1986 31 മെയ്-29 ജൂൺ, മെക്‌സിക്കൊ
ഡിയേഗൊ മറഡോണ അനശ്വരമാക്കിയ ലോകകപ്പാണ് 1986 ലേത്. ഇന്ന് പ്രധാന മത്സരങ്ങളിലെല്ലാം ഗാലറികളിൽ കാണാറുള്ള 'മെക്‌സിക്കൻ തിരമാല'യുടെ ഉദ്ഭവം ആ ലോകകപ്പിലായിരുന്നു. 1970 ലെ അവിസ്മരണീയ ലോകകപ്പിന് വേദിയൊരുക്കിയ മെക്‌സിക്കൊ രണ്ടു തവണ ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ രാജ്യമായി. ആദ്യ തവണ ബ്രസീലിന്റെ മാസ്മരിക ടീം ചാമ്പ്യന്മാരായപ്പോൾ ഇത്തവണ മറഡോണ ഒറ്റയാനായി അർജന്റീനയെ കിരീടത്തിലേക്കു നയിച്ചു. അർജന്റീന 14 ഗോളാണ് നേടിയത്. അതിൽ അഞ്ചും മറഡോണയുടെ വകയായിരുന്നു. ഫൈനലിലെ നിർണായക ഗോളുൾപ്പെടെ അഞ്ചെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം തവണയും പശ്ചിമ ജർമനിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
16 വർഷത്തിനിടെ രണ്ടാം തവണയാണ് മെക്‌സിക്കൊ ആതിഥ്യമരുളിയത്. 1970 ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പ് അഴകുള്ള ഫുട്‌ബോളിന്റെ ആഘോഷമായിരുന്നു. പക്ഷേ മെക്‌സിക്കൊ സമുദ്ര നിരപ്പിൽനിന്ന് ഏറെ ഉയരെയാണ്. മറ്റു പ്രദേശങ്ങളിൽ നിന്ന് വരുന്ന കളിക്കാർക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടാണ്. കൊടുംചൂടാണ്. എന്നിട്ടും 16 വർഷത്തിനിടെ അവർ രണ്ടാം തവണയും ലോകകപ്പിന് ആതിഥ്യമരുളിയതിന് കാരണമുണ്ടായിരുന്നു. കൊളംബിയയായിരുന്നു ആ ലോകകപ്പ് നടത്തേണ്ടിയിരുന്നത്. ഫിഫയുടെ നിബന്ധനകളെല്ലാം പാലിക്കാനാവില്ലെന്നു പറഞ്ഞ് അവർ പിന്മാറിയപ്പോൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് മുന്നോട്ടു വന്ന ഏക രാജ്യം മെക്‌സിക്കോ ആയിരുന്നു.
24 ടീമുകൾ ആദ്യമായി പങ്കെടുക്കുന്ന ലോകകപ്പായിരുന്നു അത്. കൂടുതൽ സ്റ്റേഡിയങ്ങൾ സജ്ജമാക്കാൻ മെക്‌സിക്കൊ പെടാപ്പാട് പെടുന്നതിനിടെ, ലോകകപ്പിന് എട്ട് മാസം മുമ്പ് 1985 സെപ്റ്റംബറിൽ അവിടെ കനത്ത ഭൂകമ്പമുണ്ടായി. ഇരുപതിനായിരം പേർ മരിച്ചെങ്കിലും ഭാഗ്യത്തിന് സ്റ്റേഡിയങ്ങൾക്കൊന്നും കേടുപാട് പറ്റിയില്ല. ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ടൂർണമെന്റ് മാറ്റാൻ കഴിയില്ലായിരുന്നു.
ഇരുപതുകാരനായ ജോർജി ഹാജി നയിച്ച റുമാനിയക്ക് ലോകകപ്പ് ഫൈനൽ റൗണ്ടിലെത്താനായില്ല. മിഷേൽ ലൗഡ്രപും പ്രബൻ എൽക്‌ജേറും തകർപ്പൻ ഫോമിൽ കളിച്ചതോടെ സോവിയറ്റ് യൂനിയനെ മറികടന്ന് ഡെന്മാർക്ക് ആദ്യമായി ലോകകപ്പ് ബെർത്ത് നേടി. നെതർലാന്റ്‌സ് ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ഹങ്കറിയാണ് മുന്നേറിയത്. ഹങ്കറിയുടെ പ്രതാപകാലം അസ്തമിച്ചെന്നു കരുതിയ ഘട്ടത്തിലായിരുന്നു ഇത്. 20 വർഷത്തിനിടയിലാദ്യമായി പോർചുഗലും ബെർത്ത് നേടി. പശ്ചിമ ജർമനി ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യതാ മത്സരം തോറ്റു -പോർചുഗലിനോട്. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പിന് ടിക്കറ്റെടുത്തു. ഫ്രാൻസും ബൾഗേറിയയും യോഗ്യതാ റൗണ്ടിൽ തകർപ്പൻ ഫോമിലായിരുന്നു. ലാറ്റിനമേരിക്കയിൽ നിന്ന് ചിലെ 30 വർഷത്തിനു ശേഷം ലോകകപ്പിനെത്തി. ആഫ്രിക്കയിൽ നിന്ന് അൾജീരിയയും മൊറോക്കോയും ടിക്കറ്റെടുത്തു. കോൺകകാഫ് മേഖലയിൽ നിന്ന് ആദ്യമായി കാനഡ ലോകകപ്പിനെത്തി. ഏഷ്യയിൽ നിന്ന് ഇറാഖും തെക്കൻ കൊറിയയും കന്നിക്കാരായി പങ്കെടുത്തു.
പിന്നീടുള്ള എല്ലാ ലോകകപ്പിനും കൊറിയ യോഗ്യത നേടി.
ഫ്രാൻസായിരുന്നു ഫോമിലുള്ള ടീം. പക്ഷേ ലാറ്റിനമേരിക്കയിൽ ഒരിക്കലും യൂറോപ്യൻ ടീം ലോകകപ്പ് നേടിയിട്ടില്ലാത്തതിനാൽ അവർക്ക് അധികമാരും സാധ്യത കൽപിച്ചില്ല. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി മോശം ഫോമിലായിരുന്നു. എൻസൊ ഫ്രാൻസിസ്‌കോലിയുടെ ഉറുഗ്വായ് കറുത്ത കുതിരകളാവുമെന്ന് പ്രവചിക്കപ്പെട്ടു.
പുതിയ ശൈലിയിലായിരുന്നു ലോകകപ്പ്. രണ്ടാം റൗണ്ട് ലീഗ് വേണ്ടെന്നു വെച്ചു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ നോക്കൗട്ട് ഏർപ്പെടുത്തി -പ്രി ക്വാർട്ടർ ഫൈനൽ, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ. ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടറിലെത്തി. മൂന്നാം സ്ഥാനക്കാരിൽ മികച്ച റെക്കോർഡുള്ള നാല് ടീമുകളും മുന്നേറി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരേ സമയത്ത് നടത്താൻ ഫിഫ തീരുമാനിച്ചു. ഒത്തുകളി ഒഴിവാക്കാനായിരുന്നു ഇത്.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും അർജന്റീനയും ഗ്രൂപ്പ് എ-യിലായിരുന്നു. ഇറ്റലിയുടെ നിരയിൽ അലസാന്ദ്രൊ ആൾടോബല്ലി മാത്രമേ എടുത്തുപറയാനുണ്ടായിരുന്നുള്ളൂ. അർജന്റീനയെ മുന്നോട്ടു നയിച്ചത് മറഡോണയായിരുന്നു. 12 ലോകകപ്പ് കളിച്ചിട്ടും വിജയിച്ചിട്ടില്ലാത്ത ബൾഗേറിയയായിരുന്നു ഈ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. മൂന്നു മത്സരം കൂടി കളിച്ചിട്ടും അവർക്ക് ആദ്യ വിജയം നേടാനായില്ല. എങ്കിലും നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് ബി-യിൽ നിന്ന് മെക്‌സിക്കോയും പാരഗ്വായും പ്രി ക്വാർട്ടറിലെത്തി. ഗ്രൂപ്പ് സി-യിൽ യു.എസ്.എസ്.ആറായിരുന്നു മുന്നിൽ. ഫ്രാൻസ് രണ്ടാം സ്ഥാനത്തും. ഹങ്കറി പുറത്തായി. ആദ്യ റൗണ്ടിലെ മികച്ച കളിയായിരുന്നു ഫ്രാൻസ്-യു.എസ്.എസ്.ആർ (1-1). ഗ്രൂപ്പ് ഡി-യിൽ ബ്രസീൽ സ്‌പെയിനിനെയും അൾജീരിയയെയും വടക്കൻ അയർലന്റിനെയും തോൽപിച്ചു. ഗ്രൂപ്പ് ഇ-യിൽ പശ്ചിമ ജർമനിയെ 2-0 ത്തിന് തോൽപിച്ച് ഡെന്മാർക്ക് ഒന്നാം സ്ഥാനത്തെത്തി. എന്നാൽ പ്രി ക്വാർട്ടറിൽ അവരെ സ്‌പെയിൻ 5-1 ന് തകർത്തു. ഇംഗ്ലണ്ടും പോളണ്ടും പോർചുഗലുമടങ്ങുന്ന ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്തി മൊറോക്കൊ അദ്ഭുതം സൃഷ്ടിച്ചു. പോർചുഗലിനെ അവർ 3-1 ന് തകർത്തു. എന്നാൽ രണ്ടാം റൗണ്ടിൽ പശ്ചിമ ജർമനിയോട് തോറ്റു.
ബ്രസീൽ-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ ക്ലാസിക്കായിരുന്നു. നിശ്ചിത സമയത്ത് സീക്കോക്കും ഷൂട്ടൗട്ടിൽ സോക്രട്ടീസിനും പെനാൽട്ടി പിഴച്ചതോടെ ഫ്രാൻസ് ജയിച്ചു. അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ എക്കാലവും ചർച്ച ചെയ്യപ്പെട്ട മത്സരവും. സെമിയിൽ പശ്ചിമ ജർമനി ഫ്രാൻസിനെയും അർജന്റീന ബെൽജിയത്തെയും 2-0 ത്തിന് തോൽപിച്ചു.
ഡിയേഗൊ മറഡോണ സൃഷ്ടിച്ച പ്രതിഭാ സ്പർശമുള്ള രണ്ട് നിമിഷങ്ങളാണ് 1982 ലെ മെക്‌സിക്കൊ ലോകകപ്പിനെ അവിസ്മരണീയമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിലായിരുന്നു രണ്ടും. ആദ്യത്തേത് കുറിയവനായ മറഡോണ അതികായനായ ഗോളി പീറ്റർ ഷിൽറ്റനു മുകളിലുയർന്ന് ഹെഡ് ചെയ്യുന്ന ആക്ഷനിൽ പന്ത് കൈ കൊണ്ട് വലയിലേക്കു തള്ളിയതാണ്. റഫറി ഗോളിന് വിസിലൂതി. മൂന്നു മിനിറ്റിനു ശേഷം സ്റ്റേഡിയം അക്ഷരാർഥത്തിൽ സ്തംഭിച്ചു. സ്വന്തം പകുതിയിൽ പന്ത് സ്വീകരിച്ച മറഡോണ അഞ്ച് ഇംഗ്ലണ്ട് കളിക്കാരെയും ഷിൽറ്റനെയും ഒന്നൊന്നായി വെട്ടിവീഴ്ത്തി പന്ത് വലയിൽ നിക്ഷേപിച്ചു. ഒരു പകുതി പിശാചും മറുപകുതി മാലാഖയുമെന്ന് ആ രണ്ട് ഗോളുകളുടെ പേരിൽ മറഡോണയെ ഒരു ഫ്രഞ്ച് പത്രം വിശേഷിപ്പിച്ചു. രണ്ടാമത്തെ ഗോൾ നൂറ്റാണ്ടിന്റെ ഗോളായി ഫിഫ 2002 ൽ തെരഞ്ഞെടുത്തു.
ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കറായിരുന്നു ടൂർണമെന്റിലെ മറ്റൊരു ഹീറോ. അർജന്റീനക്കെതിരെ ഒരു ഗോളടിച്ച ലിനേക്കർക്ക് തലനാരിഴക്കാണ് സമനില ഗോൾ നഷ്ടപ്പെട്ടത്. പോളണ്ടിനെതിരായ കളിയിൽ ലിനേക്കർ നേടിയ ഹാട്രിക്കാണ് മോശം തുടക്കത്തിനു ശേഷം മുന്നേറാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ബൾഗേറിയക്കെതിരെ മെക്‌സിക്കോയുടെ മാന്വേൽ നെഗ്രിറ്റയുടെ ബൈസികിൾ കിക്ക് ഗോളും കാണികളെ ഹരം കൊള്ളിച്ചു.
24 ടീമുകളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു ആദ്യ റൗണ്ട്. ബൾഗേറിയയും ഉറുഗ്വായ്‌യും ആദ്യ റൗണ്ടിൽ ഒരു കളി പോലും ജയിക്കാതെ പ്രി ക്വാർട്ടറിലെത്തി. കന്നിക്കാരായ ഡെന്മാർക്കായിരുന്നു ആദ്യ റൗണ്ടിലെ ടീം. മൈക്കിൾ ലൗഡ്രപും പ്രബേൻ എൽക്ജയറുമടങ്ങുന്ന ടീമിന്റെ ആക്രമണ ഫുട്‌ബോളിൽ ഉറുഗ്വായ് 6-1 ന് തകർന്നു. പശ്ചിമ ജർമനിയെയും അവർ അട്ടിമറിച്ചു. ഹങ്കറിയെ സോവിയറ്റ് യൂനിയൻ 6-0 ത്തിന് തരിപ്പണമാക്കി. ആദ്യ റൗണ്ടിൽ മിന്നിയ ഡെന്മാർക്കും സോവിയറ്റ് യൂനിയനും രണ്ടാം റൗണ്ടിൽ പൊലിഞ്ഞു. ഇഗോർ ബെലനോവ് ഹാട്രിക് നേടിയിട്ടും സോവിയറ്റിനെ ബെൽജിയം എക്‌സ്ട്രാ ടൈമിൽ 4-3 ന് മറികടന്നു. ഡെന്മാർക്കിന്റെ തോൽവി അതിനേക്കാൾ നാടകീയമായിരുന്നു. ഒരു ഗോളിന് മുന്നിലെത്തിയ ഡെന്മാർക്കിനെ എമിലിയൊ ബുട്രാഗ്വിനോയുടെ നാലു ഗോളിൽ സ്‌പെയിൻ 5-1 ന് തരിപ്പണമാക്കി.
പോർചുഗലിനെ അട്ടിമറിച്ച മൊറോക്കൊ രണ്ടാം റൗണ്ടിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി. രണ്ടാം റൗണ്ടിൽ പശ്ചിമ ജർമനിയെ അവർ വെള്ളം കുടിപ്പിച്ചു. ഗോൾകീപ്പർ ബദൂ സാക്കി എൺപത്തേഴാം മിനിറ്റ് വരെ അജയ്യനായി നിന്നു. ഒടുവിൽ ലോതർ മത്തായൂസാണ് ജർമനിയുടെ വിജയ ഗോളടിച്ചത്. നാലു ക്വാർട്ടറുകളിൽ മൂന്നും ഷൂട്ടൗട്ടിലാണ് വിധിയായത്. ജർമനിയോട് ഷൂട്ടൗട്ടിൽ തോറ്റ് ആതിഥേയരുടെ കുതിപ്പ് അവസാനിച്ചു. ഷൂട്ടൗട്ടിൽ മൂന്നു തവണ വലത്തോട്ട് ചാടിയ ജർമൻ ഗോളി ഹരോൾഡ് ഷുമാക്കർ രണ്ട് കിക്കുകൾ രക്ഷിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ പുറത്താക്കിയ ഫ്രാൻസ് ആയിരുന്നു ബ്രസീലിന്റെ എതിരാളികൾ. സ്‌കോർ 1-1 ൽ നിൽക്കേ സീക്കൊ എടുത്ത പെനാൽട്ടി ഫ്രഞ്ച് ഗോളി ജോയൽ ബാറ്റ്‌സ് രക്ഷിച്ചു. ഷൂട്ടൗട്ടിൽ മിഷേൽ പ്ലാറ്റീനിക്കും പിഴച്ചെങ്കിലും ഫ്രാൻസ് സെമിയിലേക്കു മുന്നേറി. പക്ഷേ സെമിയിൽ പശ്ചിമ ജർമനി അവരെ പിടിച്ചുകെട്ടി. മറഡോണയുടെ മറ്റൊരു അവിസ്മരണീയ ഗോളിലാണ് ബെൽജിയത്തെ അർജന്റീന സെമിയിൽ വീഴ്ത്തിയത്. ഫൈനലിൽ ലോതർ മത്തായൂസിന്റെ കത്രികപ്പൂട്ട് തകർക്കാൻ മറഡോണക്കു സാധിച്ചില്ലെങ്കിലും ജോസ് ലൂയിസ് ബ്രൗണും ജോർജെ വാൾദാനോയും അർജന്റീനയെ മുന്നിലെത്തിച്ചു. പക്ഷേ ആറു മിനിറ്റിനിടെ കാൾ ഹയ്ൻസ് റൂമനിഗ്ഗെയും റൂഡി വൊള്ളറും തിരിച്ചടിച്ചു. മറഡോണക്ക് ഒരു നിമിഷം മതിയായിരുന്നു. മത്തായൂസിന്റെ ഏകാഗ്രത ഒന്നുലഞ്ഞപ്പോൾ മറഡോണയുടെ എണ്ണം പറഞ്ഞ പാസ് വന്നു. 83 ാം മിനിറ്റിൽ ജോർജെ ബുറുച്ചാഗയുടെ വിജയ ഗോളിൽ അർജന്റീന രണ്ടാം തവണ കിരീടമുയർത്തി. മറഡോണ മികച്ച കളിക്കാരനും ലിനേക്കർ ടോപ്‌സ്‌കോററുമായി.
അറിയാമോ?
•1986 ൽ മെക്‌സിക്കോക്കെതിരായ കളിയിൽ ഇംഗ്ലണ്ട് ടീമിൽ രണ്ട് ഗാരി സ്റ്റീവൻസുമാർ ഉണ്ടായിരുന്നു.
•സ്‌കോട്‌ലന്റ്-വെയ്ൽസ് യോഗ്യതാ മത്സരത്തിനിടെ സ്‌കോട്‌ലന്റ് കോച്ച് ജോക്ക് സ്‌റ്റെയ്ൻ ഹൃദയാഘാതം മൂലം മരിച്ചു. പകരം ചുമതലയേറ്റ അലക്‌സ് ഫെർഗൂസനാണ് സ്‌കോട്‌ലന്റിന് യോഗ്യത നേടിക്കൊടുത്തത്. പിൽക്കാലത്ത് മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഇതിഹാസ സമാനമായ കരിയറിലൂടെയാണ് ഫെർഗൂസൻ ഫുട്‌ബോൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചത്.
•1982 ലെ ലോകകപ്പിൽ ഇറ്റലിയുടെ അവസാന ഗോളടിച്ച അലസാന്ദ്രൊ ആൽട്ടോബെല്ലിയാണ് 1986 ലെ ആദ്യ ഗോളടിച്ചത്, ബൾഗേറിയക്കെതിരായ 1-1 സെമിയിൽ.
•പാരഗ്വായ്‌ക്കെതിരെ അരങ്ങേറ്റക്കാരായ ഇറാഖിന്റെ അഹ്മദ് റഹദിയുടെ ഹെഡറിൽ പന്ത് ഗോളിലേക്കു പറക്കവേ റഫറി ഫൈനൽ വിസിലൂതി, ഇറാഖ് 0-1 ന് തോറ്റു.
•ബെൽജിയത്തിനെതിരായ കളിയിൽ റഫറിയുടെ മുഖത്തു തുപ്പിയ ഇറാഖിന്റെ സാമിർ ശാക്കിർ മഹ്്മൂദിനെ ഫിഫ ഒരു വർഷത്തേക്ക് വിലക്കി. ഇറാൻ-ഇറാഖ് യുദ്ധം കാരണം സ്വന്തം നാട്ടിൽ ഒരു യോഗ്യതാ മത്സരം പോലും കളിക്കാതെയാണ് ഇറാഖ് ഫൈനൽ റൗണ്ടിലെത്തിയത്.
•പാരഗ്വായ്‌യുടെ കോച്ച് റെ സയെറ്റാനൊ നിരന്തരം കളിക്കളത്തിലിറങ്ങിയതിനാൽ ചുവപ്പ് കാർഡ് കണ്ടു, ലോകകപ്പിൽ പുറത്താക്കപ്പെടുന്ന ആദ്യ കോച്ചായി. കോച്ചുമാർക്കും ചുവപ്പ് കാർഡ് നൽകാമെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് പിന്നീട് സയെറ്റാനൊ കുറ്റസമ്മതം നടത്തി.
•മെക്‌സിക്കൊ-പാരഗ്വായ് മത്സരത്തിൽ 55 ഫൗളുകളാണ് പിറന്നത്.
•സ്‌കോട്‌ലന്റിനെതിരെ ഉറുഗ്വായ്‌യുടെ ജോസെ ബാറ്റിസ്റ്റ 55 ാം സെക്കന്റിൽ പുറത്തായി നാണക്കേടിന്റെ റെക്കോർഡിട്ടു.
•ഡെന്മാർക്ക് ടീമിലെ പകുതിയിലേറെ പേർ നാടിനു പുറത്താണ് ക്ലബ് ഫുട്‌ബോൾ കളിച്ചിരുന്നത്. ആദ്യമായാണ് ലോകകപ്പ് കളിക്കുന്ന ഒരു യൂറോപ്യൻ ടീമിലെ ഭൂരിഭാഗം പേരും രാജ്യത്തിന് പുറത്ത് കളിക്കുന്നത്.
•1986 ലെ ലോകകപ്പിൽ സെമിയിലെത്തിയ ബെൽജിയം ടീമിലെ കളിക്കാരനായിരുന്നു ലെയ് ക്ലൈസ്റ്റേഴ്‌സ്. അദ്ദേഹത്തിന്റെ മകൾ കിം ക്ലൈസ്റ്റേഴ്‌സ് ടെന്നിസിൽ ലോക ഒന്നാം നമ്പറാവുകയും ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടുകയും ചെയ്തു.
•സീക്കോയുടെ സഹോദരൻ എഡുവും സീക്കോയുടെ മകൻ തിയാഗൊ കോയിംബ്രയും ബ്രസീലിലെ ഫ്ലമെംഗൊ ക്ലബിന്റെ കളിക്കാരായിരുന്നു. സീക്കോയുടെ മറ്റൊരു സഹോദരൻ ആന്റുനസും പ്രൊഫഷനൽ കളിക്കാരനായിരുന്നു. സീക്കൊ ഒരു വർഷത്തോളം ബ്രസീലിൽ സ്‌പോർട്‌സ് മന്ത്രിയായിരുന്നു. 1995 ലും 1996 ലും ബീച്ച് സോക്കർ ലോകകപ്പിൽ കളിച്ചു.