിലിറങ്ങി. സ്‌കിലാചിയുടെ രണ്ടാമത്തെ രാജ്യാന്തര മത്സരമായിരുന്നു ഇത്. അഞ്ച് മിനിറ്റിനു ശേഷം സ്‌കിലാചി നേടിയ ഗോൾ ഇറ്റലിയുടെ മാനം കാത്തു. അവസാന ഗ്രൂപ്പ് മത്സരമാവുമ്പോഴേക്കും വിയാലി പുറത്തായി, സ്‌കിലാചി പ്ലേയിംഗ് ഇലവനിലും. ഇറ്റലിയും ചെക്കൊസ്ലൊവാക്യയും ഗ്രൂപ്പ് എ-യിൽ നിന്ന് മുന്നേറി. ഓസ്ട്രിയയും അമേരിക്കയും പുറത്തായി.
ചാമ്പ്യന്മാരായ അർജന്റീന ഞെട്ടലോടെയാണ് ലോകകപ്പ് തുടങ്ങിയത്. കാമറൂണിനോട് അവർ 0-1 ന് തോറ്റു. അർജന്റീനയായിരുന്നു ആധിപത്യം പുലർത്തിയതെങ്കിലും ഗോൾലൈൻ സെയ്‌വാണ് ആദ്യ പകുതിയിൽ അർജന്റീനയെ രക്ഷിച്ചത്. ക്ലോഡിയൊ കനീജിയയെ ചവിട്ടിയതിന് കാനാ ബിയിക്കിനെ റഫറി പുറത്താക്കിയതോടെ അർജന്റീനക്ക് ആൾബലമായി. പക്ഷെ ഗോളടിച്ചത് കാമറൂണാണ്. ഒമാം ബിയിക്കിന്റെ ഹെഡറിൽ അർജന്റീനാ പ്രതിരോധം തകർന്നു. പിന്നീട് അർജന്റീന ആക്രമിച്ചു. കാമറൂൺ നിരന്തരം ഫൗൾ ചെയ്തു. ഗോളിലേക്ക് കുതിച്ച കനീജിയയെ മൂന്നു പേരാണ് വീഴ്ത്താൻ ശ്രമിച്ചത്. വിജയിച്ചത് ബെഞ്ചമിൻ മാസിംഗായിരുന്നു. ചുവപ്പ് കാർഡ് നൽകാതെ നിവൃത്തിയില്ലായിരുന്നു റഫറിക്ക്. കാമറൂണും റുമാനിയയുമാണ് ഗ്രൂപ്പിൽനിന്ന് മുന്നേറിയത്. മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായി അർജന്റീന കടന്നു കൂടി. സോവിയറ്റ് യൂനിയനെതിരായ മത്സരത്തിൽ ഗോളി നെറി പുംപിഡോക്ക് പരിക്കേറ്റത് അർജന്റീനയുടെ കുതിപ്പിൽ മറ്റൊരു വഴിത്തിരിവായി. സെർജിയൊ ഗൊയ്‌കോചിയക്കായി ഗോൾവലയുടെ ചുമതല.
ഗ്രൂപ്പ് സി-യിൽ ബ്രസീലിന്റെ പ്രതിരോധം സംശയാസ്പദമായിരുന്നു. എന്നാൽ ഗ്രൂപ്പ് മത്സരങ്ങളിൽ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. കരേക്കയുടെ ഫിനിഷിംഗ് പാടവം അവരെ രക്ഷിച്ചു. കോസ്റ്ററീക്കയും മുന്നേറി. ലോതർ മത്തായൂസും യൂർഗൻ ക്ലിൻസ്മാനുമടങ്ങുന്ന പശ്ചിമ ജർമനി ഗ്രൂപ്പ് ഡി-യിൽ ഉജ്വല ഫോമിലായിരുന്നു. കൊളംബിയയെയും യു.എ.ഇയെയും തോൽപിച്ച് യുഗോസ്ലാവ്യയും പ്രി ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ഇ-യിൽ സ്‌പെയിനിനും ബെൽജിയത്തിനും വലിയ പ്രയാസമുണ്ടായില്ല. ഗ്രൂപ്പ് എഫിൽ നെതർലാന്റ്‌സ് നിരാശപ്പെടുത്തി. ഈജിപ്തുമായും ഇംഗ്ലണ്ടുമായും അയർലന്റുമായും അവർ സമനില പാലിച്ചു.
പ്രി ക്വാർട്ടറിൽ പശ്ചിമ ജർമനി-നെതർലാന്റ്‌സ് പോരാട്ടം ക്ലാസിക്കായി. 1-2 ന് തോറ്റ് നെതർലാന്റ്‌സ് മടങ്ങി. എക്‌സ്ട്രാ ടൈമിൽ റോജർ മില്ല നേടിയ ഇരട്ട ഗോളിൽ കൊളംബിയയെ തോൽപിച്ച കാമറൂൺ ക്വാർട്ടർ ഫൈനലിലെത്തുന്ന പ്രഥമ ആഫ്രിക്കൻ ടീമായി. കനീജിയ എൺപതാം മിനിറ്റിൽ നേടിയ ഗോളിൽ ബ്രസീലിനെ തോൽപിച്ച് അർജന്റീന ക്വാർട്ടറിലെത്തി. കോസ്റ്ററീക്കയെ 4-1 ന് ചെക്കൊസ്ലാവാക്യ തകർത്തു. ഇറ്റലി 2-0 ന് ഉറുഗ്വായെ തോൽപിച്ചു. മറ്റു പ്രി ക്വാർട്ടറുകൾ എക്‌സ്ട്രാ ടൈമിലാണ് വിധിയായത്. അയർലന്റ് ഷൂട്ടൗട്ടിൽ റുമാനിയയെ തോൽപിച്ചു. സ്‌പെയിനിനെ യൂഗോസ്ലാവ്യയും ബെൽജിയത്തെ ഇംഗ്ലണ്ടും എക്‌സ്ട്രാ ടൈമിൽ തോൽപിച്ചു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ അട്ടിമറിക്കുന്നതിന് നിമിഷങ്ങൾ അരികിലെത്തിയിരുന്നു കാമറൂൺ. ഗാരി ലിനേക്കറാണ് ഇംഗ്ലണ്ടിന്റെ മാനം കാത്തത്. അയർലന്റിനെ തോൽപിച്ച് ഇറ്റലി സെമിയിലെത്തി. അർജന്റീനക്ക് ഷൂട്ടൗട്ട് വേണ്ടിവന്നു യൂഗോസ്ലാവ്യയെ മറികടക്കാൻ. പശ്ചിമ ജർമനി ലോതർ മത്തായൂസിന്റെ ഗോളിൽ ചെക്കോസ്ലൊവാക്യയെ തോൽപിച്ചു. രണ്ട് സെമി ഫൈനലും ഷൂട്ടൗട്ടിലാണ് വിധിയായത്. പശ്ചിമ ജർമനി-ഇംഗ്ലണ്ട് സെമിയായിരുന്നു ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം.
ഫൈനലിൽ അർജന്റീനക്കെതിരെ ആന്ദ്രെ ബ്രഹ്മെയുടെ പെനാൽട്ടി ഗോളാണ് പശ്ചിമ ജർമനിക്ക് മൂന്നാം ലോക കിരീടം നേടിക്കൊടുത്തത്. ഷൂട്ടൗട്ടിലൂടെയുള്ള ജയമൊഴിച്ചാൽ വെറും രണ്ടു കളികൾ മാത്രം ജയിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്, അടിച്ചത് വെറും അഞ്ചു ഗോൾ. 1978 ലെ ചാമ്പ്യന്മാരായി വന്ന് 1982 ൽ ആദ്യ കളി തോറ്റതു പോലെ ഇത്തവണയും ചാമ്പ്യന്മാരായ അർജന്റീനക്ക് ഉദ്ഘാടന മത്സരത്തിൽ തോൽവി പിണഞ്ഞു, അതും ഒമ്പതു പേരായിച്ചുരുങ്ങിയ കാമറൂണിനോട്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി കഷ്ടിച്ചാണ് അവർ ആദ്യ റൗണ്ട് പിന്നിട്ടത്. രണ്ടാം റൗണ്ടിൽ പകരക്കാരനായി വന്ന ഗോളി സെർജിയൊ ഗൊയ്‌കോച്ചിയയാണ് അർജന്റീനയെ ചുമലിലേറ്റിയത്. ബ്രസീലിനും യൂഗോസ്ലാവ്യക്കും ആതിഥേയരായ ഇറ്റലിക്കുമെതിരായ പെനാൽട്ടി ഷൂട്ടൗട്ടുകളിൽ ഗൊയ്‌കോച്ചിയ നിർണായക സെയ്‌വുകൾ നടത്തി. അർജന്റീനയുടെ പെഡ്രോ മോൺസോൺ ലോകകപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കാണുന്ന ആദ്യ കളിക്കാരനായി, 22 മിനിറ്റിനു ശേഷം ടീമംഗം ഗുസ്റ്റാവൊ ഡെസോട്ടിയും പുറത്താക്കപ്പെട്ടു. ലോകകപ്പ് ഫൈനലിൽ സ്‌കോർ ചെയ്യാനാവാത്ത ആദ്യ ടീമുമായി അർജന്റീന.
നാൽപതിനോടടുത്ത റോജർ മില്ലയുടെ കരുത്തിൽ കാമറൂൺ ക്വാർട്ടറിലേക്കു മുന്നേറിയതാണ് എടുത്തുപറയേണ്ട നേട്ടം. ആഫ്രിക്കയിൽനിന്ന് ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി അവർ. ക്വാർട്ടറിൽ ഗാരി ലിനേക്കറുടെ രണ്ട് പെനാൽട്ടി ഗോളാണ് കാമറൂണിനെതിരെ ഇംഗ്ലണ്ടിനെ രക്ഷിച്ചത്. പത്ത് മിനിറ്റ് അവശേഷിക്കുന്നതു വരെ കാമറൂൺ 2-1 ന് മുന്നിലായിരുന്നു. വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്ന മില്ലയെ നിർബന്ധിച്ച് ലോകകപ്പിൽ കളിപ്പിക്കുകയായിരുന്നു. നേടിയതിനെക്കാൾ അധികം ഗോൾ വഴങ്ങിയിട്ടും കാമറൂൺ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഗൾഫ് മേഖലയിൽനിന്ന് യു.എ.ഇ യോഗ്യത നേടിയെങ്കിലും ഓളങ്ങൾ സൃഷ്ടിക്കാതെ മടങ്ങി. അതേസമയം ഷൂട്ടൗട്ടിലൂടെയല്ലാതെ ഒരു കളിയും ജയിക്കാതെ അയർലന്റ് ക്വാർട്ടറിലെത്തി.
കാമറൂണിന്റെ അപ്രതീക്ഷിത മുന്നേറ്റമൊഴിച്ചാൽ കൊളംബിയയുടെ കിറുക്കൻ ഗോളി റെനെ ഹിഗ്വിറ്റയാണ് ലോകകപ്പിന് ഹരം പകർന്നത്. കാമറൂണിനെതിരായ മത്സരത്തിൽ പതിവുപോലെ പന്തുമായി കയറിയ ഗോളിക്ക് മധ്യവരക്കടുത്ത് നിയന്ത്രണം തെറ്റി. പന്ത് കൈക്കലാക്കിയ മില്ല സന്തോഷപൂർവം ഒഴിഞ്ഞ വലയിലേക്കു പായിച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന പ്രായമേറിയ കളിക്കാരനായി മില്ല. നെതർലാന്റ്‌സ്-ജർമനി മത്സരത്തിൽ പരസ്പരം തുപ്പിയതിന് റൂഡി വൊള്ളറും ഫ്രാങ്ക് റൈക്കാഡും പുറത്താക്കപ്പെട്ടു. അർജന്റീനക്കു മുന്നിലാണ് ബ്രസീൽ വീണത്.
ഇറ്റലി രണ്ടാം തവണയാണ് ലോകകപ്പിന് വേദിയൊരുക്കിയത്. 1934 ൽ അവർ സ്വന്തം മണ്ണിൽ കിരീടമുയർത്തിയിരുന്നു. പക്ഷെ മണ്ണിന്റെ പിൻബലം ലഭിച്ചത് ജർമനിക്കായിരുന്നു. ഇറ്റലിയിൽ ഇന്റർ മിലാനു കളിക്കുന്ന ലോതർ മത്തായൂസിനും യൂർഗൻ ക്ലിൻസ്മാനും ബ്രഹ്മെക്കും കാണികളുടെ അകമഴിഞ്ഞ പിന്തുണ കിട്ടി.
സെമിയിലെത്തിയ നാലു ടീമുകളും മുൻ ചാമ്പ്യന്മാരായിരുന്നു. ഇംഗ്ലണ്ടിനെയാണ് സെമിയിൽ പശ്ചിമ ജർമനി തോൽപിച്ചത്. ഷൂട്ടൗട്ടിൽ തോറ്റ ശേഷം ഇംഗ്ലണ്ടിന്റെ പോൾ ഗാസ്‌കോയിൻ കണ്ണീർ തൂകി. ഇറ്റലിയുടെ ഗോളി വാൾട്ടർ സെംഗ 517 മിനിറ്റ് ഗോൾ വീഴാതെ വല കാത്ത് ലോക റെക്കോർഡ് സ്ഥാപിച്ചു.
ഏറ്റവുമധികം പേർ വീക്ഷിച്ച ലോകകപ്പുകളിലൊന്നാണ് 1990 ലേത്. 1994 ലേതും 2002 ലേതും ലോകകപ്പുകൾ മാത്രമാണ് കൂടുതൽ പേർ കണ്ടത്.
ആതിഥേയർ: ഇറ്റലി, ചാമ്പ്യന്മാർ: പശ്ചിമ ജർമനി
ടീമുകൾ: 24, മത്സരങ്ങൾ: 52
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 116
ടോപ്‌സ്‌കോറർ: സാൽവറ്റോർ സ്‌കിലാച്ചി (ഇറ്റലി, 6)
പ്രധാന അസാന്നിധ്യം: ഡെന്മാർക്ക്, ഫ്രാൻസ്, പോർചുഗൽ
അപ്രതീക്ഷിതമായി യോഗ്യത
നേടിയത്: കോസ്റ്ററീക്ക, അയർലന്റ്, യു.എ.ഇ
ആകെ ഗോൾ 115 (ശരാശരി 2.21), കൂടുതൽ
ഗോളടിച്ച ടീം-ജർമനി (15)
മത്സരക്രമം: നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകൾ.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരും
മികച്ച റെക്കോർഡുള്ള നാല് മൂന്നാം സ്ഥാനക്കാരും
പ്രി ക്വാർട്ടറിൽ.