ഷാരൂഖ് ഖാന്റെ  കുരുത്തക്കേടും  ക്യൂബയിലെ പിരിവും

കേരളത്തിന്റെ നിയമ നിർമാണ സഭയിൽ എന്തൊക്കെ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്? എല്ലാം ലൈവായി കാണിക്കാൻ ടെലിവിഷൻ ചാനലുകളുള്ളപ്പോൾ കേട്ടുകേൾവിയെ ആശ്രയിക്കേണ്ടതില്ല. കഴിഞ്ഞ ദിവസം ഒരു മെംബർ ഉന്നയിച്ച ആവശ്യം നിയമസഭയിലെ ഒറ്റയാനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കണമെന്നാണ്. പണ്ട് കമ്യൂണിസ്റ്റായിരുന്ന ഹരിത എം.എൽ.എ ഇന്ദിരാ ഗാന്ധിയുടെ കാലത്തെ റഷ്യൻ ബന്ധങ്ങളെ കുറിച്ച് വാചാലനായി. അത് പോട്ടെ. മൂപ്പര് തുറന്നു പറഞ്ഞപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. പാർട്ടി ഓഫീസ് പണിയാൻ പിരിവിന് കമ്യൂണിസ്റ്റ് മാതൃകാ രാജ്യങ്ങളായ ക്യൂബയിലും വെനിസ്വേലയിലും ചെന്നിട്ട് കാര്യമില്ല. അവിടെ ചെന്നാൽ അവർ നമ്മുടെ പക്കലുള്ളതെല്ലാം ഊരിയെടുക്കും. സംഭാവനകൾ ഗംഭീരമാവാൻ ഇപ്പോഴത്തെ ലക്ഷ്യങ്ങൾ തന്നെ ഉചിതം. സഭയിലിരുന്ന് ഇത്രയും മഹത്തായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന നമ്മുടെ പ്രതിനിധികൾക്ക് ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ തീരെ പര്യാപ്തമല്ല. ഇതൊരു നാലോ അഞ്ചോ ഇരട്ടിയാക്കുന്നതാണ് ഉചിതം. വരുമാനം കുതിച്ചുയരുമ്പോൾ ഒരു പരിഷ്‌കാരിയും എതിർക്കാൻ വരില്ല, ഷുവർ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചതു വഴി 44 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഒരു മാസം സർക്കാരിനുണ്ടാവുക. എംഎൽഎമാരുടെ മണ്ഡലം അലവൻസ് ഇരട്ടിയാക്കിയപ്പോൾ ടെലിഫോൺ അനുകൂല്യം 7500 ൽനിന്ന് പതിനൊന്നായിരം രൂപയാക്കി കൂട്ടി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് അടുത്ത മാസം മുതൽ സർക്കാർ അധിക ബാധ്യത ഏറ്റെടുക്കുന്നത്. 39,500 രൂപയിൽനിന്ന് എഴുപതിനായിരം രൂപയായാണ് എംഎൽഎമാരുടെ ശമ്പളം വർധിക്കുന്നത്. മാസം 12,000 രൂപ മണ്ഡലം അലവൻസ് ലഭിച്ചിരുന്നിടത്ത് ഇനി 25,000 രൂപ കിട്ടും. എങ്ങും പോയില്ലെങ്കിലും മിനിമം ഇരുപതിനായിരം രൂപ ബാറ്റ എഴുതിയെടുക്കാം. ടെലിഫോൺ അനൂകൂല്യം 7500 ൽ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവൻസ് മൂവായിരത്തിൽ നിന്ന് എണ്ണായിരമായും ഉയർത്തി. എല്ലാം കൂടി കൂട്ടുമ്പോൾ നിലവിൽ കിട്ടുന്നതിനേക്കാൾ 30,500 രൂപ അധികം. 118 പേർക്കായി മാസം 36 ലക്ഷം കണ്ടെത്തണം. വർഷം നാലരക്കോടി രൂപ. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55,000 ൽ നിന്ന് 90,000 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. ഒരാൾക്ക് 35,000 രൂപ കൂടുതലായി കണ്ടെത്തണം. ഈയിനത്തിലും വരും മാസം എട്ടു ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത. ഇതൊക്കെ നാട്ടിന്റെ പുരോഗതിയ്ക്കല്ലേ എന്ന് തിരിച്ചറിയുമ്പോഴാണ് ആകെ ഒരു റിലാക്‌സേഷൻ. 
*** *** ***
ദിലീപിന് തിരിച്ചടികളുടെ വർഷമായിരുന്നു കഴിഞ്ഞു പോയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. കേസിൽ വിചാരണ ആരംഭിക്കാനിരിക്കേയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ഇര എന്ന സിനിമ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ ഈ സംശയം ബലപ്പെടുകയും ചെയ്തു. ഇപ്പോൾ ഇറങ്ങിയ ടീസർ അക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയും ചെയ്തു. 'എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നേ' നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം കോടതിയിലേക്ക് കൊണ്ടു വരുന്നതിനിടയിൽ തന്നെ വളഞ്ഞ ദൃശ്യ മാധ്യമ പ്രവർത്തകനോട് ദിലീപ് ചോദിച്ച ചോദ്യമായിരുന്നു ഇത്. ഇതേ ഡയലോഗാണ് ഇരയുടെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗോകുൽ സുരേഷ് ആണ് ഈ ഡയലോഗ് പറയുന്നത്. ഇതോടെയാണ് ഇര ദിലീപിന്റെ കഥയല്ലേയെന്ന തരത്തിലുള്ള ചർച്ചകൾ തുടങ്ങിയത്.  മിയ ജോർജും നിരഞ്ജനയുമാണ് ചിത്രത്തിലെ നായികമാർ. ഇര തിയേറ്ററുകളിലേത്തുന്നതിന് മുമ്പേ സോഷ്യൽ മീഡിയയിലൂടെ ടീസർ വൈറലായി. 
*** *** ***
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പുതിയ വ്യാഖ്യാനവുമായി ബിജെപി മന്ത്രി. ഇവിഎം എന്നാൽ ഈച്ച് വോട്ട് ഫോർ മോഡി എന്നാണെന്ന് ജനങ്ങൾക്കറിയാമെന്ന് ഗുജറാത്ത് വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. ഗുജറാത്ത് വാർത്താ വിനിമയ വകുപ്പിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പറ്റി സംസാരിക്കവേയാണ് ജഡേജയുടെ പ്രസ്താവന. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെയും വിവിപാറ്റ് സംവിധാനത്തെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശിക്കുമ്പോൾ ഇവിഎം എന്നാൽ എന്നാൽ ഓരോ വോട്ടും മോഡിക്കാണെന്ന തിരിച്ചറിവിലാണ് ബിജെപിയെ ജനങ്ങൾ അധികാരത്തിലെത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സംസ്‌കാരം സംരക്ഷിക്കുക എന്നതിലാണ് ബിജെപി വിശ്വസിക്കുന്നത്. അതിനാൽ തന്നെ അടുത്ത 22 വർഷത്തേക്ക് ഗുജറാത്തിലെ ജനങ്ങൾ ഞങ്ങളെ തന്നെ അധികാരമേൽപിക്കുമെന്നും ജഡേജ കൂട്ടിച്ചർത്തു. പേടിഎം തുടങ്ങിയ കാലത്ത് ചില വിരുതന്മാർ അതിന്റെ പൂർണ രൂപം പേ ടു  മോഡിയെന്നാണെന്ന് പറഞ്ഞിരുന്നു. മന്ത്രിക്ക് ഇതിന്റെ സ്വാധീനമുണ്ടോയെന്നറിയില്ല. ഇതെല്ലാം കേൾക്കുമ്പോൾ കേരളത്തിന്റെ പഴയ പോലീസ് മന്ത്രി മിണ്ടാതിരിക്കുന്നതെങ്ങനെ? കോടിയേരി സഖാവിന്റെ ഭാവന ഓവർടൈമിൽ ജോലി ചെയ്തു. ഓർക്കാട്ടേരി ടൗണിൽ പ്രസംഗിക്കുമ്പോഴാണ് ആർ.എം.പി എന്ന പാർട്ടിക്ക് ഫുൾഫോം പ്രഖ്യാപിച്ചത് -രമയുടെ മാത്രം പാർട്ടി.
*** *** ***
സി.പി.എം കർഷക സംഘടന കിസാൻ സഭ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വളഞ്ഞ് അവകാശങ്ങൾ പിടിച്ചു വാങ്ങിയത് വലിയ പ്രാധാന്യത്തോടെയാണ് ബ്രിട്ടനിലെ ബി.ബി.സി, അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ്, ഡെയ്‌ലി മെയിൽ, ജപ്പാൻ ടൈംസ്, ചൈനീസ് വാർത്താ ഏജൻസി  സിൻഹുവ എന്നിവ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ  കർഷക സമരം വിജയകരമായി അവസാനിച്ചുവെന്ന് റിപ്പോർട്ട് ചെയ്ത ബിബിസി കർഷകർ നേടിയെടുത്ത അവകാശങ്ങളടക്കം ദൃശ്യം സഹിതം റിപ്പോർട്ട് ചെയ്തു. പതിനായിരക്കണക്കിന് കർഷകരും സ്ത്രീകളും പങ്കെടുത്ത മാർച്ച് മഹാസംഭവമെന്നാണ് അവർ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി അവതരിപ്പിക്കാനും ബിബിസി ശ്രദ്ധ കാണിച്ചു. ഇന്ത്യൻ സർക്കാരിന്റെ നവ ലിബറൽ നയങ്ങൾക്കെതിരെ കർഷകർ ചെങ്കൊടിയേന്തി കാർഷിക പരിഷ്‌കരണം ആവശ്യപ്പെട്ടു നടത്തിയ പോരാട്ടമെന്നാണ് ലാറ്റിനമേരിക്കൻ മാധ്യമമായ ടെലിസൂർ റിപ്പോർട്ട് ചെയ്തത്. സമരത്തിന്റെ നിരവധി ചിത്രങ്ങളും ടെലിസൂർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കനത്ത വേനൽ ചൂടിനെയും അവഗണിച്ച് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യൻ സാമ്പത്തിക തലസ്ഥാനം വളഞ്ഞെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കർഷകരെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാത്ത സർക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് പത്രം വിലയിരുത്തിയത്. 
*** *** ***
മലയാള സിനിമയിലെ വിജയ ഫോർമുലകളിൽ പ്രധാനമായൊരു കൂട്ടുകെട്ടാണ് പ്രിയദർശൻ മോഹൻലാലിന്റേത്. ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അപൂർവ്വം ചില സിനിമകൾ മാറ്റി നിർത്തിയാൽ ബാക്കിയുള്ളതെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വർഷങ്ങൾ നിരവധി കഴിഞ്ഞുവെങ്കിലും ഇന്നും ഇരുവരും ഒരുമിക്കുന്ന സിനിമക്കായി ആരാധകർ കാത്തിരിക്കുന്നുണ്ട്. 
ഗൗരവപരമായ വിഷയമാണ് കെകാര്യം ചെയ്യുന്നതെങ്കിൽ കൂടിയും സിറ്റുവേഷന് അനുസരിച്ച ഹാസ്യരംഗങ്ങൾ ഉൾപ്പെടുത്താൻ പ്രിയദർശൻ മറക്കാറില്ല. അദ്ദേഹത്തിന്റെ പല സിനിമകളും വീണ്ടും വീണ്ടും കാണാൻ തോന്നുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഇതാണ്. മാസ് സിനിമയ്ക്ക് ലഭിക്കുന്ന ജനപ്രീതിയോ തള്ളിക്കയറ്റമോ അത്തരം സിനിമകൾക്ക് ലഭിക്കാറില്ല. എല്ലാതരം പ്രേക്ഷകരെയും പിടിച്ചിരുത്താൻ പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താലേ വിജയിക്കാൻ കഴിയൂ. ടിക്കറ്റെടുക്കുന്നവരെ രസിപ്പിക്കുന്ന സിനിമകളെടുത്താൽ ബോക്‌സ് ഓഫീസിൽ നിറഞ്ഞോടുമെന്നും പ്രിയദർശൻ പറയുന്നു.
പ്രേക്ഷകർ സകുടുംബം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ മാത്രമേ സൂപ്പർ ഹിറ്റുകൾ പിറക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ കുടുംബ സമേതം തിയേറ്ററുകളിലേക്ക് വരാൻ പ്രേക്ഷകർ മടിക്കുകയാണ്. എന്തൊക്കെയാണ് സിനിമയിൽ കാണേണ്ടി വരിക എന്ന കാര്യമോർത്താണ് പലരും ഭയക്കുന്നത്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ ഉണ്ടായാൽ ഈ അവസ്ഥ മാറും. 
അടുത്തിടെ പുറത്തിറങ്ങിയ ആട്2 വിജയിച്ചതിന് പിന്നിലെ പ്രധാന ഘടകം ഇതാണെന്നും അദ്ദേഹം പറയുന്നു. ചിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറക്കുന്ന കോമഡി ചിത്രങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയില്ല. സിറ്റുവേഷന് അനുസരിച്ചുള്ള കോമഡി മാത്രമാണ് ഇന്ന് വിലപ്പോവുന്നത്. മുമ്പ് ചെയ്ത പോലെ മുഴുനീള കോമഡി സിനിമ ഇന്നത്തെ കാലത്ത് ചെയ്യാൻ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
*** *** ***
തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രം ഭൂതല സംപ്രേഷണം അവസാനിപ്പിച്ചു.  ദൂരദർശൻ കൂടുതൽ മിഴിവോടെ ഇനി ഡിജിറ്റൽ ആവുകയാണ്. മലയാളത്തിലെ ആദ്യ ടെലിവിഷൻ ചാനലെന്ന നിലയിൽ പലർക്കും ഗൃഹാതുര സ്മരണയുണർത്തുന്നതാണ് ദൂരദർശന്റെ ആദ്യകാലം. ആഴ്ചയിൽ ഒരിക്കൽ മാത്രം വന്നിരുന്ന സിനിമയും ചിത്രഗീതവും വാർത്തകളുമായി വന്നിരുന്ന ബാലകൃഷ്ണനും ഹേമലതയും രാജേശ്വരി മോഹനുമൊക്കെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നു. 
വീടുകളുടെ മുകളിൽ തലയുയർത്തി നിന്നിരുന്ന ആന്റിനകൾ ഇളക്കി കാഴ്ച സുഖം ഉറപ്പ് വരുത്തിയ കാലം. ഒരു മൊബൈൽ ഫോണിൽ നിന്നു പോലും ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്ക് തൽസമയ സംപ്രേഷണം നടത്താൻ ആർക്കും കഴിയുന്നൊരു കാലമാണിത്. സോഷ്യൽ മീഡിയയിലെ ലൈവ് സംപ്രേഷണം അലോസരമാവുന്നുണ്ടെങ്കിലും. 
*** *** ***
ഒരു പുസ്തകമിറക്കിയാൽ ചൂടപ്പം പോലെ വിറ്റഴിയാൻ എന്താണ് ചെയ്യുക? ബോളിവുഡിലെ ചോക്ലേറ്റ് ബോയ് പണ്ട് കൊച്ചി മാർക്കറ്റിലെ തിരക്കിനിടയിൽ എഴുത്തുകാരിയെ തോണ്ടിയിരുന്നുവെന്ന് മി റ്റു സ്റ്റൈലിൽ മാധ്യമ പ്രവർത്തകരോട് കാച്ചുക. ശതകോടികളുടെ കൊയ്ത്തിന്റെ തിരക്കിൽ നോട്ടി ബോയ് ഖാൻ കേസ് കൊടുക്കാനൊന്നും വരില്ലെന്ന് ധൈര്യപ്പെടാം. 
അക്ഷര നഗരിയിലെ പുസ്തക പ്രകാശനം വിവാദമാക്കാൻ മറ്റൊരു രാഷ്ട്രീയ നേതാവിന്റെ മകൻ ഉപദ്രവിച്ച കാര്യം ലേറ്റ് ഫീയോടെ ഗ്രന്ഥകർത്താവ് പറഞ്ഞതിനുള്ള ഹാസ്യ താരത്തിന്റെ മകളുടെ മറുപടിയും കൂടിയായപ്പോൾ സംഗതി ജോർ. രാക്ഷസ കേരളം പുരോഗമിക്കുന്നുണ്ട്. 

Latest News