ന്യൂദൽഹി - കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം രണ്ടാമത്തെ രാജ്യാന്തര മത്സരത്തിന് നവംബറിൽ വേദിയാവും. നവംബർ ഒന്നിന് ഏകദിന മത്സരമാണ് ഇവിടെ നടക്കുക. കഴിഞ്ഞ നവംബറിൽ ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ട്വന്റി20 ആയിരുന്നു കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യാന്തര മത്സരം. മഴ കാരണം എട്ടോവർ വീതമായിരുന്നു കളി നടന്നത്. ഇന്ത്യ ആറ് റൺസിന് ജയിച്ചു.
കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം എളുപ്പം കളിക്ക് സജ്ജമാക്കിയത് ബി.സി.സി.ഐയുടെയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും അഭിനന്ദനം നേടാൻ സഹായിച്ചിരുന്നു.
ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന പരമ്പരയിൽ വിൻഡീസ് ടീം മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 യുമാണ് കളിക്കുക. ട്വന്റി20 കൊൽക്കത്ത ഈഡൻ ഗാർഡൻസിലായിരിക്കുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.
വെസ്റ്റിൻഡീസ് ടീം അവസാനമായി ഇന്ത്യയിൽ കളിച്ചത് 2014 ലാണ്. എന്നാൽ അവരുടെ ബോർഡുമായുള്ള വേതനത്തർക്കത്തെത്തുടർന്ന് വിൻഡീസ് ടീം നാലാം ഏകദിനത്തിനു ശേഷം പര്യടനം ഉപേക്ഷിച്ചു. ടെസ്റ്റുകൾ കളിച്ചില്ല. പിന്നീട് 2016 ലെ ട്വന്റി20 ലോകകപ്പിന് വിൻഡീസ് ടീം ഇന്ത്യയിലെത്തിയിരുന്നു. കരീബിയയിൽ ഇന്ത്യൻ ടീം 2016 ൽ രണ്ട് ടെസ്റ്റും 2017 ൽ അഞ്ച് ഏകദിനവും ഒരു ട്വന്റി20 യും കളിച്ചു.