സോഷ്യൽ മീഡിയ മാർക്കറ്റിംഗും ഇന്നത്തെ കാലത്ത്് പ്രധാനമാണ്. സിനിമാ താരങ്ങളിൽ അക്കാര്യത്തിൽ മുമ്പന്തിയിൽ ഗായത്രി സുരേഷാണ്. തന്റെ കരിയറിൽ അഭിമുഖങ്ങൾ പലർക്കും പലപ്പോഴായി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ അന്നൊന്നും ആ അഭിമുഖങ്ങൾ ആരും കാണാറില്ലായിരുന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് കാര്യങ്ങളും ട്രോളാനും വൈറലാവാനും തുടങ്ങി. ഇതോടെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാർ വർധിക്കാൻ തുടങ്ങി- ഗായത്രി പറഞ്ഞു. അപകടം ഉണ്ടായതിന് ശേഷം ട്രോൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്ത് വൈറലായതായും ഗായത്രി പറഞ്ഞിരുന്നു. ഞാൻ ഭയങ്കര ഫാന്റസിയിൽ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയിൽ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെയാവണമെന്നും തോന്നി. അങ്ങനെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും ഗായത്രി വ്യക്തമാക്കി. ട്രോളുകൾ ആദ്യമൊന്നും എൻജോയ് ചെയ്യാറില്ലായിരുന്നു. എന്നാൽ അതിനെ ഇപ്പോൾ പോസിറ്റീവായി എടുക്കാൻ തുടങ്ങി. ട്രോൾ വരാനായി താൻ ഒന്നും ചെയ്യാറില്ല. പറയുമ്പോൾ അത് ട്രോളായി പോവുകയാണെന്നും ഗായത്രി പറഞ്ഞു. ട്രോളുകൾ എൻജോയ് ചെയ്യാതിരുന്ന സമയത്ത് എന്നെ നെഗറ്റീവ് ആയിട്ടാണ് കണ്ടത്. പിന്നീട് എനിക്ക് മനസ്സിലായി ഞാൻ തന്നെ അത് മാറ്റി. എന്ത് കൊണ്ടാണ് ട്രോൾ ചെയ്യുന്നതെന്ന് കുറേ ആലോചിച്ചു. അപ്പോൾ ഒന്നും എന്റെ ഭാഗത്ത് നിന്നും വലിയ തെറ്റുകൾ ഉണ്ടായിട്ടുള്ളതായി തോന്നിയില്ല. ഇതോടെ ട്രോളുകളെ പോസിറ്റീവായി എടുത്തു. നേരത്തെ ജീവിതത്തിൽ മുൻ കാമുകനെ ഇട്ട് പോന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു. തേച്ചതിൽ കുറ്റബോധമില്ല, ഇല്ലായിരുന്നെങ്കിൽ ഞാനിന്ന് ഇവിടെയുണ്ടാകില്ലായിരുന്നുവെന്നും ഗായത്രി പറഞ്ഞു. മുൻ കാമുകനോട് താൻ പ്രതികാരം ചെയ്തിട്ടുണ്ട്. ഞങ്ങൾ റിലേഷൻഷിപ്പിൽ അല്ലാതിരുന്ന സമയത്ത് വളരെ ഇന്റിമേറ്റായി വന്ന് സംസാരിച്ചിരുന്നു. ഇത് അങ്ങേര് സുഹൃത്തുക്കളോട് പോയി പറഞ്ഞിരുന്നു. സുഹൃത്തുക്കളെ നഷ്ടമായപ്പോൾ ഒറ്റയ്ക്കിരുന്നു കരഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയായിരുന്നു കാരണം- താരം വ്യക്തമാക്കി.
**** **** ****
മലയാളത്തിന് ഉർവശി പട്ടം നേടിത്തന്ന അഭിനേത്രിയാണ് ശോഭന. ഇപ്പോൾ ചെന്നൈയിൽ നൃത്ത വിദ്യാലയം നടത്തുന്നു. തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ തെന്നിന്ത്യൻ സിനിമാലോകത്തു വിഖ്യാതരായ, തന്റെ അച്ഛന്റെ സഹോദരിമാരും പ്രശസ്ത നടിമാരുമായിരുന്ന ലളിത-പത്മിനി-രാഗിണിമാർക്ക് അവർ അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയില്ലെന്ന് ശോഭന. ഇവരുടെ സ്മരണാർത്ഥമുള്ള എൽ പി ആർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ശോഭന തന്റെ നൃത്ത അവതരണത്തിനു മുന്നോടിയായി പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അവർക്ക് അവർ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിച്ചില്ല. പദ്മശ്രീ കിട്ടാത്തതിൽ പപ്പി ആന്റിയ്ക്ക് സങ്കടമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് പദ്മശ്രീ കിട്ടിയപ്പോൾ അതിനൊരു സങ്കടത്തിന്റെ പശ്ചാത്തലവുമുണ്ടായിരുന്നു. അവർക്ക് കിട്ടാത്ത അംഗീകാരങ്ങൾ എനിക്ക് കിട്ടുമ്പോൾ അത് ഓർക്കുന്നത് സ്വാഭാവികമാണ്. സോവിയറ്റ് യൂണിയൻ പണ്ട് പപ്പി ആന്റിയുടെ മുഖമുള്ള ഒരു സ്റ്റാമ്പ് ഇറക്കിയിരുന്നു. അത് കണ്ടപ്പോൾ അവരുടെ മുഖത്ത് വലിയ സന്തോഷം കണ്ടതോർക്കുന്നു. നൃത്തത്തിലെയും അഭിനയത്തിലെയും സംഭാവനകൾ കണക്കിലെടുത്തായിരുന്നു അത്. തിരുവിതാംകൂർ സഹോദരിമാരുടെ നൃത്ത - അഭിനയ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു മ്യൂസിയം സജ്ജമാക്കാൻ ആഗ്രഹമുണ്ട് -ശോഭന പറഞ്ഞു.
**** **** ****
പാലക്കാട്ട്് ജഡ്്ജി നർത്തകി നീനാ പ്രസാദിന്റെ നൃത്ത പരിപാടി തടസ്സപ്പെടുത്തിയോ? നൃത്തം തടസപ്പെടുത്തിയതിൽ വിശദീകരണവുമായി ജില്ലാ ജഡ്ജി കലാം പാഷ തന്നെ രംഗത്തെത്തി. നൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ല. താൻ ആറ് വർഷം കർണാടക സംഗീതം പഠിച്ചിട്ടുണ്ടെന്നും ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമായ കാരണങ്ങളാൽ നൃത്തം തടസപ്പെടുത്തിയെന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്ന് പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിനയച്ച കത്തിൽ ജഡ്ജി വ്യക്തമാക്കി. താനല്ല, തന്റെ ജീവനക്കാരനാണ് ശബ്ദം കുറയ്ക്കാൻ ഡി.വൈ.എസ്.പി യോട് ആവശ്യപ്പെട്ടത്. കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. ബാർ അസോസിയേഷന്റെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നത് എന്ന് അറിയാമെന്നും കത്തിൽ വ്യക്തമാക്കി. കോടതി വളപ്പിലെ പ്രതിഷേധത്തിനെതിരെ ജില്ലാ ജഡ്ജി കത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും ജീവനക്കാർക്ക് അലോസരമുണ്ടാക്കുന്നതും ഒഴിവാക്കപ്പെടണം. കഴിഞ്ഞ ദിവസം ലോയേഴ്‌സ് അസോസിയേഷൻ പ്രതിഷേധം നടത്തിയതിലാണ് വിമർശനം. പാലക്കാട് മോയൻ എൽപി സ്‌കൂളിൽ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പോലീസ് ഇടപെട്ട് നിർത്തിച്ചത്. നീന പ്രസാദ് ഫേസ്ബുക്ക്് പോസ്റ്റിൽ ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. സ്‌കൂളിന് തൊട്ടുപിന്നിൽ താമസിക്കുന്ന ജില്ലാ ജഡ്ജി കലാം പാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നർത്തകി നീന പ്രസാദ് ആരോപിച്ചിരുന്നു. ജില്ലാ ജഡ്ജിക്ക് ശബ്ദം കാരണം ബുദ്ധിമുട്ടുണ്ടായതോടെ സംഘാടകരോട് പരിപാടി നിർത്താൻ പോലീസ് ആവശ്യപ്പെട്ടെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാൽ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവർ പറഞ്ഞു.
**** **** ****
ഒരു മലയാളി മാധ്യമ പ്രവർത്തക റോയിട്ടേഴ്‌സിലും ബിബിസിയിലുമൊക്കെ ജോലി ചെയ്യുകയെന്നത് മലയാളി സമൂഹത്തിന് അഭിമാനം പകരുന്ന കാര്യമാണ്. കാസർകോട് സ്വദേശി ശ്രുതി ബംഗളുരുവിൽ റോയിട്ടേഴ്‌സ് ഡെസ്്കിൽ ജോലി ചെയ്തു വരികയായിരുന്നു. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. നേരത്തെ ഇന്ത്യൻ എക്‌സ്പ്രസിൽ ജോലി ചെയ്തിരുന്ന ശ്രുതി രാജ്യാന്തര വാർത്ത ഏജൻസിയിലായിരുന്നു. ക്രൂരതകളുടേയും പീഡനങ്ങളുടേയും ചൂഷണത്തിന്റേയും ധാരാളം കഥകൾ ശ്രുതി എഡിറ്റ് ചെയ്ത് റോയിട്ടേഴ്‌സ്് സ്‌റ്റോറികളായി ലോകത്തിന്റെ നാനാഭാഗത്തുമെത്തിയിട്ടുണ്ടാവും. പിന്നിട്ട വാരത്തിൽ ആഘാതമുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് ശ്രുതിയുടെ ആത്മഹത്യ.
മാധ്യമപ്രവർത്തക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. പണത്തിന് വേണ്ടി ഭർത്താവ് അനീഷ്, ശ്രുതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരൻ ആരോപിച്ചു. വിവാഹത്തിന് ശേഷമുള്ള ആദ്യ വർഷങ്ങളിൽ തന്നെ പീഡനം ആരംഭിച്ചിരുന്നെങ്കിലും വീട്ടുകാരോട് ശ്രുതിയൊന്നും പറഞ്ഞിരുന്നില്ല. ജീവിതമല്ലേ, ഇത്തരം പ്രശ്‌നങ്ങളൊക്കെ നേരിട്ടേ മതിയാവൂ എന്ന നിലപാടിലായിരുന്നു ശ്രുതി. എന്നാൽ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
'ഈ ക്രൂരത ചെയ്തത് പണത്തിന് വേണ്ടിയാണ്. ആദ്യ നാല് വർഷത്തിന് ശേഷമാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഞങ്ങളറിയുന്നത്. അമ്മയും അച്ഛനും ഉൾപ്പെടെ വിളിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. ശമ്പളം ഞങ്ങൾക്ക് തരുന്നുണ്ടോയെന്ന് സംശയമുണ്ടായിരുന്നു. മക്കളില്ല അവർക്ക്. വീടിനുള്ളിൽ വോയിസ് റെക്കോർഡറും ക്യാമറയും സ്ഥാപിച്ചു. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉൾപ്പെടെയുള്ളവ എടുപ്പിച്ച് പരിശോധന നടത്തിയിരുന്നു. പ്രശ്‌നത്തിൽ കോംപ്രമൈസായിരുന്നു. സാലറിയുടെ ഇത്ര ശതമാനം അനീഷിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു നിബന്ധന. എഫ്ഡി അക്കൗണ്ടിലെ നോമിനിയെ നിർബന്ധിച്ച് മാറ്റിച്ചു. മരിച്ചു കഴിഞ്ഞാൽ മാത്രമെ സമാധാനമുണ്ടാവൂ എന്ന് പലതവണ പറഞ്ഞതായി സഹോദരൻ പറഞ്ഞു. ശ്രുതി മരിച്ചെങ്കിലും കേട്ടുകേൾവിയില്ലാത്ത വിധം യുവതിയുടെ ജീവിതം ദുരന്തമാക്കിയവർ ശിക്ഷിക്കപ്പെടണം.
**** **** ****
കഴിഞ്ഞ വാരത്തിൽ എറണാകുളം നോർത്തിൽ നിന്ന്് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത് രാത്രി 7.03ന്. തൃശൂരും ഷൊർണൂരും തിരൂരും നിർത്തി 125 രൂപ യാത്രാ നിരക്കുള്ള ജനശതാബ്ദി ട്രെയിൻ ലക്ഷ്യത്തിലെത്തിയത് മൂന്ന് മണിക്കൂർ പതിനഞ്ച് മിനുറ്റു കൊണ്ട്. ഇതിലും സ്പീഡിൽ തിരൂരും കണ്ണൂരും കാസർകോടുമൊന്നും നിർത്താതെ പായുന്ന ഹംസഫർ എന്നൊരു ട്രെയിൻ തിരുനെൽവേലി-ഗാന്ധിധാം റൂട്ടിലുണ്ട്. രാവിലെ പതിനൊന്നിന് തിരുവനന്തപുരം, കൊല്ലത്ത് നിർത്തില്ല. കായംകുളം, എറണാകുളം സൗത്ത്് തൃശൂർ, കോഴിക്കോട് സ്‌റ്റോപ്പുകൾ. രാത്രി പത്തിന് മുമ്പ് മംഗലാപുരത്തെത്തും. കാസർകോട് നിന്ന് ഒരു മണിക്കൂർ ഓടിയാലെത്തുന്ന കർണാടകയിലെ ആദ്യ നഗരം. അടുത്ത യാത്ര ഹംസഫറിലാക്കാം. ഇതൊക്കെ യാഥാർഥ്യങ്ങൾ. ഇതിനിടയ്ക്ക്് പതിനായിരങ്ങളെ വഴിയാധാരമാക്കി രണ്ടു ലക്ഷം കോടി മുടക്കി 2050ൽ പൂർത്തിയാകാൻ സാധ്യതയുള്ള കെ-റെയിൽ പ്രയോജനപ്പെടുന്നത് ആർക്കെന്ന്് ആവർത്തിക്കുന്നില്ല. വടക്കേ മലബാറിലെ തലയെടുപ്പുള്ള ഒരു കമ്യൂണിസ്റ്റ് നേതാവ് ഇതിന്റെ നേട്ടം പറയുന്നത് ഏഷ്യാനെറ്റിലെ തമാശ പരിപാടിയിൽ കണ്ടു. കണ്ണൂരിൽ നിന്ന് 2000 രൂപ മുടക്കി തിരുവനന്തപുരത്ത് ചെന്നാൽ ബ്രേക്ക് ഫാസ്റ്റും ഊണും കഴിച്ച്് വൈകുന്നേരം തിരിച്ചു വരാം. അവതാരകന്റെ ന്യായമായ സംശയമിങ്ങനെ. പ്രാതലിന് നൂറ് രൂപ. പൊരിച്ച മീനും കൂട്ടി ഊണിന് 200 രൂപ. ഇതിനാണോ 2000 രൂപ മുടക്കി യാത്ര. ഇതു തന്നെയാണ് ചിറയൻകീഴിലെ ഉമ്മ ചാനലുകാരോട് ചോദിക്കുന്നതും. ഞങ്ങളെന്തിന് കാസർകോട് പോകണം. അവിടെയുള്ളവർക്ക് ആർ.സി.സിയിലെത്താനാണെങ്കിൽ അത്തരമൊന്ന് അവിടെ പണിതാൽ പോരേ. തിരൂരിനടുത്ത തിരുനാവായയിലെ കുട്ടി ജനം ടിവി ലേഖകനോട് പറഞ്ഞതാണ് രസം. ഞങ്ങക്ക് തന്ന കിറ്റ് ഇങ്ങള് എടുത്തോളി. ഞമ്മളെ വീട്ടിലെ കുറ്റിയും കൊണ്ടോയ്‌ക്കോ. കോട്ടയത്ത് സമരത്തിലേർപ്പെട്ട വനിതകളോട് പോലീസ് ക്രൂരമായി പെരുമാറിയപ്പോൾ ഈ സ്ഥലം യു.പിയിൽ എവിടെയാണെന്ന് തെരയുകയായിരുന്നു കേരളത്തിലെ ഫെമിനിച്ചികൾ. വല്ല ബിരിയാണി എങ്ങാനും കിട്ടിയാലോ എന്ന പ്രതീക്ഷയിലാണ് അവാർഡും കാത്തിരിക്കുന്ന മൗനി ബാവകളായ മലയാള ബുജികൾ. ഭരണകക്ഷിയിലെ സി.പി.ഐയിൽ തിരിപാടുള്ള നേതാക്കളുണ്ടെന്നതാണ് ആശ്വാസം.
സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ചില കാര്യങ്ങൾ സർക്കാർ തിരുത്തണം. ജനങ്ങളെ ബോധ്യപ്പെടുത്തി സ്വപ്‌ന പദ്ധതിയായി കെ റെയിൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മോഡിജിയെ കണ്ട് കച്ചബദം പാടിയിട്ടൊന്നും കാര്യമില്ലെന്ന്് വേണം ധരിക്കാൻ. അടുത്ത മുറിയിലിരുന്ന് എല്ലാം കേട്ട റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത് കേട്ടില്ലേ. ഇത് സങ്കീർണമായ പദ്ധതിയെന്ന്. സിൽവർലൈന് ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്. പദ്ധതി നടപ്പാക്കാൻ തിടുക്കം കാട്ടരുതെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഒരു ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്നായി ചിന്തിച്ച ശേഷം മാത്രം മുന്നോട്ടുപോകണം. കേരളത്തിന്റെ നന്മ മുൻനിർത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
**** **** ****
കേരള മന്ത്രി സജി ചെറിയാനും പാർട്ടി സെക്രട്ടറി കോടിയേരിയുമാണ് ഈ വാരത്തിലെ വാർത്താ താരങ്ങൾ. സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വീടിന് സമീപം കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയത് സജി ചെറിയാന് വേണ്ടിയാണെന്നാണ് തിരുവഞ്ചൂർ ആരോപിക്കുന്നത്. എല്ലാം നിഷേധിച്ച മന്ത്രി തന്റെ കൈവശമുള്ള അഞ്ച് കോടിയിലേറെ വില മതിക്കുന്ന വീടും സ്വത്തുക്കളും ദാനം ചെയ്യാമെന്നാണ് പറഞ്ഞത്. ഇതേ മന്ത്രി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സത്യവാങ്്മൂലത്തിൽ കാണിച്ചത് തന്റെ സമ്പാദ്യം 35 ലക്ഷം രൂപയെന്നാണ്. ഇതെങ്ങനെ പൊടുന്നനെ വളർന്നുവെന്ന് ഏഷ്യാനെറ്റിലെ വിനു വി. ജോൺ ചോദിക്കുന്നു. തവനൂരിലും തിരുനാവായയിലും കുറച്ചു ഹിജാബുകാരെ സമരത്തിൽ കണ്ടപ്പോൾ എത്തിപ്പോയി തീവ്രവാദികളെന്ന്് പറഞ്ഞ ജനനായകനാണ്.
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് വെസ്റ്റ് കല്ലായി ഭാഗത്ത് ഉമ്മയും മകനും മാത്രമുള്ള വീട്ടിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കല്ലിടലുകാരെത്തിയത്. കോംപൗണ്ടിൽ കടന്ന് ഗേറ്റ് അടച്ച് അവരുടെ ജോലി തുടങ്ങി. പഴയ മര വ്യവസായ മേഖലയല്ലേ. വിവരമറിഞ്ഞ ജനം കുതിച്ചെത്തി സംഘത്തെ കൈകാര്യം ചെയ്തു വിട്ടു. എത്ര നിഷ്‌കളങ്കമായാണ് ആ കുട്ടി ചോദിക്കുന്നത്.
ഇവിടെ ഇതിനൊന്നും നിയമവും വ്യവസ്ഥയൊന്നുമില്ലേ. ചിലതൊക്കെ കാണുമ്പോൾ നമ്മൾ ജീവിക്കുന്നത് ഉത്തര കൊറിയയിലാണെന്ന് സംശയിക്കുന്നവരുണ്ടാവാം. കോടിയേരി പറഞ്ഞതാണ് ബഹു രസം. ഇവിടെ കല്ല് തീർന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമെന്നതിൽ തുടങ്ങുന്നു.
വടക്കെവിടെയോ പാർട്ടി വിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു- കോഴിക്കോട് കല്ലായി മുതൽ വെസ്റ്റ് ഹിൽ വരെ പാത ഭൂമിക്കടിയിലാണ്. അതും കൂടി അറിയാത്ത ചില പൊട്ടന്മാരാണ് കല്ലായിയിലും മറ്റും പ്രതിഷേധിക്കുന്നത്. പടിഞ്ഞാറൻ നാടുകളിൽ ഭരണാധികാരികളുടെ ജനപ്രീതി അറിയാൻ സംവിധാനമുണ്ട്. ഇവിടെയും ഇത്തരം സൂചികകളുണ്ടെങ്കിൽ കാണാം നൂറ് സീറ്റ് നേടിയവരുടെ ഇപ്പോഴത്തെ അവസ്ഥ.






