സംഗീതാർച്ചന; അച്ഛനമ്മമാർക്ക്

ജോ ആന്റ് ജി മീഡിയയുടെ ബാനറിൽ ദിപു ജോസഫ് നിർമിച്ച് മീഡിയ പ്ളസ് കലാകാരൻ ജോജിൻ മാത്യു സംഗീതവും സംവിധാനവും നിർവഹിച്ച അച്ഛനമ്മമാർക്കുള്ള സംഗീത സമർപ്പണമായ അമ്മയും അച്ഛനും മ്യൂസിക്കൽ ആൽബം സഹൃദയ സദസ്സുകൾ ഏറ്റെടുക്കുന്നു. പ്രകാശനം ചെയ്ത് ഒരു മാസത്തിനകം ആയിരക്കണക്കിനാളുകളാണ് യുട്യൂബിൽ ആൽബം കണ്ടത്. ജീവിതത്തിൽ പകരം വെക്കാനില്ലാത്ത അനുഗ്രഹമായ അച്ചനമ്മമാരുടെ സ്‌നേഹം ഓർമിപ്പിക്കുന്ന ഈ ആൽബം വരികളുടെ മനോഹാരിത കൊണ്ടും സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നിൽക്കുന്ന സൃഷ്ടിയെന്ന നിലക്കും ജനകീയമാവുകയാണ് .


അമ്മക്കും അച്ഛനും പ്രത്യേകം പ്രത്യേകം സമർപ്പണമായി പല ആൽബങ്ങളും പുറത്തു വന്നിട്ടുണ്ടെങ്കിലും അച്ഛനമ്മമാർക്ക് ഒരുമിച്ചുള്ള സമർപ്പണമായ സൃഷ്ടികൾ കുറവാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരാൽബം സാക്ഷാൽക്കരിക്കുന്നതെന്ന് സംഗീത സംവിധായകൻ ജോജിൻ മാത്യു പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമായ മാതാപിതാക്കളുടെ പ്രാധാന്യവും പ്രസക്തിയും അടയാളപ്പെടുത്തുന്ന ഈ സംഗീത സമർപ്പണം സമകാലിക ലോകത്ത് ഏറെ ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിയിലും മാതാപിതാക്കളുടെ പ്രതീക്ഷ വളരെ വലുതാണ്. ആർക്കും നിർണയിക്കാനാവാത്ത സ്നേഹത്തിന്റെയും അർപ്പണത്തിന്റെയും അമൂല്യ വികാരങ്ങളാണ് അവരുടെ ജീവിതം മനോഹരമാക്കുന്നത്. അതിനാൽ വാക്കിലോ നോക്കിലോ പോലും പോറലേൽക്കാതെ അവരെ സ്നേഹ ബഹുമാനങ്ങളാൽ പൊതിയാനും കരുതലിന്റെ തണലിൽ സംരക്ഷിക്കാനും സാധിക്കുന്ന മക്കളാണ് പുണ്യം ചെയ്യുന്നവർ.ജയൻ മടിക്കൈയുടെ മനോഹരമായ വരികൾ വിന്നി ജെബിൻ ആണ് ആലപിച്ചത്. പ്രാഗാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് സുമേഷ് ആനന്ദ്, ഫ്ളൂട്ട് ബിജു ആലപ്പി, ഇല്ലസ്ട്രേഷൻ ഗോകുൽ ദാസ്, ആനിമേഷൻ ആന്റ് എഡിറ്റിംഗ് ജോയൽ മാത്യു, റെക്കോർഡിംഗ് ജെബിൻ ഫ്രാൻസിസ് എന്നിവർ നിർവഹിച്ചിരിക്കുന്നു.
ഈ ആൽബത്തിന്റെ നിർമാതാവും ഗാനരചയിതാവും സംഗീത സംവിധായകനും ദോഹ പ്രവാസികളാണ്. പ്രവാസ ലോകത്താണ് അച്ഛനമ്മമാരെക്കുറിച്ച ചിന്ത കൂടുതൽ ശക്തമാകുന്നതെന്നാണ് പറയുക. പലപ്പോഴും ജീവിതത്തിൽ തനിച്ചാകുമ്പോഴും വ്യത്യസ്ത ചുറ്റുപാടിലെത്തുമ്പോഴുമൊക്കെ ജീവിതത്തിന്റെ താളലയങ്ങളും സംരക്ഷണ കവചങ്ങളും തീർത്തിരുന്ന രക്ഷിതാക്കളെക്കുറിച്ച ഓർമകൾ ശക്തമാകും. അച്ഛനമ്മമാർ ജീവിതത്തിന്റെ തണലും കരുത്തുമെന്ന പോലെ പ്രതീക്ഷയും സുരക്ഷിതത്വവുമാണെന്ന സുപ്രധാനമായ കാര്യം ഓർമിപ്പിക്കുന്ന മനോഹരമായ വരികളും ഈണവും ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്. ആൽബം കാണാനായി Jo and Ji Media എന്ന യുട്യൂബ് ചാനൽ സന്ദർശിക്കാവുന്നതാണ്.

Latest News