തിരക്കഥയും നാടകത്തിന്റെ ചിട്ടവട്ടങ്ങളുമൊന്നുമില്ലാതെ പ്രമുഖ തിയേറ്റർ പ്രവർത്തകനായ മുഹ്‌സിൻ കാളികാവ് സംവിധാനവും തുഷാര ശിഹാബ് സഹസംവിധാനവും നിർവഹിച്ച 'ഒരു വട്ട് പറഞ്ഞ കഥ' ഏറെ ആകർഷകമായി.
നാടകത്തിൽ ഡയലോഗുകൾ എഴുതിപ്പഠിക്കാതെ, യഥാവസരം പറയുകയെന്ന പരീക്ഷണമായിരുന്നു വിജയം കണ്ടത്.
ഇരുപത്തഞ്ചോളം അമച്വർ കലാകാന്മാരേയും കലാകാരികളേയും അണി നിരത്തിയുള്ള ആധുനിക നാടകസങ്കേതം. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഭൂരിപക്ഷം പേരും ആദ്യമായാണ് അരങ്ങിലെത്തിയത്. അഭിനയം എന്നതിനേക്കാൾ, പ്രവാസലോകത്തെ കഴിവുള്ളവരെ കണ്ടെത്തി അവരെ ജീവിതമൽസരത്തിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യം കൂടിയായിരുന്നു നാടകാവതരണത്തിനു പിന്നിലെന്ന് മുഹ്‌സിൻ കാളികാവ് പറഞ്ഞു.
മൂന്നു കാലഘട്ടത്തിന്റെ പ്രതിനിധാനമായിരുന്നു അവതരിപ്പിച്ചത്. പൂരപ്പറമ്പ്, കുളിക്കടവ്, കുറത്തികൾ, കൊടുങ്ങല്ലൂരിന്റെ ചരിത്രാഖ്യാനം എന്നിവയൊക്കെ നിമിഷം കൊണ്ട് മാറിമറിയുന്ന രംഗസജ്ജീകരണങ്ങളിലൂടെ സാക്ഷാൽക്കാരം നിർവഹിക്കുകയായിരുന്നു. സാങ്കേതികത്തികവിൽ പ്രൊഫഷണൽ അരങ്ങുകളേയും പിന്നിലാക്കുന്നതായിരുന്നു 'ഒരു വട്ട് പറഞ്ഞ കഥ'. തിയേറ്റർ രംഗത്ത് ആദ്യമായി ഒരു പ്രവാസി വനിത കൂടി ഈ നാടകത്തിന്റെ പിന്നിലെ ശക്തിയായി. തുഷാര ശിഹാബാണ് ഈ നാടകത്തിന്റെ അസോഷ്യേറ്റ് ഡയരക്ടറായി പ്രവർത്തിച്ചത്. നാടകക്യാമ്പിലെ കുട്ടികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിയെന്നും മുഹ്‌സിൻ കാളികാവ് വ്യക്തമാക്കി. മൊബൈൽ അഡിക്ടുകളായ പുതിയ തലമുറയെ വായനയിലേക്കും കലയിലേക്കും തിരിച്ചുവിടുകയെന്ന
ലക്ഷ്യസാക്ഷാൽക്കാരം കൂടി ഈ നാടകത്തിലൂടെ സംഭവിച്ചു.
'വട്ട്' എന്നതിലൂടെ ഉരുളുന്ന ഒരു സൈക്കിൾ ടയറിലൂടെ മാറി വരുന്ന കാലത്തിന്റെ പ്രതീകാത്മകമായ ചാക്രിക വേഗതയുടെ മൗലികമായ ചിത്രീകരണം കൂടിയായി മാറി. അഹമ്മദ് യൂനുസ്, ഷൈബാനത്ത് യൂനുസ്, ഇൻശാ സുബിൽ, അൻവർലാൽ, അജ്‌നാ അൻവർലാൽ, അമൽ സഹ്‌വ, അഹ്‌ലാം അൻവർലാൽ, ഇസ്‌റാ അസ്‌ലം, ഇർഫാൻ മുഹമ്മദ്, ഷഹാനാ രാജു, മുഹമ്ദ്ി റയാൻ, മർയം അബ്ദുൽ അസീസ്, നോയാ നവാസ്, അബ്ദുല്ല നബീൽ, ഉദയൻ, ബിന്ദു ഉദയൻ, റെയ്ഹാൻ, സാജിദ്, മാജിത, മിൻഹ എന്നിവരായിരുന്നു നാടകത്തിലെ അഭിനേതാക്കൾ. മുസ്‌രിസ് ഫോറം ഭാരവാഹികളായ താഹ മരക്കാർ, യൂനുസ് കാട്ടൂർ എന്നിവർ നാടകത്തിന്റെ അണിയറ പ്രവർത്തകരെ ആദരിച്ചു.ഇഷാൻ ശിഹാബ് അയ്യാരിൽ നാടകത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചു.






