പടയണിപ്പെരുമ, പന്തിരുകുലമഹിമ കലകളുടെ വില്ലടിച്ചാൻപാട്ടുമായി പത്തനംതിട്ട സംഗമം

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) സ്വാതന്ത്ര്യത്തിന്റെ 75  ാം വാർഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ അമൃതവർഷം 2022 വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ആകർഷകമായി. കോൺസുലേറ്റങ്കണത്തിലെ ചടങ്ങിൽ ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ജയൻ നായർ പ്രക്കാനം അധ്യക്ഷത വഹിച്ചു. വൈസ് കോൺസൽ പി. ഹരിദാസ് പങ്കെടുത്ത പരിപാടിയിൽ സംഘടനയുടെ വിഷൻ 2022 നെക്കുറിച്ച് അലി  തേക്കുതോട (അഡ്മിൻ വൈസ് പ്രസിഡന്റ്),  കലാവിഭാഗം റിപ്പോർട്ട് ജോസഫ് വർഗീസ്  വടശ്ശേരിക്കര, പൊതുറിപ്പോർട്ട് ജോർജ് വർഗീസ് പന്തളം എന്നിവർ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം സ്വാഗതവും ഖജാൻജി സന്തോഷ് കെ. ജോൺ നന്ദിയും പറഞ്ഞു. 


തുടർന്ന് നടന്ന കലാമാമാങ്കത്തിൽ ജിദ്ദയിലെ പ്രമുഖ ഗായകരായ മിർസാ ഷെരിഫ്, ജമാൽ പാഷ, മുംതാസ് അബ്ദുൽ റഹ്മാൻ, സോഫിയ സുനിൽ, ജോബി ടി. ബേബി, രഞ്ജിത് നായർ, ഷറഫ് പത്തനംതിട്ട എന്നിവരുടെ ഗാന സന്ധ്യയും, സുധാ രാജു, പടയണി ഉൾപ്പെടുത്തി അവതരിപ്പിച്ച കേരളീയ നൃത്തങ്ങളും, പുഷ്പാ സുരേഷ് ചിട്ടപ്പെടുത്തിയ  വിവിധ സംസ്ഥാനങ്ങളുടെയും വ്യതിരിക്തമായ നൃത്തസമന്വയവും ആകർഷകമായി. സോഫിയാ സുനിൽ ചിട്ടപ്പെടുത്തിയ ഒപ്പന, അഷിതാ മേരി ഷിബു സംവിധാനം ചെയ്ത ബോയ്‌സ് ഡാൻസും പരിപാടിക്ക് മാറ്റുകൂട്ടി.


വ്യത്യസ്തങ്ങളായ ഒട്ടേറെ നാടൻ കലാരൂപങ്ങൾക്കൊപ്പം  മാത്യു തോമസ് കടമ്മനിട്ടയുടെ ആശയത്തിലും നേതൃത്വത്തിലും  രഞ്ജിത്ത് മോഹനും സംഘവും അവതരിപ്പിച്ച വില്ലടിച്ചാൻ പാട്ട്  പരിപാടിയിൽ ഏറെ പ്രശംസ നേടി. തമിഴ്നാട്ടിലും കേരളത്തിലും ഒരേപോലെ പ്രശസ്തമായൊരു നാടൻ കലാരൂപമാണ് വില്ലുപാട്ട് അഥവാ വില്ലടിച്ചാൻ പാട്ട്. തെക്കൻ തിരുവിതാംകൂറിൽ രൂപം കൊണ്ടൊരു കഥാകഥന സമ്പ്രദായമാണ് വില്ലുകൊട്ടിപ്പാട്ട്, വില്ലടി, വിൽപ്പാട്ട് എന്നീ പേരിൽ പിന്നീട്  അറിയപ്പെടാൻ തുടങ്ങിയത്. അനുഷ്ഠാന കാലരൂപമായിരുന്ന വിൽപാട്ട് പരിഷ്‌കാരങ്ങൾ ഏറ്റുവാങ്ങി പുതിയ രീതിയിലും പുതിയ ഭാവത്തിലും വിൽക്കലാമേളയെന്ന രൂപമാറ്റം സ്വീകരിച്ചതിന് ശേഷമാണ് മത്സരത്തിനും പ്രോഗ്രാമുകളിലും അവതരിപ്പിച്ചു തുടങ്ങിയത്. അഞ്ചോ ഏഴോ ആളുകൾ ഇരിക്കുകയും പിന്നിൽ ബാക്കി ഉള്ളവർ നൃത്തം ചവിട്ടുകയുമാണ് രീതി. നേതൃത്വം വഹിക്കുന്ന ആൾ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. കാപ്പ്, നാമാവതരണം, ഗുരുസ്തുതി സഭാസ്തുതി, ദേശവന്ദനം എന്നിവയാണ് ചടങ്ങ്. കഥ പറയുന്നതിനൊപ്പം ഹാസ്യത്തിനും അഭിനയത്തിനും വേഷഭൂഷാദികളിലും ഒട്ടേറെ വ്യത്യസ്തതയുണ്ടെന്നുള്ളത് വില്ലടിച്ചാൻ പാട്ടിന്റെ പ്രത്യേകതയാണ്. 


ജിദ്ദയിലെ അറിയപ്പെടുന്ന കലാകാരനും നാടക നടനുമായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് അണിയിച്ചൊരുക്കിയ  ചരിത്രനൃത്ത സംഗീത ശിൽപനാടകം ഒരു ഭ്രാന്തന്റെ സ്വപ്‌നം നാടകത്തെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ജിദ്ദയിലെ പ്രഗത്ഭരായ നടീനടന്മാരുടെ അഭിനയവും  രംഗ സജ്ജീകരണവും അഭിനയ പാടവവും ഒരേ പോലെ കണ്ണിനും കരളിനും ഉൽസവമായി. നാടകത്തിന്റെ കഥാതന്തു വിക്രമാദിത്യ സദസ്സിലെ ശ്രേഷ്ഠനും ബ്രാഹ്മണ പണ്ഡിതനുമായ വരരുചിക്ക് പഞ്ചമിയെന്ന പറയിപ്പെണ്ണിൽ ജനിച്ച പന്ത്രണ്ടു മക്കളുടെ കഥയായ പറയിപെറ്റ പന്തിരുകുലം തന്നെ.
ചുടലപ്പറമ്പിൽ ചുടലയക്ഷിയും പരേതാത്മാക്കളുമായി ചങ്ങാത്തം കൂടി അവിടെത്തന്നെ ഭക്ഷണവും ഉറക്കവും എല്ലാമായി കഴിഞ്ഞു കൂടുന്ന നാറാണത്ത് ഭ്രാന്തൻ മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തമായതും തീക്ഷ്ണത ഏറിയതുമായ ഉൾക്കാഴ്ചയും മനോധൈര്യവും ഉണ്ടെന്നുള്ളതും അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന്റെ ചൊൽക്കാഴ്ചകൾ നാടകത്തിന്റെ അന്തഃസത്ത വിളിച്ചോതി.


പറയിക്കുണ്ടായ പതിനൊന്നു മക്കളും പല ജാതിയിൽ പല കുലത്തിൽ പല പല വേഷത്തിൽ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നു.  നാറാണത്തിന്റെ മുന്നിൽ പലപ്പോഴായി എത്തുന്ന ഈ സഹോദരങ്ങൾ പരസ്പരം മനസ്സിലാക്കാതെ നടത്തുന്ന സംവാദങ്ങളും വായ്പോരുകളും പാട്ടും നൃത്തവുമായി നാടകം അരങ്ങുണർത്തുമ്പോൾ, പരസ്പരം സാമ്യമുള്ള ശബ്ദവും രൂപവും ഭാവവും എല്ലാം സംശയം ജനിപ്പിക്കുകയും അതിന്റെ പരിസമാപ്തി എന്ന രീതിയിൽ വായില്ലാംകുന്നിലപ്പൻ എന്ന ദേവൻ അശരീരി രൂപത്തിൽ എല്ലാവർക്കും സന്ദേശം നൽകി. ഒരു സന്ധ്യാനേരം മലമുകളിലെ ക്ഷേത്ര നടയിൽ എല്ലാവരെയും വരുത്തുകയും അവിടെ വെച്ച് മരിച്ചു പോയ വരരുചിയെയും പഞ്ചമിയെയും ഒരിക്കൽ മാത്രം പുനർജ്ജനിപ്പിച്ച് പന്തിരുകുലത്തിലെ കഥകൾ വിവരിച്ചു കൊടുക്കുന്നതോടു കൂടി നാടകത്തിന്റെ പ്രധാന ഭാഗത്തിലേക്ക് എത്തിച്ചേർന്നു. അതിനു ശേഷം എല്ലാവരും ഭ്രാന്തൻ എന്ന് വിളിക്കുന്ന നാറാണത്ത് എഴുന്നേറ്റ് വന്ന് നമ്മുടെ സമൂഹത്തിന് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ കാര്യകാരണങ്ങൾ പ്രേക്ഷകരോട് സംവാദം ചെയ്ത് ഈ ലോകത്തെ മനുഷ്യർ എല്ലാം ഒന്നാണെന്നും എല്ലാവർക്കും ഒരേ രക്തം ആണെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കാതെ സഹോദരങ്ങൾ ആണെന്ന ചിന്ത ഉടലെടുപ്പിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി ജീവിക്കണം എന്നുള്ള സന്ദേശം നൽകി നാടകം ശുഭപര്യവസായി ആക്കി പ്രേക്ഷകരുടെ കൈയടി നേടി.
പി.ജെ.എസ് അംഗമായിരിക്കേ മരണപ്പെട്ട ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ  അവാർഡ് ജിദ്ദയിലെ മികച്ച ചിത്രരചയിതാവും ചിത്രാധ്യാപികയുമായ യമുന വേണുവിനും പി.ജെ.എസിന്റെ സ്ഥാപക അംഗവും എക്‌സിക്യൂട്ടീവ് അംഗമായിരിക്കേ മരണപ്പെട്ട, ജിദ്ദയിലെ ജീവകാരുണ്യ  പ്രവർത്തകരുടെ ഇടയിൽ വേറിട്ടു നിന്ന ഷാജി ഗോവിന്ദന്റെ പേരിലുള്ള അവാർഡ് മികച്ച ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിനും വിദ്യാഭ്യാസ അവാർഡ്  അസർ മുഹമ്മദ് ഷിഹാബിനും നൽകി. കോവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ സഹായിക്കുവാൻ നേതൃത്വം നൽകിയ സംഗമത്തിന്റെ ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡുകൾ മെഡിക്കൽ വിഭാഗം കൺവീനർ സജി ജോർജ് കുറുങ്ങാട്ട് ഏറ്റുവാങ്ങി. 


നാടകത്തിനും മറ്റ് പരിപാടികൾക്കും ആവശ്യമായ ശബ്ദ ആലേഖനം, ശബ്ദ മിശ്രണം, ഗാംഭീര്യമുള്ള ശബ്ദം നൽകുകയും ചെയ്ത കലാപ്രതിഭ നജീബ് വെഞ്ഞാറൻമൂടിന് സ്‌നേഹോപഹാരം നൽകി.
പരിപാടിക്ക് പേര് നിർദേശിക്കുന്ന മത്സരത്തിൽ അമൃത വർഷം 2022  എന്ന പേര് നിർദേശിച്ച വ്യക്തിക്കുള്ള ഉപഹാരം അനിൽ കുമാർ പത്തനംതിട്ടയ്ക്കും കളറിംഗ് മത്സരത്തിന് നിറക്കൂട്ട്  എന്ന പേര് നിർദേശിച്ചതിനുള്ള ഉപഹാരം ശ്വേതാ ഷിജുവിനും നൽകി. 
ലേഡീസ് വിംഗ് കൺവീനർ അനിത സതീഷ്, ചിൽഡ്രൻസ് പ്രസിഡന്റ് ആൻഡ്രിയ ലിസ ഷിബു, വിലാസ് അടൂർ, സിയാദ് പടുതോട്, മനു പ്രസാദ് ആറന്മുള, നവാസ് ഖാൻ ചിറ്റാർ, സലീം മജീദ്, സാബുമോൻ പന്തളം, അനിയൻ ജോർജ് പന്തളം, അനിൽ അടൂർ, ലാൽ കൃഷ്ണ, ഷറഫുദ്ദീൻ മൗലവി എന്നിവർ വിവിധയിനം കലാപരിപാടികൾക്ക് നേതൃത്വം നൽകി. വർഗീസ് ഡാനിയൽ പ്രോഗ്രാം ജനറൽ കൺവീനറും മനോജ് മാത്യു അടൂർ കോ ഓർഡിനേറ്ററുമായിരുന്നു.  ജോസഫ് നെടിയവിള, മേരി ജോർജ് എന്നിവർ അവതാരകരായിരുന്നു. പുതിയ വർഷത്തെ ഭാരവാഹികളെ ഉപദേശക സമിതി കൺവീനർ എബി ചെറിയാൻ മാത്തൂർ പ്രഖ്യാപിച്ചു. പ്രസിഡന്റ് ജയൻ നായർ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി) ജോസഫ് വർഗീസ് വടശ്ശേരിക്കര പരിപാടികൾ നിയന്ത്രിച്ചു. അനിൽ കുമാർ പത്തനംതിട്ട നന്ദി പറഞ്ഞു.

Latest News