തന്നോട് ഏറ്റവും അടുത്തു നിൽക്കുന്ന കളിക്കാരനെന്നാണ് ആർതർ ആന്റുനസ് കോയിംബ്ര എന്ന സീക്കോയെ സാക്ഷാൽ പെലെ വിശേഷിപ്പിച്ചത്. മൂന്നു ലോകകപ്പുകളിൽ സീക്കൊ കളിച്ചിട്ടുണ്ട്. മൂന്നിലും നിർഭാഗ്യം മാത്രമായിരുന്നു വിധിച്ചത്. അതിൽ 1982 ലേത് ബ്രസീലിന്റെ കുപ്പായമിട്ട ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്നു. കാണികളുടെ ഹൃദയം കവർന്നെങ്കിലും രണ്ടാം റൗണ്ടിൽ ഇറ്റലിയോട് തോറ്റു. സമനില മാത്രം മതിയായിരുന്ന കളിയിൽ പോളോറോസിയുടെ ഹാട്രിക് മഞ്ഞപ്പടയെ ഞെട്ടിച്ചു. 3-2 ന് തോറ്റു.
നാലു വർഷം മുമ്പ് 1978 ൽ സീക്കോയുൾപ്പെട്ട ബ്രസീൽ മൂന്നാം സ്ഥാനം നേടിയിരുന്നുവെങ്കിലും അവിസ്മരണീയമായ കളികൾ 1982 ലേതു തന്നെയായിരുന്നു. 1986 ൽ മുപ്പത്തിമൂന്നാം വയസ്സിൽ പരിക്കുകൾ കാരണം സൂപ്പർ സബ്സ്റ്റിറ്റിയൂട്ടിന്റെ റോളിലായിരുന്നു സീക്കൊ. ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനോട് ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ തോറ്റ ആ കളിയിൽ പകരക്കാരനായി ഇറങ്ങിയ ഉടനെ സീക്കോ പെനാൽട്ടി പാഴാക്കിയത് വേദനിപ്പിക്കുന്ന കാഴ്ചയായി. ഷൂട്ടൗട്ടിൽ വീണ്ടും കിക്കെടുക്കാൻ ധൈര്യം കാട്ടുകയും ലക്ഷ്യം കാണുകയും ചെയ്‌തെങ്കിലും ബ്രസീലിന് തോൽവിയാണ് വിധിച്ചത്. സോക്രട്ടീസിനും ജൂലിയൊ സെസാറിനും പെനാൽട്ടികൾ പിഴച്ചു.
എൺപതുകളിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു സീക്കൊ. ബ്രസീലിലെ ഫ്ലമെംഗൊ ക്ലബിനായി 650 ലേറെ ഗോളടിച്ച് 'വെളുത്ത പെലെ' എന്ന പേരു നേടി. ലോകകപ്പ് നേടാത്ത ഏറ്റവും മികച്ച കളിക്കാരനായാണ് സീക്കൊ വിലയിരുത്തപ്പെടുന്നത്. ഡ്രിബ്ലിംഗിലും ഫിനിഷിംഗിലും സീക്കോയേക്കാൾ കഴിവുള്ളവർ അപൂർവമേയുണ്ടാവൂ. അപകടകരമായിരുന്നു ഈ അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ ഫ്രീകിക്കുകൾ. ഉറുഗ്വായ്‌ക്കെതിരായ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു ബ്രസീലിയൻ അരങ്ങേറ്റം.
1977 ലും 1981 ലും 1982 ലും ലാറ്റിനമേരിക്കൻ പ്ലയർ ഓഫ് ദ ഇയറായിരുന്നു. 1983 ൽ ഫിഫ പ്ലയർ ഓഫ് ദ ഇയറായി. ബ്രസീലിനു വേണ്ടി 88 മത്സരങ്ങളിൽ 66 ഗോളടിച്ചു.
നാലു തവണ ബ്രസീലിയൻ ചാമ്പ്യന്മാരായ ഫ്ലമെംഗൊ ടീമിലുണ്ടായിരുന്നു. ഒരു തവണ കോപ ലിബർട്ടഡോറസ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും നേടി. മിഷേൽ പ്ലാറ്റീനി, ഡിയേഗൊ മറഡോണ എന്നിവർക്കൊപ്പം ഇറ്റാലിയൻ ലീഗിൽ കളിച്ചു.
യൂഡിനീസെയെ മികച്ച ടീമുകളിലൊന്നാക്കി. പിന്നീട് ജപ്പാൻ ലീഗിൽ കളിച്ച സീക്കൊ കഷീമ ആന്റ്‌ലേഴ്‌സിനെ ഒന്നുമില്ലായ്മയിൽനിന്ന് കരുത്തുറ്റ നിരയായി ഉയർത്തി.
കഷീമ സ്റ്റേഡിയത്തിൽ സീക്കോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് ജപ്പാൻ കോച്ചായി. അവർക്ക് 2004 ലെ ഏഷ്യൻ കിരീടം നേടിക്കൊടുത്തു. 2006 ലെ ലോകകപ്പിലും ജപ്പാൻ കോച്ചായിരുന്നു. തുർക്കിയിൽ ഫെനർബാച്ചെയെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെത്തിച്ചു. സി.എസ്.കെ.എ മോസ്‌കോയെയും പരിശീലിപ്പിച്ചു. ഗ്രീസിലെ ഒളിംപ്ക്യാസിന്റെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ഇറാഖ് ടീമിന്റെ പരിശീലകനായി. രണ്ടു കൊല്ലം ഐ.എസ്.എല്ലിൽ എഫ്.സി ഗോവയുടെ കോച്ചായിരുന്നു.
1978 ലെ ലോകകപ്പിൽ സ്വീഡനെതിരായ കളിയിൽ സ്‌കോർ 1-1 ൽ നിൽക്കേ സീക്കോയുടെ ഹെഡർ ഗോൾ വലയിലേക്കു കയറുന്നതിനിടെ റഫറി ഫൈനൽ വിസിൽ മുഴക്കി.