സൗദിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒപെക് അംഗ രാജ്യം- മന്ത്രി

ദുബായ് - സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഒപെക് അംഗ രാജ്യമാണെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഒപെക് പ്ലസ് കൂട്ടായ്മയില്‍ നിന്ന് റഷ്യയെ പുറത്താക്കാന്‍ സാധിക്കുകയില്ലേ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.
 ദുബായില്‍ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍  സംസാരിക്കുകയായിരുന്നു മന്ത്രി. സൗദി അറേബ്യക്കും അബുദാബിക്കും നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആരാണ്, ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് പണവും പരിശീലനവും ആയുധങ്ങളും നല്‍കുന്നത് ആരാണ്, ഇതെല്ലാം ചെയ്യുന്നത് ഒപെക് അംഗരാജ്യമാണ്.
2020 ഏപ്രിലില്‍ സംഭവിച്ച കാര്യം നാം വിസ്മരിക്കരുത്. അന്ന് ഒപെക് പ്ലസ് കൂട്ടായ്മ ഇല്ലായിരുന്നുവെങ്കില്‍ ദീര്‍ഘകാലം എണ്ണ വില നെഗറ്റീവ് പരിധിയില്‍ തുടരുമായിരുന്നു. ഊര്‍ജ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാവരും കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റുള്ളവരും തങ്ങളുടെ ഉറപ്പുകള്‍ പാലിക്കണം. പ്രതിദിന ഉല്‍പാദന ശേഷിയില്‍ 20 ലക്ഷത്തോളം ബാരലിന്റെ മിച്ചം സൗദി അറേബ്യയുടെ പക്കലുണ്ട്. ഊര്‍ജ സുരക്ഷ പരിഗണിക്കാതെ കാലാവസ്ഥാ വ്യതിയാനം പരിഗണിക്കാനാവില്ല. ഒപെക് പ്ലസ് യോഗങ്ങളില്‍ രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. ഊര്‍ജ വിതരണ സുരക്ഷ ലോകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണെന്നും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

 

Latest News