കാത്തിരിപ്പിന്റെ പൊരുൾ

നാം ഓരോരുത്തരും നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഓരോരോ തരത്തിലുള്ള കാത്തിരിപ്പിലൂടെയാണ്. അനാദിയായ കാലം മുതൽ ആരംഭിച്ച മനുഷ്യ വംശത്തിന്റെ പ്രയാണം ഒരർഥത്തിൽ ആർക്കൊക്കെയോ, എന്തിനൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പ് തന്നെയാണ്. വൈവിധ്യമാർന്ന ലക്ഷ്യത്തിൽ എത്താനായുള്ള ഈ കാത്തിരിപ്പിനെയാണ് സത്യത്തിൽ ചരിത്രം എന്നു പറയുന്നതു എന്നോർക്കുക. 

 പലതരത്തിലുള്ള കാത്തിരിപ്പുകളുടെ ആകെത്തുകയാണ് മനുഷ്യ ജീവിതത്തിന്റെ പൊരുളും പെരുമയുമായി തീരുന്നത്. 
എന്നാൽ ഇത് പലപ്പോഴും നാം തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അഥവാ നാമത് ശ്രദ്ധിക്കാറില്ല. മനുഷ്യ ജീവിതം അതിന്റെ അർഥവും പൂർണതയും സംതൃപ്തിയും തേടുന്നതും കണ്ടെത്തുന്നതും വിവിധ തരത്തിലുള്ള കാത്തിരിപ്പുകളിൽ കൂടിയാണ.് ആരെയെങ്കിലും എന്തിനെയെങ്കിലും എപ്പൊഴെങ്കിലും എവിടെയെങ്കിലും കാത്തിരിക്കാതെ കടന്നു പോകുന്ന ഒരു മനുഷ്യ ജീവിതത്തെ കുറിച്ച് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ? ഇനി അങ്ങനെ ഒന്നുണ്ടെങ്കിൽ അത് എന്തൊരു ജീവിതമായിരിക്കും?
അനുവാചകരെ അർഥതലങ്ങളുടെ അനേകം ഇടങ്ങളിലേക്ക് ആനയിക്കാൻ കാത്തിരിപ്പ് എന്ന വാക്കിന് പ്രാപ്തിയുണ്ട്. അതു കൊണ്ടാണ് മലയാളത്തിലെ കഥാകാരൻമാരിൽ പലരും തങ്ങളുടെ കഥകളിലും നോവലുകളി ലും കാത്തിരിപ്പിനെ കടമെടുത്ത് സന്ദർഭോചിതമായി ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെയും വൈകാരിക മുഹൂർത്തങ്ങളെയും തൻമയത്വത്തോടെ പ്രകടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. മനുഷ്യന്റെ കാതലായ കർമം കാ ത്തിരിപ്പാണ് എന്ന കണ്ടെത്തെൽ തന്നെയാണ് അവരെ കൊണ്ട് അതുമായി ബന്ധപ്പെട്ട കരുത്തുള്ള കഥകളെഴുതാൻ പ്രേരിപ്പിക്കുന്നത്. 


കാത്തിരിപ്പ് പ്രമേയമായി വരുന്ന, അല്ലെങ്കിൽ അതിന്റെ ഭാഗമാകുന്ന ഒരു പിടി കഥകളുണ്ട് മലയാളത്തിൽ. അവയിലൂടെ മനസ്സിരുത്തി കടന്നു പോകുമ്പോൾ തെളിയുന്ന ഒരു കാര്യം അതിശയിപ്പിക്കുന്നതാണ്. അത്, അത്തരം കഥകളിലെ പ്രധാന കഥാപാത്രങ്ങളിൽ അധികവും സ്ത്രീകളാണ് എന്നുള്ളതാണ്. ആഴത്തിൽ ആലോചിക്കുമ്പോൾ അതൊരു യാദൃച്ഛികതയല്ല എന്നു മനസിലാക്കാനും പ്രയാസമില്ല. കാരണം കാത്തിരിപ്പ് ക്ഷമയും സഹനവും ഏറെ ആവശ്യമായി വരുന്ന ഒരു ത്യാഗ പ്രവൃത്തിയാണ്. പുരുഷൻമാരെ അപേക്ഷിച്ച് ആ കഴിവ് കൂടുതലുള്ളതും സ്ത്രീകൾക്ക് തന്നെയാണല്ലോ!
വൈക്കം മുഹമ്മദ് ബഷീർ 'എന്റെ ഉമ്മ' എന്നപേരിൽ ഒരു കഥയെഴുതിയിട്ടുണ്ട്. ബഷീർ തന്നെയാണ് കഥാനായകൻ. അദ്ദേഹത്തിന്റെ ആത്മാംശം ഏറെയുള്ള കഥയാണിത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം വരിച്ച മകനെ കാത്തിരിക്കുന്ന ഒരു ഉമ്മയുണ്ട് ഈ കഥയിൽ. മകൻ ജയിലിൽനിന്നു സ്വതന്ത്രനായി വരുന്നതു കാണാനുള്ള കാത്തിരിപ്പാണ് ആ ഉമ്മയുടേത്. എന്നാൽ കഥാകൃത്ത് ബഷീറായതു കൊണ്ടും അദ്ദേഹം ഒരു സ്വാതന്ത്ര്യ സമരസേനാനി ആയതു കൊണ്ടും ആ കാത്തിരിപ്പിന്റെ കഥക്ക് മറ്റൊരു അർഥതലം കൂടി കൈവരുന്നുണ്ട്. അത് ധീരദേശാഭിമാനികളായ ത ങ്ങളുടെ മക്കളിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന മഹത്തായ ലക്ഷ്യത്തി നായി ആഗ്രഹിക്കുന്ന അനേകം അമ്മമാരുടെ കാത്തിരിപ്പിന്റെ കഥ കൂടിയായി മാറുന്നു.  
ജയിൽവാസം കഴിഞ്ഞ് ബഷീർ വീട്ടിൽ വരികയാണ്. രാത്രി ഒരു മണിയായിക്കാണും. ബാപ്പയെ വിളിക്കാൻ നാണം തോന്നി. 'ഉമ്മാ..'എന്ന് ഒന്നു വിളിച്ചു. അവർ വിളക്കു കൊളുത്തി എണീറ്റു വന്നു.
'നീ വല്ലതും കഴിച്ചോ മോനെ' എന്ന് ചോദിച്ച് കിണ്ടിയും വെള്ളവും കൊണ്ടുവന്നു. പിറകെ ചോറും കറിയും. ഞാൻ ചോദിച്ചു:-
'ഞാൻ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?'
ഉമ്മ പറഞ്ഞു:- 'ഞാൻ ദിവസവും ചോറും കൂട്ടാനും വെച്ച് കാത്തിരിക്കുമായിരുന്നു.' ആ കാത്തിരിപ്പ് ഒരു ത്യാഗമായിരുന്നു. സ്വാതന്ത്ര്യ സമരത്തിനായി ഇറങ്ങിപ്പുറപ്പെട്ട തങ്ങളുടെ മക്കളെ സ്‌നേഹിച്ച ഓരോ അമ്മമാരും അ ന്ന് അനുഷ്ഠിച്ച ത്യാഗം. ത്യാഗപൂർണമായ അവരുടെ കാത്തിരിപ്പിന്റെ, സഹനത്തിന്റെ, നഷ്ടങ്ങളുടെ, ദുരിതങ്ങളുടെ, ദുരന്തങ്ങളുടെ അന്തിമ ഫലം കൂടിയാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യം.
പ്രതീക്ഷാപൂർവം കാത്തിരിക്കാനുള്ളതാണ് ജീവിതം എന്ന സത്യത്തെ അനശ്വരമാക്കുകയാണ് എം.ടിയുടെ 'മഞ്ഞിലെ നായികയായ വിമല. കുമയൂൺ കുന്നുകളുടെ താഴ്‌വരയിലെ സഞ്ചാരികളുടെ പറുദീസയായ നൈനിറ്റാളിൽ ഒരു സീസണിലെത്തിയ സുധീർ കുമാർ മിശ്രയാണ് അവളുടെ കാത്തിരിപ്പിന്ന് ആധാരം. അയാളെ അവൾ ഏറെ ഇഷ്ടപ്പെട്ടു. അയാൾക്കായി അവൾ മനസും ശരീരവും നൽകി. അപ്രാവശ്യം സീസൺ കഴിഞ്ഞു പോയ അയാൾ പിന്നെ തിരിച്ചുവന്നില്ല. തപ്പാലാപ്പീസിൽ നിന്നും അമർ സിംഗ് കൊണ്ടു വരുന്ന കത്തുകൾക്ക് വേണ്ടി അവൾ കാത്തിരിപ്പു തുടങ്ങിയിട്ട് കാലം ഒരുപാടായി. സുധീറിന്റെ മറുപടിക്കു വേണ്ടിയാണ് പ്രതീക്ഷയോടെ ആ കാ ത്തിരപ്പ്. ഞാനും നിങ്ങളും യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു എന്ന് ഒരിടയ്ക്ക് വിമല സങ്കടത്തോടെ വിചാരിക്കുന്നുണ്ട്. ലോകം മുഴുവൻ കാത്തിരിക്കുകയാണ് എന്നും അവൾ ആത്മഗതം ചെയ്യുന്നു.


ഉല്ലാസ ബോട്ടിൽ തന്നെ തടാകത്തിൽ കൊണ്ടുപോകാറുള്ള ബുദ്ദുവിനോട് ഒരിക്കൽ വിമല പറയുന്നു:-
'നാമെല്ലാം കാത്തിരിക്കുകയാണ്, ബുദ്ദു. ഓരോ വർഷവും ഈ നഗരവും കാത്തിരിക്കുകയാണ്. അതിനിടയിൽ ദിവസങ്ങൾ പോകുന്നു. കാത്തിരിക്കാൻ നിനക്കൊരു ഗോരാസാഹിബിന്റെ ഛായയുണ്ട്. നീല ഞരമ്പുകൾ തുടിക്കുന്ന മുഖമായിരിക്കും മറ്റൊരാൾക്ക്.....'    
വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ വിമല മനസിലാക്കുന്നുണ്ട്, സുധീർ കുമാർ ഒരിക്കലും തിരിച്ചു വരാൻ പോകുന്നില്ലെന്ന്. അപ്പൊഴും വരുമെന്ന് മ നസിനെ സ്വയം വിശ്വസിപ്പിച്ച് അവൾ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പാണ് അവളുടെ കരുത്ത്. ജീവിതത്തിൽ അവൾക്ക് പിടിച്ചു നിൽക്കാനുള്ള ഒരേയൊരു കരുത്തും അതുമാത്രമാണ്. അതു നഷ്ടപ്പെട്ടാൽ അവൾ തളർന്നു പോകും; തകർന്നു പോകാനും മതി. അതിനെ അതിജീവിക്കാനാണ് അ വൾ കാത്തിരിപ്പിൽ ആശ്വാസം തേടുന്നത്. അതിലൂടെ അവൾ സ്വന്തം ജീവിതത്തിന്റെ അസ്തിത്വം തന്നെ കണ്ടെത്തുകയാണ്. 
വർഷങ്ങൾക്കു മുമ്പു ബാപ്പയോട് പിണങ്ങി നാടുവിട്ടു പോയ മൂത്ത മകൻ കോയയെ കാത്തിരിക്കുന്ന കുൽദുമ്മയുടെ കഥയാണ് സി.വി. ബാലകൃഷ്ണന്റെ 'പെറ്റവയറ്. അവരുടെ മക്കളും മരുമക്കളുമെല്ലാം കോയ മരിച്ചു എന്നും ഇനി തിരിച്ചു വരില്ല എന്നുമാണ് കരുതുന്നത്. 'ബെടക്ക് വർത്താനം തന്നെ. പോന്ന്‌ണ്ടോ ഈടന്ന്' എന്നാണ് ഈർഷ്യയോടെ കുൽദുമ്മ അതിന് പ്രതികരിക്കുന്നത്. അവരുടെ മുന്നിൽ വച്ച് മിക്കപ്പോഴും കുൽദുമ്മ പുന്നാരകോയയെ ഓർത്ത് പതം പറയും:-
'ന്റെ കോയക്ക് കൊടുക്കാണ്ടല്ലേ ഞാനീ നെയ്‌ച്ചോറ് ബെയ്ക്കണ്...നെ യ്‌ച്ചോറും കോയിക്കറീം എന്തിഷ്ടായിര്ന്നു ഓന്. ഒര് നേരം നിസ്‌കാരം മൊടക്കീന്ന് ഓനെപ്പറ്റി ആരും പറയൂല്ല'
ഇതൊന്നും കുൽദുമ്മയുടെ മക്കളും മരുമക്കളും ഇഷ്ടപ്പെടുന്നില്ല. ദുനിയാവിലെവിടെ ആയാലും കത്തോ കമ്പിയോ ഫോണോ ചെയ്യാൻ കഴിയു ന്ന ഇക്കാലത്ത് അതു ചെയ്യാതിരിക്കുന്ന ഒരാൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് എ ങ്ങനെ കരുതും എന്നാണ് എല്ലാവരും ചോദിക്കുന്നത്. അത് യുക്തിയുള്ള ചോദ്യമാണ്. പക്ഷെ, യുക്തിക്കതീതമാണ് കുൽദുമ്മയുടെ വിശ്വാസം. അത് പെറ്റവയറിന്റെ പ്രാർഥനാപൂർവമുള്ള പ്രതീക്ഷയാണ്. എല്ലാ ചോദ്യങ്ങൾ ക്കും അപ്പുറത്താണ് അതിനുള്ള സ്ഥാനം.
കോയ എവിടെയോ ജീവിച്ചിരിക്കുന്നു എന്നും ഒരിക്കൽ അവൻ തിരിച്ചു വരുമെന്നും അവർ വിശ്വസിക്കുന്നു. പെറ്റവയറിന്റെ ഉറച്ച ബോധ്യമാണത്. എല്ലാവരുടെയും വാക്കുകളെ അവഗണിച്ച് കോയയെ കാത്തിരിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകവും അതു തന്നെയാണ്. ആ പ്രതീക്ഷയിലാണ് അവർ വയസു കാലത്തും ജീവിതത്തെ ആരോഗ്യത്തോടെ മുന്നോട്ടു നയിക്കുന്നത്. എന്നിട്ടൊടുവിൽ, ഒരു രാത്രി 'ഉമ്മാ' എന്ന വിളിയോടെ കോയ ബുഷ്‌റാ മൻസിലിൽ എത്തുമ്പോൾ കുൽദുമ്മയുടെ കാത്തിരിപ്പ് സഫലമാവുകയാണ്. 
എം. മുകുന്ദന്റെ വിഖ്യാത നോവൽ, 'മയ്യഴിപ്പുഴയുടെ തീരങ്ങളിലെ' ചന്ദ്രിക, ദാസനെ ജീവനു തുല്യമാണ് സ്‌നേഹിച്ചത്. മയ്യഴിയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രണ്ടു വർഷം ദാസൻ ജയിലിൽ പോയപ്പോൾ അ യാൾക്കു വേണ്ടി ആ കാലമത്രയും അവൾ കാത്തിരുന്നു. ജീവിതത്തിൽ ഒറ്റ സ്വപ്‌നമേ ചന്ദ്രി കണ്ടിട്ടുള്ളു. അത് ദാസനൊപ്പമുള്ള ജീവിതമാണ്. ദാസനില്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ലായിരുന്നു. പക്ഷെ, അച്ഛനും അമ്മയും തങ്ങളെ ഒന്നിക്കാൻ സമ്മതിക്കില്ലെന്നു മനസിലായപ്പോൾ അവൾ നാട്ടിൽ നിന്നും അപ്രത്യക്ഷയായി. അവൾ എവിടെയാണെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല. എന്നാൽ അതറിയുന്ന ഒരേ ഒരാൾ ദാസനായിരുന്നു. അവൾ ഈ ലോകം വിട്ടുപോയെന്നും മറ്റൊരു ലോകത്ത് തനിക്കായി കാത്തിരിക്കുകയാണ് അവളെന്നും അയാൾക്കു മനസ്സിലായി. 
'അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ, അങ്ങകലെ ഒരു വലി യ കണ്ണീർതുള്ളി പോലെ കാണുന്ന വെള്ളിയാങ്കല്ലിലായിരുന്നു ചന്ദ്രി... ആത്മാവുകൾ തുമ്പികളെ പോലെ പാറി നടക്കുന്ന വെള്ളിയാങ്കല്ലിൽ. മഞ്ഞുമൂടിയ പ്രഭാതങ്ങളിൽ പടിഞ്ഞാറു നിന്നും പാറിവരുന്ന ഇളംകാറ്റിൽ, ദാസൻ മാത്രം അവളുടെ പാദസരങ്ങളുടെ കിലുക്കം കേൾക്കുമായിരുന്നു.'
അവിടെ തനിക്കു വേണ്ടി ചന്ദ്രി കാത്തിരിക്കുകയാണ് എന്ന് ദാസനറിയാം. ആ കാത്തിരിപ്പ് അർഥപൂർണമാകണമെങ്കിൽ താൻ കൂടി അവിടേക്കു ചെല്ലണം. അല്ലെങ്കിൽ അവളുടെ കാത്തിരിപ്പ് വ്യർഥമായി പോകും. പിന്നെ വൈകാതെ ഒരുനാൾ ദാസനും മയ്യഴിയിൽ നിന്നും അപ്രത്യക്ഷനായി. അയാൾ ഒരു തുമ്പിയായി വെള്ളിയാങ്കല്ലിലെത്തി, തന്നെ കാത്തിരിക്കുന്ന ചന്ദ്രിക്കൊപ്പം ചേർന്നു. 
തകഴിയുടെ പ്രസിദ്ധമായ 'ചെമ്മീൻ' എന്ന നോവൽ കൈകാര്യം ചെയ്യുന്നതും അതീവ ഭാവതീവ്രതയാർന്ന ഒരു കാത്തിരിപ്പിന്റെ കഥ തന്നെയാണ്; അത്, കറുത്തമ്മ എന്ന കാമുകിയുടെ കാത്തിരിപ്പിന്റെ കഥയാണ്; പരീക്കുട്ടി എന്ന കാമുകന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ.
കൊച്ചുനാളിൽ ഒന്നിച്ചു കളിച്ചു വളർന്നവരായിരുന്നു കറുത്തമ്മയും പരീക്കുട്ടിയും. പിന്നീട് യൗവന കാലത്തെപ്പൊഴോ അവരിൽ പ്രേമം മൊട്ടിട്ടു. പക്ഷെ, ആ പ്രേമം സഫലീകൃമായില്ല. കറുത്തമ്മയ്ക്ക് പളനിയുടെ ഭാര്യയാകേണ്ടി വന്നു. ഭാര്യ എന്ന നിലയിൽ പളനിയോട് വിശ്വാസം പുലർത്താൻ എത്രതന്നെ ശ്രമിച്ചിട്ടും കഴിയാത്ത കറുത്തമ്മ, മനസുകൊണ്ട് പരീക്കുട്ടിയെ കാത്തിരിക്കുകയാണ്.
തകഴി, ചെമ്മീനിൽ ആ ഭാഗം വിവരിക്കുന്നത് ഇങ്ങനെയാണ്:-
അവൾ കാത്തു കിടക്കുകയാണ്. പരീക്കുട്ടി വരും; പരീക്കുട്ടി വിളിക്കും; വിളി കേൾക്കണം. അതിനു വേണ്ടി അവൾ ഉറങ്ങാതെ കിടക്കുകയാണ്.
അപ്പോൾ ആ വിളി വന്നു. അവൾ ഏറെ നാളായി കേൾക്കാൻ കൊതിച്ച ആ വിളി.
-കറുത്തമ്മാ..!
അവൾ പുറത്തിറങ്ങി. ആ ചന്ദ്രികയിൽ ഒരാൾ നിൽക്കുന്നു. അത് പരീക്കുട്ടിയാണ്. പരീക്കുട്ടിയുടെ നീട്ടപ്പെട്ട കൈക്കുള്ളിൽ കൂടി അവൾ അയാളുടെ വക്ഷസ്സോട് ചേർന്നു. അവളുടെ ചെവിക്കുള്ളിൽ അയാൾ മന്ത്രിച്ചു:-
-കറുത്തമ്മാ...
-എന്തോ. അവളുടെ കാലങ്ങളോളമുള്ള കാത്തിരിപ്പ് ലക്ഷ്യം കണ്ട ആഹ്ലാദ മുഹൂർത്തമായിരുന്നു അത്. പക്ഷെ, ആ കാത്തിരിപ്പിനൊടുവിലും സമൂഹം തീർക്കുന്ന വിധി വിശ്വാസങ്ങളുടെ വിളയാട്ടം അവരെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കുന്നില്ല. അതു മനസിലാക്കിയ അവർ സമൂഹത്തെ ധിക്കരിക്കുന്നത് മരണത്തിലൂടെയാണ്. മരണത്തിലൂടെ കറുത്തമ്മ തന്റെ കാത്തിരിപ്പിന് അർഥം കണ്ടെത്തുന്ന അപൂർവ പ്രണയ കഥയാണ് ചെമ്മീൻ.
കാത്തിരിപ്പിലൂടെ ജീവിതത്തിന്റെ അർഥ സമ്പൂർണത തേടുന്ന കഥയാണ് ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലും പറയുന്നത്. കാത്തിരിപ്പിന്റെ ഇക്കഥയിലും പ്രധാന കഥാപാത്രം സ്ത്രീ തന്നെയാണ്-അതിസുന്ദരിയും അത്തറിന്റെ പരിമളം പരത്തുന്നവളുമായ ഉമ്മാച്ചു. 'ഒരു കൊഴുത്ത വസന്ത കാലം കടന്നു പോവുകയാണ്' എന്നാണ് ഉമ്മാച്ചു നടന്നു പോകുന്നതിനെ കുറിച്ച് നോവലിസ്റ്റായ ഉറൂബ് വർണിക്കുന്നത്.
ഓത്ത്പള്ളി മുതലുള്ള ചങ്ങാതിമാരാണ് ഉമ്മാച്ചുവും ബീരാനും മായനും. ബീരാനും മായനും ഉമ്മാച്ചുവിനെ ഇഷ്ടമാണ്. എന്നാൽ അവൾക്കാകട്ടെ ഇഷ്ടം മായനോടു മാത്രവും. ആ കളിക്കൂട്ടുകാർ വളർന്നപ്പോൾ വിധി അവരുടെ ഇഷ്ടങ്ങളെ തകിടം മറിച്ചു. ഉമ്മാച്ചുവിന് ഒരിക്കലും ആഗ്രഹിക്കാതെ ബീരാന്റെ ഭാര്യയായി തീരേണ്ടിവന്നു. ബീരാന് തന്നെ കല്യാണം കഴിച്ചു കൊടുക്കാനുള്ള തീരുമാനമുണ്ടായ സമയത്ത് ഉമ്മാച്ചുവിന്റെ മനോഗതം ഇങ്ങനെയായിരുന്നു-
റബ്ബുൽ ആലമീനായ തമ്പിരാനെ...ജ്ജ് ചതിച്ചോ?
അതിൽ തന്നെ ബീരാനോടുള്ള അവളുടെ വെറുപ്പ് പ്രകടമായിരുന്നു.
നിരാശനായ മായൻ നാട്ടിൽ ഒരടിയുണ്ടാക്കി നാടുവിട്ടു.
ബീരാനുമായി വിവാഹ ജീവിതകാലത്തൊരിക്കലും പൊരുത്തപ്പെടാൻ ഉമ്മാച്ചുവിന് കഴിയുന്നില്ല. കല്യാണം കഴിഞ്ഞ നാളുകളിലൊന്നിൽ 'ഉമ്മാച്ചോ, അനക്കെന്നെ പുടിച്ചില്ലേ' എന്ന് ചോദിക്കുന്ന ബീരാനോട് അതൃപ്തിയോടെ ഉമ്മാച്ചു പറയുന്നത് ഇങ്ങനെയാണ്-'ഇപ്പളാ അത് ചോദിക്ക്ന്ന്?' 
ബീരാനെ അവൾ ഒരിക്കലും സ്‌നേഹിക്കുന്നില്ല; സഹിക്കുകയാണ്. അവളുടെ ചിന്ത മുഴുവൻ മായനെ കുറിച്ചാണ്. മായനു വേണ്ടിയുള്ള കാത്തിരിപ്പായി മാറുകയാണ് അവളുടെ ജീവിതം. 
ഒടുവിൽ, നാട്ടിൽ തിരിച്ചെത്തിയ മായൻ രഹസ്യമായി ബീരാനെ കൊന്ന് ഉമ്മാച്ചുവിനെ സ്വന്തമാക്കുന്നു. കൊല ചെയ്തതിന്റെ കുറ്റബോധം മനസിനെ വേട്ടയാടുന്ന സമയത്തൊരിക്കൽ മായൻ ഉമ്മാച്ചുവിനോട് ചോദിക്കുന്നു-
-ഞാൻ വന്ന് നിന്റെ സൊഹം കെടുത്തിയോ?
-ഇങ്ങള് ബന്നപ്പളെ ഇക്ക് സൊഹം കിട്ടീട്ടുള്ളൂ-എന്ന ഉമ്മാച്ചുവിന്റെ മറുപടിയിലൂടെ വർഷങ്ങളായി മായനെ കാത്തിരുന്ന് സ്വന്തമാക്കിയ ഉമ്മാച്ചു തന്റെ ജീവിതം ധന്യമായി എന്ന സത്യം വെളിപ്പെടുത്തുകയാണ്.
സേതുവിന്റെ 'പാണ്ഡവപുരം' എന്ന നോവലിലെ ദേവിയാണ് കാത്തിരിപ്പിലൂടെ ജീവിതത്തിന്റെ ധന്യത തേടാൻ ശ്രമിച്ച മലയാള സാഹിത്യത്തിലെ മറ്റൊരു കഥാനായിക. ദേവിയുടെ ഭർത്താവ് കുഞ്ഞുകുട്ടൻ അവളുടെ സൗന്ദര്യത്തെയും പാതിവ്രത്യത്തെയും സദാ സംശയിച്ചു. അതിന്റെ പേരിൽ അവളെ ദ്രോഹിച്ചു. ഒടുവിൽ ഒരു കുഞ്ഞു പിറന്നപ്പോൾ അവളെ ഉപേക്ഷിച്ച് അയാൾ കടന്നു കളഞ്ഞു. പാണ്ഡവപുരത്തെവിടെയോ ഉണ്ടെന്നു കരുതു ന്ന അയാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാവുകയാണ് പിന്നെ അവൾക്ക് ജീവിതം. 
അവൾ നിത്യവും വൈകുന്നേരങ്ങളിൽ സ്റ്റേഷനിൽ തീവണ്ടി വരുന്നത് കാത്തിരുന്നു....'താവളമെത്തി. ആശ്വാസത്തോടെ, അമ്പരപ്പോടെ വണ്ടി നിന്നു...ദേവി ബെഞ്ചിൽ നിന്നും അനങ്ങിയതേയില്ല. പക്ഷെ, കണ്ണുകൾ അറിയാതെ ആൾക്കൂട്ടത്തിൽ തിരയുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ പാണ്ഡവപുരത്തുനിന്നും വരുന്ന ഒരാളുണ്ടോ?'
ഭർത്താവ് ഉപേക്ഷിച്ചതോടെ സമൂഹവും കുടുംബത്തിലെ ചില വേണ്ടപ്പെട്ടവരും അവളെ ദുഷ്ടലാക്കോടെ നോക്കാൻ തുടങ്ങി. അവളെ ദുർനടപ്പുകാരിയായി ചിത്രീകരിച്ച് കീഴടക്കാനായി ശ്രമം. അതു പരാജയപ്പെട്ടപ്പോൾ അവൾ ജാരൻമാരെ വലവീശിപ്പിടിക്കുന്നവളാണ് എന്നായി ആരോപണം. അവൾ സ്റ്റേഷനിൽ ചെന്ന് കാത്തിരിക്കുന്നത് അവർക്കു വേണ്ടിയാണ് എന്ന പ്രചാരണമുണ്ടായി. പക്ഷെ, ദേവി ഒന്നിലും തളരാതെ കാത്തിരിപ്പിന്റെ കരുത്തി ൽ പാതിവ്രത്യത്തിന്റെ ദീപ്ത രൂപമായി അതിനെയൊക്കെ അതിജീവിക്കാനാണ് ശ്രമിക്കുന്നത്. 
'വരും. വരാതിരിക്കില്ല.' ദേവി ഓർത്തു..... 'ഒന്നുകിൽ നാളെ, അല്ലെങ്കിൽ മറ്റന്നാൾ.' ദേവിയുടെ ആ ഉറച്ച പ്രതീക്ഷയുള്ള കാത്തിരിപ്പ് ബാക്കി നിർത്തിയാണ് പാണ്ഡവപുരം അവസാനിക്കുന്നത്.
നോവൽ അവിടെ അവസാനിക്കുകയാണ് എങ്കിലും ദേവിയുടെ കാത്തിരിപ്പിന് അന്ത്യമാകുന്നില്ല. ദേവി, മനുഷ്യ ജീവിതത്തിന്റെ ചിരസ്ഥായിയായ ഒരു പ്രതീകമാണ്. അവർ കാത്തിരിപ്പ് എന്ന പ്രതീകവും പ്രതീക്ഷയുമായി തീ രു കയാണ്. ആത്യന്തികമായി ഓരോ മനുഷ്യനും അവന്റെ അസ്തിത്വം ഭൂമിയിൽ ഉറപ്പിച്ചു നൽകുന്നതും നിലനിർത്തുന്നതും ഈ കാത്തിരിപ്പു തന്നെയാ ണ് എന്ന സത്യത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. ഒരർഥത്തിൽ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താനുള്ള കാത്തിരിപ്പു തന്നെയാണ് ഓരോ മനുഷ്യന്റെ യും ജീവിത നിയോഗം എന്നു പറയുന്നത്. അത് നമ്മിൽ ഉണർവും ഊർജവും പകരുന്ന ഒരു ശക്തി സ്രോതസ് കൂടിയായി മാറുന്നുണ്ട്.  

Latest News