മർമരം നിലച്ച ചിനാറുകൾ

അക്ഷരങ്ങളുടെ നാട്ടിൽ, ആറ്റുവഞ്ചിപ്പൂക്കളെ തഴുകിയൊഴുകുന്ന മീനച്ചിലാറിന്റെ തീരത്തു  നിന്നും തൂലികത്തുമ്പിൽ വർണം വിരിയിച്ച എഴുത്തുകാരിയാണ്  റിയാദിലുള്ള മൻഷാദ് അങ്കലത്തിൽ.
ഗോഡ് ഓഫ് സ്മാൾ തിംഗ്‌സിന്റെ രചയിതാവായ അരുന്ധതി റോയിയുടെ നാട്ടുകാരി. കഥകളും ലേഖനങ്ങളും കവിതകളും എഴുതുന്നത് ഒരു ഹരമാക്കിയ മൻഷാദിന്റെ വാക്കുകളിലേക്ക്.
മലയാള സാഹിത്യത്തിന്റെ വഴിത്താരകളിലൂടെ സഞ്ചരിക്കുമ്പോൾ ഏതു വിഷയവും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതെങ്ങനെയാണ്? 
മൻഷാദ് പറയുന്നു:
സാഹിത്യത്തിന്റെ പല മേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ എഴുത്തുകാർക്ക് വേണ്ടത് സൂക്ഷ്മ പാടവമാണ്. സമൂഹത്തിന്റെ അല്ലെങ്കിൽ പ്രകൃതിയുടെ ചലനങ്ങളെ സൂക്ഷ്മതയോടെ വീക്ഷിക്കുന്ന ഒരാൾക്ക് ശരിയായി പ്രതികരിക്കാൻ സാധിക്കും. അത് എഴുത്തിന്റെ പല രൂപത്തിൽ കഥയായും കവിതയായും ലേഖനമായും പുറത്തു വരുന്നു.   

അനുഭവങ്ങളാണല്ലോ എഴുത്തുകാരന്റ പാഠശാല. അതിനെക്കുറിച്ച്?
അതെ, തീർച്ചയായും അനുഭവങ്ങൾ തന്നെയാണ് രചനകളെ മികവുറ്റതാക്കുന്നത്. മീനച്ചിലാറിന്റെ തീരങ്ങൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. തോണിക്കാരൻ മൊയ്തുവിന്റെ കഥ. കർക്കടകത്തിൽ കരകവിഞ്ഞൊഴുകുന്ന മീനച്ചിലാറിൽ തോണി തുഴയുന്ന മൊയ്തു, വരകളും കുറികളും വീണ അയാളുടെ മുഖത്തെ നിർവികാരതയിൽ നിന്നും സ്വന്തം ജീവിതത്തിന്റെ തോണി കരക്കടുപ്പിക്കാൻ പെടുന്ന ബുദ്ധിമുട്ട് വായിച്ചെടുക്കുവാനാകും. അതുപോലെ തന്നെ ഒരു സന്ധ്യാ സമയം മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയ പളനിയുടെ കഥ. തമിഴ്‌നാട്ടുകാരനായ പളനിയെ മീനച്ചിൽ ഏറ്റുവാങ്ങിയതോ അതോ പളനി സ്വയം ആഴങ്ങളിലേക്ക്  പോയതോ എന്നറിയില്ല. അതിൽ നിന്നുമാണ് ടൈഗ്രീസിന്റെ രോദനം' എന്ന കഥ പിറവിയെടുക്കുന്നത്. പുരാതന സംസ്‌കാരത്തിന്റെ തൊട്ടിലായ ടൈഗ്രീസ്  നദിയിൽ തോണി തുഴയുന്ന അബ്ദുല്ല, മനുഷ്യ മാംസത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞു തോണിക്ക് ചുറ്റും കൂടിയ മൽസ്യങ്ങൾക്കിടയിലൂടെ വെള്ളത്തിലെ ചോരയുടെ നിറം കണ്ടിട്ടും മരവിച്ച മനസ്സുമായി വള്ളം തുഴയുന്നയാൾ. ഇതെല്ലാം കഥയുടെ ജീവനുള്ള വശങ്ങളാണ്. 

മർമരം നിലച്ച ചിനാറുകൾ എന്ന കഥയെക്കുറിച്ച്?
നടന്ന സംഭവങ്ങളെ ആസ്പദമാക്കി കഥകൾ രചിയ്ക്കുക എളുപ്പമാണ്. അതിൽ അമ്മ മനസ്സിന്റെ അമൂർത്ത ഭാവങ്ങൾ നമുക്ക് വായിച്ചെടുക്കാം. ലോകത്തിൽ സ്‌നേഹത്തിന്റെ ഒരേ ഒരു വാക്കാണ് അമ്മ. അമ്മയിൽ നിന്നാണ് നാം ലോകത്തെ കണ്ടു തുടങ്ങുന്നത്. പ്രകൃതി ദുരന്തത്തിൽ തകർന്നടിഞ്ഞ സ്വപ്‌നങ്ങൾക്ക് നടുവിൽ ബാലനായ മകനെ മാറോടു ചേർത്തു പ്രതീക്ഷയുടെ പുതുകിരണങ്ങൾ തേടുന്ന മാതൃഹൃദയം അതിൽ നമുക്ക് കാണാം.  
'ഭാബിജി'എന്ന കഥയിൽ ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞു പോകുന്ന പെൺകുട്ടികളുടെ ജീവിതത്തെ തന്മയത്വത്തോടെ  അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള കഥാകാരി, ഈ കഥയെ തന്റെ മികച്ച സൃഷ്ടി എന്നാണ് വിലയിരുത്തുന്നത്.                                                            

കവിതകളെക്കുറിച്ച്?
സാമൂഹിക പ്രതിബദ്ധതയുള്ള കാലിക വിഷയങ്ങൾ കവിതകളിലൂടെ എളുപ്പത്തിൽ അവതരിപ്പിക്കാനാവും. കവിതകൾക്ക് മനുഷ്യ മനസ്സിന്റെ ആഴങ്ങളിൽ വേരുറപ്പിനുള്ള കഴിവ് പറഞ്ഞു തരേണ്ട കാര്യമല്ലല്ലോ.                          

കഥകളും കവിതകളും കൂടാതെ?                   
അഭിമുഖങ്ങളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ അകാലത്തിൽ പൊലിഞ്ഞ സംഗീത പ്രതിഭ രവീന്ദ്രൻ മാഷിനെക്കുറിച്ച് അദ്ദേഹത്തിന്റെ  പത്താം ചരമ വാർഷികത്തിൽ മനോരമയിൽ പ്രസിദ്ധീകരിച്ച ലേഖനം വളരെ മികവുറ്റതാണ്. യാത്രകളും  സംഗീതവും ഇഷ്ടപ്പെടുന്ന കഥാകാരിയുടെ 'ആരോഗ്യ സംരക്ഷണം പ്രകൃതിയിലൂടെ' എന്ന പുസ്തകം ആരോഗ്യബോധവൽക്കരണ രംഗത്തെ ഒരു നല്ല കൃതിയായി വിലയിരുത്താം.  തന്റെ, പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ചെറുകഥകൾ ചേർത്ത് സ്മൃതിയാത്ര' എന്ന ചെറുകഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് ഈ എഴുത്തുകാരി. രണ്ടു പതിറ്റാണ്ടോളമായി പ്രവാസത്തിന്റെ സ്പന്ദനം നെഞ്ചിലേറ്റുന്ന കഥാകാരി, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സിലെ അധ്യാപിക കൂടിയാണ്. പിന്തുണയുമായി ഭർത്താവ് ഷഹിൻ  ബാബുവും മക്കളായ ഡെന്റൽ വിദ്യാർഥിനി റൈന ഫാത്തിമ, പന്ത്രണ്ടാം ക്ലാസുകാരി റയ ഷാഹിൻ എന്നിവരും കൂടെയുണ്ട്.

Latest News