ബംഗാളി വാർത്താധിഷ്ഠിത പരിപാടിയായ 'ഖാസ് ഖബർ' ഉപഗ്രഹചാനലിൽ ഏതാനും തവണ ആവർത്തിക്കുന്നതിനുളള നിർദ്ദേശത്തിന്റെ വരുമാനസാദ്ധ്യതകൾ പരിശോധിക്കാനുളള നിർദ്ദേശം എന്റെ മുമ്പിലേക്കെത്തി; കൊൽക്കത്ത ഹൈക്കോടതിയിൽ പ്രസാർ ഭാരതി പല തവണ ശ്രമിച്ചിട്ടും, അത് നിർത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ വാഗ്ദത്തവരുമാനം വലിയൊരു ഘടകമാണെന്നും അത് കൃത്യമായ കണക്കുകളോടെ തിരിച്ചയയ്ക്കണമെന്നും ഫയലിൽ എഴുതിയിരുന്നു. കൊൽക്കത്ത ദൂരദർശൻ കേന്ദ്രം പരിപാടി ആവർത്തിക്കാൻ തയ്യാറാണെന്നും അറിയിച്ചു. പരിപാടിയുടെ നിർമ്മാതാവ് പ്രസാർ ഭാരതിക്കെതിരെ കേസ് കൊടുത്തിരുന്നതിനാൽ, ആ കേസ് പിൻവലിക്കണമെന്നാവശ്യപ്പെടാമെന്നും, പിരിഞ്ഞുകിട്ടാനുള്ള ഏതാനും കോടികൾ കൊടുത്തു തീർക്കണമെന്നാവശ്യപ്പെടണമെന്നും അതിനായി ഒരു മീറ്റിംഗ് വിളിക്കണമെന്നും ധനം, നിയമം, വിജിലൻസ് വകുപ്പുമേധാവി നിർദ്ദേശിച്ചു. ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനെന്ന നിലയിൽ എന്റെ ഓഫീസിൽ വച്ച് നടക്കുകയും നിർമ്മാതാവ് നിബന്ധനകൾ അംഗീകരിക്കുകയും ചെയ്തു. പ്രസ്തുത നിർമ്മാതാവിനെ ഞാൻ രണ്ടാമത്തെ തവണയാണ് കണ്ടത്. പരിപാടി വരുമാനസാധ്യതയുടെ വെളിച്ചത്തിൽ, കൽക്കത്ത ദൂരദർശനോട് സംപ്രേഷണം തുടങ്ങാനറിയിക്കാമെന്ന തീരുമാനമെടുത്തു. നിർമ്മാതാവ് തന്നെ കൊടുത്ത കേസ് അയാൾ തന്നെ പിൻവലിക്കണം, കൂടാതെ ബാധ്യതകൾ തീർക്കുകയും വേണം. വാണിജ്യപരമായ തീരുമാനങ്ങളെടുക്കുന്നതിന് 1992ലെ മന്ത്രികാര്യാലയത്തിന്റെ അധികാരനിയോഗ ഉത്തരവുകളനുസരിച്ച് ഞങ്ങൾക്ക് ഈ തീരുമാനം എടുക്കാൻ അധികാരമുണ്ടായിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആ സമയത്ത് വിദേശത്തായിരുന്നു. അദ്ദേഹം മടങ്ങിവന്ന ഉടനെ ഫയലിൽ അദ്ദേഹത്തിന്റെ അംഗീകാരം വാങ്ങി; മാത്രവുമല്ല, അത് കഴിഞ്ഞ് അദ്ദേഹം കൽക്കത്ത കേന്ദ്രത്തിൽ യാത്ര പോയപ്പോൾ ഞങ്ങൾ ആറ് മാസത്തേക്ക് നൽകിയ അനുവാദം രണ്ടുകൊല്ലത്തേക്ക് നീട്ടുകയും ചെയ്തു.
ടെലിവിഷൻ ചാനലുകളിലെ പരസ്യസംവിധാനത്തിൽ ബാങ്കിംഗ് എന്നൊരേർപ്പാടുണ്ട്. സ്‌പോൺസർ ചെയ്യുന്ന പരമ്പരകളിൽ സംപ്രേഷണഫീസ് കൊടുത്താൽ കിട്ടുന്ന പരസ്യസമയം മുഴുവനായി വിപണനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, ആ സമയം ഒരു നിശ്ചിതകാലത്തിനുളളിൽ വിനിയോഗിക്കാൻ അവസരം നല്കുന്നതിനെ ബാങ്കിംഗ് എന്ന് സംക്ഷിപ്തമായി പരാമർശിക്കാം. ഇത് ടെലിവിഷൻ ചാനലുകളിലെല്ലാം പതിവുളളതാണ്. മത്സരം മുറുകുന്ന സന്ദർഭത്തിൽ ദൂരദർശനും ഈ സമ്പ്രദായം നടപ്പിൽ വരുത്തി.സുഷമ സ്വരാജിന് ശേഷം വാർത്താവിതരണപ്രക്ഷേപണമന്ത്രിയായത് രവിശങ്കർ പ്രസാദാണ്. അദ്ദേഹത്തിന്റെ സഹോദരി അനുരാധ പ്രസാദ് ദൂരദർശനിൽ പരിപാടികൾ നിർമ്മിച്ചിരുന്നു. നരസിംഹറാവു ഗവണ്മന്റെിന്റെ പ്രവർത്തനത്തെക്കുറിച്ചുളള വാർഷികപരിപാടികളിലൊന്നാണ് അവർ ആദ്യം സ്വതന്ത്രമായി നിർമിച്ചത്. രവിശങ്കർ പ്രസാദ് മുൻ മന്ത്രിയുടെ ആളായ ദൂരദർശൻ ഡയറക്ടർ ജനറലിനെ അധികനാൾ കസേരയിലിരുത്തിയില്ല. ഒരു ദിവസം ഓഫീസിലെത്തുമ്പോഴാണറിയുന്നത് ഡയറക്ടർ ജനറലിനെ സാമൂഹ്യക്ഷേമ വകുപ്പിലേക്ക് മാറ്റിയിരിക്കുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥന്മാർക്ക് ഏത് വകുപ്പിലും വൈദഗ്ധ്യം നേടാൻ കഴിയുമല്ലോ. രവിശങ്കർ പ്രസാദ് മന്ത്രിയായിക്കഴിഞ്ഞ ശേഷം ബീഹാറിൽ നിന്നുളള ഐ.എ.എസ് ഉദ്യോഗസ്ഥനായ നവീൻ കുമാറിനെ പ്രസാർ ഭാരതി ബോർഡിനെക്കൊണ്ട് ഇന്റർവ്യൂചെയ്യിച്ച് ഡയറക്ടർ ജനറലായി നിയമിച്ചു. ടെലിവിഷൻ എന്ന മാധ്യമത്തെക്കുറിച്ച് തലയും വാലുമറിയാത്ത മറ്റൊരു ഉദ്യോഗസ്ഥൻ കൂടി, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിവിഷൻ ശൃംഖലയുടെ തലപ്പത്തെത്തി.
സി.ബി.ഐയുടെ റെയ്ഡിൽ നിന്ന് എന്നെ കുടുക്കി നിലയ്ക്ക് നിർത്താനുളളതൊന്നും കിട്ടാത്തതിനാൽ, ജീവിതം സാധാരണഗതിയിലാവുമെന്ന് നിനച്ചിരുന്ന എനിക്ക് തെറ്റി, കൽക്കത്തയിലെ ഖാസ് ഖബറിന്റെ സംപ്രേഷണത്തിന്റെ അംഗീകാരത്തിൽ പങ്കാളിയായി എന്നതിന്റെ പേരിൽ എന്റെ പേരിൽ (ദൂരദർശൻ ഹെഡ്ക്വാർട്ടേഴ്‌സിൽ പ്രവർത്തിച്ചിരുന്നവരും കൽക്കത്ത ദൂരദർശനിലെ ഏതാനും ഉദ്യോഗസ്ഥന്മാരും കൂട്ടത്തിലുണ്ട് ) ഒരു കുറ്റപത്രം വന്നു; സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിയമാവലി അനുസരിച്ച് അത് ആറുമാസത്തിനുളളിൽ ഒരു നിഗമനത്തിലെത്തി തീർക്കണം. അത് നടന്നില്ല. ഖാസ് ഖബർ എന്ന പരിപാടിയിൽ ബംഗാളിലെ മാർക്‌സിസ്റ്റ് മുന്നണി ഗവണ്മെന്റിനെ നിശിതമായ വിമർശനങ്ങളുണ്ടായിരുന്നുവെന്നും അതിനാൽ അതിനെതിരെ വാർത്താവിതരണപ്രക്ഷേപണമന്ത്രികാര്യാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ (അക്കാലത്ത് മാർക്‌സിസ്റ്റ് പാർട്ടിക്കാരൻ) പല യോഗങ്ങളിലും അതുമായി ബന്ധപ്പെട്ടവരെ വിമർശിക്കുകയും ചെയ്തിരുന്നു. സെൻട്രൽ വിജിലൻസ് കമ്മീഷണറായ വി.ശങ്കറിനെ ചെന്നു കണ്ടു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിന്നുളള ഉദ്യോഗസ്ഥയായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഒരു ചാർജ്ജ് ഖാസ് ഖബറിന്റെ സംപ്രേഷണത്തിൽ ഞാൻ ഉത്തരവാദിയാണോ എന്നായിരുന്നു. (ഈ റിപ്പോർട്ട് പുറത്തുവന്നതോ ഞാൻ സ്വയം വിരമിച്ചശേഷം) ഇതിനിടയിൽ അക്കാലത്തെ വാർത്താവിതരണപ്രക്ഷേപണ വകുപ്പ് സെക്രട്ടറിയായിരുന്ന പവൻ ചോപ്രയുമൊത്ത് ദൂരദർശനെ പ്രതിനിധീകരിച്ച് ബോംബെയിൽ ഒരു ചർച്ചായോഗത്തിൽ പങ്കെടുത്ത് യാത്രചെയ്യാനിടയായി. കൂടാതെ ഒരു ഡിപ്പാർട്ടുമെന്റൽ പ്രമോഷൻ കമ്മിറ്റിയിലും ഞങ്ങൾ ഒരുമിച്ച് കുറെ സമയം ചെലവഴിച്ചു. എന്റെ കാര്യക്ഷമതയെയോ സത്യസന്ധതയെക്കുറിച്ചോ മന്ത്രികാര്യാലയത്തിൽ ആർക്കും ഒരു സംശയലാഞ്ഛന പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഖാസ് ഖബറിന്റെ കാര്യത്തിൽ അത് പ്രസാർഭാരതിയുടെ വാണിജ്യപരമായ തീരുമാനമാണെന്ന സത്യം പ്രസ്താവിക്കാൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് രണ്ടുതവണ അദ്ദേഹം സംസാരിച്ചിട്ടും ഒന്നും നടന്നില്ലെന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദൂരദർശൻ സേവനം എനിക്ക് ഇതിനകം മടുത്തുകഴിഞ്ഞിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ സേവനകാലമുളളതിനാലും നിലവിലുളള ശമ്പളസ്‌കെയിലിൽ ഏറ്റവും ഉയർന്ന അടിസ്ഥാനശമ്പളത്തുകയിലെത്തുകയും ചെയ്തിരുന്നു. അതിനാൽ മുഴുവൻ പെൻഷനും ലഭിക്കും. ചോരയും വിയർപ്പും കണ്ണീരുമൊഴുക്കി സ്തുത്യർഹമായ സേവനമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടും അവസാനം ഞാൻ വളരെ ദുഃഖിതനായിരുന്നു. മനസ്സില്ലാതെ സ്‌കൂളിലേക്കു പോകുന്ന വിദ്യാർത്ഥിയെപ്പോലെയായിരുന്നു ഓഫീസിൽ പോക്ക്. ഏകദേശം രണ്ടുമാസത്തോളം ലീവെടുത്ത് അമേരിക്കയിലായിരുന്ന മക്കളുടെയടുത്ത് പോയി. അതിനിടയിൽ പവൻ ചോപ്രയ്ക്ക് ശേഷം മന്ത്രികാര്യാലയത്തിന്റെ സെക്രട്ടറിയായ നവീൻ ചാവ്ളഷിക്കാഗോവിലെ എന്റെ മകന്റെ നമ്പർ കണ്ടുപിടിച്ച് എന്നെ വിളിച്ചു. കഴിയുന്നതും വേഗം മടങ്ങിവരണമെന്നും വന്നുകഴിഞ്ഞാൽ ഉടനെതന്നെ അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. എന്നോട് കാണിച്ച അനീതികളെപ്പറ്റി അദ്ദേഹം ബോധവാനാണെന്നും അറിയിച്ചു. വാർത്താവിതരണപ്രക്ഷേപണ മന്ത്രികാര്യാലയത്തിൽ മുമ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹം എന്നോട് വലിയ അടുപ്പം കാണിച്ചിരുന്നു. മദർ തെരേസയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചതിന്റെ ഒരു കോപ്പി 'സ്‌നേഹപൂർവ്വം' ഒപ്പിട്ട് സമ്മാനിക്കുകയും ചെയ്തിരുന്നു. രണ്ടു പ്രാവശ്യം കണ്ടെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം വേറെയായിരുന്നു.
വിരമിക്കാൻ ഏകദേശം ഒരു കൊല്ലത്തോളം ബാക്കി നില്്‌ക്കെ, സ്വമേധയാ വിരമിക്കുന്നതിനുളള മൂന്ന് മാസത്തെ നോട്ടീസ് ഞാൻ ഗവണ്മെന്റിന് നല്കി. അതിനുശേഷം രണ്ടു തവണ സെക്രട്ടറി ചാവ്‌ലയെ കണ്ട് എന്റെ പെൻഷൻ അടക്കമുളള ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുളള ഉത്തരവ് നൽകണമെന്നും അപേക്ഷിച്ചു. ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും പേഴ്‌സണൽ മന്ത്രാലയത്തിൽ നിന്ന് ഫയൽ അനുകൂലമായി വന്നിട്ടുണ്ടെന്നും അറിയിച്ചു. മാത്രമല്ല രാഘവ ബെഹലിന്റെ ടിവി18ന് ഒരു സി.ഇ.ഒയെ വേണമെന്നും എന്റെ പേര് ചാവ്ള നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം എന്നെ അറിയിച്ചു. എന്തോ എനിക്ക് അവസാനകാലാനുഭവങ്ങളിൽനിന്നും ഡൽഹി മടുത്തിരുന്നു.നോട്ടീസ് നൽകി 90 ദിവസത്തിനുളളിൽ എന്തെങ്കിലും വിലക്കുണ്ടെങ്കിൽ അറിയിക്കണമെന്നും ഇല്ലെങ്കിൽ സ്വമേധയാ വിരമിച്ചതായി കണക്കാക്കണമെന്നുമാണ് നിയമം. ഒന്നും സംഭവിക്കാത്തതിനാൽ ഞാൻ ചാവ്‌ലയെ കാണാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അദ്ദേഹത്തോടടുപ്പമുളള വളരെ ഉന്നതരായ രണ്ടുപേരെക്കൊണ്ട് ശുപാർശയും പറയിച്ചു. മന്ത്രി ജയ്പാൽ റെഡ്ഡിയെ വീട്ടിൽ ചെന്ന് കാണാൻ നിശ്ചയിച്ച് പോകുമ്പോഴത്തേക്ക് അദ്ദേഹം പ്രധാനമന്ത്രി വിളിപ്പിച്ചതിനാൽ ഇറങ്ങുകയാണെന്നും പിന്നെയൊരു ദിവസം കാണാമെന്നും പറഞ്ഞു. പെൻഷൻ ഉത്തരവായിട്ടില്ല. പെൻഷനാവുമ്പോൾ കിട്ടാവുന്ന ആനുകൂല്യങ്ങൾ കണക്കുകൂട്ടി തിരുവനന്തപുരത്ത് വിരമിച്ചശേഷം താമസിക്കാൻ ഒരു വീടുപണിതു കൊണ്ടിരിക്കുകയായിരുന്നു. മുൻപ് കവടിയാറിലുണ്ടായിരുന്ന ഫ്ലാറ്റ് വിറ്റ് പത്തുസെന്റ് സ്ഥലം വാങ്ങിയിരുന്നു. ഭാഗ്യവശാൽ മുൻ ബിസിസിഐ പ്രസിഡന്റും തമിഴ് നാട്ടിലെ സ്പിക്കിന്റെ ചെയർമാനുമായ ഡോ.എ.സി.മുത്തയ്യ ജയാ ടിവിയുടെ പരിപാടികളുടെ റേറ്റിംഗ് മെച്ചപ്പെടുത്താനുളള ഒരു കൺസൾട്ടൻസി എനിക്ക് നല്കി. അദ്ദേഹത്തിന്റെ അതിഥി മന്ദിരമായ അഡയാർ മാനർ വളരെ മികച്ച അതിഥി സേവനം നൽകുന്നതാണ്. ഞാൻ പിരിയുന്നതറിഞ്ഞ് അപ്പോൾ ഭവനകാര്യ-നഗരകാര്യ സെക്രട്ടറിയായിരുന്ന അനിൽ ബൈജാലും ഒരു മാധ്യമ ഏജൻസിയുടെ മാർക്കറ്റിംഗ് കൺസൾട്ടൻസിയും ശരിയാക്കിത്തന്നിരുന്നു.
2005 ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വർഷമായിരുന്നു. ആ കാലത്ത് മനസ്സിനേറ്റ മുറിവുകൾ ഹൃദയഭേദകമായിരുന്നു. ജീവിതം അന്ധകാരനിബിഡമായിരുന്ന ആ കാലത്ത് രണ്ടുപേർ സഹായഹസ്തം നീട്ടിയിരുന്നു. ഭാര്യ രാഗിണിയുടെ പരേതയായ വലിയമ്മ ഭാർഗവി മേനോനും ദേവഗിരി കോളേജിൽ അദ്ധ്യാപകനും ചിരകാല സുഹൃത്തും അഭ്യുദയകാക്ഷിയുമായ ഡോ.കെ.പി.പി.നമ്പ്യാരും. ധാർമികസഹായം മതിയെന്ന് അവരെ അറിയിച്ചു. ജീവിതം തന്നെ മടുത്തിരുന്നു ചിലപ്പോൾ. ദൽഹി വിട്ടതിനു ശേഷം തിരുവനന്തപുരത്തെ വീട് പണിതീർന്നിട്ടില്ല. കനറാ ബാങ്കിന്റെ മേഖലാ തലവൻ ഉമേഷ് ഷേണായി ദേവഗിരി കോളേജിൽ എന്റെ റൂംമേറ്റും നാട്ടുകാരനുമായിരുന്നു. വീട് നിർമ്മാണത്തിന് അദ്ദേഹം ബാങ്കിൽനിന്ന് കടം അനുവദിച്ചു. തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റെക്‌സിന്റെ അതിഥി മന്ദിരത്തിലും കവടിയാറിൽ ഒരു വീടിന്റെ ഭാഗം വാടകയ്‌ക്കെടുത്തും താമസിച്ച് വീടുപണി പൂർത്തിയാക്കി.
എറണാകുളത്തെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പെൻഷൻ അനുവദിക്കാത്തതിനെതിരെ കേസ് കൊടുത്തു. പ്രശസ്ത അഭിഭാഷകനായ ഡോ.കെ.പി. സതീശനെ പി.എം.നായരായിരുന്നു ഏർപ്പാടാക്കി തന്നത്. ഗവണ്മെന്റ് വക്കീലായ സുഗുണപാലൻ മുൻകാല സുഹൃത്തായിരുന്നു. കേസ് പലതവണയും ഗവണ്മെന്റ് നിർദ്ദേശങ്ങളില്ലാത്തതിനാൽ നീട്ടിവച്ചു. ഒടുവിൽ പതിമൂന്നാമത്തെ തവണ എനിക്ക് അനുകൂലമായി എക്‌സ്പാർട്ടി വിധി വന്നു-ഗവണ്മെന്റ് അപ്പീൽ നല്കി; പക്ഷേ ട്രിബ്യൂണലിന്റെ ചെയർപേഴ്‌സൺ മുൻഐഎഎസ് ഓഫീസർ സതി ആനുകൂല്യങ്ങൾ ഉടനെ നല്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ഉത്തരവിട്ടപ്പോൾ ആനുകൂല്യങ്ങൾ താൽക്കാലികമായി നല്കി; പക്ഷേ, 90-ാമത്തെ ദിവസം കേരള ഹൈക്കോടതിയിൽ അപ്പീൽ നല്കി. ഹൈക്കോടതി എനിക്ക് അനുകൂലമായി വിധിച്ചു, ഏതാനും വർഷങ്ങൾ കഴിഞ്ഞ്.അതിനിടയിൽ കൊൽക്കത്തയിലെ സിബിഐ ഞങ്ങൾ കുറെയധികം ഉദ്യോഗസ്ഥർക്കെതിരായി അന്വേഷിച്ചുകൊണ്ടിരുന്നു. കൊല്ലത്തിൽ ഒരു തവണയെങ്കിലും കൊൽക്കത്തയിലെ സിബിഐ കോടതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഞങ്ങൾ കണ്ടുമുട്ടുമായിരുന്നു. കോടതിയിലെ ഹാജർ കഴിഞ്ഞ് കേസ് നീട്ടിവെക്കുന്നത് മാത്രമായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. ഇടയ്ക്കിടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കി ഞാൻ ഒഴിവായിരുന്നെങ്കിലും ചിലപ്പോൾ സിബിഐ കോടതി മുഖം കറുപ്പിച്ചിരുന്നു. ഞങ്ങളിൽ ചിലർ കൊൽക്കത്ത കോടതിയിൽ വിടുതൽ ഹരജി സമർപ്പിച്ചു. ഒടുവിൽ ആ ഹർജി അംഗീകരിക്കുകയും ഞങ്ങൾക്ക് വിടുതൽ നൽകുകയും ചെയ്തു. 2017 ഒാഗസ്റ്റ് അവസാനം നോർവെയിലേക്ക് പുറപ്പെടാൻ (മകനും ഭാര്യയുമൊത്ത് നോർവെയിൽ പത്തുദിവസം സഞ്ചരിച്ച് അവരോടൊത്തു മടങ്ങാനായിരുന്നു പ്ലാൻ) ഉദ്ദേശിച്ചിരുന്നതിന്റെ തലേ ദിവസം ഉച്ചയ്ക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുൻ സഹപ്രവർത്തകൻ ജയ്ദീപ് ഭട്‌നാഗർ വിടുതൽ വാർത്ത വിളിച്ചുപറഞ്ഞത്. ജീവിതത്തിൽ അത്ര സന്തോഷിച്ച നിമിഷം വേറെയുണ്ടായിട്ടില്ല. സന്ദിഗ്ധഘട്ടങ്ങളിലെല്ലാം തുണച്ച സർവ്വേശ്വരന് നമോവാകം.
(അവസാനിച്ചു)






