ചരിത്രം തുടിക്കുന്ന മരാട്ട് മന

വള്ളുവനാട്ടിൽ മാത്രമല്ല കിഴക്കൻ ഏറനാട്ടിലുമുണ്ട്  പ്രൗഢ ഗംഭീരമായ പതിനാറ് കെട്ടുള്ള തറവാട് വീട്. കേരളത്തിലെ ഏറ്റവും പ്രസിദ്ധിയേറിയ നമ്പൂതിരി  തറവാടുകളിൽ ഒന്നായ  മരാട്ട് മന അഥവാ മരനാട്ട് മനയാണ് (മരനാട്ട് ലോപിച്ച് മരാട്ടായതാണ്) പഴയ കാല പ്രൗഢിയിൽ നില നിർത്തിപ്പോരുന്നത്. കേരളത്തിൽ ഇന്നു ആകെ രണ്ടോ, മൂന്നോ, പതിനാറുകെട്ടുകളുള്ള മനകളിലൊന്നാണ്  മരാട്ട് മന. നമ്പൂതിരി ഗൃഹങ്ങളിൽ  പതിനാറു കെട്ടായുള്ള ഏക ഗൃഹവും കൂടിയാണിത്.  പഴയ ജന്മി പരമ്പരയായിരുന്നു മരാട്ട് മനക്കാർ. കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവ്വേദ പ്രധാനമായ ഗ്രാമമായ കരിക്കാട് ഗ്രാമത്തിലെ കൊടശ്ശേരി ദേശത്താണ് മരാട്ട് മന സ്ഥിതി ചെയ്യുന്നത്. 24 ഓളം നമ്പൂതിരി ഇല്ലങ്ങളാണ് ഈ കരിക്കാട് ഗ്രാമത്തിലുള്ളത്. മലപ്പുറം ജില്ലയിൽ  പാണ്ടിക്കാട് - വണ്ടൂർ റോഡിൽ മരാട്ടപ്പടി എന്ന സ്ഥലത്താണ് മരാട്ട് മന സ്ഥിതി ചെയ്യുന്നത്. മനയുടെ പേരു തന്നെ സ്ഥലത്തിനു വന്നു ചേർന്നു. 
എട്ട് തലമുറയുടെ പേരു വിവരങ്ങളും പതിനാറാം  നൂറ്റാണ്ടിലെ  മുതൽ വിവരങ്ങൾ അടങ്ങിയ രേഖകൾ മനയിൽ ഉള്ളതിനാലും നാന്നൂറിലധികം വർഷം പഴക്കം എന്തായാലും മരാട്ട് മനക്കാർക്ക് ഉണ്ടെന്നു നമുക്കനുമാനിക്കാം..
വള്ളുവനാടൻ അതിർത്തിയായ ഏറനാടൻ പ്രദേശത്താണ് മരാട്ട് മന സ്ഥിതി ചെയ്യുന്നത്. പക്ഷേ വള്ളുവനാടൻ സംസ്‌കാരം പിന്തുടരുന്ന പരമ്പരയാണ് മരാട്ട് മനക്കാർ.
ധാരാളം ഭൂസ്വത്തിനു ഉടമയായിരുന്നവർ. പതിനായിരക്കണക്കിനു പാട്ടം നെല്ല് കൃഷിയും മറ്റുമുണ്ടായിരുന്നു. കണ്ണേത്താദൂരത്തോളം ഭൂസ്വത്തുക്കളുണ്ടായിരുന്ന മരാട്ട് മനക്കാർ സാമൂഹിക പ്രതിബദ്ധതയുള്ളവരായിരുന്നു.
മരാട്ട് മനയിലെ ഒരു കാരണവരായ ദീർഘവീക്ഷണത്തിനുടമയായ  മരാട്ട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 1953 ൽ ഒരു എ.യു.പി സ്‌കൂൾ സ്ഥാപിച്ചു. നാട്ടിലെ നിരവധി ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാകാൻ ഇതൊരു കാരണമായി. ഇന്നും ഈ സ്‌കൂൾ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാലത്ത് ഒരുപാട് സാമൂഹിക മാറ്റങ്ങൾക്കും സമൂഹത്തിനു ഉപകാരപ്രദമായ അനവധി കാര്യങ്ങൾക്കും മരാട്ട് മനക്കാർ കാരണമായി. ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്ന പുരോഗമന ചിന്താഗതിക്കാരാണ് അന്നുമിന്നും മരാട്ട് മനക്കാർ. 


അപൂർവങ്ങളിൽ അപൂർവമാണ് 16 കെട്ട്. 167 വർഷം പഴക്കമുണ്ട് ഈ പതിനാറു കെട്ടിന്. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണ് ഉപയോഗിച്ചിരിക്കുന്നത് മന നിർമ്മിക്കാനായി. നാലു നടുമുറ്റങ്ങളോട് കൂടി, ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട് ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും മണ്ഡപവും ഏറ്റവും വലിയ നടുമുറ്റമാണ്. നടുമുറ്റത്തോട് ചേർന്ന് ഏകദേശം 18 ഓളം തൂണുകളും ഉണ്ട്. ഒരു നടുമുറ്റത്ത് പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ പ്രതിഷ്ഠ, ഒരു നടുമുറ്റത്ത് അടുക്കള കിണർ. കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ല. പിന്നെ അടുക്കളയോടു ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട് (ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം. ഈ മുറിക്ക് എട്ടോളം പ്രവേശന കവാടവും ഉണ്ട്. ധാരാളം വാതിലുകളും ജനലുകളും മരാട്ടു മനയുടെ പ്രത്യേകതയാണ്. മച്ചിൽ ആരാധിക്കുന്നത് മഹാഗണപതിയെയാണ്. അതുപോലെ നീളമേറിയ വരാന്തയും പടിഞ്ഞാറു മാളികയും പതിനെട്ടോളം മുറികളും  നൂറോളം പേർക്കിരുന്നു ഊണു കഴിക്കാവുന്ന അഗ്രശാലയും മൂന്നു നിലയുള്ള പത്തായപ്പുരയും രണ്ട് കുളവും (ഒരു കുളമേ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിന്. വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം) പശുത്തൊഴുത്തും കാർ ഷെഡും ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് മരാട്ട് മന. മനയോട് മുൻവശത്ത് ഗേയ്റ്റ് വരെ നീളുന്ന വെട്ടുകല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. വാസ്തു വിദഗ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമിതി.
മരാട്ട് മനയിലെ മൂന്നു നിലകളുള്ള പത്തായപ്പുര കാണാൻ പ്രത്യേക ഭംഗിയാണ്. മൂന്നോളം മുറികളും രേഖകൾ സൂക്ഷിക്കുന്ന മുറിയും നെല്ല് സൂക്ഷിക്കുന്ന പത്തായ മുറിയും അടങ്ങുന്നതാണീ പത്തായപ്പുര. അതി മനോഹരമായ കോണികളും തണുപ്പു നിറഞ്ഞ തട്ടിട്ട മുറികളും പത്തായപ്പുരയ്ക്ക് അഴകേകുന്നു. പത്തായപ്പുരയുടെ തട്ടിൻപുറം തന്നെ വളരെ വ്യത്യസ്തമാണ്. ഇത്രയ്ക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന തട്ടിൻപുറം ഞാൻ വേറെ കണ്ടിട്ടില്ല. തട്ടിൻപുറത്ത് ഒരു മുറിയും ഉണ്ട്. അതുപോലെ പഴയ ഒരു ആട്ടുകട്ടിലും പുരാവസ്തുക്കളും മനയിൽ ഉണ്ടായിരുന്ന ആനയുടെ നെറ്റിപ്പട്ടവുമെല്ലാം തട്ടിൻപുറത്തിനു മാറ്റുകൂട്ടുന്നു. പത്തായപ്പുര ഒരു ഹോം സ്‌റ്റേ ആണ്. മരാട്ട് മനയിലെ അംഗമായ പ്രവീൺ മരാട്ടിന്റെ ഐഡിയ ആണ് ഹോ സ്‌റ്റേയും പത്തായപ്പുരയുടെ ഭംഗിക്ക്  മിഴിവേകിയതും. ധാരാളം പുരാവസ്തുക്കളും മറ്റും അടങ്ങിയ ഒരു സൗധമാണ് മരാട്ട് മന പത്തായപ്പുര. മരാട്ട് മന സ്ഥിതി ചെയ്യുന്നത് തന്നെ മനോഹരമായ പ്രകൃതിയുടെ കൂടാരത്തിലാണ്. ചുറ്റും മരങ്ങളും തൊടിയും  നാഗലിംഗ മരവും പക്ഷികളും ഒക്കെ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം മനയെ ഒരു കാവ് സങ്കൽപത്തിലേക്ക് എത്തിക്കുന്നു. വളരെ ശാന്തയുള്ള അന്തരീക്ഷമാണിവിടെ . അതുപോലെ ശുദ്ധവും. അവിടത്തെ കാറ്റിനു പോലും നാഗലിംഗ പൂവിന്റെ മണമാണ്. ഹാ ഇത്രയും വളരെ മനോഹരമായും കൃത്യമായും ആചരാനുഷ്ഠാനങ്ങൾ പാലിച്ചു പരിപാലിച്ചുവരുന്ന ഒരു മന കേരളത്തിൽ ഉണ്ടാകില്ല -അതും 16 കെട്ട്. കേരളത്തിന് തികച്ചും ഒരഭിമാനം തന്നെയാണ് മരാട്ട് മന. 


സർഗം, 1921 എന്നീ സിനിമകൾ ഷൂട്ട് ചെയ്തത് ഈ മനയിലാണ്. സാമൂഹിക നവോത്ഥാന നേതാക്കളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു മരാട്ട് മനക്കാർ. ഇന്നു അഞ്ചു താവഴികളിലായി അറുപതോളം അംഗങ്ങളുണ്ട് ഈ മരാട്ട് മന പരമ്പരയിൽ. ഓരോ വർഷം ഓരോ താവഴിക്കാണ് തറവാട്ടിൽ താമസിക്കാൻ അവകാശം. അതു ലോകത്തിന്റെ ഏത് മൂലയിൽ താമസിക്കുന്നവരാണെങ്കിലും ആ ഊഴമാകുമ്പോൾ മനയിൽ എത്തും.

Latest News