Sorry, you need to enable JavaScript to visit this website.

രമ്യം, ഈ ജീവിതസ്വപ്‌നങ്ങൾ

രമ്യാ ഗണേഷിന്റെ ജീവിതം ഒരു പോരാട്ടമാണ്. ജീവിതം അവസാനിച്ചു എന്നു തോന്നുന്നിടത്താണ് അവർ തുടങ്ങിയത്. ദുർഘടങ്ങളെ പുഞ്ചിരികൊണ്ടാണ് അവർ നേരിട്ടത്. വിധിക്കു മുന്നിൽ കീഴടങ്ങാത്ത ആ മനോവീര്യത്തിനുമുന്നിൽ പ്രതിസന്ധികൾ ഒന്നൊന്നായി ഇല്ലാതാവുകയായിരുന്നു.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ രണ്ടാംവർഷ ബി.എ മലയാളം ക്ലാസിൽ മറ്റു കുട്ടികളോടൊപ്പമാണ് അവർ പഠിക്കുന്നത്. പ്രായം മുപ്പത്തിരണ്ടായെങ്കിലും പഠിക്കാനുളള ആഗ്രഹത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് അവർ തെളിയിക്കുകയായിരുന്നു. സഹപാഠികളുടെ പ്രിയപ്പെട്ട ചേച്ചിയാണവൾ. ചക്രക്കസേരയിൽ കോളേജിലെത്തുമ്പോൾ അവർ ഓടിയെത്തി പ്രിയപ്പെട്ട കൂട്ടുകാരിയെ ക്ലാസിലെത്തിക്കും. എന്താവശ്യത്തിനും അവർ കൂടെയുണ്ട്. അതാണ് രമ്യക്ക് ധൈര്യം പകരുന്നത്.
ഭിന്നശേഷിക്കാർക്ക്് സാക്ഷരതാ മിഷനിലൂടെ കോളേജ് പ്രവേശനം സാധ്യമാക്കിയപ്പോഴാണ് രമ്യ കോളേജിലെത്തിയത്. ഇത്തരത്തിൽ പ്രവേശനം നേടുന്ന അപൂർവം വ്യക്തികളിലൊരാളാണ് രമ്യ. സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് അവർ എന്നും കോളേജിലെത്തുന്നത്. ജീവിതത്തിലെ സംഘർഷങ്ങളോട് പൊരുതിനേടിയ വിജയം. അല്ലായിരുന്നെങ്കിൽ നടക്കാനാവാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഈ പെൺകുട്ടിയുടെയും ജീവിതം ഒതുങ്ങിപ്പോകുമായിരുന്നു. കേരളത്തിലെ വീൽചെയർ മോഡലുകളിൽ അറിയപ്പെടുന്ന നാമമാണ് രമ്യയുടേത്.
നഗരത്തിൽനിന്നും ഏറെയകലെയല്ലാത്ത കണ്ണാടിക്കൽ എന്ന ഗ്രാമത്തിലെ കല്ലൂർ വീട്ടിൽ ഗണേശന്റെയും സതീദേവിയുടെയും ഇളയ മകളാണ്് രമ്യ. 
പോർട്ടിൽ അട്ടിമറിത്തൊഴിലാളിയായിരുന്നു അച്ഛൻ. ഒൻപതാം മാസത്തിൽ നടത്തിയ പോളിയോ കുത്തിവെപ്പാണ് ജീവിതം മാറ്റിമറിച്ചത്. വാക്‌സിനെടുത്ത് അടുത്ത ദിവസം നോക്കുമ്പോൾ ചെവിയിൽ എന്തോ പഴുപ്പുപോലെ ഒലിച്ചിറങ്ങുന്നതാണ് അമ്മ കണ്ടത്. മറ്റ് അസ്വസ്ഥതകളൊന്നുമില്ലെങ്കിലും മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. അവിടെയെത്തിയപ്പോഴാണ് തലച്ചോറിൽ പഴുപ്പ് ബാധിച്ചതായി കണ്ടത്. ഉടനെ ഐ.സിയുവിലേയ്ക്കു മാറ്റുകയായിരുന്നു. മൂന്നു ദിവസം ഐ.സി.യുവിൽ കഴിഞ്ഞതിനുശേഷം ഡോക്ടർ പറഞ്ഞു. തലച്ചോറിന് കാര്യമായ പ്രശ്‌നങ്ങളുണ്ട്. ശരീരത്തിന്റെ ഒരുവശം തളർന്നതുപോലെയാണ്. ഭാവിയിൽ ചില പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അഛനും അമ്മയ്ക്കും എന്നെ തിരിച്ചുകിട്ടിയതിലായിരുന്നു സന്തോഷം.
ഡോക്ടറുടെ വാക്കുകൾ സത്യമാവുകയായിരുന്നു. നടക്കാൻ തുടങ്ങിയതുപോലും ഏറെ വൈകിയാണ്. അതും എവിടെയെങ്കിലും പിടിച്ചുമാത്രമേ നടക്കാനാവുമായിരുന്നുള്ളു. മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കാനോ കളിക്കാനോ കഴിഞ്ഞിരുന്നില്ല. കുട്ടികൾ കളിക്കുന്നതെല്ലാം സങ്കടത്തോടെ നോക്കിനിൽക്കും. അച്ഛനായിരുന്നു എനിക്കെല്ലാം. എന്താഗ്രഹവും സാധിച്ചുതരുമായിരുന്നു. വളർന്നപ്പോൾ നടക്കാവ് സ്‌കൂളിലാണ് ചേർത്തത്. അമ്മയായിരുന്നു കൂട്ടിനു വന്നത്. സ്‌കൂളിലെത്തിയാൽ അധ്യാപകരും സഹപാഠികളും സഹായിക്കാനുണ്ടാവും. എഴുതാനും പഠിക്കാനുമൊന്നും ബുദ്ധിമുട്ടില്ലാതെ പത്താം ക്ലാസിലെത്തി.
കാര്യങ്ങൾ മാറിമറിഞ്ഞത് പൊടുന്നനെയായിരുന്നു. അച്ഛന്റെ ആകസ്മിക മരണം കുടുംബത്തെ ആകെ തളർത്തി. ഏറെ ഷോക്കായത് എനിക്കായിരുന്നു. ആ ഷോക്കിലാണ് എസ്. എസ്.എൽ.സി പരീക്ഷയെഴുതിയത്. ഫലം വന്നപ്പോൾ കണക്കിന് മാർക്ക് കുറഞ്ഞതിനാൽ വിജയിക്കാനായില്ല. വീണ്ടും പരീക്ഷയെഴുതാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അതോടെ പഠനം നിലയ്ക്കുകയായിരുന്നു.
സ്‌കൂൾ പഠനം അവസാനിച്ചതോടെ ജീവിതം വീടിനുള്ളിൽ മാത്രമായി ചുരുങ്ങുകയായിരുന്നു. മറ്റുള്ളവരുടെ സഹതാപവാക്കുകൾ കേൾക്കാനാകാതെ പുറത്തിറങ്ങാതായി. ഒന്നും ചെയ്യാനില്ലാതെ നിരർഥകമായ ജീവിതം നയിച്ചത് ഒന്നും രണ്ടും വർഷമല്ല. നീണ്ട എട്ടുവർഷം... അപ്പോഴേയ്ക്കും സഹപാഠികളിൽ പലരും വിവാഹിതരായി. ചിലർ ജോലിക്കാരായി. തന്റെ ജീവിതത്തിൽ മാത്രം പുതുമയൊന്നുമില്ല. അസ്വസ്ഥകൾ കൂടിവന്നതോടെ മാനസികമായി തകർന്ന അവസ്ഥയിലേയ്ക്കു മാറുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങൾക്കൊപ്പം മാനസികവിഷമങ്ങളും അലട്ടിയ നാളുകൾ...
പത്രത്തിൽ വന്ന ഒരു വാർത്തയാണ് തിരിച്ചുവരവിന് കളമൊരുക്കിയത്. ഡോ. റെഡ്ഡീസ് ഫൗണ്ടേഷൻ ശാരീരിക വൈകല്യമുള്ളവർക്കു നൽകുന്ന പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് കോഴ്‌സിനെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. മൂന്നുമാസത്തെ പഠനം. എന്തുതന്നെയായാലും ഈ കോഴ്‌സിനു ചേരണമെന്നായി. എന്നാൽ വിലങ്ങുതടിയായത് യാത്രയായിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ദിവസവും ഇരുനൂറ് രൂപ വേണം. വേണ്ടെന്നു തോന്നി. പണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട. എത്രയായാലും ഞാൻ തരാമെന്നു പറഞ്ഞ് പിന്തുണ നൽകിയത് ചേച്ചിയാണ്. തന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടാവണം ചേച്ചിയും ചേട്ടനും അമ്മയും നിർബന്ധിച്ചപ്പോൾ കോഴ്‌സിനു ചേരാമെന്നു തീരുമാനിക്കുകയായിരുന്നു.
ജീവിതത്തിൽ തന്നേക്കാൾ ദുരിതം പേറുന്നവരെയാണ് ക്ലാസിൽ കണ്ടത്. കണ്ണ് കാണാത്തവരും ചെവി കേൾക്കാത്തവരുമെല്ലാം അവിടെയുണ്ടായിരുന്നു. അവർക്കുമുന്നിൽ താനാരുമല്ലെന്ന് തോന്നി. മൂന്നുമാസത്തെ പഠനം എന്നിൽ ഒരുപാട് മാറ്റങ്ങളാണ് വരുത്തിയത്. ആത്മവിശ്വാസക്കുറവുകൊണ്ട് ഒരാളെ നേർക്കുനേർ നോക്കാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല. ആ ശീലമെല്ലാം മാറി. അമ്മയില്ലാതെ പുറത്തിറങ്ങാതിരുന്നത്, ഒറ്റയ്ക്ക് യാത്ര ചെയ്തു തുടങ്ങി. എന്നിൽ ആത്മവിശ്വാസം വർധിക്കുകയായിരുന്നു.
പഠനം പൂർത്തിയായതോടെ പഴയ അവസ്ഥയിൽനിന്നും ഒരുപാട് മാറ്റങ്ങൾ വന്നു. മുറിക്കുള്ളിൽ ഒതുങ്ങിക്കൂടാൻ തനിക്കാവില്ലെന്ന് അവൾക്കുതോന്നി. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വീണ്ടും വീട്ടിൽ തനിച്ചിരിപ്പായി. മനസ്സിന്റെ നിയന്ത്രണം തന്നിൽനിന്നും അകന്നുപോകുമെന്നു തോന്നിയപ്പോൾ അധ്യാപകനായ സുഖ്‌ദേവ് സാറിനെ വിളിച്ചു. പഴയപോലെ വെറുതെയിരുന്നാൽ മാനസികസമ്മർദ്ദം വർധിക്കുമെന്നും അതിനാൽ എന്തെങ്കിലും പോംവഴി നിർദ്ദേശിക്കണമെന്നും പറഞ്ഞു. അന്ന് വൈകിട്ട് സാർ ഒരു ഉപായം നിർദ്ദേശിച്ചു. 
പഴയ എസ്. എസ്.എൽ.സി പുസ്തകങ്ങളുമായി നാളെ നടക്കാവ് സ്‌കൂളിലെത്തുക. അടുത്ത ദിവസംതന്നെ സ്‌കൂളിലെത്തി. അവിടെയെത്തിയപ്പോഴാണ് സാക്ഷരതാ മിഷൻ ക്ലാസിലേക്കാണെന്ന് അറിയുന്നത്. ഇടവേളയുണ്ടായെങ്കിലും പഠിക്കാനുള്ള താല്പര്യത്താൽ വീണ്ടും പുസ്തകങ്ങളുമായി മല്ലയുദ്ധം തുടങ്ങി. 
അധ്യാപികമാരായ ബുഷ്‌റ ടീച്ചറും വാസന്തി ടീച്ചറും കരുത്തായി കൂടെ നിന്നു. എസ്.എസ്.എൽ.സിയും പ്ലസ് വണ്ണും പ്ലസ് ടുവും പാസായി. കോമേഴ്‌സായിരുന്നു എടുത്തിരുന്നത്. സുഖ് ദേവ് സാറും ജെഫി സാറും നാരായണൻ സാറുമെല്ലാം എനിക്കുവേണ്ടി നിലകൊണ്ടു. പുതിയൊരു ലക്ഷ്യത്തിലേയ്ക്കുള്ള കുതിപ്പിന്റെ തുടക്കമാവുകയായിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേയ്ക്ക്  കൊണ്ടുവരുന്നതിനായി രൂപീകരിച്ച ഡ്രീംസ് ഓഫ് അസ് എന്ന സംഘടനയുടെ ഭാഗമാകുന്നത് ഇക്കാലത്തായിരുന്നു. ഇവരാണ് സ്വപ്‌നചിത്ര എന്ന ഭിന്നശേഷിക്കാർക്കുവേണ്ടി സംഘടിപ്പിച്ച സംസ്ഥാനതല ചിത്രപ്രദർശനത്തിന്റെ കോ ഓർഡിനേറ്ററാക്കിയത്. ആത്മവിശ്വാസത്തോടെ പൊതുവേദികളിൽ സംസാരിക്കാൻ പ്രാപ്തരാക്കിയത് ഇവരാണ്.
കുട്ടിക്കാലംതൊട്ടേ മനസ്സിൽ പേറിയ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. നൃത്തവും അഭിനയവും മോഡലിങ്ങുമെല്ലാം അക്കൂട്ടത്തിലുണ്ട്. എന്നാൽ ഭിന്നശേഷിക്കാർക്ക് ഇത്തരം കാര്യങ്ങൾ അന്യമായിരുന്നു. ഇതിനിടയിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്യൂരിയസ് ഫെസ്്്റ്റ് എന്ന പേരിൽ ഭിന്നശേഷിക്കാർക്കായുള്ള സൗന്ദര്യമത്സരം നടക്കുന്നതറിഞ്ഞത്. അപേക്ഷ കൊടുത്തു. സെലക്ഷനും ലഭിച്ചു. മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് വളണ്ടിയറായ പ്രകാശ് മാത്യു സാറായിരുന്നു മത്സരത്തിനുള്ള സൗകര്യമൊരുക്കിയത്. 
ഒരു ദിവസത്തെ ഗ്രൂമിങ്ങിനുശേഷമാണ് സ്‌റ്റേജിൽ പെർഫോം ചെയ്തത്. നിരവധി പേരുടെ മുന്നിലൂടെ റാമ്പിൽ വീൽ ചെയർ ഉരുട്ടി നീങ്ങിയത് ഇപ്പോഴും മധുരിക്കുന്ന ഓർമ്മയാണ്. 
തുടർന്ന് പെരിന്തൽമണ്ണയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനും റാമ്പിലൂടെ യാത്ര ചെയ്തു. കൂടാതെ കോഴിക്കോട്ടെ മാനസി ബോട്ടിക്കിനു വേണ്ടിയും ഇലക്ഷി ബോട്ടിക്കിനുവേണ്ടിയും മോഡലായി. എറണാകുളത്തുവച്ച് നടക്കുന്ന ഒന്നുരണ്ടു പരിപാടികളിലേയ്ക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നെപ്പോലെ ദുരിതമനുഭവിക്കുന്നവർക്കെല്ലാം ഇതൊരു പ്രചോദനമാകട്ടെ എന്ന ചിന്തയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ കാരണമായത്.
കാലിൽ ചിലങ്കയണിയണമെന്ന മോഹം സഫലമായത് സസ്ത്രയ് എന്ന ഡാൻസ് ട്രൂപ്പിലൂടെയായിരുന്നു. കഴിഞ്ഞവർഷം അവർ പുറത്തിറക്കിയ നൃത്തവീഡിയോയിലും സാന്നിധ്യമുണ്ടായിരുന്നു. പാട്ടിനൊപ്പം വീൽചെയറിലിരുന്ന് കൈകൾ കൊണ്ട് മുദ്രകൾ ചാർത്തിയായിരുന്നു ആ നൃത്തത്തിന്റെ ഭാഗമായത്.
ചേട്ടൻ സതീഷ് അബുദാബിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ്. മൂത്ത സഹോദരിയായ സജിത ഒരു കാർ ഡീലർ ഷോപ്പിലെ സെയിൽസ് വിഭാഗത്തിലാണ് ജോലി നോക്കുന്നത്. ചേച്ചിയുടെ മകൻ കാർത്തിക്കാണ്  ഇപ്പോഴത്തെ കൂട്ട്്. പ്ലസ് ടു വിദ്യാർഥിയായ അവനാണ് വീൽചെയർ ഓടിക്കാൻ പഠിപ്പിച്ചത്. ആദ്യമെല്ലാം വീൽചെയറിൽ സഞ്ചരിക്കാൻ മടിയായിരുന്നു. അവൻ എന്നെയും വീൽ ചെയറിലിരുത്തി യാത്ര ചെയ്യും. പിന്നീട് സ്വന്തമായി വീൽചെയറിൽ സഞ്ചാരം തുടങ്ങി. നാലഞ്ചു കിലോമീറ്റർ വീൽ ചെയറിൽ സഞ്ചരിക്കാൻ ഇപ്പോൾ യതൊരു മടിയുമില്ല. എന്നാൽ വീട്ടിൽ വീൽ ചെയർ ഉപയോഗിക്കാറില്ല. കാരണം കാലുകൾ ചലിപ്പിച്ചില്ലെങ്കിൽ മസിലുകൾ അനങ്ങാതെ തീരെ നടക്കാൻ കഴിയാത്ത അവസ്ഥ വരുമെന്ന ഡോക്ടർമാരുടെ ഉപദേശം അനുസരിച്ചാണിത്. ഇപ്പോൾ മരുന്നുകളൊന്നുമില്ല. ദിവസവും സ്വന്തമായി ഫിസിയോ തെറാപ്പി ചെയ്യും.
അമ്മയാണ് ജീവിതത്തിലെ വഴിവിളക്ക്. എവിടെയും കൂട്ട് വരുന്നത് അമ്മയാണ്. പഠനത്തിലൂടെ എന്തെങ്കിലും ജോലി സമ്പാദിച്ച്്് അമ്മയെ നന്നായി നോക്കണമെന്നാണ്  ആഗ്രഹം. കൂടാതെ ഉന്നത പഠനത്തിനായി വിദേശത്ത് പോകണമെന്ന സ്വപ്‌നവുമുണ്ട്. 
ഞങ്ങളെപ്പോലുള്ളവർക്ക് ഇവിടത്തേക്കാൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത് വിദേശങ്ങളിലാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അവസരം ലഭിക്കുകയാണെങ്കിൽ ആ മോഹവും സഫലമാകുമെന്നുറപ്പാണ് - രമ്യ പറഞ്ഞുനിർത്തുന്നു.

Latest News